TopTop
Begin typing your search above and press return to search.

മരിച്ചവരെക്കുറിച്ച് തമാശ പറയുന്നത് ക്രൂരതയാണ്; ചാനല്‍ അവതാരകന്റെ പ്രവര്‍ത്തിയില്‍ മാപ്പ് ചോദിച്ച് പാക് താരം അഡ്‌നാന്‍ സിദ്ദിഖി

മരിച്ചവരെക്കുറിച്ച് തമാശ പറയുന്നത് ക്രൂരതയാണ്; ചാനല്‍ അവതാരകന്റെ പ്രവര്‍ത്തിയില്‍ മാപ്പ് ചോദിച്ച് പാക് താരം അഡ്‌നാന്‍ സിദ്ദിഖി

ഇര്‍ഫാന്‍ ഖാന്റെയും ശ്രീദേവിയുടെയും മരണം തമാശവത്കരിച്ച ചാനല്‍ അവതരാകന്റെ പ്രവര്‍ത്തിയില്‍ മാപ്പ് ചോദിച്ച് പ്രശസ്ത പാക് ചലച്ചിത്ര താരം അഡ്‌നാന്‍ സിദ്ദിഖി. ഇര്‍ഫാനും ശ്രീദേവിക്കുമൊപ്പം അഭിനയിച്ചിട്ടുള്ള നടനാണ് അഡ്‌നാന്‍. ഇദ്ദേഹം പങ്കെടുത്ത ഒരു ലൈവ് ചാറ്റ് ഷോയിലായിരുന്നു അവതാരകനായ ആമിര്‍ ലിയാഖത്തിന്റെ വിവാദ പരാമര്‍ശം. അഡ്‌നാന് ഒപ്പം അഭിനയിച്ച രണ്ടു പേരും മരിച്ചു പോയി. റാണി മുഖര്‍ജിയുടെ മര്‍ദാനി 2 എന്ന സിനിമ വേണ്ടെന്നുവച്ചതുകൊണ്ട് ആ സിനിമയിലെ താരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞൂ എന്നായിരുന്നു അവതാരകന്റെ തമാശ.

ചാനല്‍ അവതാരകന്റെ തമാശ വലിയ വിവാദമായതോടെയാണ് അഡ്‌നാന്‍ സിദ്ദിഖി സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്. എനിക്കിപ്പോള്‍ എന്താണ് തോന്നുന്നത്, പറയേണ്ടത് എന്നൊന്നും വിശദീകരിക്കാന്‍ കഴിയുന്നില്ല. പക്ഷേ, എനിക്കതില്‍ നിന്നും പുറത്തു വരണം. എന്നെ ക്ഷണിച്ച ജീവേ പാകിസ്താന്‍ എന്ന ലൈവ് ചാറ്റ് ഷോയ്ക്കിടയിലായിരുന്നു ആ നിര്‍ഭാഗ്യകരമായ സംഭവം. അങ്ങേയറ്റം സെന്‍സിറ്റീവായൊരു പരാമര്‍ശമായിരുന്നു അവതാരകന്‍ ആമിര്‍ ലിയാഖത്തില്‍ നിന്നുണ്ടായത്. അവര്‍ രണ്ടുപേരുമായി വളരെ അടുത്തിടപഴകിയൊരാളായതുകൊണ്ട് മാത്രമല്ല, ഒരു സാധാരണ മനുഷ്യനെന്ന നിലയിലും പല തലങ്ങള്‍കൊണ്ടും തെറ്റായിപ്പോയൊരു കാര്യമായിട്ടാണത് തോന്നുന്നത്. മരിച്ചവരെപ്പറ്റി തമാശ പറയുന്നത് അങ്ങേയറ്റം നിര്‍ദ്ദയമായൊരു പ്രവര്‍ത്തിയാണ്. അതൊരു മോശം അഭിരുചിയാണ്. അതുമൂലം അദ്ദേഹത്തേയും എന്നെയും മാത്രമല്ല, രാജ്യത്തെ മൊത്തം ഒരു മോശം വെളിച്ചത്തില്‍ നിര്‍ത്തി. ശ്രീദേവിയുടെയും ഇര്‍ഫാന്‍ ഖാന്റെയും പ്രിയപ്പെട്ടവരോടും ആരാധാകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. ആ പ്രസ്താന അവതാരകന്‍ പറയുമ്പോള്‍ എന്റെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും ഞാന്‍ തീര്‍ത്തും അസ്വസ്ഥനായിരുന്നുവെന്ന്. ആ നിലവാരത്തിലേക്ക് പോകാന്‍ ഞാനൊട്ടും ആഗ്രഹിച്ചിരുന്നില്ല. ആ പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ഇതില്‍ നിന്നും ഞാന്‍ പാഠം പഠിച്ചു, ഞാന്‍ സത്യം ചെയ്യുന്നു ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഞാന്‍ ക്ഷമിച്ചുകൊടുക്കില്ല. എന്നോട് ക്ഷമിക്കൂ, നന്ദി'. അഡ്‌നാന്‍ കുറിച്ചു.

2007 ല്‍ ഇറങ്ങിയ ഇംഗ്ലീഷ് ചിത്രമായ എ മൈറ്റി ഹാര്‍ട്ടില്‍ ഇര്‍ഫാന്‍ ഖാന്റെയും 2017 ല്‍ ഇറങ്ങിയ മോമില്‍ ശ്രീദേവിയുടെയും സഹതാരമായിരുന്നു അഡ്‌നാന്‍ സിദ്ദിഖി. മോമില്‍ ശ്രീദേവിയുടെ ഭര്‍ത്താവിന്റെ വേഷമായിരുന്നു പാക് താരത്തിന്. കറാച്ചി പൊലീസ് ഓഫിസര്‍ ആയിട്ടായിരുന്നു മൈറ്റി ഹാര്‍ട്ടില്‍ വേഷമിട്ടത്.


Next Story

Related Stories