TopTop
Begin typing your search above and press return to search.

രാമചന്ദ്രബാബു പകര്‍ത്തിയ ഈ ചലച്ചിത്രങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ മലയാള സിനിമയിലെ നാഴികക്കല്ലുകള്‍ നിങ്ങള്‍ കണ്ടിട്ടില്ല

രാമചന്ദ്രബാബു പകര്‍ത്തിയ ഈ ചലച്ചിത്രങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ മലയാള സിനിമയിലെ നാഴികക്കല്ലുകള്‍ നിങ്ങള്‍ കണ്ടിട്ടില്ല

മലയാള സിനിമയുടെ വഴിത്തിരുവുകളിലെല്ലാം രാമചന്ദ്ര ബാബു എന്ന ഛായാഗ്രാഹകന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിരുന്നു. ആദ്ദേഹത്തിന്റെ കണ്ണുകളിൽ ആദ്യം പതിഞ്ഞ ദൃശ്യങ്ങളായിരുന്നു പിന്നീട് മലയാളികൾ ആവേശത്തോടെ കണ്ട് തീർത്ത സിനിമകളായി മാറിയത്. തമിഴ്നാട്ടിലെ മധുരാന്തകത്തിൽ മലയാളി കുടുംബത്തിൽ 1947ൽ ജനിച്ച രാമചന്ദ്ര ബാബു 1967–ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുകയും പഠനം പൂർത്തിയാക്കുന്നതിന് മുൻപുതന്നെ സ്വതന്ത്രഛായാഗ്രാഹകനായി സിനിമയിൽ അരങ്ങേറുകയും ചെയ്തു.

പ്രതിഭയും സിനിമയുടെ ആധുനിക വൽക്കരണത്തോട് മുഖം തിരിക്കാത്ത നിലപാടുമായിരുന്നു അരനൂറ്റാണ്ട് പിന്നിട്ടിട്ടും മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കാൻ അദ്ദേഹത്തിന് തുണയായത്. വിവിധ ഭാഷകളിലായി നൂറ്റി നാൽപതോളം സിനിമകൾക്കാണ് അദ്ദേഹം ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുള്ളത്. സിനിമയുടെ ദൃശ്യഭാഷയ്ക്ക്‌ തനതായ ശൈലി തന്നെ അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. കലാമൂല്യമുള്ളതും ജനപ്രിയചിത്രങ്ങൾക്കും ഒരുപോലെ വേണ്ടപ്പെട്ടയാൾ എന്ന് സംശയമില്ലാതെ തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.

വിദ്യാർത്ഥികളെ ഇതിലേ ഇതിലേ എന്ന ജോൺ എബ്രഹാം സിനിമയിലൂടെയാണ് മലയാളസിനിമയിൽ സിനിമാട്ടോഗ്രാഫറായി രാമചന്ദ്ര ബാബു കടന്നുവരുന്നത്. പിന്നീട് തെന്നിന്ത്യൻ സിനിമയിലെ തന്നെ നാഴികകല്ലുകളായ നിര്‍മ്മാല്യം, സ്വപ്നാടനം, രതിനിർവേദം, ഇതാ ഇവിടെ വരെ, ചാമരം ,പടയോട്ടം, ഏഴാം കടലിനക്കരെ, യവനിക, ഒരു വടക്കൻ വീരഗാഥ എന്നിവയിലെ നിറ സാന്നിധ്യമായി. മലയാളത്തിലെ ആദ്യ 70 എംഎം ചിത്രമായ പടയോട്ടത്തിന് വേണ്ടി ദൃശ്യങ്ങൾ പകർത്തിയതും രാമചന്ദ്ര ബാബുവായിരുന്നു. രാമു കാര്യാട്ടിന്റെ ദ്വീപായിരുന്നു ആദ്യ കളർ ചിത്രം.

