TopTop
Begin typing your search above and press return to search.

മലയാള സിനിമയിലും സാലറി കട്ട്; വെല്ലുവിളി സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം

മലയാള സിനിമയിലും സാലറി കട്ട്; വെല്ലുവിളി സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം

ലോക്ഡൗണ്‍ മലയാള സിനിമ മേഖലയ്ക്കുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ കടുത്ത നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്ന് നിര്‍മാതാക്കള്‍. ഇപ്പോഴുണ്ടാകുന്ന നിര്‍മാണ ചെലവ് പകുതിയോളം കുറയ്‌ക്കേണ്ടി വരുമെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. അല്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രതിഫല കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം നിര്‍മാതാവ് മേനക സുരേഷ് കുമാര്‍ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച് നിര്‍ദേശം ചര്‍ച്ചയായിരുന്നു. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം 50 ശതമാനത്തോളം കുറയ്ക്കാന്‍ തയ്യാറാകണമെന്നായിരുന്നു പ്രധാന ആവശ്യം. ഇപ്പോഴത്തെ ചെലവില്‍ നിന്നും ഗണ്യമായ തോതില്‍ ബഡ്ജറ്റ് താഴ്ത്തിയാല്‍ മാത്രമെ കൊറോണ കാലത്തിനുശേഷം സിനിമ വ്യവസായം സാധാരണ നിലയിലേക്ക് എത്തൂ എന്നാണ് സുരേഷ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നത്.

വ്യക്തിപരമായ അഭിപ്രായമാണ് സുരേഷ് കുമാര്‍ മുന്നോട്ടു വച്ചതെങ്കിലും നിര്‍മാതാക്കളുടെ സംഘടന ഇതിനെ പൂര്‍ണമായി പിന്തുണയ്ക്കുകയാണ്. സിനിമ വ്യവസായം നിലനില്‍ക്കണമെങ്കില്‍ ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുത്തേ മതിയാകൂ എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. കൈയില്‍ നില്‍ക്കാത്തവിധമായിരുന്നു ചെലവ് പോയ്‌ക്കൊണ്ടിരുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തിലെങ്കിലും എല്ലാവരും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ നിര്‍മാതാക്കള്‍ മാത്രമല്ല, സിനിമ വ്യവസായം തന്നെ വന്‍തകര്‍ച്ചയായിരിക്കും നേരിടേണ്ടി വരികയെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ നിര്‍മാതാവ് സിയാദ് കോക്കര്‍ പറയുന്നത്. ലോക് ഡൗണ്‍ മൂലമുണ്ടായിരക്കുന്ന ആഗോള പ്രതിസന്ധി സാരമായി മലയാള സിനിമയെ ബാധിക്കുമെന്നും പഴയ രീതിയിലേക്ക് കാര്യങ്ങള്‍ തിരിച്ചെത്താന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലുമെടുക്കമെന്നാണ് സിയാദ് കോക്കര്‍ ചൂണ്ടിക്കാണിക്കുന്നത്. അതുവരെ പിടിച്ചു നില്‍ക്കാന്‍ സുരേഷ് കുമാര്‍ മുന്നോട്ടുവച്ചതുപോലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കിയേ മതിയാകൂ എന്ന് അദ്ദേഹം അഴിമുഖവുമായി സംസാരിച്ചപ്പോള്‍ വ്യക്തമാക്കി.

