TopTop
Begin typing your search above and press return to search.

പ്രഭാസിന് തിരിച്ചടി; തെലങ്കാന സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി ഉത്തരവ്

പ്രഭാസിന് തിരിച്ചടി; തെലങ്കാന സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി ഉത്തരവ്

തെലങ്കാന സര്‍ക്കാരുമായുള്ള ഭൂമി തര്‍ക്കത്തില്‍ തെലുഗ് സൂപ്പര്‍ താരം പ്രഭാസിന് തിരിച്ചടി. താന്‍ വാങ്ങിയതാണെന്ന് പ്രഭാസ് അവകാശപ്പെടുന്ന ഭൂമി റെവന്യു വകുപ്പിന് വിട്ടുകൊടുത്തുകൊണ്ട് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. പ്രഭാസിന് അനുകൂലമായി ഉണ്ടായിരുന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി സര്‍ക്കാര്‍ അനുകൂലമായി വിധി പറഞ്ഞത്. രംഗ റെഡ്ഡി ജില്ലയിലെ സെര്‍ലിങ്കമ്പള്ളിയിലുള്ള 2,083 ചതുരശ്രയടി ഭൂമിയായിരുന്നു തര്‍ക്ക വിഷയം. പ്രഭാസ് പറയുന്നത് ഈ ഭൂമി വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ വാങ്ങിയതാണെന്നാണ്. 2014 ലെ റെഗുലറൈസേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്റെ അപേക്ഷ സ്വീകരിക്കുകയും നിയമപരമായി രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്‌തെന്നും താരം അവകാശപ്പെടുന്നു.എന്നാല്‍ തെലങ്കാന റവന്യു വകുപ്പ് അവകാശപ്പെട്ടത് ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ്. റവന്യു വകുപ്പ് അധികൃതര്‍ ഈ ഭൂമി കണ്ടുകെട്ടുകയും ചെയ്തതിനെതിരേ 2018 ബാഹുബലി നായകന്‍ ഹൈക്കോടതിയെ സമീപിച്ചു. ഭൂമിയുടെ അവകാശം തനിക്കാണെന്നു ചൂണ്ടിക്കാട്ടി പ്രഭാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ പ്രസ്തുത ഭൂമിയിലുള്ള കെട്ടിടം പൊളിക്കരുതെന്നും റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി. തര്‍ക്കം പരിഹരിച്ച് ഉത്തരവ് തീര്‍ക്കാന്‍ വിചാരണ കോടതിയെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു.എന്നാല്‍ കുക്കാട്ടപ്പള്ളി വിചാരണ കോടതി പ്രഭാസിന് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഭൂമിയേറ്റെടുക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കം താത്കാലികമായി നിര്‍ത്തിവയ്ക്കാനായിരുന്നു ഉത്തരവില്‍ പറഞ്ഞത്. ഈ മാസം 13 വരെയായിരുന്നു ഇടക്കാല ഇന്‍ജെക്ഷന്‍ ഓര്‍ഡര്‍ കാലവാധിയെങ്കിലും ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ആദ്യവാരം വരെ കാലാവധി നീട്ടി.വിചാരണക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. റവന്യു വകുപ്പിന്റെ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് രാഘവേന്ദ്ര സിംഗ് ചൗഹനും ജസ്റ്റീസ് പി നവീന്‍ റാവും അടങ്ങിയ ഡിവിഷന്‍ ബഞ്ച് വിചാരണക്കോടതിയുടെ ഉത്തരവ് തെറ്റാണെന്നും ഭൂമിയുടെ അവകാശം പ്രഭാസിനല്ലെന്നും വ്യക്തമാക്കി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിലും പ്രസ്തുത ഭൂമിയില്‍ നില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയൊഴിവാക്കിയെടുക്കാന്‍ വേണ്ടി റവന്യുവകുപ്പ് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഉടനടി തീര്‍പ്പ് കല്‍പ്പിച്ച് ഈ കേസ് അവസാനിപ്പിക്കാനും വിചാരണ കോടതിയോട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ആവിശ്യപ്പെട്ടു.


Next Story

Related Stories