TopTop
Begin typing your search above and press return to search.

'കടയില്‍ സാമാനം പൊതിയുന്ന ജോലി കിട്ടിയിരുന്നെങ്കില്‍ ഈ പെട്ടി വെട്ടിക്കീറി വിറകാക്കിയേനെ' ; ഒരുപാട് വൈതരണികള്‍ കടന്നാണ് അര്‍ജ്ജുനന്‍ മലയാളികളുടെ അര്‍ജ്ജുനന്‍ മാഷായത്-ഓര്‍മ്മ

കടയില്‍ സാമാനം പൊതിയുന്ന ജോലി കിട്ടിയിരുന്നെങ്കില്‍ ഈ പെട്ടി വെട്ടിക്കീറി വിറകാക്കിയേനെ ; ഒരുപാട് വൈതരണികള്‍ കടന്നാണ് അര്‍ജ്ജുനന്‍ മലയാളികളുടെ അര്‍ജ്ജുനന്‍ മാഷായത്-ഓര്‍മ്മ

'ഏതെങ്കിലും ഒരു പലചരക്ക് കടയില്‍ സാമാനം പൊതിഞ്ഞു കൊടുക്കുന്ന ജോലി കിട്ടിയിരുന്നെങ്കില്‍ ഞാനീ പെട്ടി വെട്ടിക്കീറി വിറകാക്കിയേനെ' -ഒരിക്കല്‍ ഒരു നാടകം കഴിഞ്ഞ് മ്യുസീഷ്യന്‍സിന്റെ പ്രതിഫലം കൊടുക്കാനാവാത്ത ധര്‍മ്മസങ്കടത്തില്‍ അര്‍ജ്ജുനന്‍ മാഷ് പറഞ്ഞതാണ്. ഭാര്യയുടെ ചെയിന്‍ വിറ്റാണ് അന്ന് ആ കടം വീട്ടിയത്.

കുരുക്ഷേത്രഭൂമിയിലെ അര്‍ജ്ജുനവിഷാദയോഗം തന്നെയായിരുന്നു ഇവിടെയും വിഷയം. ജീവിതം വേണോ താനേറ്റവുമധികം സ്‌നേഹിക്കുന്ന ഹാര്‍മോണിയം ഉപേക്ഷിക്കണോ? ഇതു പോലുള്ള ഒരു പാട് വൈതരണികള്‍ കടന്നാണ് അര്‍ജ്ജുനന്‍ മലയാളികള്‍ മുഴുവന്‍ സ്‌നേഹിക്കുന്ന അര്‍ജ്ജുനന്‍ മാഷായത്. അറുപതുകളിലാരംഭിച്ച ബന്ധമാണ് ഞങ്ങളുടേത്. എന്റെ ആദ്യത്തെ നാടകഗാനം. സുഹൃത്ത് സി.കെ.രവീന്ദ്രന്റെ ആറടിമണ്ണ് എന്ന നാടകത്തിന് വേണ്ടിയായിരുന്നു. കണ്ണമാലിയിലെ ഒരു വീട്ടിലിരുന്നായിരുന്നു കമ്പോസിംഗ്. പാട്ടെഴുതിയ കടലാസ് വായിച്ചു നോക്കിയിട്ട് സംഗീതസംവിധായകന്‍ തോളില്‍ തട്ടി അഭിനന്ദിച്ചു. 'കൊള്ളാമല്ലൊ'. മുക്കുവന്മാരുടെ ജീവിതമായിരുന്നു നാടകത്തിന്റെ പ്രമേയം. എന്റെ വരികളിങ്ങനെ: എത്തമില്ലാത്ത കയങ്ങളിലേ മുത്തുകള്‍ വാരാന്‍ പോണവരെ വഞ്ചിയിറക്കിലോ നമ്മട മഞ്ചലതാണല്ലൊ വലയെറിഞ്ഞല്ലൊ നമ്മട കല അതാണല്ലൊ. അന്ന് അര്‍ജ്ജുനനും പ്രാദേശിക നാടകങ്ങളില്‍ സംഗീത സംവിധാനം തുടങ്ങിയിട്ടേയുള്ളൂ. അന്നദ്ദേഹം ഫോര്‍ട്ടുകൊച്ചിയിലാണ് താമസിക്കുന്നത്. അന്നും സമൃദ്ധമായ താടിയുണ്ടായിരുന്നു താടിയില്ലാത്ത അര്‍ജ്ജുനനെ കണ്ട ഓര്‍മ്മയില്ല. മട്ടാഞ്ചേരിയിലും ഫോര്‍ട്ടുകൊച്ചിയിലും അമേച്വര്‍ നാടകങ്ങള്‍ ആഴ്ചതോറും അവതരിപ്പിക്കുന്ന കാലമായിരുന്നു അത്. സി.കെ.രവീന്ദ്രന്റ തന്നെ യന്ത്രങ്ങള്‍ എന്ന നാടകത്തിനു വേണ്ടിയും ഞങ്ങളൊന്നിച്ചു. മനോഹരമായ ഒരു പ്രണയഗാനത്തിന് അര്‍ജ്ജുനന്‍ ഈണമിട്ടു.: ആത്മാവിനാത്മാവി നുള്ളിലെനിക്കൊരു ആത്മീയ ചൈതന്യമാണ് നീ എന്മനോരാഗ വിപഞ്ചിക തന്നി ലൊരുന്മാദ സംഗീതമാണ് നീ അറുപതുകളില്‍ തന്നെയാണ് കറുത്ത പൗര്‍ണ്ണമി എന്ന സിനിമ രൂപ കൊള്ളുന്നത്.കൊച്ചിയിലെ ചങ്ങാതിമാര്‍ തന്നെയായിരുന്നു മുന്‍നിരയില്‍.സി.പി. ആന്റണിയുടെ കഥയും തിരക്കഥയും.സംവിധാനം നാരായണന്‍കുട്ടി വല്ലത്ത്.പി.സി.സേവ്യര്‍, സി.ആര്‍ സില്‍വിസ്റ്റര്‍ (ഏഷ്യാനെറ്റ് ഡയാനയുടെ അച്ഛന്‍) തുടങ്ങി കൊച്ചിയിലെ പല നാടക കലാകാരന്മാരും ആദ്യമായി ഒരു സിനിമയില്‍ ഭാഗഭാക്കാവുകയായിരുന്നു.പടം വിജയിച്ചില്ലെങ്കിലും പി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ എഴുതി അര്‍ജ്ജുനന്‍ മാഷ് സംഗീതം നല്‍കിയ പാട്ടുകളെല്ലാം തന്നെ ഹിറ്റായി.അവയില്‍ എനിക്കേറ്റവുമധികം ഇഷ്ടപ്പെട്ട ഗാനം: ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനമൊഴുകുമൊരു കഥ പറയാം അക്കാലത്ത് കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദീപ്തി സിനിമാ മാസികയില്‍ ഞാന്‍ ആ പുതിയ സംഗീത സംവിധായകനെ കുറിച്ച് ഒരു ചെറു ലേഖനമെഴുതി. എം.കെ.അര്‍ജ്ജുനനെ കുറിച്ച് ആദ്യമായി വന്ന ലേഖനം. സിനിമയില്‍ സജീവമാകുന്നതിന് മുന്‍പ് അര്‍ജ്ജുനന്‍ കൊച്ചിയില്‍ ധാരാളം നാടകങ്ങള്‍ക്ക് സംഗീതം നല്‍കി. നെല്‍സണ്‍ ഫെര്‍ണാണ്ടസ് ആയിരുന്നു പലപ്പോഴും ഗാനരചയിതാവ്. മുഹമ്മദ് മാനിയുടെ ആവനാഴി, ജലധാര തുടങ്ങിയ നാടകങ്ങള്‍ക്ക് അവര്‍ ഒരുക്കിയ ഗാനങ്ങളത്രയും ഹൃദയസ്പര്‍ശിയായിരുന്നു. പിന്നീ ട് അര്‍ജുനന്‍ പ്രൊഫഷണല്‍ നാടകങ്ങളിലും സിനിമയിലും സജീവമായി. ഞാന്‍ കോഴിക്കോട് സ്ഥിരതാമസമാക്കി. വല്ലപ്പോഴും കണ്ടാല്‍ ചോദിക്കും: എന്താ മോനേ സുഖമല്ലെ? അര്‍ജ്ജുനന്ന് എല്ലാവരും മക്കളാണ്. 2015ല്‍ കോഴിക്കോട് ദിശ എന്ന സാംസ്‌ക്കാരിക സമിതി രൂപീകരിച്ചപ്പോള്‍ ബാബുരാജിന്റെ പേരില്‍ ഒരു അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. ഞാന്‍ പ്രസിഡണ്ടും വി.ടി.മുരളി ജന.സെക്രട്ടറിയുമാണ്. ഞങ്ങള്‍ ആലോചിച്ചപ്പോള്‍ അതിന് ഏറ്റവുമര്‍ഹന്‍ എം.കെ.അര്‍ജ്ജുനന്‍ മാഷാണെന്ന് തീരുമാനിച്ചു. ടാഗോര്‍ ഹാളില്‍ സംവിധായകന്‍ കമല്‍ പങ്കെടുത്ത ആ പരിപടി വലിയ വിജയമായിരുന്നു. അവസാനം ഞങ്ങള്‍ ഒരുമിക്കുന്നത് കൊച്ചിയെ കുറിച്ച് ഒരു ഒപ്പ്പാട്ട് ഒരുക്കുന്നതിന്നായിരുന്നു ഫോര്‍ട്ടുകൊച്ചി ആന്റണി വിഷ്വലൈസ് ചെയ്ത ആ വീഡിയോയ്ക്ക് കാമറ ചലിപ്പിച്ചത് സുഹൃത്ത് എം.കെ.ഇഖ്ബാല്‍. പാടിയത് പ്രശസ്ത പിന്നണി ഗായകര്‍ പള്ളൂരത്തി പ്രമോദും കലാഭവന്‍ സാബുവും.

അതിന്റെ വരികള്‍: കടലലകള്‍ താളമിടും കൊച്ചി മഴമരങ്ങള്‍ കുട നിവര്‍ത്തും കൊച്ചി കാപ്പിരികള്‍ കാവല്‍ നില്‍ക്കും കൊച്ചി ചീനവലക്കൈകള്‍ കൂപ്പും കൊച്ചി കൊറോണക്കാലത്ത് അര്‍ജ്ജുനന്‍ മാഷ് അന്ത്യയാത്രയായപ്പോള്‍ അവസാനമായി ഒന്ന് കാണാനായില്ല. ഓര്‍മ്മകളുടെ കൊഴിഞ്ഞു വീണ ഇലകള്‍ മാത്രം മനസ്സില്‍, വിട


Next Story

Related Stories