TopTop
Begin typing your search above and press return to search.

"ഹിമാലയം കീഴടക്കിക്കഴിയുമ്പോള്‍ തോന്നുന്ന ഒരു അഹങ്കാരമുണ്ടല്ലോ, അതാണ് രാമു കാര്യാട്ടിന് സംഭവിച്ചത്"- അഭയത്തിന്റെ പരാജയ കാരണം തുറന്നു പറഞ്ഞ് പെരുമ്പടവം ശ്രീധരന്‍

ഹിമാലയം കീഴടക്കിക്കഴിയുമ്പോള്‍ തോന്നുന്ന ഒരു അഹങ്കാരമുണ്ടല്ലോ, അതാണ് രാമു കാര്യാട്ടിന് സംഭവിച്ചത്-  അഭയത്തിന്റെ പരാജയ കാരണം തുറന്നു പറഞ്ഞ് പെരുമ്പടവം ശ്രീധരന്‍


ചെമ്മീനിലൂടെ ദക്ഷിണേന്ത്യയിലേക്ക് പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ കൊണ്ടുവന്ന രാമു കാര്യാട്ട് മലയാളത്തിലെ മാസ്റ്റര്‍ സംവിധായകരില്‍ ഒരാളാണ്. കാല്‍ നൂറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തിനിടയില്‍ എണ്ണം പറഞ്ഞ ഒരു ഡസന്‍ സിനിമകള്‍ സംവിധാനം ചെയ്ത കാര്യാട്ടിന്റെ സമ്പൂര്‍ണ്ണ സാഹിത്യ സിനിമ എന്നറിയപ്പെടുന്ന ചലച്ചിത്രമാണ് അഭയം. 1970ല്‍ പുറത്തിറങ്ങിയ ചിത്രം പെരുമ്പടവം ശ്രീധരന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന അഭയത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് 'രാമു കാര്യാട്ടിന്റെ അഭയം 50 വര്‍ഷം' എന്ന പരമ്പരയിലൂടെ. നോവലിനെക്കുറിച്ചും സിനിമയെക്കുറിച്ചും
പെരുമ്പടവം ശ്രീധരന്‍
സംസാരിക്കുന്നു. (
ആദ്യ ഭാഗം ഇവിടെ വായിക്കാം)
1965 കാലത്താണ് ഞാന്‍ അഭയം എഴുതുന്നത്. നോവല്‍ എഴുതി പൂര്‍ത്തിയാക്കിയെങ്കിലും അത് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പെരുമ്പടവത്ത് തന്നെ താമസിച്ചുകൊണ്ട് പത്രങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുകയായിരുന്നു അക്കാലത്ത്. അതിന് മുമ്പ് സര്‍പ്പക്കാവ് എന്ന നോലല്‍ എഴുതിയിട്ടുണ്ടെങ്കിലും എഴുത്തുകാരന്‍ എന്ന പ്രസിദ്ധിയൊന്നും ലഭിച്ചിരുന്നില്ല. കേരളശബ്ദം നോവല്‍ മത്സരത്തിനാണ് ആ നോവല്‍ ആദ്യമായി അയച്ചത്. ഒരു വര്‍ഷക്കാലത്തേക്ക് യാതൊരു അറിയിപ്പുകളും ലഭിച്ചിരുന്നില്ല. ഞാനും അത് മറന്നിരിക്കുമ്പോഴാണ് കേരളശബ്ദത്തിന്റെ പത്രാധിപര്‍ കെ എസ് ചന്ദ്രന്റെ കത്ത് എനിക്ക് ലഭിക്കുന്നത്. നോവല്‍ മത്സരത്തില്‍ അഭയത്തിന് ഒന്നാം സമ്മാനം ലഭിച്ചുവെന്നാണ് ആ കത്തില്‍ പറഞ്ഞിരുന്നത്. കേരളശബ്ദമാണ് മത്സരം നടത്തിയതെങ്കിലും അവര്‍ അത് പ്രസിദ്ധീകരിച്ചത് കേരളശബ്ദത്തിന്റെ തന്നെ കുങ്കുമം വാരികയില്‍ ആയിരുന്നു.

