TopTop
Begin typing your search above and press return to search.

മിന്നല്‍ മുരളിയുടെ കലാസംവിധായകന്‍ മനു ജഗത്/ അഭിമുഖം: ഇനിയങ്ങനെയൊരു സെറ്റ് ഇടുമോയെന്നറിയില്ല, എന്ത് ധൈര്യത്തില്‍ ചെയ്യും, ആര് ഗ്യാരണ്ടി തരും?

മിന്നല്‍ മുരളിയുടെ കലാസംവിധായകന്‍ മനു ജഗത്/ അഭിമുഖം: ഇനിയങ്ങനെയൊരു സെറ്റ് ഇടുമോയെന്നറിയില്ല, എന്ത് ധൈര്യത്തില്‍ ചെയ്യും, ആര് ഗ്യാരണ്ടി തരും?

കുറച്ചാളുകള്‍ വര്‍ഗീയത പറഞ്ഞ് തല്ലിതകര്‍ത്തു കളഞ്ഞത് കുറെ മനുഷ്യരുടെ അദ്ധ്വാനവും സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു; മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ മനു ജഗത് എല്ലാ നിരാശയോടും കൂടിയാണ് പറഞ്ഞത്; അരക്കോടിയിലേറെ രൂപ മുടക്കി, നൂറിലേറെപ്പേര്‍ ഇരുപത് ദിവസത്തോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ സെറ്റാണ് മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദുത്വ വര്‍ഗീയവാദികള്‍ തകര്‍ത്തത്. ഇങ്ങനെ ചെയ്തതുകൊണ്ട് എന്ത് നേട്ടമാണ് അവരുണ്ടാക്കിയെന്നാണ് മനു ചോദിക്കുന്നത്. കേരളത്തില്‍ ഷൂട്ടിംഗ് നടത്താന്‍ തന്നെ പേടിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ഈ നാട്ടില്‍ എന്തു വിശ്വസിച്ചാണ് പണം മുടക്കുന്നവര്‍ നില്‍ക്കേണ്ടതെന്നും അഴിമുഖത്തോട് സംസാരിക്കുമ്പോള്‍ മനു ജഗത് ചോദിക്കുന്നു.

?-കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ് നടന്നിരിക്കുന്നത്. വലിയൊരു അതിക്രമാണ് ഒരു സംഘം വര്‍ഗീയത പറഞ്ഞ് ചെയ്തിരിക്കുന്നത്. എന്താണ് ഇതിനെക്കുറിച്ച് പറയാന്‍ തോന്നുന്നത്?

എന്താണ് പറയേണ്ടതെന്നറിയില്ല. ഒന്നും പറയാനാകുന്നില്ലെന്നതാണ് വാസ്തവം. വര്‍ഗീയതയോ രാഷ്ട്രീയമോ പറയാതെ സിനിമ കൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളടെ വിഷമം ആര്‍ക്കെങ്കിലും മനസിലാകുമോയെന്നും അറിയില്ല.

നഷ്ടം അളക്കേണ്ടത് ഈയൊരു സെറ്റ് വച്ച് മാത്രമല്ല. ഈ സിനിമയുടെ പ്രാരംഭഘട്ടം മുതലുള്ള ഞങ്ങളുടെ കഷ്ടപ്പാടുകളെയാണ് ഒരു നിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞത്. എത്ര പേര്‍, എത്ര ദിവസങ്ങള്‍...

