TopTop
Begin typing your search above and press return to search.

'മൂണ്‍വാക്ക് എന്ന് റിലീസ് ചെയ്യും?, കേട്ട് കേട്ട് മടുത്തു, ഈ കൊറോണ ഒന്ന് കഴിഞ്ഞിട്ട് വേണം'; ആദ്യ സിനിമയുടെ ത്രില്ലിലും വേവലാതിയിലും ഒരു കൂട്ടം ചെറുപ്പക്കാര്‍

മൂണ്‍വാക്ക് എന്ന് റിലീസ് ചെയ്യും?, കേട്ട് കേട്ട് മടുത്തു, ഈ കൊറോണ ഒന്ന് കഴിഞ്ഞിട്ട് വേണം; ആദ്യ സിനിമയുടെ ത്രില്ലിലും വേവലാതിയിലും ഒരു കൂട്ടം ചെറുപ്പക്കാര്‍

"നല്ല അടിപൊളി ദം ബിരിയാണി ണ്ടാക്കി മ്മള് ഇപ്പ പൊട്ടിക്കും, ഇപ്പ പൊട്ടിക്കും ന്ന് നോക്കിരിക്കില്ലേ... ന്നാ പൊട്ടിക്കുന്നൂല്ല... അത് പോലെയാണ്...", യൂട്യൂബില്‍ നോക്കി മാങ്ങ ഉണക്കി അച്ചാര്‍ ആക്കുന്നത് എങ്ങനെയെന്ന് പഠിച്ച് അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അനുനാഥ്. കൊവിഡും ലോക്ക്ഡൗണും ആയതിന് ശേഷം ഇങ്ങനെയാണ്. നേരം വൈകി എഴുന്നേല്‍ക്കും. പിന്നെ, ടിവി, ഫോണ്‍, സിനിമ കാണല്‍, ഇടയ്ക്ക് കുറച്ച് വായന... അങ്ങനെ സമയം തള്ളി നീക്കുന്നതിനിടയില്‍ "ഇടയ്ക്കൊക്കെ വീട്ടുകാരെ കുക്കിങ്ങില്‍ സഹായിക്കും". ചിലപ്പോള്‍ യുട്യൂബില്‍ നോക്കിയുള്ള പാചക പരീക്ഷണങ്ങളും. പക്ഷെ അനുനാഥ് പറഞ്ഞ ആ ദം ബിരിയാണി- അത് ഈ പരീക്ഷണത്തിലും നേരമ്പോക്കുകളിലുമൊന്നും പെട്ടതല്ല. അത് ഒരു സിനിമയാണ്. ഒരു പക്ഷേ കൊവിഡ് കേരളത്തെ ബാധിച്ചില്ലായിരുന്നെങ്കില്‍ ഈ സമയം കൊണ്ട് കാഴ്ചക്കാരിലേക്കെത്താനിരുന്ന ഒരു സിനിമ - 'മൂണ്‍വാക്ക്'.

ഒരു കൂട്ടം പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'മൂണ്‍വാക്കി'ല്‍ അവരിലൊരാളാണ് അനുനാഥ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ കൊവിഡില്‍ തട്ടി സിനിമ നിര്‍മ്മാണം നിന്നു. ഇനി കാത്തിരിപ്പാണ്. ലോക്ക്ഡൗണ്‍ തീരണം, കൊറോണ ഇവിടെ നിന്ന് പോണം, തിയേറ്ററിലേക്ക് വീണ്ടും ആള്‍ക്കൂട്ടം എത്തിത്തുടങ്ങണം. ആ കാത്തിരിപ്പ് എന്ന് അവസാനിക്കുമെന്നോ, 'ദം എപ്പോ പൊട്ടിക്കുമെന്നോ' ഒരു ധാരണയുമില്ലാത്ത അവസ്ഥയും. "എട്ട്, ഒമ്പത് മാസം ഈ സിനിമയുടെ ഭാഗമായി തന്നെ ആയിരുന്നു. ഒഡിഷന്‍ കഴിഞ്ഞ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ക്യാമ്പ് തുടങ്ങി. നവംബറില്‍ ഷൂട്ട് കഴിഞ്ഞു. അന്ന് മുതല്‍ ഇപ്പോ ഇറങ്ങും... ഇറങ്ങും എന്ന് കാത്തിരിപ്പാണ്. ആദ്യ സിനിമ പുറത്തിറങ്ങുന്നതിന്റെ ത്രില്ലിലാണ് ഇപ്പോഴും. മാര്‍ച്ചില്‍ റിലീസ് ഉണ്ടാവും എന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ ഇനീപ്പോ എന്നാ എന്നറിയില്ല. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ആളുകളാണല്ലോ വലുത്. ഇതെല്ലാം കഴിയട്ടെ. പക്ഷെ നല്ല കാമ്പുള്ള കഥയാണ്. സംവിധാനവും സിനിമാറ്റോഗ്രഫിയും എല്ലാം നന്നായിട്ടുണ്ടെന്നാണ് തോന്നല്‍. ഞങ്ങളെക്കൊണ്ട് പറ്റുംപോലെ ഞങ്ങളും ചെയ്തിട്ടുണ്ട്. അതുകൊണ്ട് കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്നാണ് കരുതുന്നത്."

