TopTop
Begin typing your search above and press return to search.

ആ മുഖത്ത് ഒരു വില്ലനെ കണ്ട ആദ്യത്തെയാള്‍ ഞാനായിരിക്കും; ബഹദൂറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ലോഹിതദാസിന്റെ മകന്‍

ആ മുഖത്ത് ഒരു വില്ലനെ കണ്ട ആദ്യത്തെയാള്‍ ഞാനായിരിക്കും; ബഹദൂറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ലോഹിതദാസിന്റെ മകന്‍

മേയ് 22 മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ബഹദൂറിന്റെ ഇരുപതാം ചരമദിനമായിരുന്നു. ഒത്തിരി ചിരിപ്പിക്കയും കരയപ്പിക്കുകയും ചെയ്തിട്ടുള്ള ആ മികച്ച കലാകാരന്റെ ഓര്‍മദിനത്തില്‍ ബഹദൂറുമായി ഉണ്ടായിരുന്ന ബന്ധം പങ്കുവയ്ക്കുകയാണ് ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കര്‍ ലോഹിതദാസ്. ബഹദൂര്‍ അവസാനമായി അഭിനയിച്ച സിനിമ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ ആയിരുന്നു. ആ ചിത്രത്തിന്റെ സെറ്റില്‍വച്ചുണ്ടായ രസകരമായചില കാര്യങ്ങളാണ് വിജയ് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.വിജയ് ശങ്കര്‍ ലോഹിതദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

നിളയുടെ തീരത്തു ജോക്കറിന്റെ ചിത്രീകരണം നടക്കുന്ന കാലം. വാരാന്ത്യങ്ങള്‍ക്കു വേണ്ടി കാത്തിരുന്നു ഞാനും ചക്കരയും. സ്‌കൂള്‍ വിട്ടുവന്ന് നേരെ ചെറുതുരുത്തിയിലെ ലൊക്കേഷനിലേക്ക്. അന്നോളം ഇല്ലാത്ത ആവശേമായിരുന്നു ആ യാത്രകള്‍ക്ക്. ഷൂട്ടിംഗ് കാണുവാന്‍ അല്ല, സര്‍ക്കസിലെ ആനയും കുതിരയും പുലിയും സിംഹവും ഒക്കെയാണ് ഞങ്ങളെ ആകര്‍ഷിച്ചത്. ആ നാളില്‍ ഷൊര്‍ണുര്‍ ഗസ്റ്റ് ഹൗസില്‍ വച്ചാണ് ആദ്യമായ് ബഹദൂര്‍ ഇക്കയെ കാണുന്നത്. ഒരുപാട് പഴയ സിനിമകള്‍ ഒന്നും കണ്ടിട്ടില്ലെങ്കിലും ഇക്കയെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. അന്നെല്ലാം അവിടത്തെ ഇടനാഴിയില്‍ വെള്ളിത്തിരയിലെ പരിചിത മുഖങ്ങള്‍ ഒരു പതിവ് കാഴ്ചയായിരുന്നു. ഒരേ സമയം വിവിധ സിനിമകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അവിടെ ഉണ്ടാവുമായിരുന്നു. ഇക്കയെ കണ്ടപ്പോഴും അറിയില്ലായിരുന്നു അച്ഛന്റെ പടത്തില്‍ അഭിനയിക്കാന്‍ വന്നതാണെന്ന്.

മുറിയില്‍ ഇരിക്കുന്ന അമ്മയോട് ചെന്ന് പറഞ്ഞു, ഒരു പഴയ സിനിമ നടനെ മുകളില്‍ വച്ച് കണ്ടു എന്ന്. 'ബഹദൂര്‍ ഇക്ക ആയിരിക്കും' അപ്പോഴാണ് ഞങ്ങള്‍ രണ്ടുപേരും അദ്ദേഹത്തിന്റെ പേരെന്തെന്നു അറിയുന്നത്. രാത്രി ഷൂട്ട് കഴിഞ്ഞു അച്ഛന്‍ വന്നു, അച്ഛന്റെ കൂടെയിരുന്നു മുകളിലെ നിലയിലെ ഡൈനിങ്ങ് റൂമില്‍ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്, വരാന്തയിലൂടെ ഇക്ക നടന്നു വരുന്നത് കാണാം.

