TopTop
Begin typing your search above and press return to search.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ജല്ലിക്കട്ട് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി. അക്കാദമി അവാര്‍ഡിന്റെ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലേക്കാണ് എന്‍ട്രി. ഓസ്‌കാറിലേക്കുള്ള രാജ്യത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ജല്ലിക്കട്ട് തെരഞ്ഞെടുത്ത വിവരം വ്യക്തമാക്കിയത്.

27 ചിത്രങ്ങളില്‍ നിന്നാണ് ജല്ലിക്കട്ട് തെരഞ്ഞെടുക്കപ്പെട്ടത്. ദി ഡിസിപിള്‍, ശകുന്തള ദേവി, ഷക്കീര, ഗുന്‍ജന്‍ സക്‌സേന, ചപ്പക്, എകെ വേഴ്‌സസ് എകെ, ഗുലാബോ സിതാബോ, ഭോണ്‍സലെ, ചാലാങ്, എബ് അലേയ് ഊ, ചെക്ക് പോസ്റ്റ്, അത്കാന്‍ ചത്കാന്‍, സീരിയസ് മെന്‍, ബുള്‍ബുള്‍, കാമ്യാപ്ൗ ദി സ്‌കൈ ഈസ് പിങ്ക്, ചിന്തു കാ ബര്‍ത്ത്‌ഡേ, ബിറ്റര്‍സ്വീറ്റ് തുടങ്ങിയ ചിത്രങ്ങളായിരുന്നു ഓസ്‌കാര്‍ എന്‍ട്രി വിഭാഗത്തില്‍ ജല്ലിക്കട്ടിനോട് മത്സരിച്ചത്.

ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം,, നിര്‍മാണത്തിലെ വൈദഗ്ധ്യം, സംവിധാന മികവ് തുങ്ങിയവയാണ് ജല്ലിക്കട്ടിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ഫിലിം ഫെഡറേഷന്റെ ജൂറി ബോര്‍ഡ് ചെയര്‍മാന്‍ രാഹുല്‍ രാവെയ്ല്‍ വ്യക്തമാക്കി. "മനുഷ്യരിലെ ഏറ്റവും പച്ചയായ അംശങ്ങളെ പുറത്തുകൊണ്ടുവരുന്നതാണ് ചിത്രം. അത് മൃഗങ്ങളേക്കാള്‍ മോശമാണ്. അത് ഈ ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അത് നിര്‍മിച്ചിരിക്കുന്നത് ഓരോരുത്തര്‍ക്കും അഭിമാനമുണ്ടാക്കുന്ന വിധത്തിലാണ്. മനോഹരമായി അത് ചിത്രീകരിച്ചിട്ടുമുണ്ട്. ലിജോ അസാമാന്യ പ്രതിഭയുള്ള സംവിധായകനാണ്. ഇതൊക്കെ കൊണ്ടാണ് ഞങ്ങള്‍ ജല്ലിക്കട്ട് തെരഞ്ഞെടുത്തത്".

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. എസ്. ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയാണ് ചിത്രത്തിന് ആധാരം. 2019 ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 24-മാത് ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു.


Next Story

Related Stories