TopTop
Begin typing your search above and press return to search.

ആദ്യ സിനിമ ഒടിഞ്ഞ കാലുമായി, രണ്ടാമത്തെ സിനിമയ്ക്ക് മുന്നേ മരണത്തിലേക്കും

ആദ്യ സിനിമ ഒടിഞ്ഞ കാലുമായി, രണ്ടാമത്തെ സിനിമയ്ക്ക് മുന്നേ മരണത്തിലേക്കും

യുവ നടന്‍ ബേസില്‍ ജോര്‍ജിന്റെ അപ്രതീക്ഷ മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. ഞായറാഴ്ച്ച മൂവാറ്റുപുഴയ്ക്ക് സമീപം നടന്ന കാറപകടത്തിലായിരുന്നു ബേസിലും സുഹൃത്തുകളും മരിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ഈ യുവനായകനെ തേടി വന്നപ്പോഴായിരുന്നു 21 ആമത്തെ വയസില്‍ ബേസില്‍ ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്.

ഫാറൂഖ് അഹമ്മദാലി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും ആയിരുന്നു ബേസില്‍ നായകനായ ആദ്യം ചിത്രം. തൃപ്പന്നൂരിലെ കള്ളന്മാര്‍ എന്ന പേരില്‍ ഫാറൂഖ് ചെയ്യുന്ന അടുത്ത സിനിമയിലും ബേസിലിന് പ്രധാന വേഷമായിരുന്നു. ഈ സിനിമയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അണിയറക്കാര്‍. എന്നാല്‍ ആ വേഷം പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെയാണ് ബേസില്‍ പോയത്.

2019 ഓഗസ്റ്റില്‍ റിലീസ് ചെയ്ത പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയുടെ പൂജ സമയത്തും ബേസില്‍ ഒരു അപകടത്തില്‍പ്പെട്ടിരുന്നുവെന്ന് ഫാറൂഖ് അഹമ്മദാലി മനോരമ ഓണ്‍ലൈനോട് പറയുന്നുണ്ട്. ആ അപകടത്തില്‍ ബേസിലിന്റെ കാലൊടിഞ്ഞിരുന്നു. സീറ്റില്‍ ഇടേണ്ടിയും വന്നു. ഒടിഞ്ഞ കാലുമായാണ് ബേസില്‍ തന്റെ ആദ്യ സിനിമ ചെയ്തതെന്നാണ് സംവിധായകന്‍ പറയുന്നത്.

ബേസിലിന്റെ പിതാവും ഫാറുഖ് അലിയും സുഹൃത്തുക്കളാണ്. ആ ബന്ധമാണ് പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ഒഡീഷനിലേക്ക് ബേസിലിനെ എത്തിക്കുന്നത്. സിനിമയിലെ നായകനുവേണ്ട ലുക്ക് ബേസിലിന് ഉണ്ടായിരുന്നു. അങ്ങനെ പൂവള്ളിയും കുഞ്ഞാടും തുടങ്ങിയെന്നാണ് ഫാറൂഖ് അഹമ്മദാലി മനോരമ ഓണ്‍ലൈനോട് പറയുന്നത്.

ഞായറാഴ്ച്ച രാത്രി ഒമ്പത് മണിയോടെ മൂവാറ്റുപുഴ മേക്കടമ്പില്‍ വച്ചായിരുന്നു അപകടം. ബേസിലിനൊപ്പം കാറില്‍ ഉണ്ടായിരുന്ന അശ്വിന്‍, നിതിന്‍ എന്നിവരും അപകടത്തില്‍ മരിച്ചു. ഇതേ കാറിലുണ്ടായിരുന്ന ലതീഷ്, സാഗര്‍ എന്നിവര്‍ പരിക്കേറ്റ് ചികത്സയിലാണ്. കോലഞ്ചേരിയില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചശേഷം സമീപത്തുള്ള ഒരു വീടിനോട് ചേര്‍ന്നുള്ള കടയിലേക്കും ഇതിനു സമീപത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമായിരുന്നു ഇത്. അപകടത്തില്‍ അതിഥി തൊഴിലാളികളായ റമോണ്‍ ഖേഷ്, അമര്‍, ജയദീപ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജ്-സിജി ദമ്പതികളുടെ മകനാണ് ബേസില്‍ ജോര്‍ജ്.


Next Story

Related Stories