TopTop
Begin typing your search above and press return to search.

'ബോളിവുഡിലുള്ളവര്‍ പോലും മലയാളം സിനിമകള്‍ കാണുകയും അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു', 'ഇരുളി'ലെത്തിയതിനെ കുറിച്ച് സംവിധായകന്‍ നസീഫ്

ബോളിവുഡിലുള്ളവര്‍ പോലും മലയാളം സിനിമകള്‍ കാണുകയും അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു,  ഇരുളിലെത്തിയതിനെ കുറിച്ച്  സംവിധായകന്‍ നസീഫ്

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ മൂന്ന് കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രം. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്യുന്ന ഇരുള്‍ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചുകഴിഞ്ഞിരിക്കുന്നു. നിരവധി ബോളീവുഡ് സിനിമകളിലെ പ്രവര്‍ത്തന പരിചയവുമായാണ് നസീഫ് യൂസഫ് ഇസുദ്ദീന്‍ മലയാളത്തില്‍ സ്വതന്ത്ര സംവിധായകനാവുന്നത്. ഹാപ്പി ന്യൂയര്‍, ന്യൂട്ടണ്‍, തുംബാഡ് തുടങ്ങിയ സിനിമകളുടെ ഭാഗമായ കൊച്ചി സ്വദേശിയായ നസീഫ് മൂന്ന് കഥാപാത്രങ്ങള്‍ മാത്രമുള്ള ഒരു ത്രില്ലര്‍ എന്ന സിനിമയായാണ് ഇരുള്‍ ഒരുക്കുന്നത്.

ബോളിവുഡില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഒരു വ്യക്തി തന്റെ ആദ്യ സിനിമ ചെയ്യാന്‍ എന്തുകൊണ്ട് മലയാളത്തെ തിരഞ്ഞെടുത്തു എന്ന് ആര്‍ക്കും സംശയം തോന്നിയേക്കാം. ഇതിന് വ്യക്തമായ കാരണം തന്നെയുണ്ട് നസീഫ് യൂസഫ് ഇസുദ്ദീന്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നസീഫ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിനിമാ വ്യവസായം എന്നതിന് അപ്പുറത്ത് നവാഗതരെ മികച്ച രീതിയില്‍ സ്വാഗതം ചെയ്യുകയും അവസരങ്ങള്‍ നല്‍കുകയും മലയാളം സിനിമ മേഖല ചെയ്യുന്നുണ്ടെന്നാണ് നസീഫിന്റെ അഭിപ്രായം.

ബോളീവുഡിലുള്ളവര്‍ പോലും വിസ്മയത്തോടെ നോക്കിക്കാണുന്ന ഇന്‍ട്രസ്ട്രിയാണ് മലയാളം. നിരവധി ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ നമ്മുടെ സിനിമകള്‍ കാണുകയും അഭിനേതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. അതു തന്നെയാണ് മലയാളത്തില്‍ തുടങ്ങാന്‍ കാരണവുമെന്ന് വ്യക്തമാക്കുകയാണ് നസീഫ്. മലയാള സിനിമകളുടെ ഉള്ളടക്കം മികച്ചതാണ്. ഇതിന് തെളിവായി കഴിഞ്ഞ പത്ത് വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നും നസീഫ് ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയുടെ ആരാധകരുടെ എണ്ണത്തിലും വളരെയധികം വര്‍ദ്ധനവുണ്ടെന്നും അദ്ദേഹം പറയുന്നു.

തന്റെ സിനിമയില്‍ ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തതിനും കാരണങ്ങളുണ്ടെന്നും നസീഫ് പറയുന്നു. മൂന്ന് പേരുടേയും ഒപ്പമുളള സിനിമ എന്നത് തന്നെ വളരെ മികച്ച അനുഭവമാണെന്നും ഒരു നവാഗത സംവിധായകനെന്ന നിലയില്‍ ഇവരില്‍ നിന്നെല്ലാം കൂടുതല്‍ പഠിക്കാന്‍ കിട്ടിയ അവസരമായൊണ് തനിക്ക് ഇരുൾ എന്നും നസീഫ് വ്യക്തമാക്കുന്നു.

മുന്ന് പേരും ചെയ്യേണ്ട കഥാപാത്രത്തെ ഒരിക്കല്‍ മനസിലായിക്കഴിഞ്ഞാല്‍ പിന്നെ സംവിധായകന്‍ എന്ന നിലയില്‍ തന്റെ ജോലി എളുപ്പമാണ്. സീനുകളും ഡയലോഗുകളും മാത്രം വിവരിച്ചാല്‍ മതി, ബാക്കി അവര്‍ ചെയ്തുകൊള്ളും. ഇരുള്‍ പ്രഖ്യാപിച്ചപ്പോഴുളള ആളുകളുടെ പ്രതികരണം തന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയെന്നും നസീഫ് പറയുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കുട്ടിക്കാനത്താണ് ആദ്യ ഷെഡ്യൂൾ പുരോഗമിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് നിര്‍മ്മാണം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ.


Next Story

Related Stories