പരസ്യചിത്ര സംവിധായകനായ എ.കെ വിനോദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'മൂണ്‍വാക്ക്'. ആദ്യ സംവിധാന സംരംഭം തിയേറ്ററില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് സംവിധായകനും സഹപ്രവര്‍ത്തകരും. മ്യൂസിക്കും ഫൈനല്‍ സൗണ്ട് മിക്‌സിങ്ങിലേക്കും കടക്കുന്നതിനിടെയാണ് കൊവിഡ് കേരളത്തില്‍ സ്ഥിരീകരിക്കുന്നത്. സ്റ്റുഡിയോകള്‍ എല്ലാം ലോക്ക്ഡൗണില്‍ അടഞ്ഞതോടെ ജോലികളെല്ലാം നിര്‍ത്തിവക്കേണ്ടതായി വന്നു. ആദ്യ സിനിമയുടെ ആകാംക്ഷയും പ്രതീക്ഷയും, അത് തിയേറ്ററിലേക്കെത്തിക്കേണ്ട സമയത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിന്ന് പോയതിന്റെ വിഷമവും ഉണ്ടെങ്കിലും ഇക്കാലയളവിനെ പോസിറ്റീവായി കൂടി കാണാനാണ് വിനോദ് ശ്രമിക്കുന്നത്. "സാധാരണ സിനിമകള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പെട്ടെന്ന് തീര്‍ത്ത് തിയേറ്ററിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സത്യത്തില്‍ കൊവിഡ് വന്ന് അല്‍പ്പം സമയം കിട്ടിയത് ഒരു തരത്തില്‍ സിനിമയ്ക്ക് ഗുണം ചെയ്യും. പല തവണ കാണാനും സമയമെടുത്ത് ഓരോ ജോലികള്‍ പൂര്‍ത്തീകരിക്കാനും എല്ലാം സാധിക്കും. പക്ഷെ മറ്റൊരു വശത്ത് ഇത് പലരുടേയും പ്രതീക്ഷയാണ്. പടത്തിന്റെ പ്രത്യേകത തന്നെ ഇതില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെല്ലാം എന്നതാണ്. ടീനേജ് പ്രായത്തിലുള്ള പിള്ളേരുടെ കഥ പറയുന്നതാണ് സിനിമ. അത്തരത്തില്‍ അവര്‍ക്കും, അവരെ പ്രതീക്ഷിച്ച് പണം മുടക്കിയവര്‍ക്കും എല്ലാം വലിയ എക്‌സൈറ്റ്‌മെന്റ് ഉണ്ട്. ഇതില്‍ അഭിനയിച്ചിരിക്കുന്നവരില്‍ പലരും ലാന്‍ഡ് ചെയ്യപ്പെടാന്‍ സാധ്യതയുള്ള സിനിമ കൂടിയാണ് എന്നത് കൊണ്ട് എക്‌സൈറ്റ്‌മെന്റ് വര്‍ധിക്കും. പക്ഷെ അതിനിടയിലാണ് പ്രതീക്ഷിക്കാതെ കൊറോണ വന്നത്. പിള്ളേരെല്ലാം വിളിച്ചിട്ട്, 'സാറേ, എന്നായിരിക്കും?' എന്ന് ചോദിക്കും. അവരെല്ലാം കീന്‍ ആയി ഫോളോ ചെയ്യുന്നുണ്ട്. പക്ഷെ അതിനൊന്നും കൃത്യമായി മറുപടി പറയാനില്ലല്ലോ. പിള്ളേരെല്ലാം ചെറിയ രീതിയില്‍ അപ്‌സെറ്റ് ആണ്.' പുതുമുഖങ്ങളെ ലാന്‍ഡ് ചെയ്യിക്കുമ്പോള്‍ വേണ്ട പ്രമോഷനും, പബ്ലിസിറ്റി കാമ്പയിനും എല്ലാം കഴിഞ്ഞ് ഏപ്രില്‍ പകുതിയോടെ സിനിമ റിലീസ് ചെയ്യാന്‍ കഴിയും എന്നതായിരുന്നു സംവിധായകന്റെ പ്രതീക്ഷ. എന്നാല്‍ ഇനി, "പഴയ പോലെ ക്രൗഡ് തിയേറ്ററിലേക്കെത്തുന്ന ഒരു സമയമായിരിക്കും റിലീസിങ്ങിന് നല്ലതെന്ന് തോന്നുന്നു."