കുങ്കുമത്തില്‍ ആ നോവല്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മഹാഭാഗ്യത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ 'പെരുമ്പടവം ശ്രീധരന്റെ അഭയം എന്ന നോവല്‍ ഞാന്‍ തുടര്‍ച്ചയായി വായിക്കുന്നുണ്ട്. ഞാന്‍ മാത്രമല്ല, എന്റെ ചുറ്റിലുമുള്ള സകല പെണ്ണുങ്ങളും അത് വായിക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് കുങ്കുമം വായിക്കാന്‍ കിട്ടുന്നില്ല. ദയവായി അടുത്തയാഴ്ച മുതല്‍ ഒരു നാല് അഞ്ച് കോപ്പികള്‍ അയച്ചു തരണം' എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഈ കത്ത് കുങ്കുമത്തില്‍ ആഘോഷമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കത്ത് എനിക്ക് വല്ലാത്ത പ്രസിദ്ധിയുണ്ടാക്കി തന്നു. ബഷീറിന്റെ എഴുത്തുകളോട് ആരാധനയുണ്ടാകുകയും അടുത്തടുത്ത താമസക്കാരായിരുന്നെങ്കിലും ഇടയ്ക്ക് പോയി കാണാറുണ്ടെങ്കിലും അടുത്തബന്ധം ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അനിയന്‍ അബൂബക്കര്‍ ആയിരുന്നു എന്റെ സുഹൃത്ത്. ആ കത്ത് വന്നതോടെ നോവല്‍ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി.

കുറ്റിപ്പുഴ കൃഷ്ണപിള്ള സാര്‍ ഭാവഗീതത്തിന്റെ ഭംഗിയുള്ള നോവലാണ് അഭയം എന്ന് എവിടെയോ എഴുതി. അതോടെ അഭയത്തിന് വലിയൊരു അംഗീകാരം ലഭിച്ചു. അദ്ദേഹം തന്നെയാണ് എന്നോട് കോട്ടയത്തെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് അയയ്ക്കാന്‍ പറഞ്ഞത്. ഡി സി കിഴക്കേമുറിയാണ് അന്ന് അതിന്റെ സെക്രട്ടറി. അഭയത്തിന്റെ കോപ്പിയുമായി ഞാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഓഫീസിലേക്ക് പോയി. ഡി സി കിഴക്കേമുറി എന്നെ ആദ്യം ഗൗനിച്ചില്ല. ജോലി അന്വേഷിച്ച് വന്ന ആരോ ആണെന്ന് അദ്ദേഹം കരുതിയെന്ന് തോന്നുന്നു. കുറ്റിപ്പുഴ സാര്‍ പറഞ്ഞിട്ടാണ് വന്നതെന്നും എന്റെ കയ്യില്‍ ഒരു നോവല്‍ ഉണ്ടെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിസ്മയത്തോടെ നോക്കി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ചില ചിട്ടകളൊക്കെയുണ്ട്. കമ്മിറ്റി പരിശോധിച്ച ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. നോവലിന്റെ പകര്‍പ്പ് കൊടുത്തിട്ട് ഞാന്‍ തിരികെ പോരികയും ചെയ്തു.

അക്കാലമായപ്പോഴേക്കും ഞാന്‍ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. കോട്ടയത്ത് നിന്നും പോന്നതിന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് കാണിച്ചുള്ള ഡി സി കിഴക്കേമുറിയുടെ കത്ത് എനിക്ക് ലഭിച്ചു. മലയാളത്തിലെ ഏറ്റവും പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണ ശാലയാണ് അന്ന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം. അതുകൊണ്ട് തന്നെ എനിക്ക് ആ കത്ത് വളരെയധികം സന്തോഷം ഉണ്ടാക്കി. അവര്‍ എന്റെ പുസ്തകം എന്നെങ്കിലും എടുക്കുമെന്ന് പോലും ചിന്തിക്കാനാകാത്ത കാലമായിരുന്നു എനിക്ക് അത്. കുറ്റിപ്പുഴ സാറിന്റെ ശുപാര്‍ശ മാത്രമാണ് അതിന് കാരണം. രണ്ട് മൂന്ന് മാസം കൊണ്ട് നോവല്‍ ഇറങ്ങി. 1966ല്‍ ആയിരുന്നു അത്. കേരളശബ്ദം അവാര്‍ഡ് കിട്ടിയ നോവല്‍ എന്ന് പറഞ്ഞായിരുന്നു പുസ്തകം പ്രസിദ്ധീകരിച്ചത്. വളരെ ഗംഭീരമായ പ്രചാരമാണ് അതിന് ലഭിച്ചത്.

