TopTop
Begin typing your search above and press return to search.

ഓസ്കാര്‍ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ മലയാളി എബി രാജാണ്, 45ല്‍ അധികം മലയാള സിനിമകള്‍ ചെയ്ത സൂപ്പര്‍ സംവിധായകന്റെ കഥ

ഓസ്കാര്‍ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ മലയാളി എബി രാജാണ്, 45ല്‍ അധികം മലയാള സിനിമകള്‍ ചെയ്ത സൂപ്പര്‍ സംവിധായകന്റെ കഥ


ചില ചരിത്രങ്ങള്‍ മുത്തുകളാണ്. വായിച്ചു കഴിഞ്ഞു കുറച്ചധികം സമയം അത് നമ്മുടെ മനസില്‍ കിലുങ്ങിക്കൊണ്ടിരിക്കും. അങ്ങനെയൊന്നാണ് കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ മലയാള സംവിധായകന്‍ എ ബി രാജിനെ കുറിച്ചുള്ള വാര്‍ത്ത.

1960കളിലും 70കളിലും ശക്തമായ രണ്ട് സ്റ്റുഡിയോ സംവിധാനത്തിന് ചുറ്റും മലയാള സിനിമ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഉദയായും മെരിലാന്‍ഡും. ഒരു വശത്ത് കുഞ്ചാക്കോ ഉദയായുടെ ബാനറില്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് പി സുബ്രമണ്യവും രണ്ട് കുപ്പായവുമണിഞ്ഞു ഉണ്ടായിരുന്നു. കലാപരതയ്ക്ക് ഊന്നല്‍ കൊടുത്ത് കെ എസ് സേതുമാധവനും, പി ഭാസ്ക്കരനും, എ വിന്‍സന്‍റും രാമു കാര്യാട്ടുമൊക്കെ നിരന്തരം സിനിമകള്‍ എടുത്തു. അതേസമയം അന്നത്തെ മെയിന്‍സ്ട്രീം എന്നു പറയുന്നത് കൃഷ്ണന്‍നായരും ശങ്കരന്‍നായരും ശശികുമാറും ഒക്കെയായിരുന്നു. തട്ടുപൊളിപ്പന്‍ കുടുംബ കണ്ണീര്‍ പടങ്ങള്‍ നിരവധി ഈ സംവിധായകര്‍ ചെയ്തു. ആ കളത്തിലേക്കാണ് ആന്‍റണി ഭാസ്കര്‍ രാജ് എന്ന എബി രാജ് ചുവടുവെച്ചത്.

വേരുകള്‍ കൊണ്ട് മലയാളി ആണെങ്കിലും വളര്‍ന്നതും പഠിച്ചതും തമിഴ്നാട്ടിലാണ്. എന്നാല്‍ സിനിമകള്‍ അധികവും ചെയ്തത് മലയാളത്തിലും. കളിയല്ല കല്യാണമാണ് എബി രാജ് ചെയ്ത ആദ്യ മലയാള സിനിമ. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു,കഴുകൻ, ഇരുമ്പഴികൾ, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഹണിമൂൺ,ഹസ്യരാത്രി, ഉല്ലാസയാത്ര, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. മലയാളത്തില്‍ മാത്രം 45 ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.

നിര്‍മ്മാതാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് എബി രാജ് എന്നു കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാര്‍ തമ്പി ഓര്‍ക്കുന്നു. അത്രയ്ക്ക് ഗ്യാരണ്ടി ആയിരുന്നു രാജിന്റെ സിനിമയ്ക്ക്. "തിരക്കഥ വായിച്ച ഉടനെ അദ്ദേഹം നിര്‍മ്മാതാവിനോട് ബജറ്റ് പറയും. പറഞ്ഞ പൈസയില്‍ ഒരു അധിക ചിലവ് പോലും അദ്ദേഹം ഉണ്ടാക്കില്ല" ശ്രീകുമാരന്‍ തമ്പി ദി ഹിന്ദുവിനോട് പറഞ്ഞു. എബി രാജിന്റെ വേഗതയാണ് മറ്റൊരു പ്രത്യേകതയായി ശ്രീകുമാരന്‍ തമ്പി എടുത്തുകാണിക്കുന്നത്. അത് ടി ആര്‍ സുന്ദരത്തിന്റെ കീഴില്‍ സേലത്തെ മോഡേണ്‍ സ്റ്റുഡിയോയില്‍ സര്‍വ്വ ജോലിയും ചെയ്തതിന്റെ ഗുണവുമാണ്. ഈ കാര്യങ്ങള്‍ ഒക്കെ കൊണ്ടുതന്നെ ഒരു പടം പൊട്ടിയിരിക്കുന്ന നിര്‍മ്മാതാക്കള്‍ അടുത്ത പടം ചെയ്യാന്‍ ആലോചിക്കുമ്പോള്‍ ചെന്നൈയിലെത്തിയാല്‍ ആദ്യം കാണാന്‍ ശ്രമിക്കുന്നത് എബി രാജിനെ ആയിരിയ്ക്കും.