ആദ്യമായി സിനിമാ നിര്‍മ്മാണത്തിലേക്ക് കടന്ന ഫയര്‍വുഡ് ക്രിയേറ്റീവ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പ്രീഡിഗ്രി കാലത്തെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ഡാന്‍സ് ഭ്രമവും അവര്‍ നേരിടുന്ന വെല്ലുവിളികളും പറയുന്ന കഥയാണ് 'മൂണ്‍വാക്ക്'. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ അനൂജ് വാസ് പറയുന്നു, "പ്രൊഡ്യൂസറുടെയും സംവിധായകന്റെയും ആദ്യ സംരംഭം, പുതുമുഖങ്ങള്‍ അങ്ങനെ ഈ ചിത്രത്തിന് പ്രത്യേകത ഏറെയായിരുന്നു. സിനിമയുടെ കണ്ടന്റ് വേറിട്ടതായതിനാല്‍ പുതുമുഖങ്ങളെ വച്ചുള്ള സിനിമയായിട്ടും വലിയ ബജറ്റില്‍ തന്നെയാണ് സിനിമ നിര്‍മ്മിച്ചത്. 80 ദിവസത്തെ ഷൂട്ടിങ്, അതിന് മുമ്പ് മൂന്ന് മാസത്തോളം പിള്ളേര്‍ക്ക് ഡാന്‍സ് ട്രെയിനിങ്ങും ക്യാമ്പും. അഞ്ച് കോടി രൂപ മുതല്‍ മുടക്കിലാണ് സിനിമാ നിര്‍മ്മാണം. പുതുമുഖങ്ങളുള്ള സിനിമയ്ക്ക് ആരും എടുക്കാത്തതാണ് ആ റിസ്‌ക്ക്. സ്വാഭാവികമായും പണം ഇറക്കിയിരിക്കുന്നവര്‍ക്ക് സിനിമ ഇറക്കാന്‍ കഴിയാതെ നീണ്ട് പോവുന്നത് നഷ്ടം തന്നെയാണ്. എന്നാല്‍ പരമാവധി എഫര്‍ട്ട് എല്ലാവരും എടുത്ത സിനിമ എന്ന നിലയ്ക്ക് കൊറോണ കഴിയുന്ന സമയത്ത് നല്ല രീതിയില്‍ തന്നെ ഇത് തിയേറ്ററിലെത്തിക്കാനും എല്ലാവരുടെ പരിശ്രമങ്ങള്‍ക്കും ഫലം ഉണ്ടാക്കാന്‍ കഴിയും എന്നതുമാണ് പ്രതീക്ഷ". പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രംഗനാഥ് രവി ശബ്ദ ചിത്രീകരണവും, കിരണ്‍ദാസ് എഡിറ്റിങ്ങും ചെയ്തിരിക്കുന്ന സിനിമയുടെ ഛായാഗ്രാഹകന്‍ അന്‍സാര്‍ ഷാ ആണ്. വിനോദും സുനിൽ ഗോപാലകൃഷ്ണനും മാത്യു വര്‍ഗീസും ചേർന്നാണ് കഥയും തിരക്കഥയും. ഗാനരചന വിനായക് ശശികുമാറും സുനിൽ ഗോപാലകൃഷ്ണനുമാണ്.