ഇക്ക ഡൈനിങ്ങ് മുറിയിലേക്കു കടന്നു വന്നു, 'ഇക്ക കഴിച്ചോ?'...'കഴിച്ചു മോനെ'... ഞങ്ങളോടായി അച്ഛന്റെ അടുത്ത ചോദ്യം, 'ഇതാരാന്നു മനസ്സിലായോ?, ഞങ്ങള്‍ ഇരുവരും തലയാട്ടി. അമ്മയെ പരിചയപ്പെടുത്തി. കോഴിയുടെ കാലുമായി ഞാന്‍ മല്ലിടുകയായിരുന്നു, ഇക്ക എന്നെ നോക്കി അച്ഛനോട് പറഞ്ഞു 'മോനെ, ഇവനെ എനിക്ക് വേണം' അച്ഛന്‍ ചിരിച്ചു. അടുത്ത കണ്ടുമുട്ടലും അതേ ഊണുമുറിയില്‍ തന്നെ ആയിരുന്നു, കഴിഞ്ഞ രാത്രിയിലേതെന്ന പോലെ ഇക്ക അങ്ങോട്ടു വരുന്നു, ഞാനും ചക്കരയും അമ്മയും ഭക്ഷണം കഴിക്കുകയാണ്, അച്ഛന്‍ അതിരാവിലെ ലൊക്കേഷനിലേക്കു പോയിരുന്നു. ഒരു കാരണവരുടെ ഗൗരവത്തോടെ ഇക്ക എന്റെ അടുത്ത് വന്നു ഇരുന്നു, 'മോളെ , ഇവനെ ഞാന്‍ കൊണ്ടുപോവ, എന്റെ മകള്‍ക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കാന്‍ ആണ് '... അമ്മ പൊട്ടിച്ചിരിച്ചു. എനിക്കതില്‍ ഒരു തമാശയും തോന്നിയില്ല, എന്ന് മാത്രമല്ല അമ്മയുടെ പ്രതികരണം വല്ലാത്ത വേദനയുണ്ടാക്കി. തന്റെ അനുവാദം കൂടാതെ തന്നെ കൊണ്ടുപോവുകയാണ് അതും കല്യാണം കഴിപ്പിക്കാനായി... എങ്ങനെ പ്രതികരിക്കണം ഒരു എട്ടുവയസുകാരന്‍?

പിന്നീട് കണ്ട ഓരോ മാത്രയിലും ഇക്ക ഇത് ആവര്‍ത്തിച്ചു. ഇക്കയും അമ്മയും വലിയ സുഹൃത്തുക്കള്‍ ആയി മാറി... എന്റെ മുന്നില്‍ വച്ച് ഇക്ക കല്യാണത്തെ പറ്റിയും ഒരുക്കങ്ങളെപ്പറ്റിയും വാചാലനായി, ആദ്യമിതു പറഞ്ഞപ്പോള്‍ ഒരു തമാശ ആണെന്ന് എവിടെയോ ഒരു വിശ്വാസം ഉണ്ടായിരുന്നു, പക്ഷെ പിന്നീട് ഇക്ക ഇതേക്കുറിച്ചു ഗൗരവത്തോടെ സംസാരിച്ചു തുടങ്ങി. 'നല്ല സുന്ദരിയാ എന്റെ മോള്, പ്രായം നിന്നേലും കൂടുതലാ, അത് കാര്യമാക്കണ്ട, നിന്നെ ഒരു മകനെ പോലെ നോക്കിക്കോളും...കുളിപ്പിച്ചു തരും, ചോറ് വാരിത്തരും, പാട്ടുപാടി ഉറക്കും '

പറഞ്ഞു പറഞ്ഞു ഇക്ക എന്നെ വിശ്വസിപ്പിച്ചു. പിന്നീടുള്ള വാരാന്ത്യങ്ങളില്‍ ലൊക്കേഷനിലേക്കുള്ള യാത്ര കഠിനമായിരുന്നു, ഇതില്‍ നിന്ന് ഞാന്‍ എങ്ങനെ തടിയൂരും??

