തലൈവര്‍, സ്റ്റൈല്‍ മന്നന്, ദളപതി... എന്നിങ്ങനെ വിളിപ്പേരുകള്‍ ഏറെയുണ്ടെങ്കിലും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണമാണ് രജനികാന്തിന് ഏറെ ചേരുക. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് മാത്രമാണെന്ന സങ്കല്‍പ്പത്തെ പൊളിച്ചടുക്കിയത് രജനികാന്ത് ആയിരുന്നു. ആരാധകകൂട്ടവും കളക്ഷന്‍ റെക്കോഡുകളും ഉയര്‍ത്തിക്കാട്ടിയുള്ള ബോളിവുഡിന്റെ വാഴ്ചക്ക് രജനി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മറുപടി നല്കി. തമിഴ്നാടിനൊപ്പം കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ രജനിയുടെ ഫാന്‍ബേസ് ശക്തമായി. ദക്ഷിണേന്ത്യയില്‍നിന്ന് 100, 200 കോടി ക്ലബ്ബുകളില്‍ ഇടം നേടുന്ന ആദ്യ ചിത്രങ്ങളുമായി രജനി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു. സൂപ്പര്‍ഹിറ്റുകളും എണ്ണമറ്റ പുരസ്കാരങ്ങളും രജനിയെത്തേടിയെത്തി. ആ സ്റ്റാര്‍ഡം ഇന്ത്യയ്ക്കകത്തും പുറത്തുമായി ആരാധകരുടെ വലിയ കൂട്ടം സൃഷ്ടിച്ചു. പല സൂപ്പര്‍സ്റ്റാറുകളും രജനി ആരാധകരായി. തമിഴ്നാട്ടിലെ രജനിയുടെ ജനകീയതയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യവും കല്‍പ്പിക്കപ്പെട്ടു. ഒപ്പം നിര്‍ത്തിയാല്‍ നേട്ടമെന്ന തോന്നല്‍ വലത് പാര്‍ട്ടികളില്‍ സജീവമായി നിലനില്‍ക്കെയാണ് രജനി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. എന്നാല്‍ ശാരീരിക സ്ഥിതി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുള്‍പ്പെടെ തടഞ്ഞു. പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും മുന്നണികളുടെയും പ്രതീക്ഷകള്‍ക്കു കൂടിയാണ് അത് മങ്ങലേല്‍പ്പിച്ചത്. സിനിമയും രാഷ്ട്രീയവും പൊക്കിള്‍ക്കൊടി ബന്ധം സൂക്ഷിക്കുന്ന തമിഴ് മണ്ണിലേക്കാണ് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരവുമായി രജനികാന്ത് എത്തുന്നത്.
സിനിമാമോഹിയായ ശിവാജി റാവു ഗെയ്ക്വാദ്
1950 ഡിസംബര്‍ 12ന് ഒരു സാധാരണ മറാത്ത കുടുംബത്തിലായിരുന്നു രജനികാന്തിന്റെ ജനനം. പിതാവ് റാണോജി റാവു മാതാവ് റാം ബായി. കുടുംബത്തിലെ നാലാമനായിരുന്നു ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനി. രജനിക്ക് ഏഴ് വയസുള്ളപ്പോള്‍ അമ്മ റാം ബായി മരിച്ചു. റാണോജി റാവുവിന് കോണ്‍സ്റ്റബിള്‍ ആയി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് കുടുംബം ബാംഗ്ലൂരിലെ ഹനുമന്ത് നഗറിലേക്ക് കുടിയേറി. ദാരിദ്ര്യം നിറഞ്ഞ ജീവിത ചുറ്റുപാടില്‍ ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു രജനിയുടെ പഠനം. അമ്മയുടെ അഭാവത്തില്‍ മോശം കൂട്ടുകെട്ടുകളും ദുശ്ശീലങ്ങളും നിറഞ്ഞതായിരുന്നു ബാല്യകാലം. വീട്ടില്‍നിന്ന് പൈസ മോഷ്ടിച്ച് സിനിമ കാണുന്നതും പതിവാക്കിയിരുന്നു. മകനെ പൊലീസ് ആക്കണമെന്നായിരുന്നു പിതാവിന്റെ മോഹം. കോളേജ് പഠനമെന്ന പിതാവിന്റെ ആഗ്രഹത്തിന് പിടികൊടുക്കാതെ രജനികാന്ത് സിനിമ സ്വപ്നവുമായി മദ്രാസിലേക്ക് വണ്ടികയറി. എന്നാല്‍ ഒരുപാട് അലഞ്ഞിട്ടും അവസരങ്ങള്‍ ലഭിച്ചില്ല. ചെറിയ ജോലികള്‍ ചെയ്ത് അവിടെ തുടരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ തിരികെ വീട്ടിലെത്തി.