ഞാനുമൊരു ഹിന്ദുവാണ്, ഈശ്വരവിശ്വാസവുമുണ്ട്. സെറ്റ് വര്‍ക്ക് തുടങ്ങുന്നതിനു മുന്നേ ഞങ്ങള്‍ ആ അമ്പലത്തില്‍ പോയി പൂജയും മറ്റ് കാര്യങ്ങളും നടത്തിയിരുന്നു. ആരുടെയും മതവികാരം വൃണപ്പെടുത്താനോ ആചാരങ്ങളെ കളിയാക്കാനോ കലാകാരന്മാര്‍ ശ്രമിക്കാറില്ല. എല്ലാം ശരിയായി വരാനാണ് ഏത് ദൈവങ്ങളോടാണെങ്കിലും പ്രാര്‍ത്ഥിക്കുന്നത്. കുറെപ്പേരുടെ അദ്ധ്വാനം, സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍; ഇതെല്ലാം കുറച്ച് മണിക്കൂറുകള്‍ കൊണ്ട് തല്ലിത്തകര്‍ത്തവര്‍ക്ക് എന്തു നേട്ടമാണ് അതിലൂടെ കിട്ടിയത്? ദൈവങ്ങളെപ്പോലും സംരക്ഷിക്കേണ്ട അവസ്ഥയില്‍ നില്‍ക്കുകയാണ് നാട്. അപ്പോഴാണ് കുറേപ്പേര്‍ ദൈവത്തിനു വേണ്ടിയെന്നു പറഞ്ഞ് മനുഷ്യരെ ദ്രോഹിക്കാന്‍ ഇറങ്ങിയത്. ഇവരെന്ത് മതമാണ് പറയുന്നത്, ഏതു ദൈവത്തിനുവേണ്ടിയാണ് ഇതൊക്കെ ചെയ്തത്?

പൊരിവെയിലില്‍ പത്തുനൂറ് ആളുകള്‍ ഇരുപത് ദിവസത്തോളം കഷ്ടപ്പെട്ട് എഴുപതടി ഉയരത്തില്‍ ഒരു ക്രെയിനിന്റെ സഹായം പോലുമില്ലാതെ ഉണ്ടാക്കിയതാണത്. ചെന്നൈയില്‍ നിന്നുവരെ ആളുകളെ കൊണ്ടുവന്നാണ് പണി നടത്തിയത്. ഒരു ദിവസം ഞങ്ങളുടെ കൂടെ വന്ന് നിന്നിരന്നുവെങ്കില്‍ അവര്‍ക്കിത് പൊളിക്കാന്‍ കൈപൊങ്ങില്ലായിരുന്നു.

? അമ്പലം മറച്ചുകൊണ്ട് പള്ളി, അതാണവരുടെ മതവികാരം വൃണപ്പെടുത്തിയതെന്നാണ് പറയുന്നത്?

സിനിമയ്ക്ക് ആവശ്യം പള്ളിയായിരുന്നു, അതുകൊണ്ട് പള്ളിയുടെ സെറ്റിട്ടു. അമ്പലമായിരുന്നുവെങ്കില്‍ അമ്പലത്തിന്റെ സെറ്റ് ഇടുമായിരുന്നു. അല്ലാതെ അവിടെ സ്ഥിരമായൊരു പള്ളി പണിതു വച്ചതൊന്നുമല്ല. അതു വെറുമൊരു സെറ്റാണ്. പൊളിച്ചവര്‍ക്കത് മനസിലായിക്കാണുമല്ലോ.

? മണപ്പുറത്ത് സെറ്റ് ഇടുന്നത് മുന്‍കൂട്ടിയെടുത്ത തീരുമാനമായിരുന്നോ, അതോ മറ്റ് സ്ഥലങ്ങള്‍ യോജിക്കാത്തതുകൊണ്ട് ഇവിടം തീരുമാനിച്ചതാണോ?

സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിനുവേണ്ടിയുള്ള സെറ്റാണ്. ആലപ്പുഴയില്‍ സെറ്റല്ലാതെ തന്നെ ഒരു പള്ളി നമുക്ക് കിട്ടിയതാണ്. ഷൂട്ടിംഗിന് പെര്‍മിഷനും കിട്ടി. പക്ഷേ, അങ്ങോട്ടുള്ള പോക്കുവരവ് ബുദ്ധിമുട്ടായിരുന്നു. ബോട്ടിലൊക്കെ കയറി പോകണം. പള്ളിപ്പെരുന്നാള്‍ ഷൂട്ട് ചെയ്യേണ്ടതുണ്ട്. പത്തുമൂവായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാകും. അത്രയും പേരെയും കൊണ്ടുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വലിയ ബുദ്ധിമുട്ടായിരിക്കുമെന്നതുകൊണ്ട് ആ പള്ളി നമുക്ക് വിടേണ്ടി വന്നു. കേരളത്തിന്റെ അങ്ങോളമിങ്ങോളം അലഞ്ഞിട്ടാണ് ഒടുവില്‍ ഇവിടെ ലൊക്കേഷന്‍ കണ്ടെത്തിയത്. അതാണിങ്ങനെയായത്. ഞങ്ങളിവിടെ പത്തിരുപത് ദിവസത്തോളം ജോലിയെടുത്തതല്ലേ. അന്നൊന്നും ആരുമൊരു പ്രശ്‌നവുമായി വന്നില്ലല്ലോ. എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ പോലീസില്‍ പരാതി പറയായിരുന്നു. നിയമപരമായി എന്തൊക്കെ വഴി നോക്കാമായിരുന്നു. അതൊന്നും ചെയ്യാതെ നിയമം കൈയിലെടുക്കാന്‍ അവരാരാണ്. എന്താണ് അവര്‍ക്കിതില്‍ നിന്നും കിട്ടിയ നേട്ടം?

