TopTop
Begin typing your search above and press return to search.

ഇടവേള ബാബുവിന്റെ കൂറുമാറ്റം, എഎംഎംഎ പണി തുടങ്ങിയെന്നതിന്റെ സൂചനയോ?

ഇടവേള ബാബുവിന്റെ കൂറുമാറ്റം, എഎംഎംഎ പണി തുടങ്ങിയെന്നതിന്റെ സൂചനയോ?

നടി ആക്രമിക്കപ്പെട്ട കേസില്‍ എ എം എം എ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ്) ജനറല്‍ സെക്രട്ടറി പ്രതിക്കനുകൂലമായി മൊഴി മാറ്റിയയത് പുതിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. കേസിലെ എട്ടാം പ്രതിയും സംഘടനയുടെ മുന്‍ ട്രഷററും ആയിരുന്ന നടന്‍ ദിലീപിനെ സംരക്ഷിക്കാനാണ് തുടക്കം മുതല്‍ സംഘടന ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിവയ്ക്കും വിധമാണ് കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ വേളയില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മൊഴി തിരുത്തിയതായി പുറത്തുവന്ന റിപ്പോര്‍ട്ട്. ബാബു സംഘടനയുടെ സെക്രട്ടറി ആയിരിക്കുന്ന സമയത്തായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്വേഷണ വേളയില്‍ പൊലീസ് ബാബുവിനെയും ചോദ്യം ചെയ്തിരുന്നു. പ്രതിയായ ദിലീപിന് തന്നോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും സിനിമയില്‍ തന്റെ പല അവസരങ്ങളും പ്രതി നഷ്ടപ്പെടുത്തിയിരുന്നുവെന്നും ആക്രമിക്കപ്പെട്ട നടി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. മുന്‍ വൈരാഗ്യത്തിനു പുറത്ത് എട്ടാം പ്രതി ക്വട്ടേഷന്‍ കൊടുത്താണ് തന്നെ ആക്രമിച്ചതെന്ന നടിയുടെ മൊഴിയാണ് ദിലീപിനെതിരെയുള്ള കുരുക്കായത്.