'സുരേഷ് കുമാര്‍ പറഞ്ഞതൊരു തീരുമാനമല്ല, നിര്‍ദേശമാണ്. എല്ലാവര്‍ക്കും തോന്നിയ കാര്യം തന്നെയാണത്. ഇനി സിനിമകള്‍ തുടങ്ങുമ്പോഴേക്കും, അതിനെന്തായാലും സമയമെടുക്കും, വളരെ ആലോചിച്ചു വേണം കാര്യങ്ങള്‍ ചെയ്യാന്‍. സിനിമയുടെ ചെലവ് മുന്‍പത്തേപ്പോലെ താങ്ങാന്‍ കഴിയില്ല. തിയേറ്ററുകള്‍ സജീവമാകാനും ഓവര്‍സീസ് റിലീസുകളും ഒക്കെ പഴയപടിയാകാനും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുത്തേക്കാം. അത് കഴിഞ്ഞേ ഇന്‍ഡസ്ട്രി പഴയ രീതിയിലേക്ക് വരികയുളളൂ. അപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നൊരു മാറ്റം സംഭവിക്കണമെന്നില്ല. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടി വരുന്നത്. ഇപ്പോഴുള്ള കോസ്റ്റ് ഓഫ് പ്രൊഡക്ഷനില്‍ ഇനി നമ്മളൊരു സിനിമ നിര്‍മിച്ചിട്ട് കാര്യമില്ല. ഇത് പൊതുവെ ഉണ്ടായിട്ടുള്ള തോന്നലാണ്. അതൊരു നിര്‍ദേശമായി സുരേഷ് കുമാര്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. ഒരാളാണത് പരസ്യമായി പറഞ്ഞതെങ്കിലും ഞങ്ങളെല്ലാവരും തന്നെ ആ നിര്‍ദേശങ്ങളോട് യോജിക്കുകയാണ്", അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നിര്‍ദേശങ്ങളാണ് ഉയര്‍ന്നിരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാറിയാലുടന്‍ എടുക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന പറയുന്നു. എങ്ങനെയൊക്കെ കാര്യങ്ങള്‍ കൊണ്ടുപോണം എന്നതൊക്കെ ലോക്ഡൗണ്‍ മാറിയശേഷം എല്ലാവരുമായി കൂടിച്ചേര്‍ന്നിരുന്ന് തീരുമാനിക്കുമെന്നാണ് സിയാദ് കോക്കര്‍ പറയുന്നത്. "എല്ലാ നിര്‍മാതാക്കളെയും വിളിച്ചു കൂട്ടി സംസാരിക്കണം. അതുപോലെ സിനിമയിലെ മറ്റ് സംഘടനകളുമായും സംസാരിക്കണം. ഇപ്പോള്‍ അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. തിയേറ്ററുകളൊക്കെ തുറക്കുന്നതിനു മുന്നോടിയായി അത്തരമൊരു ചര്‍ച്ച നടത്തണമെന്നാണ് ആഗ്രഹം", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍പ് തന്നെ സിനിമയുടെ കോസ്റ്റ് താങ്ങാന്‍ കഴിയുന്നതല്ലെന്ന പരാതി നിര്‍മാതാക്കള്‍ക്കുണ്ടായിരുന്നു. ഇങ്ങനൈാരു സാഹചര്യംകൂടി വന്നതോടെ തങ്ങളുട നിലനില്‍പ്പ് സാധ്യമാകണമെങ്കില്‍ ഇപ്പോഴുള്ളതിന്റെ പകുതിയാക്കി നിര്‍മാണ ചെലവ് കുറയ്ക്കണമെന്നാണ് ബഹുഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. സുരേഷ് കുമാറിന്റെ നിര്‍ദേശം വന്നതിനു പിന്നാലെ അതിനോട് എല്ലാവരും യോജിക്കുന്നതും അതുകൊണ്ടാണ്ടെന്നും സിയാദ് കോക്കര്‍ പറയുന്നു.

"വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കായിരിക്കും കൊറോണാനന്തര ലോകം എത്തപ്പെടുക. തിരിച്ചടി എല്ലാ മേഖലകളിലും ഉണ്ടാവും. സിനിമ മേഖലയും അതിന്റെ എല്ലാ ആഘാതങ്ങളും ഏറ്റു വാങ്ങേണ്ടി വരും. ഇപ്പോള്‍ തുടരുന്ന നിര്‍മാണ ചെലവ് വച്ച് ഇനിയും മുന്നോട്ടു പോകുന്നത് ആത്മഹത്യപരമായിരിക്കും. കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍ 50 ശതമാനത്തില്‍ താഴെ കൊണ്ടുവരണം. താരങ്ങളുടെ പ്രതിഫലം ഉള്‍പ്പെടെ കുറയ്‌ക്കേണ്ടി വരും. ഏതൊക്കെ വിഭാഗത്തില്‍ എങ്ങനെയൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നു ചര്‍ച്ച ചെയ്യണം. സിനിമയിലെ ഓരോ വിഭാഗവും ഇതിനോട് സഹകരിക്കണം. എത്രത്തോളം ചെലവ് ചുരുക്കണം, ബഡ്ജറ്റ് എത്രവരെ പോകണം തുടങ്ങിയ കാര്യങ്ങളില്‍ ഉണ്ടാകുന്ന തീരുമാനങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും തന്നെ ബാധ്യസ്ഥരാകണം. അല്ലെങ്കില്‍ വലിയ ഭാരമായിരിക്കും നിര്‍മാതാക്കള്‍ താങ്ങേണ്ടി വരിക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അസാധ്യവുമാണ്. സിനിമ വ്യവസായം മൊത്തത്തില്‍ തകര്‍ന്നുപോതാതിരിക്കാന്‍ കൂടിയാണ് ഞങ്ങളിതു പറയുന്നത്".

തുറന്ന മനസോടെ സമീപിക്കുമെന്ന് ഫെഫ്ക

ചെലവ് ചുരുക്കലിന്റെ ഭാഗമായി നിര്‍മാതാക്കള്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോള്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അഴിമുഖത്തോട് പ്രതികരിച്ചത്. "അങ്ങനെയൊരു ചര്‍ച്ച വന്നാല്‍ ഫെഫ്കയതിനെ തുറന്ന മനസോടെ സമീപിക്കും. ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ പറ്റില്ല. ബാക്കിയുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താം. മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫല കാര്യത്തില്‍ നിര്‍മാതാക്കള്‍ പറയുന്നതില്‍ കാര്യമുണ്ട്. ഇനി അങ്ങനെയൊക്കെ മുന്നോട്ടു പോകാന്‍ കഴിയില്ല. ദിവസവേതനക്കാര്‍ നിലവില്‍ തന്നെ കഷ്ടപ്പാടുകളിലാണ്. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തിയാല്‍ തുച്ഛമായ പ്രതിഫലമേ അവര്‍ക്കുള്ളൂ. അതുകൊണ്ട് അവരുടെ കാര്യത്തില്‍ ഇനിയും പ്രതിഫലം കുറയ്ക്കുന്നത് ശരിയല്ല. ബാക്കി പ്രധാനപ്പെട്ട സാങ്കേതിക പ്രവര്‍ത്തകരുടെ കാര്യം സംസാരിക്കാം" ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ആദ്യം സിനിമ നടക്കട്ടെ ബാക്കി കാര്യങ്ങള്‍ അതുകഴിഞ്ഞെന്ന് താരസംഘടന