ഇക്കാക്ക് എന്റെ ഉള്ളില്‍ ഒരു വില്ലന്റെ പരിവേഷമായി. ആ മുഖത്ത് ഒരു വില്ലനെ കണ്ട ആദ്യത്തെയാള്‍ ഞാനായിരിക്കും. ഇക്കയും ദിലീപേട്ടനും ഒരുമിച്ചുള്ള ഒരു രംഗം ചിത്രീകരിക്കുകയാണ്. ഞാന്‍ ആ പരിസരത്തു നില്‍പ്പുണ്ട്, ടേക്ക് കഴിഞ്ഞപ്പോള്‍ ഇക്ക എന്നെ കൈ കാട്ടി വിളിച്ചു, ഞാന്‍ പതിയെ അടുത്തേക് ചെന്നു. ഇക്ക ദിലീപേട്ടനോട് പറഞ്ഞു 'ഇവനെന്റെ മരുമോനാ.. ഇവനെ കൊണ്ട് എന്റെ മകളെ കെട്ടിക്കാന്‍ പോവാ ' .

ദിലീപേട്ടന്‍ എരിതീയില്‍ എണ്ണ തേവി കോരിയൊഴിച്ചു. ഭാഗ്യത്തിനാണ് ഞാന്‍ കരയാതിരുന്നത്. അവര്‍ ഇരുവരും അടുത്ത ടേക്കിനായി ഒരുങ്ങി, വിങ്ങുന്ന മനസുമായി നടന്ന് അകന്നു. അമ്മയുടെ അടുത്ത് ചെന്നതും പിടിച്ചു കെട്ടിയ എന്റെ കരച്ചില്‍ അണ പൊട്ടി. നിസ്സഹായതയുടെയും ഭയത്തിന്റെയും ചുഴിയില്‍ ആയിരുന്നു കഴിഞ്ഞ രാത്രികള്‍, ഇനി അതിനു കഴിയില്ല. അന്ന് രാത്രി ഞാനത് അച്ഛനോട് പറഞ്ഞു. ചിരിക്കുക മാത്രമാണ് അച്ഛന്‍ ചെയ്തത്, അല്ലാതെ എങ്ങനെ പ്രതികരിക്കണം? എട്ടുവയസുകാരന്‍ ആയ മകന്‍ തനിക്കിപ്പോള്‍ കല്യാണം വേണ്ട എന്ന് പറഞ്ഞു കരയുന്നതു കണ്ട്. എങ്കിലും എന്റെ സംഘര്‍ഷം അച്ഛന്‍ ഗൗരവത്തോടെ എടുത്തു, 'ഇക്ക തമാശ പറയണതല്ലേ'... ആ ഒരുവാക്ക് എനിക്ക് തന്ന ആശ്വാസം ചെറുതായിരുന്നില്ല. അന്ന് രാത്രി ഞാന്‍ സുഖമായി ഉറങ്ങി. തുടര്‍ന്നും ഇക്ക ഇതേ നമ്പര്‍ ആവര്‍ത്തിച്ചു, അത് ചിരിയോടെ നേരിടാന്‍ ഞാന്‍ പഠിച്ചു. ആ മുഖത്തിനു ഒട്ടും ചേരാത്ത വില്ലന്‍ പരിവേഷം ഒരു അപ്പൂപ്പന്താടിപോലെ കാറ്റില്‍ പറന്നു, ഞാന്‍ ഇക്കയെ സ്‌നേഹിച്ചു തുടങ്ങി.

ഷൂട്ടിനിടെ ഒരു വിഷുവിനായിരുന്നു ഇക്കയെ അവസാനം കണ്ടത്, പിന്നീട് ചിരിക്കുന്ന ആ മുഖം നേരില്‍ കണ്ടട്ടില്ല, ഗള്‍ഫില്‍ നിന്ന് ഇക്ക അമ്മയെ വിളിച്ച് എനിക്ക് ഒരു വാച്ചും അമ്മയ്ക്കും ചക്കരയ്ക്കും മറ്റു എന്തോ സാധനങ്ങളും കൊണ്ടുവരുന്നുണ്ട് എന്ന് പറഞ്ഞു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ഇക്ക ആശുപത്രിയില്‍ ആണെന്നാണ് അറിയുന്നത്. ആ മേയ് 22ന് ആ ചിരിയും മാഞ്ഞു. ഇക്കയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ കുളിപ്പിക്കലും മറ്റു ചടങ്ങുകളും നടക്കുകയാണ്, പക്ഷേ എന്റെ കണ്ണുകള്‍ ആ നുണകഥയിലെ സുന്ദരിയെ തേടുകയായിരുന്നു.


Next Story

Related Stories