നടിയോട് ദിലീപിനു മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവോയെന്ന ചോദ്യത്തിന് ഉത്തരം തേടിയായിരുന്നു, നടനെന്ന നിലയില്‍ സജീവമല്ലെങ്കിലും മലയാള സിനിമയുടെ എല്ലാ മേഖലകളിലും ഇടപെടുന്ന ബാബുവിനെ അന്വേഷണ സംഘം സമീപിക്കുന്നത്. 2017 ജൂലൈ 29 ന് ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ച് ബാബുവില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുകയും ചെയ്തു. ദീലീപും ആക്രമത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെങ്കില്‍, ഇടവള ബാബുവിനെ പോലൊരാള്‍ക്ക് അത് തീര്‍ച്ചയായും അറിയാന്‍ കഴിയുമെന്ന വിശ്വാസമായിരുന്നു അന്വേഷണ സംഘത്തിനുണ്ടായിരുന്നത്. ഈ സമയത്തെല്ലാം സംഘടനയിലെ പ്രമുഖര്‍ ദിലീപിന് അനുകൂലമായ നിലപാടുകളുമായിട്ടായിരുന്നു മുന്നോട്ടു വന്നിരുന്നത്. അന്വേഷണ സംഘം ദിലീപിനെ പ്രതിയാക്കിയതിനു പിന്നാലെ എ എം എ എയില്‍ നിന്നും നടനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം പോലും ഏറെ തര്‍ക്കങ്ങള്‍ക്കുശേഷമാണ് നടപ്പാക്കാനായതും. അതേസമയം തന്നെ ആ തീരുമാനം അംഗീകരിക്കാനും ഏറെപ്പേരും മടിച്ചിരുന്നു. രണ്ടു സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ ഇരയേക്കാള്‍ പിന്തുണ പ്രതിയാക്കപ്പെട്ടയാള്‍ക്കു നല്‍കുന്നതിനെതിരേ പൊതുസമൂഹത്തില്‍ നിന്നു തന്നെ എഎംഎംഎ വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നിട്ടും നിലപാടുകള്‍ മാറ്റാന്‍ ആ സംഘടന തയ്യാറായുമില്ല. ആക്രമിക്കപ്പെട്ട നടിയുടെ ഏതാനും സഹപ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഈ സമയത്തെല്ലാം പ്രതിക്കെതിരേ ശക്തമായി സംസാരിച്ചുകൊണ്ടിരുന്നത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി)രൂപം കൊള്ളുന്നതൊക്കെ അതിന്റെ ഭാഗമായിരുന്നു. തങ്ങള്‍ക്കനുകൂലമായി സംഘടന നിലപാട് എടുക്കില്ലെന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടിയും അവര്‍ക്കൊപ്പം നിന്നവരും എഎംഎംഎയില്‍ നിന്നും രാജിവച്ചു പുറത്തു പോരേണ്ടി വന്നതും സംഘടനയെ ഈ കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു. തനിക്കെതിരേ പ്രതി വൈരാഗ്യബുദ്ധിയോടെ നടത്തിയിരുന്ന പ്രവര്‍ത്തികളെ കുറിച്ച് നടി സംഘടനയ്ക്ക് പരാതി കൊടുത്തിരുന്നതുമാണ്. കേസിനാസ്പദമായ സംഭവം നടക്കുന്നതിനും മുമ്പായിരുന്നു ഇത്തരമൊരു പരാതി നല്‍കുന്നത്. നടി ഇക്കാര്യം അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരമൊരു പരാതി നടി രേഖാമൂലം നല്‍കിയിട്ടില്ലെന്ന ന്യായം പറഞ്ഞായിരുന്നു, ദിലീപിനെതിരേ സംഘടന നില്‍ക്കേണ്ടി വരുന്ന സാഹചര്യം മുതിര്‍ന്ന ഭാരവാഹികള്‍ ഒഴിവാക്കിയത്. ഈ ശ്രമം തകര്‍ക്കുന്നതായിരുന്നു അന്നത്തെ സെക്രട്ടറിയായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. ആ മൊഴിയാണ് ബാബു ഇപ്പോള്‍ ദിലീപിന് അനുകൂലമായി തിരുത്തിയിരിക്കുന്നത്. ബാബു അന്ന്, പൊലീസിന് നല്‍കിയ മൊഴി, നടിയുടെ പരാതി ശരിവയ്ക്കും വിധമായിരുന്നു. ദിലീപ് സിനിമയില്‍ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നു നടി പരാതിപ്പെട്ടിരുന്നുവെന്നത് ബാബു സമ്മതിക്കുന്നുണ്ട്. നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്നു തോന്നിയിരുന്നതായും താനീക്കാര്യം ദിലീപിനോട് സംസാരിച്ചിരുന്നുവെന്നും ബാബു അന്വേഷണ സംഘത്തോട് പറഞ്ഞൂ. അന്ന് ദിലീപ് തന്നോട് തിരിച്ചു ചോദിച്ചത്, ആവിശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് എന്തിനായിരുന്നുവെന്ന നിര്‍ണായക മൊഴിയും ബാബു പൊലിസിന് നല്‍കിയിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്കിടയില്‍ നടിയും ദിലീപും തമ്മില്‍ തര്‍ക്കുമുണ്ടായിട്ടുണ്ടെന്നും ആ സംഭവത്തിനു ശേഷം നടിയും കാവ്യ മാധവനും തമ്മില്‍ മിണ്ടാതായെന്നും ഇടവേള ബാബു വ്യക്തമാക്കിയിരുന്നു. മുന്‍വൈരാഗ്യത്തിന്റെ പുറത്ത് ദിലീപ് നല്‍കി ക്വട്ടേഷനായിരുന്നു തനിക്കെതിരേ നടന്ന ആക്രമണം എന്ന നടിയുടെ പരാതിയില്‍ വാസ്തവുമുണ്ടെന്നു കോടതിക്ക് ബോധ്യപ്പെടാന്‍ ഉതകുന്ന മൊഴിയായിരുന്നു ഇടവേള ബാബു അന്ന് നല്‍കിയിരുന്നത്. സിനിമ മേഖലയിലും സംഘടനയ്ക്കുള്ളിലും ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അറിയാമായിരുന്നുവെന്ന് ബാബുവിന്റെ മൊഴിയില്‍ നിന്നും വ്യക്തവുമാണ്. അതെല്ലാം തിരുത്തിക്കൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊരു മാറ്റം ബാബുവിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്തുകൊണ്ടാണന്ന ചോദ്യമാണ് സിനിമ മേഖലയില്‍ നിന്നു തന്നെ ഉയരുന്നത്. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതായി ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി തനിക്ക് ഓര്‍മയില്ലെന്നായിരുന്നു കോടതിയിലെ വിസ്താര വേളയില്‍ ബാബുവിന്റെ മൊഴി. അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയില്‍ നിന്നും നേര്‍വിപരീതം. നടി പറഞ്ഞ പരാതി പ്രകാരം ഇക്കാര്യം ദിലീപിനെ വിളിച്ചു ചോദിച്ചിരുന്നുവെന്നും, ആവിശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നതെന്തിനാണെന്നു ദിലീപ് തന്നോട് തിരിച്ചു ചോദിച്ചുവെന്നും പറഞ്ഞ ഇടവേള ബാബുവിന് ഇപ്പോള്‍ അക്കാര്യമൊന്നും ഓര്‍മയില്ലെന്നാണ് പറയുന്നത്. നടിക്ക് അനുകൂലമായി കേസില്‍ പ്രയോജനപ്പെടുമായിരുന്ന ആ മൊഴി സംഘടനയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന ബാബു എന്തിന് തിരുത്തിയെന്നാണ് സിനിമ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ ചോദിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ സംഘടന പൂര്‍ണമായി തള്ളിപ്പറഞ്ഞിരിക്കുന്നുവെന്നാ ണ് ജനറല്‍ സെക്രട്ടറി കോടതിയില്‍ നടത്തിയ കൂറുമാറ്റത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നാണ് നടിയെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. കേസില്‍ പ്രതിയായതിനു പിന്നാലെ പുറത്താക്കിയ ദിലീപിനെ കേസ് അവസാനിക്കും മുന്നേ തന്നെ സംഘടനയില്‍ തിരിച്ചു കൊണ്ടുവരാനും ശ്രമിച്ചവരുടെ കൂട്ടത്തിലുള്ളയാള്‍ തന്നെയാണ് ഇടവേള ബാബുവും. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മുന്‍ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്കു വേണ്ടി അന്നത്തെ സെക്രട്ടറിയായിരുന്ന ഇടവേള ബാബു എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചു പാസാക്കുകയും ഈ റിപ്പോര്‍ട്ട് ജനറല്‍ ബോഡിയില്‍ വയ്ക്കുകയുമാണുണ്ടായതെന്ന് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരികെ എടുക്കാന്‍ തീരുമാനമായത്. ഇതേ യോഗത്തില്‍ തന്നെയാണ് ഇടവേള ബാബു സംഘടനയുടെ ജനറല്‍ സെക്രട്ടറിയാകുന്നതും. കേസില്‍ പ്രതിസ്ഥാനത്ത് തുടരുന്ന ഒരാളെ, കുറ്റവിമുക്തനെന്ന് കോടതി പറഞ്ഞിട്ടില്ലാത്തൊരാളെ എന്തുകൊണ്ട് സംഘടനയിലേക്ക് തിരികെയെടുക്കുന്നുവെന്ന ചോദ്യമുയര്‍ത്തിയായിരുന്നു ആക്രമിക്കപ്പെട്ട നടിയും അവരുടെ ഒപ്പം നിന്നിരുന്ന മറ്റു നാലു നടിമാരും സംഘടനയില്‍ നിന്നും രാജിവച്ച് പുറത്തു വരുന്നത്. ഇത്തരമൊരു സാഹചര്യം സംഘടനയ്ക്ക് സമൂഹമധ്യത്തില്‍ നാണക്കേട് ഉണ്ടാക്കിയിട്ടും തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് എതിര്‍പക്ഷത്തുള്ള സ്ത്രീകളെ തള്ളിപ്പറയുന്ന സമീപനമായിരുന്നു ഇടവേള ബാബു അടക്കമുള്ള ഭാരവാഹികള്‍ കൈക്കൊണ്ടത്. എന്നാല്‍, ശക്തമായ പ്രതിഷേധവുമായി ഡബ്ല്യുസിസിയുടെ നേതൃത്വത്തില്‍ നടിമാര്‍ നിലപാടിലുറച്ച് നിന്നതോടെ മാത്രമാണ് എഎംഎംഎ അയഞ്ഞത്. പരാതിക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്ന് അങ്ങനെയായിരുന്നു. പക്ഷേ, അത്തരമൊരു ചര്‍ച്ച ആക്രമിക്കപ്പെട്ട നടിക്കോ, അവരെ പിന്തുണയ്ക്കുന്നവര്‍ക്കോ യാതൊരു തരത്തിലുമുള്ള നീതി ഉറപ്പിച്ചല്ല അവസാനിച്ചത്. രാജിവച്ചവര്‍ ഇന്നും പുറത്തു തന്നെ നില്‍ക്കുകയാണ്. സംഘടനയിലേക്കില്ലെന്നു സ്വയം തീരുമാനിച്ചതുകൊണ്ട് മാത്രമാണ് ദിലീപ് ഇപ്പോഴും എഎംഎംഎയുടെ പുറത്തു നില്‍ക്കുന്നത്. ഇടവേള ബാബു അടക്കമുള്ള ഭാരവാഹികള്‍ക്ക് ദിലീപ് സംഘടനയിലേക്ക് തിരികെ വരുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍, ഇരയ്‌ക്കൊപ്പമാണോ പ്രതിക്കൊപ്പമാണോ എന്ന ചോദ്യത്തിന്, മുന്‍ നിലപാടുകളിലൂടെ തന്നെ ഉത്തരം വ്യക്തമാക്കിയിരുന്ന എഎംഎംഎ, ഇപ്പോഴത് കൂടുതല്‍ സ്പഷ്ടമായി ഒന്നുകൂടി പറഞ്ഞിരിക്കുകയാണ്, ജനറല്‍ സെക്രട്ടറിയുടെ കൂറുമാറ്റത്തിലൂടെ എന്ന ആക്ഷേപത്തിന് വരും ദിവസങ്ങളില്‍ സംഘടന നേതൃത്വം മറുപടി പറയേണ്ടി വരും. കേസ് അട്ടിമറിക്കാനും കുറ്റവാളികള്‍ രക്ഷപ്പെടാനും ഒരുവിധത്തിലും അനുവദിക്കില്ലെന്ന് മറുവശത്തുള്ളവര്‍ ഉറപ്പിച്ചു പറയുക കൂടി ചെയ്യുമ്പോള്‍ മലയാള സിനിമ വീണ്ടും വിവാദകേന്ദ്രമാവുകയാണ്.


Next Story

Related Stories