TopTop
Begin typing your search above and press return to search.

ആ ചിത്രങ്ങളുടെ പിന്നിലെ സത്യമെന്ത്? ദുരൂഹത മാറാതെ അമല പോളിന്റെ 'വിവാഹം'

ആ ചിത്രങ്ങളുടെ പിന്നിലെ സത്യമെന്ത്? ദുരൂഹത മാറാതെ അമല പോളിന്റെ വിവാഹം

അമല പോളിന്റെ വിവാഹം കഴിഞ്ഞോ? പാപ്പരാസികള്‍ മാത്രമല്ല, മുഖ്യധാര മാധ്യമങ്ങളും ഉത്തരം കിട്ടാതെ കുഴയുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച പുറത്തു വന്ന 'വിവാഹ ചിത്രങ്ങള്‍' ഉയര്‍ത്തുന്ന 'ദുരൂഹത'യ്ക്ക് ഇനിയും ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നീന്ദര്‍ സിംഗ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസറ്റ് ചെയ്ത ചിത്രങ്ങളാണ് അമലയുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്തകള്‍ക്ക് ആധാരമായത്. ഉത്തരേന്ത്യന്‍ വിവാഹവേഷത്തിലുള്ള അമലയുടെയും ഭവ്‌നീന്ദറിന്റെയും ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. വൈകാതെ തന്നെ മാധ്യമങ്ങള്‍ അമലയുടെ വിവാഹ വാര്‍ത്ത നല്‍കുകയും ചെയ്തു. എല്ലാവരും തെളിവായി സ്വീകരിച്ചത് #throwback എന്ന ഹാഷ് ടാഗോടെ ഭവ്‌നീന്ദര്‍ സിംഗ് പോസ്റ്റ് ചെയ്ത ചിത്രങ്ങളും. ഭവ്‌നീന്ദറിനു പിന്നാലെ അയാളുടെ സുഹൃത്ത് ബ്രയാന്‍ സിദ്ദാര്‍ത്ഥ എന്നയാളും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇതേ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്റെ സുഹൃത്തക്കളായ അമലയുടെയും ഭുവിയുടെയും മനോഹരമായ ചില വിവാഹ ചിത്രങ്ങള്‍ എന്ന കുറിപ്പോടെയായിരുന്നു ബ്രയാന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതോടെ അമല പോള്‍ ആരുമറിയാതെ വിവാഹം കഴിച്ചെന്ന വാര്‍ത്തയ്ക്ക് കുറച്ചു കൂടി ആധികാരിത കൈവന്നു. ഈ വിവാഹത്തിനു അമല തന്നെ മുന്‍പ് വെളിപ്പെടുത്തിയ ഒരു പ്രണയബന്ധവും മാധ്യമങ്ങള്‍ അടിസ്ഥാനമാക്കിയിരുന്നു. ആടൈ എന്ന സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു, താന്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആണെന്നും അതാരുമായിട്ടാണെന്ന് പിന്നീട് വ്യക്തമാക്കാമെന്നും അമല തുറന്നു പറഞ്ഞത്. ഭവ്‌നീന്ദറുമായിട്ടായിരുന്നു അമലയ്ക്ക് ബന്ധം ഉണ്ടായിരുന്നതെന്നും അതുകൊണ്ട് ഈ വിവാഹ ചിത്രങ്ങള്‍ തങ്ങളുടെ വാര്‍ത്തകളെ ശരിവയ്ക്കുകയാണെന്നും മാധ്യമങ്ങള്‍ എഴുതി. പോരാത്തതിന്, അമല തമിഴില്‍ നിര്‍മിക്കുന്ന ഒരു ചിത്രത്തിന്റെ സഹ നിര്‍മാതാവ് ഭവ്‌നീന്ദര്‍ ആണെന്നും മാധ്യമങ്ങള്‍ കണ്ടെത്തി. എല്ലാത്തരത്തിലും ഈ വിവാഹം നടന്നിരിക്കുന്നു എന്നുറപ്പിച്ച സാഹചര്യത്തിലായിരുന്നു ഭവ്‌നീന്ദര്‍ ആ ചിത്രങ്ങളെല്ലാം തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും പിന്‍വലിക്കുന്നത്. കൂടാതെ തന്റെ പോസ്റ്റുകള്‍ പ്രൈവറ്റ് ഓണ്‍ലി ആക്കുകയും ചെയ്തു. പിന്നാലെ തന്നെ ബ്രയാന്‍ സിദ്ദാര്‍ത്ഥയും ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും പിന്‍വലിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ ദുരൂഹതയിലേക്ക് നീങ്ങിയത്. ശരിക്കും അമല വിവാഹിതയായോ എന്ന ചോദ്യം അവിടെ നിന്നാണ് ഉയര്‍ന്നത്. ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണത്തിനും വ്യക്തതയ്ക്കും വേണ്ടി അമലയെ ബന്ധപ്പെടാന്‍ എല്ലാവരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യ അമലയുടെ മാനേജറെ ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു വിവാഹത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് അമലയും ഭവ്‌നീന്ദറും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇപ്പോള്‍ രണ്ടുപേരും വേര്‍പിരിയുകയും ചെയ്തു. ഒരു പൊതുസുഹൃത്ത് വഴിയായിരുന്നു അമലയും ഭവ്‌നീന്ദറും പരിചയപ്പെടുന്നതെന്നും പിന്നീടാ പരിചയം പ്രണയമായി വളരുകയും ചെയ്‌തെന്നാണ് പറയുന്നത്. പക്ഷേ, ആ ബന്ധം അധികം നീണ്ടു നിന്നില്ലെന്നും വാര്‍ത്ത കേന്ദ്രങ്ങള്‍ പറയുന്നു. ഈ വാര്‍ത്ത ശരിയാണെന്നു പറയാന്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം അമല ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഭവ്‌നീന്ദറിനെ അണ്‍ ഫോളോ ചെയ്‌തെന്നതാണ്. ഇതിനിടയില്‍ ചില ഗോസിപ്പ് കോളങ്ങളില്‍ വരുന്ന വാര്‍ത്ത, അമലയും ഭവ്‌നീന്ദറും വിവാഹിതരായതാണെന്നും അതിനുശേഷം വേര്‍പിരിഞ്ഞുമെന്നുമാണ്. ഇതിനൊന്നും യാതൊരു സ്ഥിരീകരണവും കിട്ടിയിട്ടില്ലെന്നു മാത്രം. അങ്ങനെയെങ്കില്‍ ഭവ്‌നീന്ദര്‍ പോസ്റ്റ് ചെയ്ത ആ വിവാഹ ചിത്രങ്ങളോ എന്നൊരു ചോദ്യം ബാക്കിയുണ്ട് ഇപ്പോഴും. അതിനു പിന്നിലെ കഥ തങ്ങള്‍ കണ്ടെത്തിയെന്നു ചില മാധ്യമങ്ങള്‍ പറയുന്നുണ്ട്. അവര്‍ പറയുന്നത്; ആ ചിത്രങ്ങള്‍ ഭവ്‌നീന്ദറും അമലയും ചേര്‍ന്ന് അഭിനയിച്ച ഒരു സംഗീത ആല്‍ബത്തിലെ രംഗങ്ങളാണെന്നാണ്!


Next Story

Related Stories