അനുനാഥ് അവതരിപ്പിക്കുന്ന ജെയ്ക്ക് എന്ന കഥാപാത്രം കൂടാതെ പ്രധാനമായി ആറ് പേരാണ് സിനിമയില്‍ ഉടനീളമുള്ളത്. മനോജ് മോസസ്, ഋഷി കൈനിക്കര, പ്രേം ശങ്കര്‍, അപ്പു ആശാരി, സിദ്ധാര്‍ഥ് ബാബു, സുജിത് പ്രഭാകര്‍ എന്നിവരാണ് കഥാപാത്രങ്ങളായത്. ഇവരെല്ലാവരുടേയും ആദ്യ സിനിമ എന്ന നിലയില്‍ ജീവിതത്തിലെ പ്രതീക്ഷയും ഇതാണ്. "ഇതില്‍ മാത്രമേയുള്ളൂ പ്രതീക്ഷ. എന്റെ മുഖമൊക്കെ വച്ചിട്ട് എന്നെയൊക്കെ ആര് സിനിമയിലെടുക്കാനാണ്. ഭാഗ്യത്തിന് കിട്ടിയതാണ്. ഇതോടെ ജീവിതം മാറും, എന്റെ വീട്ടിലെ സാഹചര്യങ്ങള്‍ രക്ഷപെടും എന്നൊക്കെയായിരുന്നു പ്രതീക്ഷ. അതിനിനിയും കാത്തിരിക്കണം എന്നാണ് തോന്നുന്നത്", മനോജ് മോസസിന്റെ ശബ്ദത്തില്‍ തന്നെ ആദ്യ സിനിമയുടെ ആകാംക്ഷയും പ്രതീക്ഷയും എല്ലാം ചേര്‍ന്നിരുന്നു. വീട്ടില്‍ തന്നെ ഡാന്‍സ് പ്രാക്ടീസ് ചെയ്തും കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ മീന്‍ പിടിക്കാന്‍ പോയും ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ് മനോജ്. "എന്റെ അച്ഛനുള്ളപ്പോള്‍ ട്രെയിലറും ടീസറും ഒന്നും വേണോന്നില്ല. റോഡിലിറങ്ങി നിന്ന് എന്റെ മോന്‍ സിനിമേലഭിനയിച്ച്, എന്റെ മോന്‍ സിനിമേലഭിനയിച്ച് എന്ന് നൂറ് വട്ടം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടിപ്പം എന്താ ബീഡിയും പാലും പോലും മേടിക്കാന്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. എല്ലാവര്‍ക്കും സിനിമ എന്നെറങ്ങും എന്നാണ് അറിയണ്ടത്. ചോദ്യത്തോട് ചോദ്യം. കൊറോണ കഴിഞ്ഞാ ഇപ്പ ഇറങ്ങും എന്ന് പറഞ്ഞ് മടുത്ത്. അതുകൊണ്ടെന്താ, ഇപ്പോ പോക്ക് നിര്‍ത്തി. പക്ഷെ കഷ്ടപ്പെട്ടതിനൊക്കെ ഫലം കിട്ടുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോണ്."

"നല്ല പ്രതീക്ഷയും ത്രില്ലും ആയിരുന്നു. അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. സിനിമ ഇറങ്ങുന്നതും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. അതിനിടയിലാണ് കൊറോണ വന്ന് പെട്ടത്. എങ്ങനെയാണ് ഭാവി? എന്ന് വരും? എന്ന് കാണാന്‍ പറ്റും? ഒന്നും അറിയാതെ മൊത്തത്തില്‍ ടെന്‍ഷനാണ്. വീട്ടില്‍ തന്നെ വര്‍ക്ക്ഔട്ടും ഡാന്‍സ് പ്രാക്ടീസും ഒക്കെ ചെയ്ത് ഇപ്പോള്‍ കഴിഞ്ഞ് പോവുന്നു", പ്രേം ശങ്കര്‍ പറഞ്ഞു. മെയ് 13-ന് നടത്താനിരുന്ന പ്രേമിന്റെ വിവാഹവും കൊറോണ മൂലം നീട്ടി വച്ചു. സിനിമ ഇറങ്ങാന്‍ വൈകുന്നതിന്റെ ആങ്‌സൈറ്റി മറികടക്കാന്‍ സിനിമ കാഴ്ചയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഋഷി. "സിനിമ കാഴ്ച ഒരു ലേണിങ് എക്‌സ്പീരിയന്‍സ് ആണല്ലോ. അതുകൊണ്ട് ലോക്ക്ഡൗണ്‍ സമയം അതിന് ചെലവഴിക്കാം എന്ന് കരുതി. അത്രയും പഠിക്കാല്ലോ". സിനിമയിറങ്ങാന്‍ താമസിച്ചാലും അതിലെ പാട്ട് കേള്‍ക്കണം, വിഷ്വല്‍സ് കാണണം അങ്ങനെ നിരവധി ആഗ്രഹങ്ങളാണ് ഋഷിക്ക്. "ഒഡിഷന്‍ കഴിഞ്ഞ് ക്യാമ്പിലേക്ക് വിളിച്ചപ്പോള്‍ പോലും ഞങ്ങളോട് സിനിമയുടെ കഥ പറഞ്ഞിരുന്നില്ല. മൂന്ന് മാസം ക്യാമ്പില്‍ പ്രാക്ടീസ് ചെയ്യുമ്പോഴും ഡാന്‍സ് ബേസ്ഡ് ആയ ഒരു കഥ എന്നതിലുപരിയായി അതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അപ്പോ ഉണ്ടായ ക്യൂരിയോസിറ്റി ഇപ്പോഴും തീര്‍ന്നിട്ടില്ല. 80 ദിവസത്തെ ഷൂട്ടിങ്ങിലൂടെയാണ് കഥ മനസ്സിലാക്കിയത്. പക്ഷെ പിന്നെ അതൊന്ന് വലിയ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹമായി. ഡബ്ബിങ് സമയത്ത് കുറച്ച് കണ്ടു. അപ്പോ എക്‌സൈറ്റ്‌മെന്റ് കൂടി. അത് തിയേറ്ററിലെ വലിയ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹമായി. കാണുമ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം എന്തായിരിക്കും, പ്രേക്ഷകര്‍ സ്വീകരിക്കുമോ ഇല്ലയോ എന്നറിയാനൊക്കെ ക്യൂരിയോസിറ്റി ആയി. അതിപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നു. ട്രെയിലര്‍ കാണണം, പാട്ട് കേള്‍ക്കണം... കാത്തിരുന്ന് കാത്തിരുന്ന് ത്രില്ല് കൂടുകയാണോ ലൂസ് ആവുകയാണോ എന്നറിയില്ല".

