TopTop
Begin typing your search above and press return to search.

കോവിഡ് മാറ്റിമറിച്ച കപ്പേളയുടെ വിധി, ഓണ്‍ലൈനില്‍ തരംഗമായി ചിത്രം, അനുരാഗ് കാശ്യപിന്റെ ട്വീറ്റ് പ്രചോദനമെന്ന് സംവിധായകന്‍ മുഹമ്മദ് മുസ്തഫ/അഭിമുഖം

കോവിഡ് മാറ്റിമറിച്ച കപ്പേളയുടെ വിധി, ഓണ്‍ലൈനില്‍ തരംഗമായി ചിത്രം, അനുരാഗ് കാശ്യപിന്റെ ട്വീറ്റ് പ്രചോദനമെന്ന് സംവിധായകന്‍ മുഹമ്മദ് മുസ്തഫ/അഭിമുഖം

ഐൻ എന്ന സിനിമയിലൂടെ ദേശീ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മുഹമ്മദ് മുസതഫയുടെ ആദ്യ സംവിധാന സംരംഭമാണ് കപ്പേള. വയനാട്ടിലെ ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ കപ്പേള, കോവിഡ് വ്യാപനം മൂലം തിയറ്ററുകളില്‍ നിന്നും റിലീസ് ചെയ്ത് അഞ്ചു ദിവസത്തിനകം പിന്‍വലിക്കേണ്ടി വന്നു. എന്നാല്‍ പിന്നീട് നെറ്റ്ഫ്ളിക്സില്‍ സിനിമ റിലീസ് ചെയ്യുകയും വലിയ വിജയമാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും കപ്പേളയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമണ്. ഈ അവസരത്തില്‍ കപ്പേളയെക്കുറിച്ചും, ആദ്യ സംവിധാന അനുഭവവും, കപ്പേളയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും അഴിമുഖവുമായി പങ്കുവെക്കുകയാണ് മുഹമ്മദ് മുസ്തഫ.

കപ്പേള ഉണ്ടായത്

എന്റെ നാട്ടിലുള്ള സുഹൃത്തായ വാഹിദ് ആണ് കപ്പേളയുടെ ആശയം ആദ്യമായി പറയുന്നത്. അത് കേട്ടപ്പോള്‍ തന്നെ അതിലുള്ളൊരു സിനിമാറ്റിക് എലമെന്റ് എനിക്കു ഫീല്‍ ചെയ്തു. അങ്ങനെ ആ കഥയില്‍ വര്‍ക് ചെയ്യാം എന്നു തീരുമാനിക്കുകയും ഞങ്ങള്‍ സംസാരിച്ച് ആ ആശയത്തെ തൃപ്തികരമായ ഒരു കഥയുടെ രൂപത്തിലാക്കുകയും ചെയ്തു. പിന്നീട് മറ്റൊരു സുഹൃത്തായ സുദാസിനൊപ്പമാണ് ബാക്കി എഴുത്തുകള്‍ നടക്കുന്നത്. എന്റെ ജീവിതത്തില്‍ നടന്ന, അല്ലെങ്കില്‍ ഞാന്‍ കണ്ടിട്ടുള്ള പല കാര്യങ്ങളും സ്‌ക്രിപ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പല പല ഘട്ടങ്ങളിലായാണ് സിനിമയുടെ സ്‌ക്രിപ്റ്റ് മുഴുവനാക്കുന്നത്. ഒരു പ്രൊഡക്റ്റ് ഉണ്ടാക്കാന്‍ അവസാനം വരെ നില്‍ക്കുക എന്നു പറയുമ്പോള്‍ അതിന് നല്ല ക്ഷമ വേണം. ഇതിനിടയില്‍ പല ആളുകളുടെയും ഒഴിഞ്ഞു മാറലുകളും, മാറിനില്‍ക്കലുകളുമെല്ലാം സംഭവിച്ചിട്ടുണ്ട്. അപ്പോഴും ആളുകള്‍ക്കിഷ്ടപ്പെടുന്ന രീതിയിലേക്ക് ഇതിനെ മാറ്റിയെടുക്കാന്‍ കഴിയും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കപ്പേള പെട്ടന്നുണ്ടായതല്ല. സമയമെടുത്ത് പല ഘട്ടങ്ങളിലൂടെ രൂപപ്പെട്ടു വന്നതാണ്. ഉപ്പും മുളകും സീരിയലിന്റെ എഴുത്തുകാരനായ സുരേഷ്ബാബുവും കപ്പേളയുടെ നിര്‍മ്മാതാവായ വിഷ്ണു വേണുവും തുടക്കം മുതല്‍ ഈ നിമിഷം വരെ എന്റെ ഒപ്പം ഉണ്ടായിരുന്നവരാണ്.