? രണ്ടാമതും സെറ്റ് ഇടേണ്ടി വരുമല്ലോ, അതും മണപ്പുറത്ത് തന്നെയായിരിക്കുമോ?

രണ്ടാമത് ചെയ്യണം. പക്ഷേ,അതെങ്ങനെയെന്ന് എനിക്കറിയില്ല. ഇനി ഇതുപോലൊരു സെറ്റ് ഇടുമോയെന്നും അറിയില്ല. എന്തായാലും അതേ സ്ഥലത്ത് ഇടില്ല. എന്ത് വിശ്വസിച്ച് ഇടും? അതിനു ശ്രമിക്കുമെന്നു ഞാന്‍ കരുതുന്നില്ല. ലോക്ഡൗണ്‍ മൂലം തീയേറ്ററുകള്‍ എന്നു തുറക്കുമെന്ന് അറിയില്ല. സിനിമ വ്യവസായത്തിന്റെ ഭാവിയെന്തെന്നറിയില്ല. ഭയവും ആശങ്കയുമാണ് എല്ലാവര്‍ക്കും. അതിനിടയില്‍ ഇങ്ങനെയൊരു ദുരന്തം കൂടി ഒരു നിര്‍മാതാവിന് നേരിടേണ്ടി വരുമ്പോള്‍, ഇനി ഈ സിനിമ തന്നെ വേണോയെന്നു തന്നെ അവര്‍ ചിന്തിച്ചാലും തെറ്റ് പറയാന്‍ കഴിയില്ല.

ഒരു സിനിമ നിര്‍മിക്കാന്‍ ഇറങ്ങുമ്പോള്‍ അത് വിജയിക്കണമെന്നും ലാഭം കിട്ടണമെന്നുമൊക്കെയാണ് ഓരോ നിര്‍മാതാവും ആഗ്രഹിക്കുന്നത്. പക്ഷേ, സിനിമയെന്നത് ജയപരാജയം പ്രവചിക്കാനാവാത്ത ഒരു ഭാഗ്യപരീക്ഷണമാണ്. പക്ഷേ, ഒരു സിനിമയെടുക്കാന്‍, അതിനുവേണ്ടി പണം മുടക്കാന്‍ ഒരാള്‍ തയ്യാറാകുമ്പോള്‍ അയാള്‍ കാരണം നൂറുകണക്കിനു പേര്‍ക്ക് തൊഴില്‍ കിട്ടുകയാണ്, അത്രയും കുടുംബങ്ങള്‍ അതിന്റെ ഗുണം അനുഭവിക്കുകയാണ്. സോഫിയ പോള്‍ എന്ന നിര്‍മാതാവ് കാരണം എത്രയോ പേര്‍ക്കാണ് തൊഴില് കിട്ടിയത്. പക്ഷേ,തിരിച്ചവര്‍ക്ക് കിട്ടിയതോ? എന്തൊക്കെയാണ് അവരെക്കുറിച്ച് പറയുന്നത്, വര്‍ഗീയവാദി, പള്ളി പണിയാന്‍ ശ്രമിച്ചവള്‍, കുരിശ് നാട്ടാന്‍ വന്നവള്‍... എന്തൊക്കെ കേള്‍ക്കേണ്ടി വന്നു.