അഭയത്തില്‍ സ്ത്രീപക്ഷ ചിന്ത കടന്നുവന്നത് ഒരു എഴുത്തുകാരിയെക്കുറിച്ചുള്ള നോവല്‍ ആയത് കൊണ്ടായിരിക്കാം. നമ്മുടെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ ചിന്തകളില്‍ അക്കാലത്ത് സ്ത്രീപക്ഷം എന്ന ചിന്തയൊന്നും കടന്നുവന്നിട്ടില്ല. പിന്നീട് പത്രക്കാര്‍ അഭിമുഖങ്ങളില്‍ ചോദിച്ചപ്പോഴാണ് സ്ത്രീപക്ഷ ചിന്തയാണ് ആ നോവലിലുള്ളതെന്ന് എനിക്ക് തന്നെ മനസ്സിലായത്. 'ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ഇരിക്കെ തന്നെ യാദൃശ്ചികമായി ഏര്‍പ്പെടുന്ന അനിവാര്യമായ ദുര്‍വിധിക്ക് കീഴടങ്ങി മരണത്തില്‍ അഭയം കണ്ടെത്തേണ്ടി വരുന്ന നിസ്സഹായമായ മനുഷ്യാത്മാവ്' എന്നതായിരുന്നു എന്റെ നോവലിന്റെ ആശയം എന്നാണ് അക്കാലത്ത് ഞാന്‍ എല്ലാവര്‍ക്കും നല്‍കിയ മറുപടി. അത്തരത്തിലൊരു ദാര്‍ശനികമായ സന്ദേശമാണ് ഈ നോവലില്‍ നല്‍കുന്നത് എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അത് ആളുകള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ജീവിതത്തോടുള്ള എല്ലാ ആസക്തിയും ഇരിക്കെ തന്നെ അനിവാര്യമായ ദുര്‍വിധിക്ക് കീഴടങ്ങി മരണത്തില്‍ അഭയം കണ്ടെത്തേണ്ടി വരുന്ന നിസ്സഹായമായ മനുഷ്യാത്മാവ് എന്ന് പറയുന്ന ആശയത്തില്‍ ഒരു സ്ത്രീ കഥാപാത്രം കേന്ദ്രമായത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. പിന്നീട് അതിനെ സ്ത്രീപക്ഷ ചിന്തകളുമായി കൂട്ടിക്കലര്‍ത്തിയുള്ള പുനര്‍വ്യാഖ്യാനങ്ങളുണ്ടായി. വായിച്ചവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടു. ഇന്നും എന്റെ ഏറ്റവും മികച്ച നോവല്‍ അഭയം ആണെന്ന് പറയുന്ന ആളുകളുണ്ട്. തുടര്‍ച്ചയായി പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് 1967ന്റെ അവസാനത്തില്‍ ശോഭന പരമേശ്വരന്‍ നായരുടെ ഒരു കത്ത് എനിക്ക് ലഭിക്കുന്നത്.