"നാട്ടിലുള്ളവരൊക്കെ വെറുതെ ചൊറിയാന്‍ വേണ്ടിയാണെങ്കിലും ചോദിക്കും. സിനിമ ഇറങ്ങുന്നില്ലേയെന്ന്. കൊറോണയല്ലേ എന്നൊക്കെ പറഞ്ഞ് രക്ഷപെടും. പടം ഒന്ന് ഇറങ്ങിക്കിട്ടിയാല്‍ രക്ഷപെട്ടു. എന്നിട്ട് വേണം ചോദിക്കുന്നവരെയൊക്കെ ഒന്ന് കാണിക്കാന്‍. ട്രെയിലറെങ്കിലും ഒന്ന് കാണണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്", സുജിത് പറയുന്നു. സിദ്ധാര്‍ഥിനിത് രണ്ടാം ഊഴമാണ്. കുമാരനാശാന്റെ ബയോപികില്‍ ആശാന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് സിദ്ധാര്‍ഥാണ്. എന്നാല്‍ അത് ഇതേവരെ പുറത്തിറിങ്ങിയിട്ടില്ല. ആദ്യ കൊമേഴ്‌സ്യല്‍ സിനിമ എന്ന നിലയ്ക്ക് 'മൂണ്‍വാക്ക്' ആയിരുന്നു പിന്നീട് പ്രതീക്ഷ. "ഞങ്ങള്‍ ചെന്നൈയിലാണ് കുടുംബമായി താമസം. സിനിമ റിലീസിങ് ദിവസം തന്നെ കുടുംബത്തോടൊപ്പം നാട്ടില്‍ വന്ന് പ്രീമിയര്‍ ഷോ കാണാമെന്നൊക്കെ പറഞ്ഞ് ഇരിക്കുകയായിരുന്നു. സിനിമയുടെ ഔട്ട്, ആളുകളുടെ റെസ്പോണ്‍സ് ഒക്കെ അറിയാന്‍ അതിയായ ആഗ്രഹമുണ്ട്. പക്ഷെ കൊറോണ ആയതുകൊണ്ടല്ലേ, അത് കഴിയുമ്പോള്‍ എല്ലാം നന്നായി നടക്കും എന്ന് വീട്ടിലെ അച്ഛമ്മ ഉള്‍പ്പെടെയുള്ളവര്‍ ആശ്വസിപ്പിക്കും". സീരിയലില്‍ വേഷങ്ങള്‍ ചെയ്യുന്ന അപ്പു ആശാരിയും സിനിമക്കായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്. "ഇത്രയും നല്ല വേഷം ചെയ്യാന്‍ പറ്റും എന്ന പ്രതീക്ഷയില്ലായിരുന്നു. വലിയ റോള്‍ ആണ് ചെയ്തത്. അതെങ്ങനെ ചെയ്തു എന്നത് കറക്ട് ആയി കാണണമെങ്കില്‍ തിയേറ്ററിലെത്തണം. അതിങ്ങനെ വൈകുന്നതില്‍ മാനസികമായി വലിയ വിഷമമുണ്ട്."

ഇങ്ങനെ പോവുന്നു കൊവിഡില്‍ തട്ടി നില്‍ക്കുന്ന, പലരുടേയും ആദ്യ സിനിമയായ 'മൂണ്‍വാക്ക്' ടീമിന്റെ വിശേഷങ്ങള്‍.


Next Story

Related Stories