മകനെ നേരായ വഴിയിലേക്ക് നടത്താന്‍, മൂത്ത സഹോദരന് സത്യനാരായണ റാവു ജോലി ചെയ്യുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ രജനിക്ക് പിതാവ് കണ്ടക്ടര്‍ ജോലി സംഘടിപ്പിച്ചുകൊടുത്തു. അപ്പോഴും നാടകങ്ങളില്‍ അഭിനയിച്ചും തീയേറ്ററില്‍നിന്ന് മാറാതെയും രജനി സ്വപ്നങ്ങള്‍ സജീവമാക്കി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സ് പ്രവേശനത്തെക്കുറിച്ചുള്ള പത്രപരസ്യം ശ്രദ്ധയില്‍പ്പെട്ടു. ഉറ്റ സുഹൃത്ത് രാജ് ബഹാദൂറിന്റെ സ്നേഹ നിര്‍ബന്ധം കൂടിയായതോടെ 1973ല്‍ രജനി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. രാജ് ബഹാദൂറും കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ സുഹൃത്തുക്കളും ചെറിയ തുട്ടുകള്‍ മിച്ചംവെച്ച് രജനിയുടെ പഠന ചെലവുകള്‍ക്കായി അവ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊണ്ടിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ തമിഴ് സിനിമയില്‍ അരങ്ങേറ്റത്തിനും അവസരം ലഭിച്ചു.
ശിവാജി റാവുവില്‍നിന്ന് ദളപതിയിലേക്ക്
1975ല്‍ കെ. ബാലചന്ദറിന്റെ അപൂര്‍വ രാഗങ്ങളിലൂടെയായിരുന്നു രജനിയുടെ അരങ്ങേറ്റം. ശിവാജി റാവുവിനെ രജനികാന്ത് ആക്കിയതും ബാലചന്ദറാണ്. എന്നാല്‍, ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രം കഥാസംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. സംവിധായകന് എസ്.പി മുത്തുരാമന്റെ ഒരു കേള്‍വിക്കുറി (1977) എന്ന ചിത്രത്തിലെ വേഷം രജനിയെ ശ്രദ്ധേയനാക്കി. ജെ. മഹേന്ദ്രന്റെ മുള്ളും മലരും (1978) തമിഴ് സിനിമയില്‍ രജനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ (1977) രജനിയുടെ മൈലേജ് വര്‍ധിപ്പിച്ചു. എഴുപതുകളുടെ അവസാനത്തില്‍ കമലഹാസന് ചിത്രങ്ങളില്‍ രജനി സ്ഥിരം വില്ലനായി. 1980കള്‍ രജനിയുടെ താരത്തിളക്കം വര്‍ധിച്ചു. അമിതാഭ് ബച്ചന് നായകനായ ഡോണ്‍ തമിഴ് പതിപ്പ് ബില്ല ബോക്സ് ഓഫീസില്‍ തരംഗമായി. ഒന്നിനുപിറകെ ഒന്നായി നായകവേഷത്തില്‍ രജനിയുടെ ഹിറ്റുകള്‍ പിറന്നു. ബച്ചന് ചിത്രങ്ങളുടെ റീമേക്കുകളിലൂടെ രജനിയുടെ സ്റ്റാര്‍ വാല്യൂ കുത്തനെ ഉയര്‍ന്നു.
