TopTop
Begin typing your search above and press return to search.

ഗാന്ധിജിക്കും 100 വര്‍ഷം മുന്‍പ് നികുതി കൊടുക്കരുതെന്ന് പറഞ്ഞ വെളിയങ്കോട് ഉമര്‍ ഖാളിയെ അറിയുമോ? കേരളത്തിൽ കർഷകസമരങ്ങൾ തുടങ്ങിയത് മുസ്ളിംങ്ങള്‍- 'ഷഹീദ് വാരിയംകുന്ന'നെ കുറിച്ച് പിടി കുഞ്ഞുമുഹമ്മദ്

ഗാന്ധിജിക്കും 100 വര്‍ഷം മുന്‍പ് നികുതി കൊടുക്കരുതെന്ന് പറഞ്ഞ വെളിയങ്കോട് ഉമര്‍ ഖാളിയെ അറിയുമോ? കേരളത്തിൽ കർഷകസമരങ്ങൾ തുടങ്ങിയത് മുസ്ളിംങ്ങള്‍- ഷഹീദ് വാരിയംകുന്നനെ കുറിച്ച് പിടി കുഞ്ഞുമുഹമ്മദ്

1921ൽ ഇന്നത്തെ മലപ്പുറം, പാലക്കാട് ജില്ലകളുടെ ഭാഗങ്ങളായ ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ പ്രദേശങ്ങളിൽ ബ്രിട്ടീഷ് ഭരണകൂടത്തിനും ജന്മിമാർക്കും എതിരായി ഉയർന്ന ഐതിഹാസികമായ സാമ്രാജ്യത്വവിരുദ്ധ, കർഷക പ്രക്ഷോഭത്തിന് കേരള ചരിത്രത്തിൽ സമാനതകളില്ല. മുസ്ലീം കർഷകപ്രക്ഷോഭകാരികൾ ബ്രിട്ടീഷ് ഗവൺമെൻ്റിനേയും ജന്മിമാരേയും വിറപ്പിച്ച് മൂന്ന് മാസത്തോളം തെക്കേ മലബാറിലെ പ്രദേശങ്ങൾ ഭരിച്ചു. മലബാർ കലാപം പ്രമേയമാക്കി 1921 എന്ന പേരിൽ ടി ദാമോദരന്റെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങിയത് 1988ലാണ്. എന്നാൽ 1921ലെ മലബാർ സായുധകലാപത്തെ മുന്നിൽ നിന്ന് നയിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള സിനിമകൾ വരുന്നത് ആദ്യമായാണ്. ഇത്തരത്തിൽ മൂന്ന് സിനിമകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പൃഥ്വിരാജ് വാരിയംകുന്നൻ ആകുന്ന ആഷിഖ് അബുവിൻ്റെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ താൻ ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന വാരിയംകുന്നൻ സിനിമ പി ടി കുഞ്ഞുമുഹമ്മദും പ്രഖ്യാപിച്ചിരിക്കുന്നു. സംഘപരിവാർ ക്യാമ്പിൽ നിന്ന് വാരിയംകുന്നനെ വർഗീയവാദിയായ പ്രതിനായകനായി ചിത്രീകരിക്കുന്ന സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലും ഇത് സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും സജീവമാണ്. 'ഷഹീദ് വാരിയംകുന്നൻ' എന്ന പേരാണ് പി ടി പ്രഖ്യാപിച്ചിരിക്കുന്നത്. മഗ്രിബ്, ഗർഷോം, പരദേശി, വീരപുത്രൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനും കേരളത്തിൻ്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവവുമാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദ്. കേരളത്തിലെ മുസ്ലീം സമൂഹത്തിന്റെ ജീവിതം മലയാള സിനിമയിൽ ഏറ്റവും ശക്തമായി പ്രശ്നവത്കരിച്ച സംവിധായകനായ പി ടി, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമയുടെ പണിപ്പുരയിലാണ്. മലബാർ കലാപത്തെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും പി ടി കുഞ്ഞുമുഹമ്മദ് അഴിമുഖവുമായി സംസാരിക്കുന്നു.

1921ലെ മലബാർ സമര നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള മൂന്നോ നാലോ സിനിമകള്‍ വരുന്നു. എങ്ങനെയാണ് ഈ പ്രോജക്ടിലേയ്‌ക്കെത്തുന്നത്. ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത 1921 മുമ്പ് മലബാര്‍ കലാപം പ്രമേയമാക്കി ഇറങ്ങിയ സിനിമയാണ്.

