TopTop
Begin typing your search above and press return to search.

'ആ സിനിമകളൊന്നും തിയേറ്ററില്‍ കളിക്കില്ല' ആഷിഖിനെയും ലിജോയെയും തള്ളി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ആ സിനിമകളൊന്നും തിയേറ്ററില്‍ കളിക്കില്ല ആഷിഖിനെയും ലിജോയെയും തള്ളി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ലോക്ഡൗണ്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാന്‍ ആരംഭിച്ച മലയാള സിനിമയെ വീണ്ടും പ്രതിസന്ധിയിലാക്കി പുതിയ ചിത്രീകരണങ്ങളുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. മലയാളത്തിലെ ശ്രദ്ധേയരായ യുവ സംവിധായകരും നിര്‍മാതാക്കളുടെ അസോസിയേഷനും തമ്മിലുള്ള തര്‍ക്കമാണ് മലയാള സിനിമയുമായി ബന്ധപ്പെട്ട പുതിയ തര്‍ക്കം. കൊറോണ മൂലം ചിത്രീകരണം തടസപ്പെട്ട 60 ഓളം സിനിമകളുടെ ചിത്രീകരണം തുടങ്ങിയിട്ട് മതി പുതിയ ചിത്രീകരണങ്ങള്‍ എന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍ദേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത്തരമൊരു തീരുമാനം അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ രംഗത്തു വന്നിരിക്കുകയാണ്.

ലോക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതിനു പിന്നാലെ മുടങ്ങിക്കിടന്ന ചിത്രീകരണങ്ങളും പുനഃരാരംഭിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ കാലത്തിനു മുന്നേ പ്രഖ്യാപിച്ചവയും പാതിയില്‍ മുടങ്ങിപ്പോയതുമായ സിനിമകളുടെ ചിത്രീകരണങ്ങള്‍ ആദ്യം നടക്കട്ടെ പുതിയ സിനിമകള്‍ പിന്നീട് മതിയെന്ന നിലപാട് നിര്‍മാതാക്കളുടെ സംഘടന എടുത്തതിനെയാണ് ആഷിഖിനെയും ലിജോയെയും പോലുള്ളവര്‍ എതിര്‍ക്കുന്നത്. ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാട് തടയാന്‍ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലിജോ നിര്‍മാതാക്കളുടെ സംഘടനയെ പരോക്ഷമായി വെല്ലുവിളിച്ചത്. തന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കി സിനിമ പേരല്ല, തീരുമാനമാണ് എന്നൊരു പോസ്റ്റ് കൂടി ഇട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു ലിജോ. ലിജോയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന തരത്തില്‍ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആഷിഖ് അബു ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആഷിഖ് മൂന്നു സിനിമകളുടെ പ്രഖ്യാപനവുമായി രംഗത്ത് വന്നത്. ആഷിഖ് ഉസ്മാന്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം, ഹര്‍ഷദ്(ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന്റെ രചയിതാവ്) സംവിധാനം ചെയ്യുന്ന ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മിക്കുന്ന ഹാംഗര്‍, പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്നീ ചിത്രങ്ങളാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആഷിഖ് പ്രഖ്യാപിച്ചത്. ഈ ചിത്രങ്ങളുടെ പ്രഖ്യാപനത്തിലൂടെ നിര്‍മാതാക്കളുടെ സംഘടനകള്‍ക്ക് തങ്ങളുടെ നിലപാട് എന്താണെന്നു വ്യക്തമാക്കുകയാണ് ആഷിഖ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ നിന്നും മനസിലാക്കാം. 'പ്രതിസന്ധികള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍നിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിര്‍മ്മാണം ഞങ്ങള്‍ പുനഃനാരംഭിക്കാന്‍ ശ്രമിക്കുകയാണ്. മമ്മൂട്ടി -ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട' എഴുതിയ ഹര്‍ഷദ് സംവിധാനം ചെയ്യുന്ന 'ഹാഗര്‍ ' കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള അവകാശം നിര്‍മ്മാണ കമ്പനിയില്‍ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്‍പ്പിച്ചിട്ടില്ല.' എന്നാണ് ആഷിഖ് ഹാംഗറിന്റെ പ്രഖ്യാപനവുമായ ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