തൊണ്ണൂറുകളില്‍ ഉഴൈപ്പാളി, മന്നന്, ദളപതി, മുത്തു, ബാഷ, പടയപ്പ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി. 1993ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി സിനിമ വിടുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995ല്‍ പുറത്തിറങ്ങിയ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി നേടി. 2007ല്‍ പുറത്തിറങ്ങിയ ശിവാജി ദ ബോസ് ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി. അതിനിടെ, രജനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബ ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീണു. എന്നാല്‍ വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്കി രജനി മാതൃകയായി. ചന്ദ്രമുഖി, കുസേലന്, എന്തിരന്, കൊച്ചെഡൈയാന്, ലിംഗാ, കബാലി, കാലാ, 2.0, പേട്ട, ദര്‍ബാര്‍ എന്നിങ്ങനെ ആരാധകരെ വിസ്മയിപ്പിച്ച ചിത്രങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അണ്ണാത്തെ എന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നത്. തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിലായി 200നടുത്ത് ചിത്രങ്ങള്‍ ചെയ്തു. 1988ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു. തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള നാല് പുരസ്കാരം ഉള്‍പ്പെടെ ആറ് അവാര്‍ഡുകള്‍ രജനിയെ തേടിയെത്തി. കലൈമാമണി, നടിഗര്‍ സംഘത്തിന്റെ കലൈചെല്‍വം, മഹാരാഷ്ട്ര സര്‍ക്കാരിന്റെ രാജ്കപൂര്‍ പുരസ്കാരങ്ങളും പത്മഭൂഷണ്‍ (2000), പത്മവിഭൂഷണ്‍ (2016) ബഹുമതികളും ലഭിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും രജനിയെ തിരഞ്ഞെടുത്തു.
രജനിയുടെ രാഷ്ട്രീയം
രജനിയുടെ രാഷ്ട്രീയ പ്രവേശം ഇപ്പോഴും അവസാനിക്കാത്ത ചര്‍ച്ചകളിലൊന്നാണ്. വലത് രാഷ്ട്രീയ കാഴ്ചപ്പാടുകളോടായിരുന്നു രജനിക്ക് അടുപ്പം. 1995ല്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു പിന്നാലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് രജനി രംഗത്തെത്തി. എന്നാല്‍ 1996ലെ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ എഐഎഡിഎംകെയുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ രജനി തീരുമാനം മാറ്റി. കരുണാനിധിയുടെ ഡിഎംകെ-ടിഎംസി മുന്നണിക്ക് പിന്തുണയുമായി രജനി എതിര്‍പാളയത്തിലെത്തി. എഐഎഡിഎംകെ അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ലെന്നായിരുന്നു രജനിയുടെ പ്രഖ്യാപനം. 1998ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഡിഎംകെ-ടിഎംസി മുന്നണിക്കൊപ്പമായിരുന്നു രജനി. എന്നാല്‍, 2001ല്‍ എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തി. ജയലളിത മുഖ്യമന്ത്രിയായി. ഡിഎംകെ സഖ്യം തകര്‍ന്നടിഞ്ഞു. 2002ല്‍ കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന്റെ നിലപാടിനെതിരെ രജനി രംഗത്തെത്തി. ഉപവാസ സമരവും നടത്തി. നദീ ബന്ധന പദ്ധതിക്ക് ഒരു കോടി രൂപ നല്കാന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി എ.ബി വാജ്പേയിയെ കണ്ടു. അത് ബിജെപിയുമായുള്ള ബന്ധത്തിന്റെ തുടക്കമായി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രജനി ബിജെപി-എഐഎഡിഎംകെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും രൂക്ഷ വിമര്‍ശനമേറ്റു. എന്നാല്‍ അതൊന്നും താരം കാര്യമാക്കിയില്ല. ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളുമായി രജനി പൊരുത്തപ്പെടുന്നതാണ് പിന്നീട് കാണാനായത്. 2017 മുതല്‍ രജനി ബിജെപിയില്‍ ചേരുമെന്നും പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ബിജെപിയിലെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. എന്നാല്‍, താരം മനസ് തുറന്നില്ല.