താരങ്ങള്‍ നിലവില്‍ വാങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഫലം പകുതിയോളം കുറച്ച് സഹകരിക്കേണ്ടി വരുമെന്നാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി നിര്‍മാതാക്കള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളില്‍ പ്രധാനം. എന്നാല്‍ ഇത്തരമൊരു നിര്‍ദേശത്തോട് വ്യക്തമായി പ്രതികരിക്കാന്‍ താരസംഘടനയായ എഎംഎംഎ തയ്യാറായിട്ടില്ല. ആദ്യം സിനിമ നടക്കട്ടെ, അതിനുശേഷമല്ലേ ബാക്കി കാര്യങ്ങള്‍ എന്നായിരുന്നു അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. "ഇപ്പോഴത്തെ അവസ്ഥയില്‍ ഒന്നും പറയാനാകില്ല, എപ്പോള്‍ തുടങ്ങുമെന്നോ, എന്താകുമെന്നോ ഒന്നും പറയാന്‍ കഴിയില്ല. ആദ്യം ഈ അനിശ്ചിതത്വം മാറട്ടെ. ഏറ്റവും അവസാനം വരുന്ന മേഖലയാണ് സിനിമയെന്നു പറയുന്നത്. അത് വീണ്ടും തുടങ്ങട്ടെ, അത് കഴിഞ്ഞിട്ട് കോസ്റ്റ് കുറയ്ക്കുന്നതോ എന്തുവേണമെങ്കിലും ചെയ്യട്ടേ. പറ്റുന്നയാള്‍ക്കാരെ വിളിച്ചാല്‍ മതി. പറഞ്ഞ പ്രതിഫലം ഇതുവരെ കിട്ടാത്തവരുമുണ്ടല്ലോ. അങ്ങനെയുള്ള കാര്യങ്ങളൊക്കെ സിനിമ തുടങ്ങിയിട്ട് ചര്‍ച്ച ചെയ്യാം."

നിര്‍മാതാക്കളുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഏറ്റവും വെല്ലുവിളിയായി മാറുന്നത് താരങ്ങളുടെ പ്രതിഫലം തന്നെയായിരിക്കും. അമ്പതു മുതല്‍ ഒരു കോടി വരെയാണ് യുവ താരനിരയിലെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ പ്രതിഫലം അതിനും മുകളിലാണ്. ഒരു സിനിമയുടെ മുഖ്യമായ ചെലവും താരങ്ങളുടെ പ്രതിഫലം തന്നെയാണ്. ഇക്കാര്യത്തില്‍ നിയന്ത്രണം വേണമെന്നു മുന്‍കാലങ്ങള്‍ തൊട്ട് ആവശ്യമുയരുന്നതാണെങ്കിലും അനുകൂലമായി ഒന്നും ഇതുവരെ നടന്നിട്ടില്ല.

ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ മലയാളത്തില്‍ പതിവായതോടെ അതിനനുസരിച്ച് താരങ്ങളുടെ പ്രതിഫലവും ഇരട്ടിക്കുകയാണ്. അതേസമയം മറ്റ് ഇന്‍ഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന ചെറിയ കമ്പോളം മാത്രമുള്ള മലയാള സിനിമയ്ക്ക് ബിസിനസില്‍ വലിയ നേട്ടങ്ങള്‍ കൊണ്ടുവരാനും കഴിയുന്നില്ല. ഇറങ്ങുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും നിര്‍മാതാക്കള്‍ക്ക് നഷ്ടം നല്‍കുന്നതാണ്. ഇതിനു പുറമെയാണ് അപ്രതീക്ഷിതമായി സംഭവിച്ച ലോക്ഡൗണ്‍ നിര്‍മാതാക്കളെ കൂടുതല്‍ തകര്‍ത്തത്. ലോക്ഡൗണ്‍ മൂലം ഏകദേശം അഞ്ഞൂറു കോടിയുടെ നഷ്ടമാണ് മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇത് നികത്താന്‍ കഴിയാതെ വന്നാല്‍ ഈ വ്യവസായം കനത്ത തിരിച്ചടി നേരിടും. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടോടെ നില്‍ക്കണമെന്ന ആഹ്വാനമാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്. അതിനോടുള്ള മറ്റുള്ളവരുടെ സമീപനം എങ്ങനെയിരിക്കുമെന്നാണ് മലയാള സിനിമയുടെ ഭാവി തീരുമാനിക്കുക.

*മലയാള സിനിമയിലെ വനിതാ സൂപ്പര്‍സ്റ്റാറുകള്‍ എന്ന് വിശേഷിപ്പിക്കുന്ന മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരുടെ പ്രതിഫല കാര്യം ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുരുഷ താരങ്ങളേക്കാള്‍ കുറവാണ് ഇപ്പോഴും മലയാള സിനിമയിലെ നടിമാരുടെ പ്രതിഫലം.


Next Story

Related Stories