ഈ സിനിമയുടെ കാര്യം പോട്ടെ, ഈ വാര്‍ത്തയൊക്കെ കേള്‍ക്കുന്ന മറ്റൊരാള്‍ ഇനി കേരളത്തില്‍ തന്നെ സിനിമ ചിത്രീകരണം നടത്താന്‍ ഭയപ്പെടില്ലേ? ഒരു സിനിമ ചിത്രീകരണം എന്നാല്‍ കുറേപ്പേര്‍ക്ക് തൊഴില്‍ കൂടിയാണ്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഷൂട്ടിംഗ് കേരളത്തില്‍ നടന്നിരുന്നുവെങ്കില്‍ എത്രപേര്‍ക്ക് തൊഴില്‍ കിട്ടുമായിരുന്നു. എന്തുകൊണ്ട് ആ ഷൂട്ടിംഗ് ഇവിടെ നടന്നില്ല? അവര്‍ കേരളത്തിനു പുറത്തു പോയി പ്രശ്‌നങ്ങളൊന്നുമില്ലാതെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഇതുപോലൊരു സിനിമയ്ക്ക് ഇങ്ങനെയാണ് ഗതിയെങ്കില്‍ വന്‍ ബഡ്ജറ്റില്‍ ചെയ്യുന്നവര്‍ ഇവിടെ ഷൂട്ടിംഗ് നടത്താന്‍ തയ്യാറാകുമോ? എന്തു ഗ്യാരണ്ടി കൊടുക്കാന്‍ കഴിയും?

? ഇതുവരെയുള്ള കരിയറില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണോ?

എന്നെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഉണ്ടായത്. എത്രയോ ദിവസങ്ങളിരുന്ന് പല സ്‌കെച്ചുകളും വരച്ചുണ്ടാക്കി, അതില്‍ എല്ലാവരും അഭിപ്രായം പറഞ്ഞ് ഒടുവില്‍ ഒരെണ്ണം ഫൈനലൈസ് ചെയ്യുന്നു. സ്‌കെച്ച് വരച്ച് കൊടുത്തിട്ട്, ആര്‍ട്ട് ഡയറക്ടറാണെന്നും പറഞ്ഞ് കസേരയും വലിച്ചിട്ട് ഇരിക്കുന്നൊരാളല്ല ഞാന്‍. കൂടെ നിന്ന് പണിയെടുക്കുന്നവനാണ്. ഒരു സെറ്റ് ഉണ്ടാക്കുന്നതിന്റെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് എനിക്കറിയാം. ഇനിയിപ്പോള്‍ ഇതേ പോലെ തന്നെ ഈ സെറ്റ് ഉണ്ടാക്കാന്‍ കഴിയുമോയെന്ന് അറിയില്ല. സെറ്റ് വേണ്ടെന്നു പറഞ്ഞേക്കാം. കഥാഗതിയില്‍ മാറ്റം വരുത്തിയേക്കാം. അങ്ങനെയൊക്കെ ചിന്തിക്കേണ്ടി വരികയാണ്. ലക്ഷക്കണക്കിന് രൂപയാണ് നിര്‍മാതാവിന് നഷ്ടമായിരിക്കുന്നത്. ഇനിയും അത്രയും തന്നെ തുക അവര്‍ ചെലവാക്കുമോ?

എന്റെ കരിയറിനെ കുറിച്ച് ഒന്നും പറയുന്നില്ല. തല മൊട്ടിയടിച്ചപ്പോള്‍ കല്ലുമഴ എന്നൊക്കെ പറയില്ലേ. എന്തെങ്കിലും പ്രശ്‌നമുണ്ടോ, എങ്കിലത് മനുവിന്റെ സെറ്റ് ആണെന്നു പറഞ്ഞുകേള്‍ക്കും. ചെയ്യുന്ന തൊഴിലിനോട് നൂറുശതമാനവും ആത്മാര്‍ത്ഥ കാണിക്കുന്നവനാണ്. സിനിമ നന്നാവുക മാത്രമാണ് ഞാന്‍ എന്നും ആഗ്രഹിച്ചിട്ടുള്ളത്.


Next Story

Related Stories