സൂപ്പര്‍ താരം വിജയിന്റെ പുതിയ ചിത്രം മാസ്റ്റര്‍ സിനിമയുടെ ക്ലൈമാക്സ് ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
പൊങ്കല്‍ റിലീസായി നാളെ ചിത്രം തിയേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് സിനിമയുടെ ക്ലൈമാക്സ് ചോര്‍ന്നത്. വിതരണക്കാര്‍ക്കായി നടത്തിയ ഷോയ്ക്കിടെയാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചോര്‍ന്നതെന്നാണ് സംശയം. ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ എസ് പി ഫിലിം ക്രിയേറ്റീവാണ് പൊലീസില്‍ പരാതി നല്‍കിയത്. പോലിസ് അന്വേഷണത്തില്‍ ഒരു സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയിലെ ജോലിക്കാരനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ പോലീസ് കണ്ടെത്തിയെന്ന് തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ക്കും കമ്പനിക്കുമെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു. ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്.
സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സംഭവത്തില്‍ ഇടപെട്ട കോടതി 400 വ്യാജ സൈറ്റുകള്‍ നിരോധിച്ചു. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കള്‍ക്ക് നിര്‍ദേശവും നല്കി. ടെലകോം സേവന ദാതാക്കളായ എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.