ഞാന്‍ വര്‍ഷങ്ങളായി ഈ സിനിമയെക്കുറിച്ച് ആലോചിക്കുന്നു. 1921ലെ നായകന്‍ ചരിത്രത്തില്‍ അറിയപ്പെടാത്ത ഒരാളാണ്. ഖാദര്‍ എന്ന് പറയുന്നയാള്‍. ആരെയെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കുമ്പോളും അത്ര പ്രസക്തനായ ഒരാളെ കണ്ടെത്താന്‍ കഴിയുന്നില്ല. സിനിമയ്ക്ക് വേണ്ടി ദാമോദരേട്ടന്‍ നല്ല റിസര്‍ച്ച് നടത്തിയിട്ടുണ്ട്.

മലബാര്‍ കലാപത്തെ ജന്മിത്വത്തിനെതിരായ ജനകീയ കാര്‍ഷിക കലാപവും സാമ്രാജ്യത്വവിരുദ്ധകലാപവുമായി തന്നെയാണ് 1921 സിനിമ പറയുന്നത്.

മലബാര്‍ കലാപം ഒരു ജനകീയ കാര്‍ഷിക കലാപവും സാമ്രാജ്യത്വവിരുദ്ധ സമരവും തന്നെയായിരുന്നു. അതാണ് ചരിത്രസത്യം. അത് ഒറ്റ കലാപമല്ല. 100 വര്‍ഷം തുടര്‍ച്ചയായി കലാപം നടക്കുന്നുണ്ട്. ഭൂമിയും സമ്പത്തുമെല്ലാം അപഹരിക്കപ്പെട്ട മുസ്ലീം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ഈ സമരം നടത്തിയത്. മുസ്ലീം പൗരോഹിത്യമാണ് ഈ സമരത്തിന് നേതൃത്വം നല്‍കിയത്. കേരളത്തിലെ കാര്‍ഷികസമരങ്ങള്‍ക്ക് അടിത്തറ പാകിയത് മൗലവിമാരും മൊല്ലാക്കമാരുമെല്ലാമാണ്. അതില്‍ ആദ്യത്തെയാള്‍ വെളിയങ്കോട് ഉമര്‍ ഖാളി എന്നയാള്‍. അദ്ദേഹമാണ് ഗാന്ധിജിക്കും 100 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ക്ക് നികുതി കൊടുക്കരുതെന്ന് പറഞ്ഞത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചാവക്കാട് കൊണ്ടുവന്നു. രണ്ട് ഹിന്ദു പൊലീസുകാരെ കാവലിന് നിര്‍ത്തി. അവര്‍ രാത്രി അദ്ദേഹത്തെ അഴിച്ചുവിട്ടു. വീണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ പിന്നീട് സമരങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. 1921ന് ശേഷം കോണ്‍ഗ്രസ് ഇതിനെ ഏറ്റെടുത്തു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കര്‍ഷകസമരങ്ങളെ ഏറ്റെടുത്തു. ഇത്തരത്തിലൊരു തുടര്‍ച്ചയുണ്ട് ഇവിടെ. ഏതായാലും കേരളത്തില്‍ കര്‍ഷകസമരങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുസ്ളിം സമൂഹമാണ്..

കർഷകപ്രക്ഷോഭവും സാമ്രാജ്യത്വവിരുദ്ധ സമരവുമെന്ന നിലയില്‍ മലബാര്‍ കലാപം? ഇതിനെ വർഗീയകലാപമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ?

മലബാര്‍ കലാപം ഒരേസമയം ജന്മിത്വത്തിനെതിരായ കാര്‍ഷിക കലാപവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ കലാപവുമാണ്. ബ്രിട്ടീഷുകാരെ ഓടിക്കുക എന്ന ലക്ഷ്യം ഇതിലുണ്ടായിരുന്നു. എന്നാല്‍ കാര്‍ഷിക കലാപം എന്ന നിലയ്ക്കാണ് സാധാരണക്കാരെ ഇത് കൂടുതലായും ആകര്‍ഷിച്ചത്. ജന്മിമാര്‍ നടത്തിയ ക്രൂരകൃത്യങ്ങളുടെ എത്രയോ കാര്യങ്ങള്‍ പറയാനുണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും അക്കാലത്ത് മലബാറില്‍ മുസ്ലീം ജന്മിമാരുമുണ്ടായിരുന്നു. ഇതില്‍ പ്രധാനപ്പെട്ട സംഭവമാണ് മുസ്ലീം ജന്മിയായിരുന്ന ചേക്കുട്ടിയെ കലാപകാരികള്‍ വധിച്ച സംഭവം. പ്രബലമായ മുസ്ലീം ജന്മി കുടുംബമായിരുന്നു ചേക്കുട്ടിയുടേത്. അയാളുടെ കഴുത്തറത്ത് കുന്തത്തില്‍ കുത്തിയാണ് കലാപകാരികള്‍ ജാഥ നടത്തിയത്. 'അധികാരി ചേക്കുട്ടിയുടെ തല ഞങ്ങള് കൊയ്ത്, അതുമൊരു കുന്തത്തിന്മേല്‍ ഏറ്റി ഞങ്ങള് നടന്ന്, തൊള്ളായിരത്തി ഇരുപത്തിഒന്നില്‍ മാപ്പിളമാര്‍ വെള്ളക്കാരോട് ഏറ്റുപടവെട്ടിയേ' എന്ന് പറഞ്ഞൊരു പാട്ടുണ്ട്. ചിന്ത രവിയുടെ സിനിമയില്‍ ഈ പാട്ട് ഉപയോഗിച്ചുണ്ട്. കലാപത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും മരിച്ചിട്ടുണ്ട്.

മലബാര്‍ കലാപത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും തിരുവിതാംകൂറിലും മറ്റും വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇതൊരു വര്‍ഗീയ കലാപമാണെന്ന നിലയ്ക്ക് വലിയൊരു വിഭാഗം കണ്ടിരുന്നില്ലേ? കുമാരനാശാൻ അടക്കമുള്ള കവികളെല്ലാം ഇത്തരത്തിൽ കണ്ടിരുന്നു.

ബ്രിട്ടനാണ് ഇതിനെ വര്‍ഗീയവത്കരിച്ചത്. ടിപ്പുവില്‍ നിന്ന് മലബാറിനെ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തപ്പോള്‍ മുസ്ലീങ്ങള്‍ എതിരായി വന്നു. മുസ്ലീങ്ങള്‍ ഭീകരപ്രവര്‍ത്തകരാണെന്ന് ചിത്രീകരിക്കാന്‍ തുടങ്ങി ബ്രിട്ടീഷുകാര്‍. ഹാലിളക്കം എന്നൊക്കെയാണ് വിളിച്ചിരുന്നത്. ഇവര്‍ മതഭ്രാന്തന്മാരാണെന്ന് മുഖ്യധാരയില്‍ ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചു. ഇതിന്റെ സ്വാധീനം ഇപ്പോളുമുണ്ട്. സാഹിത്യരംഗത്തുൾപ്പടെ ഇതിൻ്റെ സ്വാധീനമുണ്ടായി. കുമാരനാശാന്‍, വള്ളത്തോള്‍ അടക്കമുള്ള കവികളൊക്കെ കലാപത്തെക്കുറിച്ച് മുസ്ലീങ്ങള്‍ക്കെതിരായ വിധത്തില്‍ പറഞ്ഞത്.

1940കളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മലബാര്‍ കലാപം ഒരു സാമ്രാജ്യത്വവിരുദ്ധ, ജന്മിത്വ വിരുദ്ധ കാര്‍ഷികകലാപമാണെന്ന് പറയുന്നു. ഇഎംഎസ്സും എകെജിയുമെല്ലാം ഇതേക്കുറിച്ച് സംസാരിക്കുന്നു, എഴുതുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഇടപെടലോടെയല്ലേ മലബാര്‍ കലാപത്തിന് ഇത്തരത്തിലൊരു ജനകീയ സ്വഭാവം മുഖ്യധാരയില്‍ വന്നത്?

1946ല്‍ 1921ലെ കലാപത്തിന്റെ 25ാം വാര്‍ഷിക സമയത്ത് അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ സംസ്ഥാന കമ്മിറ്റികള്‍ സംയുക്തമായി ഓഗസ്റ്റ് 18, 19 തീയതികളില്‍ കോഴിക്കോട് ചേര്‍ന്നു. ആ യോഗത്തില്‍ വന്ന പ്രമേയമാണ് ആഹ്വാനവും താക്കീതും. ഇതിന്റെ ഭാഗമായി ഇതേ പേരില്‍ രണ്ട് പ്രമേയങ്ങള്‍ വന്നു. ഒന്ന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റേത്. മറ്റേത് മൂന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റികളും സംയുക്തമായി ഇറക്കിയ രേഖ. ഇഎംഎസ് തയ്യാറാക്കിയതിനേക്കാള്‍ ഉജ്ജ്വലമായ രേഖയായിരുന്നു മൂന്ന് സംസ്ഥാന കമ്മിറ്റികളും ചേര്‍ന്നിറക്കിയത്. അത് ചിന്ത പ്രസിദ്ധീകരിച്ചു. 1921ല്‍ രക്തസാക്ഷികളായ മാപ്പിളമാരെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു എന്ന് ആ രേഖയില്‍ പറയുന്നു.

അക്കാലത്ത് കോണ്‍ഗ്രസ്സിന്റേയും മുസ്ലീം ലീഗിന്റേയും മലബാര്‍ കലാപത്തോടുള്ള സമീപനം? ഇത് മലബാറിലെ പിൽക്കാല രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിച്ചു?

1923ലെ കാക്കിനാഡ കോണ്‍ഗ്രസ് സമ്മേളനം മലബാര്‍ കലാപത്തെ തള്ളിപ്പറഞ്ഞിരുന്നു. അങ്ങനെയാണ് മലബാറില്‍ കോണ്‍ഗ്രസ്സിന് മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ സ്ഥാനമില്ലാതായത്. മുഹമ്മദ് അബ്ദുറഹ്മാനെ പോലുള്ള വലിയ നേതാക്കളുണ്ടായിട്ടും അവര്‍ കോണ്‍ഗ്രസ്സിനെ വിശ്വസിച്ചില്ല. 1937ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് (ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരണം). 1937ല്‍ അഖിലേന്ത്യാ മുസ്ലീം ലീഗും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. തലശ്ശേരിയില്‍ വച്ചാണ് തുടക്കം. കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ മുസ്ലീം ലീഗിനും കേരളത്തില്‍ തുടക്കമിട്ടത്. സത്താര്‍ സേട്ട്, ബി പോക്കർ സാഹിബ്, കോട്ടാൽ ഉപ്പി സാഹിബ് അടക്കമുള്ള നേതാക്കള്‍. 1934ലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പിൽ സത്താർ സേട്ട്, മുഹമ്മദ് അബ്ദുറഹ്മാനെ തോൽപ്പിച്ചത് കേരളത്തിൽ ലീഗിന് തുടക്കം കുറിക്കുന്നതിൽ നിർണായകമായി. 1906ല്‍ സര്‍ സയിദിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ മുസ്ലീം ലീഗ് തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാരുമായി സന്ധി ചെയ്യുന്നതിന്റെ ഭാഗമായാണിത്. കോണ്‍ഗ്രസ്സിന് മുസ്ലീങ്ങളെ കാര്യമായി സംഘടിപ്പിക്കാന്‍ പറ്റിയില്ല എന്നതിന്റെ ഭാഗമായാണിത്. 1920കളിലാണ് ഇതിന് ചില അപവാദങ്ങളുണ്ടായത്. മുസ്ലീം ലീഗും ആര്‍എസ്എസ്സുമെല്ലാം തുടങ്ങിയത് ബ്രിട്ടീഷുകാരെ സഹായിക്കാനാണ്.

മലബാര്‍ കലാപത്തിന് മുഹമ്മദ് അബ്ദുറഹ്മാന്‍ എതിരായിരുന്നില്ലേ. താങ്കളുടെ വീരപുത്രന്‍ സിനിമയില്‍ ഇക്കാര്യം പറയുന്നു. അദ്ദേഹം പിന്നീടെപ്പോളെങ്കിലും ഈ നിലപാട് മാറ്റിയിരുന്നോ?

അബ്ദുറഹ്മാന്‍ സാഹിബ് ഈ സമരത്തിന് എതിരായിരുന്നു. എന്നാല്‍ ഈ സമരത്തിന്റെ ഭാഗമായി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നുണ്ട്. ബ്രിട്ടീഷുകാരോട് ആയുധമെടുത്ത് പോരാടാനുള്ള സന്ദര്‍ഭമല്ല ഇതെന്നും മലബാറിലെ മുസ്ലീങ്ങള്‍ക്ക് അതിനുള്ള കെല്‍പ്പില്ല എന്നും അബ്ദുറഹ്മാന്‍ സാഹിബ് കരുതിയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു ലഹളയായിരുന്നു. കലാപമുണ്ടായപ്പോള്‍ സമാധാനം പുനസ്ഥാപിക്കാനും സമരക്കാരെ പിന്തിരിപ്പിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്.

മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരില്‍ നിരവധി പേരെ ആന്‍ഡമാനിലേയ്ക്കും മറ്റും കൊണ്ടുപോയി. മലബാര്‍ കലാപം കേരളത്തിന്റെ ചരിത്രത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയില്ലേ?

ഭീകരമായ പീഡനങ്ങളുണ്ടായി. വലിയ മാറ്റമാണ് 1921ലെ മലബാര്‍ കലാപം കേരളത്തിലുണ്ടാക്കിയത്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപ്രമാദിത്വ കാലത്ത് ഇത്തരമൊരു ചരിത്ര സിനിമയ്ക്ക് വലിയ പ്രസക്തിയുണ്ട്. ചരിത്രത്തിന്റെ അപനിര്‍മ്മിതികള്‍ക്കുള്ള ശ്രമം നടക്കുന്നു. ഹിന്ദുത്വ വലതുപക്ഷത്തിനെ സംബന്ധിച്ച് മലബാര്‍ കലാപം ക്രൂരമായ വര്‍ഗീയ കലാപമാണ്. ഹിന്ദുക്കള്‍ക്കെതിരായ സംഘടിതമായ ആക്രമണം എന്ന നിലയ്ക്കാണ് അവര്‍ ഇതിനെ ചിത്രീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ വാരിയംകുന്നത്തിനെ പോലൊരാളെ നായകനാക്കി സിനിമ ചിത്രീകരിക്കുമ്പോള്‍ ഉള്ള വെല്ലുവിളികള്‍?

ഞാന്‍ ചരിത്രത്തെ എന്റേതായ കാഴ്ചപ്പാടിലാണ് കാണുന്നത്. മനുഷ്യസമൂഹത്തെ ഏകോപിപ്പിക്കാന്‍ ഉതകുന്ന സിനര്‍ജി പോലെയാണ് കാണുന്നത്. ഒരു ചങ്ങല പോലെയാണ് ഇതിനെ കാണുന്നത്. കലാപങ്ങളായാലും പോരാട്ടങ്ങളായാലും വെറുപ്പിക്കുന്ന രീതിയിലല്ല ഇത് പറയാനുദ്ദേശിക്കുന്നത്.

ചരിത്ര സംഭവം സിനിമയാക്കുമ്പോളും അതിന് ഫിക്ഷന്റേതായ സ്വഭാവങ്ങളുണ്ടാകും. വാണിജ്യവത്കരിക്കാനുള്ള പ്രവണതകളുണ്ടാകും. സാങ്കേതിക മികവില്‍ ശ്രദ്ധിച്ചുകൊണ്ടും വീരനായകത്വം പ്രദര്‍ശിപ്പിച്ചുമുള്ള നിര്‍മ്മിതികളുണ്ടാകും. എത്തരത്തിലാണ് പുതിയ സിനിമ വിഭാവനം ചെയ്യുന്നത്. ഇതുവരെ തുടര്‍ന്ന ശൈലി തന്നെ തുടരുമോ?

ഞാന്‍ എപ്പോളും വളരെ വൈകാരികമായി കാര്യങ്ങളെ കാണുന്നയാളാണ്. പുതിയ സിനിമയും അങ്ങനെ തന്നെ ആയിരിക്കും. അതിൽ മാറ്റമുണ്ടാകില്ല.

സിനിമയുടെ തിരക്കഥ എഴുതിത്തുടങ്ങിയോ? കാസ്റ്റിംഗ്, സാങ്കേതികപ്രവര്‍ത്തകര്‍ ഇതെല്ലാം തീരുമാനിച്ചോ? എപ്പോള്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്?

തിരക്കഥ ഏതാണ്ട് മനസ്സില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എഴുതിത്തുടങ്ങണം. കാസ്റ്റിംഗ് സംബന്ധിച്ച് മുഴുവന്‍ തീരുമാനമായിട്ടില്ല. സാങ്കേതികപ്രവര്‍ത്തകരും സംബന്ധിച്ച് ഏതാണ്ട് ധാരണയായിട്ടുണ്ട്. എന്നാല്‍ അതേക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. അടുത്ത വര്‍ഷം പകുതിയോടെ സിനിമ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

സോഷ്യല്‍മീഡിയയിലും മറ്റും വാരിയംകുന്നന്‍ സിനിമയ്‌ക്കെതിരെ വലിയ വര്‍ഗീയപ്രചാരണം നടക്കുന്നു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലും മറ്റും സംഘപരിവാര്‍ അനുകൂലികളുടെ ആക്രമണം നടക്കുന്നു. മലബാര്‍ കലാപം സംബന്ധിച്ച് ഇപ്പോളും ഒരു വിഭാഗത്തിന് വലിയ തോതിലുള്ള വര്‍ഗീയ കാഴ്ചപ്പാടുകളുണ്ട് എന്ന് പറയാന്‍ കഴിയുമോ?

ഒരു ചെറിയ വിഭാഗം ആളുകള്‍ക്ക് ഇത്തരത്തിലുള്ള കാഴ്ചപ്പാടുണ്ട് എന്ന് പറയാം.


Next Story

Related Stories