നടി ഭാവനയ്ക്കെതിരെ താര സംഘനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ സംഘടനാ ഭാരവാഹികള്‍ നിലപാട് വ്യക്തമാക്കണമെന്ന് നടിമാരായ രേവതിയും പത്മപ്രിയയും. വിവാദത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് ഡബ്ല്യൂസിസിയുടെ നേതൃത്വത്തിലുള്ളവര്‍ കൂടിയായ പത്മ പ്രിയയും രേവതിയും താര സംഘടനയ്ക്ക് എതിരെ തുറന്നടിക്കുന്നത്.
ഭാവനയ്ക്കെതിരെ ഇടവേള ബാബു നടത്തിയ പരാമര്‍ശം, പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ നടി പാര്‍വതിയെ പരിസിഹസിച്ച സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് കുമാര്‍ എംഎല്‍എ എന്നിവരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ സംഘടനാ ഭാരവാഹികള്‍ വ്യക്തിപരമായി എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമാക്കണമെന്നും ഇരുവരും കത്തില്‍ ആവശ്യപ്പെടുന്നു.
താര സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍, മുകേഷ്, ജഗദീഷ്, അജു വര്‍ഗീസ്, ആസിഫ് അലി, ബാബുരാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവരെ പേരെടുത്ത് പറഞ്ഞാണ് കത്ത്.
മൂന്ന് ചോദ്യങ്ങളാണ് സംഘടനാ നേതൃത്വത്തോട് പത്മപ്രിയയും രേവതിയും പ്രധാനമായും ഉയര്‍ത്തുന്നത്.
1. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദ വിഷയമായി തുടരുന്ന ഇടവേള ബാബു നടത്തിയ അഭിമുഖങ്ങളും ഗണേഷ് കുമാറിന്റെ പ്രതികരണവും സംബന്ധിച്ച് വ്യക്തികളെന്ന നിലയിലും A.M.M.A നേതൃത്വത്തിന്റെ ഭാഗമായും സ്വീകരിക്കുന്ന നിലപാട് എന്താണ് -
2. നേതൃത്വത്തിലെ ചില അംഗങ്ങള്‍ A.M.M.A യെയും ചലച്ചിത്രമേഖലയെയും മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന രീതിയില്‍ പെരുമാറുമ്പോള്‍ എന്ത് നടപടിയുണ്ടാകും?
3. A.M.M.A നേതൃത്വത്തിലെ വ്യക്തിയുടെ പുതിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളില്‍ സ്വീകരിക്കുന്ന നിലപാട്. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ഉപദ്രവങ്ങളെ തടയുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്ന പോഷ് ആക്റ്റ് നേതൃത്വം നടപ്പിലാക്കിയിട്ടുണ്ടോ?. എന്നീ ചോദ്യങ്ങള്‍ക്കപ്പുറം സിനിമ രംഗത്തെ ചില ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിക്കുക കൂടി ചെയ്യുന്നുണ്ട് ഇരുവരും.
നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ പാര്‍വതിയുടെ രാജിവരെയുള്ള സംഭവങ്ങള്‍ തീര്‍ത്തും വേദനാജനകമാണ്. ചലച്ചിത്രമേഖലയിലെ അഭിനേതാക്കള്‍ എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് ക്രിയാത്മക അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെയുമായിരുന്നു ഇത്രകാലം മുന്നോട്ട് പോയത്. എന്നാല്‍ ജനറല്‍ സെക്രട്ടറിയുടെ സമീപകാല അഭിമുഖങ്ങള്‍ നല്‍കുന്നത് ചില അപകടകമായ സൂചനകളാണ്. സംഘടനയുടെ നേതൃത്വത്തിലെ ചില അംഗങ്ങള്‍ക്ക് അവരുടെ സ്ഥാനങ്ങള്‍ ഉപയോഗിച്ച് നിലവില്‍ നടക്കുന്ന ക്രിമിന് കേസ് അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഇടപെടാനും മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താനും കഴിയും.
50 ശതമാനത്തോളം വനിതാ അംഗങ്ങളുള്ള ചലച്ചിത്രമേഖലയിലെ ഒരേയൊരു സംഘടനയെന്ന നിലയില്‍, അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു നടപടിയും സ്വീകരിക്കില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇത്തരം സംഭവങ്ങള്‍. മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെയും പൊതുവായി അന്യവല്ക്കരിക്കാനും പരിഹസിക്കാനുമുള്ള ശ്രമങ്ങളുമാണ് ഇത്തരക്കാര്‍ നടത്തുന്നതെന്നും ഇരുവരും കത്തില്‍ കുറ്റപ്പെടുത്തുന്നു.