നിങ്ങളുടെ നോവല്‍ വായിച്ചു അത് സിനിമയാക്കിയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കുക എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ശോഭന പരമേശ്വരന്‍ നായരുടെ രൂപവാണി അന്ന് മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ സിനിമാ നിര്‍മ്മാണ കമ്പനിയാണ്. ടി കെ പരീക്കുട്ടിയുടെ ചന്ദ്രതാര കഴിഞ്ഞാല്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവ് എന്ന നിലയിലാണ് ശോഭന പരമേശ്വരന്‍ നായര്‍ അറിയപ്പെടുന്നത്. നിണമണിഞ്ഞ കാല്‍പ്പാടുകള്‍, മുറപ്പെണ്ണ് തുടങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച സിനിമകള്‍ നിര്‍മ്മിച്ചത് അദ്ദേഹമാണ്. കലാമൂല്യം മുന്‍നിര്‍ത്തി സിനിമകള്‍ ചെയ്യുന്ന ആളായിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ ആ കത്ത് കിട്ടിയപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. സിനിമയാക്കുന്നതില്‍ എനിക്ക് സന്തോഷം തന്നെ, ആലോചനകള്‍ തുടര്‍ന്നുകൊള്ളാന്‍ പറഞ്ഞ് ഞാന്‍ മറുപടിയും നല്‍കി. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അത് സിനിമയാക്കുന്നു. രാമു കാര്യാട്ട് ആണ് സംവിധായകന്‍ എന്ന് അറിയിച്ചുകൊണ്ടുള്ള കത്തും എനിക്ക് ലഭിച്ചു. രാമു കാര്യാട്ട് ആ സമയത്ത് ചെമ്മീന്‍ ഒക്കെ സംവിധാനം ചെയ്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായി ഇരിക്കുന്ന കാലമാണ്, അദ്ദേഹം എന്റെ സിനിമ സംവിധാനം ചെയ്യുന്നുവെന്നത് എനിക്ക് കൂടുതല്‍ സന്തോഷം ഉണ്ടാക്കി.

ഒരു ദിവസം ശോഭന പരമേശ്വരന്‍ നായരും രാമു കാര്യാട്ടും ശങ്കരാടിയും വീരരാഘവന്‍ നായരും കൂടി തിരുവനന്തപുരത്തെ എന്റെ വാടക മുറിയിലേക്ക് വന്നു. അടുത്തമാസം ആദ്യം മദ്രാസില്‍ വരാന്‍ പറയാനായിരുന്നു അവര്‍ വന്നത്. തിരക്കഥ ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു അത്. മദ്രാസില്‍ ചെന്നപ്പോള്‍ കാര്യാട്ടിന്റെ വീട്ടിലാണ് ഞാന്‍ താമസിച്ചത്. കാര്യാട്ട് അന്ന് ഒരു മഹാരാജാവിനെ പോലെ വാടകവീട്ടില്‍ താമസിക്കുന്ന കാലമാണ്. എല്ലാക്കാലത്തും കാര്യാട്ട് ജീവിച്ചിരുന്നത് ഒരു മഹാരാജാവിനെ പോലെ ആണ്. എല്ലാദിവസവും വൈകുന്നേരങ്ങളില്‍ എഴുത്തുകാരും സിനിമക്കാരും എല്ലാം അവിടെ ഒത്തുകൂടുമായിരുന്നു. വയലാറും അടൂര്‍ ഭാസിയും ശങ്കരാടിയുമെല്ലാം അവിടെ വരുമായിരുന്നു. കാര്യാട്ടിന്റെ വീട് വൈകുന്നേരങ്ങളില്‍ എന്നും ഒരു സാഹിത്യ സദസ്സ് ആയിരുന്നു. തീരെ ചെറുപ്പക്കാരനായ ഞാന്‍ ഇവരില്‍ നിന്നെല്ലാം മാറിയിരുന്നത് ആശങ്ക കൊണ്ടായിരുന്നു. ഒരു ദിവസം കാര്യാട്ട് എന്നെ ചൂണ്ടി വയലാറിനോട് ഈ ചെറുപ്പക്കാരനെ അറിയാമോ എന്ന് ചോദിച്ചു. എനിക്ക് വയലാറിനോട് കടുത്ത ആരാധന ഉണ്ടെങ്കിലും സംസാരിക്കാന്‍ പേടിയുണ്ടായിരുന്നു. കാര്യാട്ട് തന്നെ പറഞ്ഞു അയാളാണ് അഭയം എന്ന നോവല്‍ എഴുതിയ പെരുമ്പടവം ശ്രീധരന്‍ എന്ന്. ഈ ചെറുക്കനോ എന്ന അത്ഭുതത്തോടെയാണ് വയലാര്‍ എന്റെ അടുത്തേക്ക് വന്നത്. കെട്ടിയങ്ങ് പിടിച്ചു. എന്റെ വലതു കൈയില്‍ ഉമ്മ വച്ചു. ഈ കൈകള്‍ കൊണ്ടല്ലേ അഭയം എഴുതിയത് എന്ന് ചോദിച്ചു. എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അവാര്‍ഡാണ് ആ കെട്ടിപ്പിടിത്തം.