ജോൺ എബ്രഹാമിനൊപ്പം തുടങ്ങി എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ് എന്നവർക്കൊപ്പം കരിയറിന്റെ തുടക്കകാലത്തു തന്നെ പ്രവർത്തിക്കാൻ ലഭിച്ച അവസരമായിരുന്നു അദ്ദേഹത്തിലെ പ്രതിഭയെ മലയാള സിനിമയോളം തന്നെ വളരാൻ സഹായിച്ചത്. നിര്‍മ്മാല്യം ദേശീയ അവാർഡും സ്വപ്നാടനം സംസ്ഥാന അവാർഡും രാമചന്ദ്ര ബാബുവിന് നേടിക്കൊടുത്തു. കലാമൂല്യമുള്ള സിനിമകൾക്ക് ഒപ്പം തന്നെ കൊമേഴ്സ്യൽ സിനിമയുടെയും ഭാഗമാവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഐ.വി. ശശിയുടെ ഇതാ ഇവിടെ വരെ, മണ്ണ്, കോലങ്ങൾ, യവനിക, ആദാമിന്റെ വാരിയെല്ല്, മറ്റൊരാൾ, ഭരതന്റെ മർമരം, രതിനിർവേദം, ചാമരം, നിദ്ര, പാളങ്ങൾ, വെങ്കലം, മണിരത്നത്തിന്റെ ഉണരൂ, പകൽനിലാവ്, ഹരിഹരന്റെ ഒരു വടക്കൻ വീരഗാഥ, കെ.ജി. ജോർജിന്റെ ഓണപ്പുടവ എന്നിവയ്ക്കും അദ്ദേഹം ക്യാമറ ചലിപ്പിച്ചു. ജോർജ് കിത്തു, സുന്ദർദാസ്, ലോഹിതദാസ്, കമൽ, വിനയൻ, ഭദ്രൻ, ആർ. സുകുമാരൻ തുടങ്ങിയ പുതിയ കാലത്തിന്റെ സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പരീക്ഷണങ്ങളായിരുന്നു ഒരോ സിനിമകളും രാജേന്ദ്രബാബുവിന്. തന്റെ ചിത്രീകരണ രീതിയെ കുറിച്ച് ഒരിക്കൽ പ്രശസ്ത നടി ജയഭാരതി പരാതി പറഞ്ഞതിനെ തന്റെ സിനിമാജീവിതത്തെ അധികരിച്ച് 'മാതൃഭൂമി' ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'സെല്ലുലോയിഡ് സ്വപ്‌നാടകൻ' എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്. 'നവാഗത ഛായാഗ്രാഹകനായ ഞാന്‍ ജയഭാരതിയുടെ മുഖത്തേക്ക് നേരിട്ട് ലൈറ്റ് തെളിയിച്ചില്ല! എല്ലാ ലൈറ്റുകളും മറ്റെവിടെയൊക്കെയോ ആണ് കൊടുത്തിരുന്നത്. പ്രകാശം നേരിട്ട് മുഖത്ത് വീണില്ലെങ്കില്‍ അതെങ്ങനെ ഭംഗിയില്‍ വെള്ളിത്തിരയില്‍ തെളിയും? ക്യാമറാമാന്റെ അറിവില്ലായ്മയോ അതോ മനഃപൂര്‍വം ചെയ്തതോ? ചര്‍ച്ച കൂലങ്കഷമായി. നിര്‍മാതാവിന്റെ ചിന്തകളും വ്യതിചലിച്ചു. ഒരു നവാഗതന്‍ ആയതിനാലായിരുന്നു സംശയങ്ങള്‍ ബലപ്പെട്ടത്'. എന്നാൽ ബൗണ്‍സ് ചെയ്യുന്ന രീതിയില്‍ പ്രകാശവിന്യാസം നടത്തിയതിനാല്‍ നെഗറ്റീവ് മികച്ച ഫലം നല്‍കി. സംവിധായകനും നിര്‍മാതാവും ഇതില്‍ ആഹ്ളാദിച്ചു വെന്ന് പുസ്തകത്തില്‍ രാമചന്ദ്ര ബാബു പറയുന്നു.

മദ്രാസ്‌ ലയോള കോളേജിൽ നിന്ന്‌ 1966ൽ രസതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ ശേഷമായിരുന്നു പുനൈ ചലച്ചിത്ര അക്കാദമിയിൽ നിന്ന്‌ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി അദ്ദേഹം സിനിമ രംഗത്തേക്ക് എത്തുന്നത്. ഛായാഗ്രഹകരുടെ സംഘടനയായ ഐഎസ്‌സിയുടെ സ്ഥാപകർ കൂടിയാണ് അദ്ദേഹം.

മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, ഇംഗ്ലീഷ്‌, അറബി ഭാഷകളിലായി 70 വ്യത്യസ്ത സംവിധായകരുടെ 113 ചിത്രങ്ങൾ. ഇതിൽ പി ജി വിശ്വംഭരന്‌ വേണ്ടിയായിരുന്നു കൂടുതൽ തവണ. 13 ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. കെ ജി ജോർജിനൊപ്പവും, ഐ വി ശശിയുടൊപ്പവും 10 വീതം സിനിമകൾ. ഭരതന്റെ 7 ചിത്രങ്ങൾക്കും അദ്ദേഹം ക്യാമറ ചെയ്തു. സിനിമയ്‌ക്കൊപ്പം തന്നെ സാഹിത്യത്തിലും ചിത്രകലയിലും തൽപ്പരനായിരുന്നു രാമചന്ദ്ര ബാബു. പൂന ചലച്ചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌ പഠനകാലത്തെ ഓർമക്കുറിപ്പുകളും, ഓരോ ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവച്ചിരുന്ന തന്റെ ബ്ലോഗിൽ ഹൈക്കുകവിതകളും ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഹൈക്കു കവിതകളുടെ രൂപത്തിൽ ഒരു മിനിറ്റ്‌ ദൈർഘ്യമുള്ള, മൂന്നു ഷോട്ടുകളിലൂടെ കഥ പറയുന്ന 'സിനിക്കു' എന്ന ചലച്ചിത്രഭാഷ്യത്തിനും അദ്ദേഹം രൂപം നൽകിയിട്ടുണ്ട്.


Next Story

Related Stories