TopTop
Begin typing your search above and press return to search.

കൂടുതൽ ഓണ്‍ലൈൻ ഫെസ്റ്റിവലുകൾ നടക്കണം, പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം നല്കുകയും വേണം-അഭ്യര്‍ഥനയുമായി മൂവ്മെന്‍റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്‍റ് സിനിമ

കൂടുതൽ ഓണ്‍ലൈൻ ഫെസ്റ്റിവലുകൾ നടക്കണം, പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം നല്കുകയും വേണം-അഭ്യര്‍ഥനയുമായി മൂവ്മെന്‍റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്‍റ് സിനിമ

സിനിമ നിര്‍മ്മാണവും വിതരണവും ഇതുവരെ നേരിട്ടില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള കഠിന ശ്രമത്തിലാണ് മലയാളത്തിലെ സ്വതന്ത്ര സിനിമാ സംവിധായകര്‍. ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവലുകളിലൂടെ ചുരുക്കം പ്രദര്‍ശന വേദികള്‍ കിട്ടുന്നുണ്ടെങ്കിലും സാമ്പത്തികമായി യാതൊരു നേട്ടവും ഇതുകൊണ്ടില്ല എന്നാണ് സ്വതന്ത്ര സംവിധായകരുടെ കൂട്ടായ്മയായ മൂവ്മെന്‍റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്‍റ് സിനിമ പറയുന്നത്."ഫിലിം സൊസൈറ്റി ഫെഡറേഷന്റെ കേന്ദ്രഘടകം ഇന്ത്യൻ സ്വതന്ത്ര സിനിമകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നടത്തുന്ന ഓണ്‍ലൈൻ ഫിലിം ഫെസ്റ്റിവൽ ആറാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഏതാണ്ട് മുപ്പതിനായിരത്തിലധികം ആളുകൾ വിവിധ സെഷനുകളിലായി സിനിമകൾ കണ്ടുകഴിഞ്ഞു." സിനിമ കാണിക്കുക എന്നതിനൊപ്പം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെ സാമ്പത്തികമായി സഹായിക്കുക എന്നതുകൂടിയാവണം ഇത്തരം മേളകളുടെ ലക്ഷ്യമെന്ന് മൂവ്മെന്‍റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്‍റ് സിനിമ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം സിനിമ നിർമ്മാണത്തിലും വിതരണത്തിലും ഏറ്റവുംവലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു സമയത്താണ് നാം നിൽക്കുന്നത്. തിയേറ്ററുകൾ അടച്ചുപൂട്ടിയിട്ട് നാലു മാസം കഴിഞ്ഞു. ഇനി എന്ന് തുറക്കാൻ കഴിയുമെന്ന അനിശ്ചിതത്വം ബാക്കി നിൽക്കുന്നു. സിനിമാചിത്രീകരണം ഉപാധികളോടെ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതും ഒരു മഹാമാരിയുടെ ഭീഷണിയുടെ നടുവിലാണ് നടക്കുന്നത്‌.

മലയാളത്തിൽ ഉണ്ടായിട്ടുള്ള സ്വതന്ത്ര സിനിമകളിൽ ബഹുഭൂരിപക്ഷവും എല്ലാക്കാലത്തും തീയേറ്റർ സിസ്റ്റത്തിന് പുറത്താണ് പ്രേക്ഷകരെ അഭിമുഖീകരിച്ചിട്ടുള്ളത്. ഫിലിം സൊസൈറ്റികളും ചെറിയ ചെറിയ സിനിമാ കൂട്ടായ്മകളും കാമ്പസുകളും ഒക്കെയാണ് അതിന് വാതിൽ തുറന്നിട്ടിട്ടുള്ളത്. തിയേറ്ററിനൊപ്പം ഇത്തരം വേദികളും അടഞ്ഞുകിടക്കുന്നതോടെ കച്ചവട സിനിമകൾ നേരിടുന്നതിന് സമാനമായൊരു പ്രതിസന്ധി സ്വതന്ത്ര സിനിമകളും നേരിടുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈൻ ഫിലിം ഫെസ്റ്റിവലുകളുമാണ് അതിന് താൽക്കാലികമായെങ്കിലും പ്രതിവിധി.

ഫിലിം സൊസൈറ്റി ഫെഡറേഷന്റെ കേന്ദ്രഘടകം ഇന്ത്യൻ സ്വതന്ത്ര സിനിമകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നടത്തുന്ന ഓണ്‍ലൈൻ ഫിലിം ഫെസ്റ്റിവൽ ആറാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഏതാണ്ട് മുപ്പതിനായിരത്തിലധികം ആളുകൾ വിവിധ സെഷനുകളിലായി സിനിമകൾ കണ്ടുകഴിഞ്ഞു. അമുദൻ ആർ.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന ഡോക്യുമെന്ററി സിനിമകളുടെ മേളയായ മറുപക്കം ആണ് മറ്റൊരു സജീവമായ ഫെസ്റ്റിവൽ. കേരളത്തിലും ഫിലിം സൊസൈറ്റി ഫെഡറേഷന്റെ നേതൃത്വത്തിലും സിനിമാ കളക്ടീവിന്റെ നേതൃത്വത്തിലും ചലച്ചിത്ര മേളകളും ചലച്ചിത്രാസ്വാദന ക്യാമ്പുകളും സജീവമാകുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നു.

സിനിമ കാണിക്കുക എന്നതിനൊപ്പം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെ സാമ്പത്തികമായി സഹായിക്കുക എന്നതുകൂടിയാവണം ഇത്തരം മേളകളുടെ ലക്ഷ്യം. ഓണ്‍ലൈനായി സിനിമ കാണിക്കുക എന്നത് എളുപ്പവും കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കുക എന്നത് സുഗമവുമാണ്. സിനിമ ആളുകളിലേയ്ക്ക് എത്തിക്കാൻ ബുദ്ധിമുട്ടുന്ന സംവിധായകർ അത് സൗജന്യമായി തന്നെന്നുമിരിക്കും. പക്ഷേ, അവർക്ക് കഴിയുന്ന രീതിയിൽ പ്രതിഫലം നൽകുക എന്നത് സിനിമ കാണിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. ഡെലിഗേറ്റ് ഫീയായോ സംഭാവനയായോ പ്രേക്ഷകരും അവരുടെ ഉത്തരവാദിത്വം നിർവഹിക്കേണ്ടതുണ്ട്.

കൂടുതൽ ഓണ്‍ലൈൻ ഫെസ്റ്റിവലുകൾ ഉണ്ടാവുകയും ഫിലിം സൊസൈറ്റികളും മറ്റ് കൂട്ടായ്മകളും കാണികളും സിനിമകൾക്ക് കഴിയുന്ന വിധത്തിൽ കോൻട്രിബൂട്ട് ചെയ്യാൻ തയാറാവുകയും ചെയ്യുന്നിടത്തേ സ്വതന്ത്ര സിനിമാക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ. അതിന് എല്ലാവരും മുൻകൈ എടുക്കണമെന്നും മാതൃകാപരമായി ഇടപെടണമെന്നും അഭ്യർത്ഥിക്കുന്നു.


Next Story

Related Stories