ആദ്യ സംവിധാന അനുഭവം

സിനിമയുടെ പുറകിലുള്ള കാര്യങ്ങള്‍ പലപ്പോഴായി ഞാന്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും പൂര്‍ണ്ണമായിരുന്നില്ല. ഇപ്പോള്‍ ഈ സിനിമയില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നല്ല കുറെ ടെക്നീഷ്യന്മാരുടെ പിന്തുണയും സിനിമയ്ക്കൊപ്പം ഉണ്ടായിരുന്നു. തുടക്കം മുതല്‍ ഈ നിമിഷം വരെയും കൂടെ നില്‍ക്കുന്ന ആളുകളുണ്ട്. അവരുടെയെല്ലാം പ്രയത്നമുള്ളത് കൊണ്ട് തന്നെ മേക്കിങ്ങിനിടയില്‍ എനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. ആളുകള്‍ കൂടി നില്‍ക്കുന്ന ഇടങ്ങളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ വേറെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. രണ്ടരവര്‍ഷം ഞാന്‍ കൂടെ കൊണ്ടു നടന്ന സിനിമയായിരുന്നു ഇത്. ആ സമയങ്ങളിലെല്ലാം ഞാന്‍ സ്‌ക്രിപ്റ്റ് പരമാവധി നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ സമയമെടുത്ത് ചെയ്തത് കൊണ്ട് തന്നെ മേക്കിങ്ങിന്റെ കാര്യത്തില്‍ എനിക്ക് ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല.

എന്നെക്കൊണ്ട് ഇതിനു പറ്റും എന്നുള്ള ബോധ്യപ്പെടുത്തലിനായിരുന്നു ഞാന്‍ കുറെ അധികം ബുദ്ധിമുട്ടിയത്. പുതുമുഖ സംവിധായകര്‍ എല്ലാവരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് തന്നെയാണിത്. നമ്മളെ ആളുകള്‍ക്ക് ബോധ്യപ്പെടുക, നമ്മുടെ കൂടെ സഹകരിക്കുക അതിനെല്ലാം സമയമെടുക്കും എന്നാണ് എനിക്ക് തോന്നുന്നത്.

ഓണ്‍ലൈന്‍ റിലീസും നല്ല പ്രതികരണങ്ങളും

കപ്പേള ഇത്രയൊക്കെ ചര്‍ച്ചചെയ്യപ്പെടും എന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. ചെറിയൊരു വിഷയത്തെ പരമാവധി റിയലിസ്റ്റിക്കായി, ആളുകള്‍ക്ക് വിശ്വസിനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു. അതിനുവേണ്ടി നന്നായി ഹോം വര്‍ക് ചെയ്തിട്ടുമുണ്ട്. പിന്നെ ഈ സിനിമ ഒരിക്കലും എന്റെ മാത്രം പ്രയത്നത്തിന്റെ ഫലമല്ല. കുറേപേരുടെ തുടക്കം മുതല്‍ അവസാനം വരെയുള്ളൊരു വലിയ പ്രയത്നുണ്ട് ഇതിനു പിന്നില്‍. ഒടിടി പ്ലാറ്റ് ഫോമിലൂടെ വന്നത് കൊണ്ട് തന്നെ ഒരുപാട് പേര്‍ ഈ സിനിമ ശ്രദ്ധിച്ചു. പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് വലിയൊരു വിഭാഗം ആളുകളിലേക്ക് സിനിമ എത്തുന്നത്.

അനുരാഗ് കശ്യപിനെ പോലുള്ളവരൊക്കെ സിനിമ ഇഷ്ടപ്പെട്ടു എന്നും, അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം. അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനം കൂടിയാണ് അത്. മലയാള സിനിമയില്‍ നിന്നും ധാരാളം പേര്‍ എന്നെ വിളിച്ചിരുന്നു. അതു പോലെ തന്നെ സിനിമ കണ്ട് വിളിക്കുന്ന സാധാരണക്കാരും ഉണ്ട്. എല്ലാവരുടെയും സ്‌നേഹം പ്രചോദനം തന്നെയാണ്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ സാധ്യത