അവിടെ വച്ച് തിരക്കഥ പൂര്‍ത്തിയാക്കിയെങ്കിലും കാര്യാട്ടിന് തിരക്കഥ നല്ലതാണോയെന്ന സംശയമുണ്ടായിരുന്നു. ജി വിവേകാനന്ദനും അന്ന് ഞങ്ങള്‍ക്കൊപ്പമുണ്ട്. അദ്ദേഹം എസ് എല്‍ പുരം സദാനന്ദനെക്കൊണ്ട് തിരക്കഥ മാറ്റിയെഴുതിക്കാമെന്ന് നിര്‍ദ്ദേശിച്ചു. സത്യത്തില്‍ എനിക്ക് അത് ഇഷ്ടമായില്ല. ഞാന്‍ പൊയ്‌ക്കോളാം നിങ്ങള്‍ മറ്റെന്തെങ്കിലും കഥ എടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ പോകാന്‍ തയ്യാറായി. അവര്‍ അപ്പോള്‍ ശ്രീധരനെ മുന്‍നിര്‍ത്തി തന്നെ തിരക്കഥ ഒന്നുകൂടി നന്നാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്ന് പറഞ്ഞു. പക്ഷെ ഇഷ്ടക്കേട് കൊണ്ട് ഞാന്‍ തിരിച്ചു പോന്നു. അവസാന സ്‌ക്രിപ്റ്റ് എന്നെ കാണിക്കണം ഇല്ലങ്കില്‍ ഈ സിനിമയില്‍ നിന്നും എന്റെ കഥ ഞാന്‍ പിന്‍വലിക്കും എന്നും പറഞ്ഞിരുന്നു. നിനക്കൊരു നല്ല കാര്യത്തിനല്ലേയെന്ന് വിവേകാനന്ദന്‍ ആശ്വസിപ്പിച്ചു. പക്ഷെ എസ് എല്‍ പുരം എഴുതിയിട്ടും ആ തിരക്കഥ നന്നായില്ല. ആ സിനിമയില്‍ ഭൂരിഭാഗവും എടുത്തത് ഞാനെഴുതിയ തിരക്കഥ തന്നെയാണ്. കഥാനായികയായ സേതുലക്ഷ്മി താമസിക്കാന്‍ ചെല്ലുന്ന വീട്ടിലെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള മുരളിയെന്ന ചെറുപ്പക്കാരനുമായി സാഹിത്യ സംബന്ധമായ ചര്‍ച്ചകള്‍ നടത്തുന്ന സീനുകള്‍ എല്ലാം എന്റെ സ്‌ക്രിപ്റ്റ് അതേപടി പകര്‍ത്തിയതാണ്. എസ്എല്‍ പുരം എഴുതിയ സ്‌ക്രിപ്റ്റ് എന്റെ നോവലിന് പറ്റുന്നതായിരുന്നില്ല.

കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും ശോഭന പരമേശ്വരന്‍ നായരുടെയും സുഹൃത്തുക്കളാണ് ഇവിടുത്തെ പ്രധാനപ്പെട്ട കവികള്‍ എല്ലാം. ഞാന്‍ കാര്യാട്ടിന്റെ വീട്ടില്‍ ഉള്ളപ്പോള്‍ തന്നെ എന്നോട് ഇതൊരു കവയത്രിയുടെ കഥയല്ലേ കവിതകള്‍ ഉപയോഗിക്കാമെന്ന് കാര്യാട്ട് പറഞ്ഞിരുന്നു. അതുവരെയുള്ള പരമ്പരാഗത രീതി ഉപേക്ഷിച്ച് മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ കവിതകള്‍ ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ എന്തുകൊണ്ടോ മഹാകവി ജി ശങ്കരക്കുറിപ്പിന്റെ സാഗരഗീതത്തിലെ 'ശ്രാന്തമംബരം' എന്ന് തുടങ്ങുന്ന കവിതയാണ് ഞാന്‍ പറഞ്ഞത്. ഉടനെ രാമു കാര്യാട്ട് കവിത മുഴുവന്‍ എന്റെ മുന്നിലിരുന്ന് ചൊല്ലി. കാര്യാട്ടിന് കവിത ഒരു ഭ്രാന്താണ്. അദ്ദേഹം കവിതകളും ലേഖനങ്ങളും എല്ലാം എഴുതിയിട്ടുണ്ട്. പക്ഷെ സിനിമാക്കാരന്‍ ആയപ്പോള്‍ ആ എഴുത്തങ്ങ് നിര്‍ത്തിക്കളഞ്ഞു. അങ്ങനെയാണ് ശ്രാന്തമംബരം എന്ന് തുടങ്ങുന്ന കവിത ആ സിനിമയില്‍ വരുന്നത്.

ദക്ഷിണാമൂര്‍ത്തി സ്വാമിയാണ് സിനിമയിലെ സംഗീതം ചെയ്തത്. കാര്യാട്ടിന്റെ വീട്ടിലിരുന്നാണ് സംഗീതം ചെയ്തത്. ഇന്നയിന്ന കവിതകള്‍ക്കാണ് സംഗീതം ചെയ്യേണ്ടതെന്ന് ദക്ഷിണാമൂര്‍ത്തി സ്വാമികളോട് കാര്യാട്ട് പറഞ്ഞു. 'ശ്രാന്തമംബരം' കാര്യാട്ട് തന്നെ ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. കാര്യാട്ട് കവിത ചൊല്ലുമ്പോള്‍ കവിത എഴുതിയ കടലാസ് സ്വാമി വായിക്കുന്നുണ്ടായിരുന്നു. അതുകഴിഞ്ഞിട്ട് ശോഭന പരമേശ്വരന്‍ നായരോട് ദക്ഷിണാമൂര്‍ത്തി സ്വാമി പറഞ്ഞു 'പരമു എന്നെ പോകാന്‍ അനുവദിക്കണം. ഈ കവിത പോലും എനിക്ക് മനസ്സിലായില്ല.' മലയാളത്തിലെ ഏറ്റവും വലിയ കവിയുടെ ഏറ്റവും സുന്ദരമായ കവിതയല്ലേ അതെന്ന് പര
മുഅ
ണ്ണന്‍ പറഞ്ഞു. ശോഭന പരമേശ്വരന്‍ നായരെ അടുപ്പമുള്ളവരെല്ലാം പരമു എന്നാണ് വിളിച്ചിരുന്നത്. ശ്രീധരന്‍ കവിത വിശദമാക്കി തരുമെന്നും സ്വാമിയോട് പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന് കവിതയുടെ അര്‍ത്ഥം പറഞ്ഞുകൊടുത്തു. അദ്ദേഹത്തിന് മനസ്സിലായിട്ടും മനസ്സിലാകുന്നില്ലെന്ന് ഭാവിക്കുകയായിരുന്നു. വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിച്ചോളൂ എന്ന് പറഞ്ഞാണ് അന്നും അദ്ദേഹം പോയത്. പരമുഅണ്ണനും രാമു കാര്യാട്ടും വിടാന്‍ തയ്യാറായില്ല. പിറ്റേ ദിവസവും സ്വാമിയെ വിളിക്കാന്‍ വണ്ടി പോയി. അന്ന് പക്ഷെ ഹാര്‍മോണിയത്തില്‍ സ്വാമി വളരെ പതുക്കെ 'ശ്രാന്തമംബരം' പാടാന്‍ തയ്യാറായി. ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിയാണ് സ്വാമി അത് പാടി പൂര്‍ത്തിയാക്കിയത്. ജി ശങ്കരക്കുറിപ്പിന്റെ കവിതയുടെ ഭാവഭംഗി ചോര്‍ന്ന് പോകാതെ തന്നെയാണ് സ്വാമി അത് ചിട്ടപ്പെടുത്തിയത്. ഇപ്പോഴും ആ പാട്ട് ഇടയ്ക്കിടയ്ക്ക് റേഡിയോയിലൊക്കെ കേള്‍ക്കാറുണ്ട്.

പക്ഷെ, ഞാന്‍ പ്രതീക്ഷിച്ചത് പോലെ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. അത് ഞാന്‍ രാമു കാര്യാട്ടിനോട് തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ പ്രതീക്ഷിച്ചതിന്റെ അടുത്തെങ്ങും ആ സിനിമ എത്തിയിട്ടില്ലെന്ന് രാമു കാര്യാട്ടിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തതാണ്. അതിന് ശേഷം രാമു കാര്യാട്ട് എടുത്തത് കെ സുരേന്ദ്രന്റെ മായ എന്ന നോവല്‍ ആയിരുന്നു. അതും കാര്യാട്ടിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു പോയതായി അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എന്ന് കരുതി അദ്ദേഹത്തിന് ദോഷമൊന്നുമുണ്ടായില്ല. ചെമ്മീനില്‍ കിട്ടിയ വിജയം മാത്രം മതി കാര്യാട്ടിനെ ഓര്‍മ്മിക്കാന്‍. അതിന് അഭയമോ മായയോ ഒന്നും ആവശ്യമില്ല. ഏഴ് രാത്രികള്‍ പോലും പരാജയപ്പെട്ടു പോയി. കാര്യാട്ടിന്റെ ഉദാസീനതയെന്നൊന്നും ഞാന്‍ പറയില്ല. ഒരു വലിയ ഹിമാലയം കീഴടക്കിക്കഴിയുമ്പോള്‍ തോന്നുന്ന ഒരു അഹങ്കാരമുണ്ടല്ലോ. അതാണ് കാര്യാട്ടിനും സംഭവിച്ചതും. ആ അഹങ്കാരം കൊണ്ട് എല്ലാം നിസ്സാരവല്‍ക്കരിക്കുകയായിരുന്നു അദ്ദേഹം. അത് തുറന്നു പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. ചെമ്മീന്‍ എടുത്ത കാര്യാട്ടിനെയാണ് നമ്മള്‍ ബഹുമാനപൂര്‍വ്വം മനസ്സില്‍ കൊണ്ടുനടക്കുന്നത്. എന്നാല്‍ അതിന് ശേഷം ഒരു സിനിമ പോലും വിജയിപ്പിക്കാന്‍ രാമു കാര്യാട്ടിന് സാധിച്ചിട്ടില്ല. ആഗ്രഹിച്ച രീതിയില്‍ സിനിമകളൊന്നും വിജയിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നത് അദ്ദേഹവും സമ്മതിക്കുന്ന കാര്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം എനിക്ക് ഒരു കത്തും അയച്ചിരുന്നു. പരാജയത്തില്‍ വിഷമിക്കരുതെന്നും ശ്രീധരന് ഇനിയും മഹാവിജയങ്ങളുണ്ടാകുമെന്നായിരുന്നുകത്തിലെ ഉള്ളടക്കം.

പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ നേടിയ ഒരാള്‍ക്ക് തന്റെ സിനിമയെക്കുറിച്ച് അഭിപ്രായം പറയാന്‍ മറ്റൊരാള്‍ ആര് എന്ന തലക്കനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അല്ലെങ്കില്‍ തന്നെയും മനോഹരമായ ഒരു തലക്കനം ഉണ്ടായിരുന്ന ആളായിരുന്നു കാര്യാട്ട്. ആ ബഹുമാനം വച്ചുകൊണ്ട് ഞാന്‍ പറയുന്നത് അനന്തര കലാസൃഷ്ടികളില്‍ ആ തലക്കനം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എടുത്ത ഓരോ സിനിമകളിലും അദ്ദേഹം പടിക്കെട്ടുകള്‍ ഇറങ്ങുകയാണ് ചെയ്തത്. ഇത് വളരെ വേദനയോടെയാണ് ഞാന്‍ ഓര്‍മ്മിക്കുന്നത്.
Next Story

Related Stories