അതേസമയം, ബിജെപി നയങ്ങളെയും നരേന്ദ്ര മോദിയേയും ഇഷ്ടപ്പെട്ടിരുന്ന രജനി ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെയും പൗരത്വ ഭേദഗതി നിയമത്തെയും ഉള്‍പ്പെടെ അനുകൂലിച്ച് രംഗത്തെത്തി. നരേന്ദ്ര മോദി - അമിത് ഷാ കൂട്ടുകെട്ടിനെ മഹാഭാരതത്തിലെ ശ്രീകൃഷ്ണന്-അര്ജുനന് ബന്ധത്തോടായിരുന്നു രജനി ഉപമിച്ചത്. ബിജെപി നേതാക്കളുടെ മൗനാനുവാദത്തോടെ രജനിയുടെ രാഷ്ട്രീയ പ്രവേശം നടക്കുമെന്ന അഭ്യൂഹങ്ങള്‍ അതോടെ ശക്തമായി. രജനിയുടെ വാക്കിനായി ആരാധകര്‍ കാത്തിരുന്നു. രജനിയെ പോലൊരാളെ ഒപ്പം നിര്‍ത്തി തമിഴ്നാട് രാഷ്ട്രീയം പിടിച്ചടക്കാനുള്ള നീക്കങ്ങള്‍ ബിജെപി കേന്ദ്രങ്ങളിലും സജീവമായി. സസ്പെന്സുകള് അവസാനിപ്പിച്ച് കഴിഞ്ഞവര്‍ഷം രജനി രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് തുറന്ന് സംസാരിച്ചു. പാര്‍ട്ടി പ്രഖ്യാപനം ഡിസംബറില്‍ 31ന് ഉണ്ടാകുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമായിരുന്നു താരം അറിയിച്ചത്. ഡിഎംകെ, എഐഎഡിഎംകെ സഖ്യങ്ങള്‍ക്ക് ബദലായി മൂന്നാം കക്ഷിയെന്ന ആശയമാണ് താരം മുന്നോട്ടുവെച്ചത്. ആരാധക്കൂട്ടമായ രജനി മണ്‍ട്രത്തെ കൂടുതല്‍ സജീവമാക്കി. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തിയുമായി രജനി കൂടിക്കാഴ്ച നടത്തിയതോടെ രജനിയുടെ പാര്‍ട്ടിക്ക് പിന്തുണ നല്കാന് സംഘ പരിവാര്‍ തയ്യാറെടുപ്പുകളും തുടങ്ങി. എന്നാല്‍, പാര്‍ട്ടി പ്രഖ്യാപനത്തിനുമുമ്പേ രജനി രാഷ്ട്രീയ പ്രവേശം ഉടനില്ലെന്ന് അറിയിച്ചു. ഡോക്ടമാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്നും താരം വിശദീകരിച്ചു. രജനിയുടെ രാഷ്ട്രീയ പ്രവേശത്തെ നോക്കിയിരുന്ന ആരാധകര്‍ കടുത്ത നിരാശയിലായി. തെരുവുകളില്‍ പ്രതിഷേധം അലയടിച്ചു. എന്നാല്‍ താരം തീരുമാനം മാറ്റിയില്ല. രജനിയില്‍ കണ്ട ബിജെപിയുടെ രാഷ്ട്രീയ സ്വപ്നങ്ങളും അതോടെ തകര്‍ന്നു. ഏതെങ്കിലുമൊരു സമര്‍ദ്ദത്തിനു വഴങ്ങി രജനി രാഷ്ട്രീയ പ്രവേശം നടത്തിയേക്കുമെന്ന ബിജെപിയുടെ വിലയിരുത്തലുകള്‍ തെറ്റിപ്പോയി. കരുണാനിധിക്കും ജയലളിതക്കും ശേഷമുണ്ടായ വിടവില്‍ രജനിയുടെ ജനകീയതയുമായി നടന്നുകയറാമെന്ന പ്രതീക്ഷകളാണ് ബിജെപിക്ക് നഷ്ടമായത്. തമിഴ്നാട് വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, രജനിക്ക് ലഭിച്ച ഫാല്‍ക്കെ പുരസ്കാരം താരത്തിന്റെ സിനിമകളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമാകുന്നതും അതുകൊണ്ടാണ്.