എ ബി രാജിന്റെ കരിയറിലെ മറ്റൊരു ഏട് എന്നു പറയുന്നത് ശ്രീലങ്കന്‍ സിനിമയിലെ സാന്നിധ്യമാണ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് നിരവധി സിംഹളീസ് സിനിമ എബി രാജ് സംവിധാനം ചെയ്തു. Early Sri Lankan cinema and its association with the South Indian film industry എന്ന പുസ്തകത്തില്‍ ഒരു അധ്യായം തന്നെ എബി രാജിനെ കുറിച്ചാണ്. തന്റെ സിലോണ്‍ ദിനങ്ങള്‍ ഓര്‍ക്കുകയാണ് ആ അദ്ധ്യായത്തില്‍ എബി രാജ്. നെറ്റ്വര്‍ക്ക് ഓഫ് പ്രമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമയാണ് പുസ്തകം തയ്യാറാക്കിയത്. സിംഹളയിലെ ആദ്യ സിനിമ വഹാബ് കാശ്മീരിയുടെ കൂടെ ചെയ്ത 'ബന്ധ നഗരയത പെമിനീമ' ആണ്. അതിനു ശേഷം 1953ല്‍ പ്രേമ തരഗയ എന്ന സിനിമ ചെയ്തു. അവിടന്നങ്ങോട്ട് പത്തോളം സിനിമകള്‍ എബി രാജിന്‍റേതായി സിംഹളയില്‍ ഇറങ്ങി.

എബി രാജിനെ ലോക സിനിമയുടെ ഭാഗമാക്കുന്ന കാര്യവും സിലോണ്‍ ജീവിതത്തിനിടയില്‍ നടന്നു. പ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ ഡേവിഡ് ലീനിന്റെ ദി ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായി എന്ന സിനിമയില്‍ ഒരു യൂണിറ്റിന്റെ സഹ സംവിധായകനായിരുന്നു എ ബി രാജ്. ശ്രീലങ്കയില്‍ നടന്ന ചിത്രീകരണത്തിലാണ് രാജ് പങ്കാളിയായത്. 1957 ല്‍ ഇറങ്ങിയ ബ്രിട്ടീഷ് വാര്‍ ഫിലിമായ ദി ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായി മികച്ച ചിത്രത്തിനടക്കം 8 ഓസ്കാര്‍ അവര്‍ഡാണ് നേടിയത്. അങ്ങനെ നോക്കുമ്പോള്‍ ഓസ്കാര്‍ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ നേടിയ മലയാളി എ ബി രാജാണ് എന്നു പറയേണ്ടി വരും. (1996ല്‍ തലശ്ശേരി ബ്രെണ്ണന്‍ കോളേജ് മാഗസിന് വേണ്ടി ഷാജി എന്‍ കരുണിനെ ഇന്‍റര്‍വ്യൂ ചെയതപ്പോള്‍ ഈ സിനിമയിലെ ക്യാമറ വര്‍ക്കിനെ കുറിച്ച് പറഞ്ഞത് ഇപ്പൊഴും ഓര്‍ക്കുന്നു.)


മലയാള സിനിമ ചെന്നൈ വിട്ട് കേരളത്തിലേക്ക് നീങ്ങിയപ്പോള്‍ എ ബി രാജ് സിനിമയില്‍ നിന്നും പിന്‍വാങ്ങി 1951 മുതല്‍ 1986 വരെയുള്ള 35 വര്‍ഷത്തെ സിനിമാ ജീവിതമാണ് അന്ന് അവസാനിച്ചത്. മകള്‍ ശരണ്യ മികച്ച നടിക്കുള്ള ദേശീയ അവാര്ഡ് അടക്കം നേടിയ ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്.

'ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു' എന്ന സിനിമയിലെ ഒരു ഗാനം കേള്‍ക്കാം
സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories