TopTop
Begin typing your search above and press return to search.

ആര്‍ കെ ശേഖര്‍-എം കെ അര്‍ജുനന്‍; എ ആര്‍ റഹ്മാന്‍ എന്ന വിസ്മയം ലോകത്തിന് ലഭിക്കാന്‍ കാരണമായ സംഗീത സൗഹൃദം

ആര്‍ കെ ശേഖര്‍-എം കെ അര്‍ജുനന്‍; എ ആര്‍ റഹ്മാന്‍ എന്ന വിസ്മയം ലോകത്തിന് ലഭിക്കാന്‍ കാരണമായ സംഗീത സൗഹൃദം

എം കെ അര്‍ജുനനില്‍ നിന്നും അര്‍ജുനന്‍ മാസ്റ്ററിലേക്കുള്ള വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് ആര്‍ കെ ശേഖര്‍. സിനിമ ലോകത്ത് പല തിരിച്ചടികളും നേരിട്ടപ്പോള്‍ തനിക്ക്് സംരക്ഷണമേകിയ ശേഖറുമായി വല്ലാത്തൊരു ആത്മബന്ധമായിരുന്നു മാസ്റ്റര്‍ക്ക്. സ്വാര്‍ത്ഥതയക്ക് മാത്രം മുന്‍തൂക്കം കിട്ടിയിരുന്നൊരു ലോകത്ത് ആര്‍ കെ ശേഖര്‍-എം കെ അര്‍ജുനന്‍ സംഗീത സൗഹൃദത്തിന് പ്രത്യേകമായൊരു വിശുദ്ധിയുണ്ടായിരുന്നു.

ആദ്യ ചിത്രമായ പഴശിരാജയിലെ 'ചൊട്ടമുതല്‍ ചുടലവരെ' എന്ന പാട്ടും അവസാന ചിത്രമായ ചോറ്റാനിക്കര അമ്മയിലെ 'മനസ് മനസിന്റെ കാതില്‍ മന്ത്രിക്കും' എന്ന പാട്ടും മതി ശേഖറിനെ മലയാളിക്ക് ഓര്‍ക്കാന്‍. 23 സിനിമകള്‍ക്കെ മലയാളത്തില്‍ ശേഖര്‍ സംഗീതം നല്‍കിയിട്ടുള്ളൂ. അതിലറെ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയും മ്യൂസിക്ക് കണ്ടക്ടറും അറേയ്ഞ്ചറുമൊക്കെയായി നിറഞ്ഞു നിന്ന ശേഖര്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര സംഗീത ലോകത്തേക്ക് അര്‍ജുനന്‍ മാസ്റ്റര്‍ കടന്നു വന്ന നാള്‍ മുതല്‍ പ്രിയപ്പെട്ടവനായിരുന്നു. മദ്രാസില്‍ ശേഖറിന്റെ വീട്ടില്‍വച്ച് മാസ്റ്റര്‍ എത്രയോ പാട്ടുകള്‍ കംപോസ് ചെയ്തിരിക്കുന്നു. കാലുഷ്യങ്ങളില്ലാത്ത ആ സൗഹൃദം ലോകത്തിന് മറ്റൊരു തരത്തില്‍ കൂടി നേട്ടം നല്‍കിയിരുന്നു. ആ നേട്ടമാണ് സാക്ഷാല്‍ എ ആര്‍ റഹ്മാന്‍!

ശേഖറിന്റെ മകന്‍ മാസ്റ്റര്‍ക്കും സ്വന്തം മകനെപ്പോലെ പ്രിയപ്പെട്ടവനായിരുന്നു. കംപോസിംഗിന് മദ്രാസില്‍ എത്തുമ്പോഴൊക്കെ മാഷ് കാണുന്ന കുട്ടി. സംഗീതം അവന് ജീവിതം തന്നെയാണെന്നു മാസ്റ്റര്‍ അന്നേ മനസിലാക്കായിരുന്നു. തങ്ങള്‍ പാട്ട് ചിട്ടപ്പെടുത്തുമ്പോള്‍ അടുവന്നിരുന്ന് സശ്രദ്ധം വീക്ഷിക്കുന്ന ആ കുട്ടിക്ക് സംഗീതത്തിന്റെതല്ലാതെ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയില്ലെന്ന് മാസ്റ്റര്‍ തിരിച്ചറിഞ്ഞിരുന്നു. മാസ്റ്റര്‍ തന്നെ പലതവണ അതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍ വിട്ടു വന്നാല്‍ റഹ്മാന്‍(അന്ന് ദിലീപ്) പിന്നീട് സമയം ചെലവഴിക്കുന്നത് അച്ഛന്റെ കീബോര്‍ഡിലായിരിക്കും. സംഗീതം രക്തത്തിലലിഞ്ഞു കിട്ടിയൊരുത്തന് പ്രത്യേക ശിക്ഷണം വേണ്ടല്ലോ തന്റെ പ്രതിഭയുടെ മികവറിയിക്കാന്‍. മാസ്റ്റര്‍ അതു കണ്ടറിഞ്ഞയാളായിരുന്നു. റഹ്മാന്‍ എന്ന അത്ഭുതത്തെ ആദ്യം തിരിച്ചറിഞ്ഞൊരാള്‍ എന്നല്ല, ലോകത്തിന് സമ്മാനിച്ചയാള്‍ എന്നു തന്നെ മാസ്റ്ററെ വിശേഷിപ്പിച്ചാല്‍ ഒട്ടും അതിശയോക്തിയാകില്ല.

ആര്‍ കെ ശേഖര്‍ എന്ന പ്രതിഭാസം അകാലത്തില്‍ പൊലിഞ്ഞപ്പോള്‍ സംഗീത ലോകത്തിനുണ്ടായ നഷ്ടം വലുതായിരുന്നു. അതിലേറെയായിരുന്നു കസ്തൂരി എന്ന വീട്ടമയ്ക്കും അവരുടെ നാലു മക്കള്‍ക്കുമുണ്ടായത്. ജീവിതം തന്നെ മുന്നോട്ടു പോകാത്ത അവസ്ഥ. സംഗീതത്തിന് വിലയിടാന്‍ അറിയില്ലായിരുന്നു ശേഖറിന്. അതിന്റെ ആഘാതം ഏല്‍ക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ കുടുംബത്തിനായിരുന്നു. അമ്മയേയും മൂന്നു സഹോദരിമാരെയും സംരക്ഷിക്കേണ്ട ചുമതല ശേഖരിന്റെ മകന്; റഹ്മാന് നന്നേ ചെറുപ്പത്തില്‍ തന്നെ ഏല്‍ക്കേണ്ടി വന്നു.

ശേഖറുമായിട്ടുണ്ടായിരുന്നത് മാസ്റ്റര്‍ക്ക് വെറുമൊരു സൗഹൃദമായിരുന്നില്ല. അതുകൊണ്ട് തന്നെ ആ കുടുംബത്തെ കൈവിടാനും മാസ്റ്റര്‍ക്ക് ആകുമായിരുന്നില്ല. ആ കുടുംബം സഹായം തേടി ആകെ വിളിച്ചതും മാസ്റ്ററെ ആയിരുന്നു. റഹ്മാനെ എവിടെയെങ്കിലും പാടിക്കാന്‍ സഹായിക്കണമെന്ന് ശേഖറിന്റെ ഭാര്യ വിളിച്ചു പറയുമ്പോള്‍ മാസ്റ്റര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. എ ആര്‍ റഹ്മാന്‍ എന്ന സംഗീത മാന്ത്രികനെ ലോകത്തിന് കിട്ടുന്നതിന്റെ തുടക്കം ആ ഫോണ്‍ വിളി തന്നെയാണ്.

മാസ്റ്റര്‍ റഹ്മാനെ തന്റെയൊപ്പം വിളിച്ചു. 1981 ല്‍ ഇറങ്ങിയ അടിമച്ചങ്ങല എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് കീ ബോര്‍ഡ് വായിപ്പിച്ചു. പിയാനോ ശാസ്ത്രീയമായി പഠിക്കും മുന്നേ ആ കൈവിരലുകള്‍ കീബോര്‍ഡ് കട്ടകളില്‍ നിന്നുതിര്‍ത്തിരുന്ന സംഗീതശകലങ്ങള്‍ നേരിട്ടു കേട്ടിരുന്നൊരാളായിരുന്നല്ലോ മാസ്റ്റര്‍. പിന്നെയെന്തിന് സംശയിക്കണം. അടിമച്ചങ്ങലയ്ക്ക് ശേഷം മാഷിന്റെ മിക്ക സിനിമകള്‍ക്കും റഹ്മാന്‍ കീ ബോര്‍ഡ് വായിച്ചു. അവിടെ നിന്നാണ് പരസ്യ ജിംഗിള്‍സിലേക്ക് തിരിയുന്നത്. പിന്നിടാണ് മണിരത്‌നം കണ്ടെത്തുന്നത്. അവിടെ നിന്നങ്ങോട്ട് ഒസ്‌കര്‍ നേട്ടവും കടന്നു മുന്നേറുന്ന എ ആര്‍ റഹ്മാന്റെ സംഗീത ജീവിതം വിവരിക്കേണ്ടതില്ലല്ലോ!

അര്‍ജുനന്‍ മാസ്റ്റര്‍ റഹ്മാന്‍ അത്രമേല്‍ പ്രിയപ്പെട്ടൊരാളാണ്. പള്ളൂരുത്തിയിലെ വീട്ടിലെത്തി മാസ്റ്ററെ കണ്ടു മടങ്ങാറുണ്ടായിരുന്നു റഹ്മാന്‍. ഗുരുമാത്രമല്ല, പിതൃതുല്യനുമായിരുന്നു അദ്ദേഹത്തിന് മാസ്റ്റര്‍. അര്‍ജുനന്‍ മാസ്റ്റര്‍ ഒരിക്കലും അവകാശവാദങ്ങള്‍ക്കു പിന്നാലെ പോയിട്ടില്ല. എ ആര്‍ റഹ്മാന്റെ കാര്യത്തിലുമതേ. ഇന്നീ നിലയില്‍ അയാള്‍ എത്തിയത് സ്വപ്രയത്‌നം കൊണ്ടു മാത്രമാണെന്നാണ് മാസ്റ്റര്‍ റഹ്മാനെക്കുറിച്ച് പറയുന്നത്. ബഹുമാനത്തോടെ മാത്രമാണ് മാസ്റ്റര്‍ എന്നും ആ സംഗീതത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതും.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ അര്‍ജുനന്‍ മാസ്റ്ററുടെ വിയോഗം വാര്‍ത്തായാക്കിയിട്ടുണ്ട്. ഏ ആര്‍ റഹ്മാന്‍ എന്ന പേരിനൊപ്പം ചേര്‍ത്താണ് അവരെല്ലാം അര്‍ജുനന്‍ മാസ്റ്ററെ സ്മരിക്കുന്നത്. സംഗീതം അനശ്വരമാണ്; സംഗീതത്തിലൂടെയുണ്ടാകുന്ന ബന്ധങ്ങള്‍ക്കും മരണമില്ല.


Next Story

Related Stories