എന്നാല്‍ ഈ തീരുമാനങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടന പറയുന്നത്. തങ്ങളെ ധിക്കരിച്ച് ഇറക്കുന്ന സിനിമകള്‍ തിയേറ്ററില്‍ കളിക്കില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ഇവരാരും തന്നെ(ആഷിഖിനെ പരാമര്‍ശിച്ചുകൊണ്ട്) സംഘടനയില്‍ അംഗങ്ങളല്ലെന്നും അവരുടെ വാക്കുകള്‍ക്ക് ആരും ചെവി കൊടുക്കുന്നില്ലെന്നുമായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ സിയാദ് കോക്കര്‍ അഴിമുഖത്തോട് പറഞ്ഞത്. ഒട്ടും പകത്വതയില്ലാത്ത പ്രവര്‍ത്തികളാണ് ലിജോയില്‍ നിന്നും ആഷിഖില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും സിയോദ് കോക്കര്‍ കുറ്റപ്പെടുത്തി. സിനിമയുടെ നല്ലതിനു വേണ്ടിയാണ് അസോസിയേഷന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഒട്ടനവധി പ്രൊജക്ടുകളാ്ണ് ലോക്ഡൗണ്‍ മൂലം മുടങ്ങിപ്പോയത്. വലിയ നഷ്ടമാണ് അതുമൂലം നേരിടേണ്ടി വന്നിട്ടുള്ളതും. അതുകൊണ്ട് ലോക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായിപ്പോയ പ്രൊജക്ടുകള്‍ ആദ്യം തിയേറ്ററില്‍ എത്തണം. എങ്കിലെ അവരുടെ നഷ്ടം നികത്താന്‍ സാധിക്കു. അതിനിടയില്‍ പുതിയ സിനിമകള്‍ ഉണ്ടാക്കി തിയേറ്ററില്‍ എത്തിച്ചാല്‍ മറ്റ് സിനിമകളെ അത് സാരമായി ബാധിക്കും. ഇക്കാര്യമാണ് സംഘടന പറഞ്ഞത്. ഇതേതെങ്കിലും വ്യക്തിയുടെ തീരുമാനമല്ല, അസോസിയേഷന്റെ തീരുമാനമാണ്.

പ്രൊഡ്യൂസേഴ്‌സ് ആസോസിയേഷന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു എന്നിവര്‍ രംഗത്തു വന്നതുമായി ബന്ധപ്പെട്ട കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ സിയാദോ കോക്കറിന്റെ മറുപടി ഇതായിരുന്നു; അവരാരും സംഘടനയില്‍ അംഗങ്ങളല്ല. ഇക്കൂട്ടത്തില്‍ ആഷിഖ് ഉസ്മാന്‍ സിനിമ മാത്രമാണ് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവരത് ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനാണെന്നാണ് പറഞ്ഞിട്ടുള്ളത്. ബാക്കിയാരും സംഘടനയില്‍ അംഗങ്ങളുമലല്ല, അവരുടെ സിനിമകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. അവര് പറയുന്നത് ആരും കണക്കിലെടുക്കുന്നുമില്ല. സിനിമകള്‍ പ്രഖ്യാപിച്ചന്നല്ലെയുള്ളൂ. അത് നടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ലല്ലോ. ആര്‍ക്ക് വേണമെങ്കിലും സിനിമ അനൗണ്‍സ് ചെയ്യാം. എന്നിക്കും പറ്റും. അതങ്ങനെ കണ്ടാല്‍ മതി. വിവരക്കേട്. ഒരുകാര്യം തീര്‍ച്ചയാണ് ഈ സിനിമകളൊന്നും തിയേറ്ററില്‍ കളിക്കില്ല. ഞാനൊരു സിനിമ ചെയ്യാന്‍ പോകുവാടാ ആരാടാ തടയാന്‍ എന്നൊക്കെ പറയുന്നത് ശുദ്ധവിവരക്കേട് അല്ലാതെയെന്താണ്? ഇവര്‍ക്കൊക്കെ ഇത്രയ്ക്ക് പക്വതേയുള്ളൂ എന്നാണ് തെളിയിക്കുന്നത്.


Next Story

Related Stories