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വലിയ സാധ്യതയാണ് സിനിമയ്ക്കു നല്‍കുന്നത്. അതിന്റെ ഉദാഹരണമാണ് കപ്പേള. തിയറ്ററില്‍ ഓടുന്ന സിനിമകളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനിലും വരാറുണ്ട്. ഡിജിറ്റല്‍ റൈറ്റ്സ് എന്നൊന്ന് ഇപ്പോള്‍ ഉണ്ടല്ലോ. കപ്പേള തിയറ്ററില്‍ 5 ദിവസമേ ഓടിയുള്ളൂ. നല്ല അഭിപ്രായങ്ങള്‍ ലഭിച്ചു തുടങ്ങിയപ്പോഴാണ് തിയറ്ററുകള്‍ അടച്ചത്. പിന്നീട് കുറച്ചു ദിവസം എല്ലാവരും ഫോണിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സങ്കടങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കലായിരുന്നു. പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം പൈസമുടക്കി ഒരു സിനിമ എടുത്തെങ്കിലും കാര്യമായൊരു പൈസയൊന്നും തിരിച്ചു ലഭിച്ചില്ല. അങ്ങനെയിരിക്കുന്ന സമയത്താണ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളെക്കുറിച്ച് ആലോചിക്കുന്നത്. കപ്പേള ശരിക്കും തിയറ്റര്‍ എക്സ്പീരിയന്‍സിന് വേണ്ടി ചെയ്തൊരു സിനിമയാണിത്. സൗണ്ടാണെന്നുണ്ടെങ്കിലും, വിഷ്വല്‍സ് ആണെന്നുണ്ടെങ്കിലും തിയറ്ററിര്‍ എക്സ്പീരിയന്‍സിന് വേണ്ടിയാണിത് ചെയ്തിരിക്കുന്നത്. എന്നാല്‍ നെറ്റ്ഫ്ളിക്സില്‍ വന്നത് കൊണ്ട് തിയറ്ററില്‍ കാണാത്ത ഒരുപാട് പേരിലേക്ക് സിനിമ എത്തി.

വിമര്‍ശനങ്ങളോട്

വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ നിന്നാല്‍ സമയം ബാക്കിയുണ്ടാകില്ല. എല്ലാ സിനിമകളെയും വിമര്‍ശിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ടാകും. ഇഷ്ടപ്പെടുന്നവര്‍ അതിനെക്കാള്‍ എത്രയോ ഇരട്ടിയുമാണ്. എന്നുവെച്ച് വിമര്‍ശനങ്ങള്‍ പാടില്ല എന്നല്ല. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നു. ആദ്യ സിനിമയായത് കൊണ്ട് തെറ്റുകള്‍ ഉണ്ടാവാം, ആദ്യ സിനിമ എന്നല്ല എത്രാമത്തെ സിനിമയാണെങ്കിലും തെറ്റുകള്‍ പറ്റാമല്ലോ. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ ബോധ്യപ്പെടുന്ന തെറ്റുകള്‍ തിരുത്താന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്. അതല്ലാതെ ബാലിശമായി വിമര്‍ശിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. നിങ്ങള്‍ സിനിമ ഒന്നുകൂടി കാണൂ.

പുതിയ സിനിമ

ആദ്യം നമുക്കിഷ്ടപ്പെടുക എന്നാലെ ആളുകള്‍ക്കിഷ്ടപ്പെടുന്നത് പോലെ നമുക്കു ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഈ സിനിമ ചെയ്തതു പോലെ തന്നെ നല്ല ഹോംവര്‍ക്കെല്ലാം ചെയ്ത് സമയമെടുത്തായിരിക്കും അടുത്ത സിനിമയും ചെയ്യുന്നത്. പക്ഷെ ഇപ്പോഴത്തെ അവസ്ഥകൂടി പരിഗണിക്കണമല്ലോ. നേരത്തെ പ്ലാന്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി എപ്പോള്‍ സാധ്യമാകും എന്നറിയില്ല. വലിയ ക്യാന്‍വാസിലുള്ള സിനിമകളാണ് മനസിലുള്ളതും എഴുതിവെച്ചിട്ടുള്ളതും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ ഇതുമായി പൊരുത്തപ്പെട്ടു പോകുന്ന പുതിയ വിഷയങ്ങളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. എന്തായാലും സമയമെടുത്ത് ഹോം വര്‍ക്കുകള്‍ക്കു ശേഷമായിരിക്കും അടുത്ത സിനിമ.


Next Story

Related Stories