TopTop
Begin typing your search above and press return to search.

ലോക് ഡൗണ്‍ ഒരുതരത്തിലും ബോറടിപ്പിക്കുന്നില്ല, അടുത്ത സിനിമയുടെ എഴുത്തിലാണ് കലാഭവന്‍ ഷാജോണ്‍

ലോക് ഡൗണ്‍ ഒരുതരത്തിലും ബോറടിപ്പിക്കുന്നില്ല, അടുത്ത സിനിമയുടെ എഴുത്തിലാണ് കലാഭവന്‍ ഷാജോണ്‍

ലോക് ഡൗണ്‍ കാലം ഒരുതരത്തില്‍ അനുഗ്രഹമായിരിക്കുകയാണ് കലാഭവന്‍ ഷാജോണിന്. ബ്രദേഴ്‌സിനു ശേഷം അടുത്ത പടത്തിന്റെ ആലോചനയിലായിരുന്നു ഷാജോണ്‍. അടുത്ത വര്‍ഷം ചെയ്യാനാണ് പ്ലാന്‍ എങ്കിലും, എഴുത്ത് അതിനു മുമ്പേ തീര്‍ക്കേണ്ടതുണ്ട്. അഭിനയത്തിന്റെ തിരക്കിനിടയില്‍, സമയം നീക്കിവച്ചാലും പോലും മുടങ്ങിപ്പോയ്‌ക്കൊണ്ടിരുന്ന എഴുത്ത് സ്വസ്ഥമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നതിന്റെ സന്തോഷത്തോടെയാണ് ലോക് ഡൗണ്‍ കാലത്തെ വീട്ടിലിരിപ്പിനെ കുറിച്ച് കലാഭവന്‍ ഷാജോണ്‍ അഴിമുഖവുമായി സംസാരിക്കുന്നത്. എന്റെ അടുത്ത സിനിമയുടെ എഴുത്ത് നടക്കുന്നുണ്ട്. സൗകര്യത്തോടെ എഴുതാന്‍ കഴിയുന്നുണ്ട്. നൂറു കാര്യങ്ങള്‍ക്കിടയിലായിരുന്നു എഴുത്തിനു വേണ്ടി ഇരിക്കേണ്ടി വരുന്നത്. ഇന്ന് എഴുതാം എന്നു പറഞ്ഞിരിക്കുമ്പോഴായിരിക്കും എന്തെങ്കിലും കാര്യമായിട്ട് അതു മുടങ്ങുന്നത്. ഷൂട്ടിംഗ് തിരക്കിനിടയിലും എഴുത്ത് വിചാരിച്ചപോലെ നടക്കാതെ വരും. പോകേണ്ടെന്നു കരുതിയാലും ചില ഫങ്ഷനുകളില്‍ പങ്കെടുക്കാതെ പറ്റാതെ വരും. ഇങ്ങനെ പലവിധ കാരണങ്ങള്‍ കൊണ്ട് എത്ര വിചാരിച്ചാലും എഴുത്ത് നടക്കാതെ പോകുമായിരുന്നു. എഴുതാനിരിക്കുമ്പോള്‍ മറ്റൊന്നും നമ്മളെ ശല്യപ്പെടുത്താനുണ്ടാകരുത്. സ്വസ്ഥമായി ഇരുന്ന് ചെയ്യേണ്ട ഒന്നാണല്ലോ അത്. ചെറിയ ബുദ്ധിമുട്ടുകള്‍ പോലും നമ്മളെ മൊത്തത്തില്‍ ആ മൂഡില്‍ നിന്നും അകറ്റിക്കളയും. എന്തായാലും ഈ ലോക് ഡൗണ്‍ കാലം ആഗ്രഹിച്ചതുപോലെ, എഴുതാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി തന്നിരിക്കുകയാണ്. ഷൂട്ടിംഗ് തിരക്കുകളില്ല, ഫങ്ഷനുകള്‍ക്കു പോകേണ്ട, മറ്റൊരു കാര്യത്തിനായും വീടിന് പുറത്തേക്ക് പോകേണ്ടതില്ല. എഴുത്തിനൊപ്പം തന്നെ കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഈ ലോക് ഡൗണ്‍ കാലം ഉപകാരപ്പെടുന്നുണ്ട്. പൂര്‍ണ സമയവും മുറിയടച്ചിട്ടിരുന്നു എഴുതുകയൊന്നുമല്ല. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നുണ്ട്. അവര്‍ക്കിപ്പോള്‍ സ്‌കൂള്‍ അടച്ചിരിക്കുകയാണെങ്കിലും ഓണ്‍ലൈന്‍ വഴി പരീക്ഷ നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി സ്‌കൂളില്‍ നിന്നും ക്വസ്റ്റിയന്‍ പേപ്പര്‍ നല്‍കും. മാതാപിതാക്കളാണ് ആ ക്വസ്റ്റിയന്‍ പേപ്പര്‍ ഉപയോഗിച്ച് പരീക്ഷയിടേണ്ടത്. പേപ്പറും നമ്മള്‍ തന്നെ നോക്കണം. എന്നിട്ട് മാര്‍ക്ക് സ്‌കൂളില്‍ അറിയിക്കണം. കുഞ്ഞുങ്ങള്‍ പഠിക്കുമ്പോഴായിരിക്കും ഞാന്‍ എഴുതാന്‍ പോകുന്നത്. എക്‌സാം ടൈം ആകുമ്പോള്‍ ഞാനും ഭാര്യയും അവര്‍ക്കൊപ്പമിരിക്കും. എക്‌സാം കഴിയുമ്പോള്‍ ഞങ്ങള്‍ നാലുപേരും കൂടിയിരുന്ന് ഭക്ഷണം കഴിക്കുകയോ കളിക്കുകയോ കഥകള്‍ പറയുകയോ, സിനിമ കാണുകയോ പാട്ടുകേള്‍ക്കുകയോ...അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യും. സത്യം പറഞ്ഞാല്‍, ഈ ലോക് ഡൗണ്‍ കാലത്ത് വിട്ടിലിരിക്കുകയെന്നത് എനിക്ക് വലിയ ബോറടി ആയി തോന്നുന്നില്ല. എഴുത്തിന് സമയം കിട്ടുന്നുവെന്നതു മാത്രമല്ല കാരണം. ഷൂട്ടിംഗ് ഇല്ലാത്ത സമയത്തും ഞാനങ്ങനെ പുറത്തൊന്നും ഒരുപാട് കറങ്ങി നടക്കുന്നയാളോ,കമ്പനി കൂടാന്‍ പോകുന്നയാളോ ഒന്നുമല്ല. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ വീട്ടില്‍ വരിക, ഷൂട്ടിംഗ് ഇല്ലെങ്കിലും വീട്ടില്‍ തന്നെയിരിക്കുകയക്കെയാണ് എന്റെ രീതി. അതുകൊണ്ട് തന്നെ, ഇപ്പോള്‍ വീട്ടില്‍ ഇരിക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടായൊന്നും തോന്നുന്നില്ല. പിന്നെ എഴുത്ത് നടക്കുന്നുണ്ടെന്നത് സന്തോഷവും നല്‍കുന്നുണ്ട്. ഓരോരുത്തരും അവരവരുടെ ജീവിതശൈലിക്ക് അനുസരിച്ച് സമയം രസകരവും ഗുണപ്രദവുമാക്കിയെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കൂടുതല്‍ ടെന്‍ഷന്‍ അടിക്കരുത്. ഒന്നും ശ്രദ്ധിക്കാന്‍ പോകരുതെന്നല്ല, നമുക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കണം. പക്ഷേ എപ്പോഴും അതു തന്നെ ചിന്തിച്ചിരിക്കരുത്. അങ്ങനെയായാല്‍ മനസിനെ വല്ലാതെ ബാധിക്കും. ഏതു സമയത്തും ചാനലിനു മുമ്പില്‍ തന്നെ ഇരിക്കാതിരുന്നാല്‍ മതി. എന്നു കരുതി, ഒരു വാര്‍ത്തയും കേള്‍ക്കരുത്, കാണരുതെന്നല്ല, അറിയേണ്ട കാര്യങ്ങള്‍ അറിയണം. അതിലുപരി, നമുക്ക് ചെയ്യേണ്ട പല കാര്യങ്ങളും കാണുമല്ലോ. സമയമില്ല, തിരക്കാണ് എന്നു പറഞ്ഞു പിന്നത്തേക്ക് മാറ്റിവച്ചിരിക്കുന്നവ. അവ ചെയ്തു തീര്‍ക്കാനോ തുടങ്ങിവയ്ക്കാനോ ഈ സമയം ഉപയോഗിക്കാം.


Next Story

Related Stories