TopTop
Begin typing your search above and press return to search.

വാദിറാം മരുഭൂമിയിലെ 'ആടു ജീവിതം' കഴിഞ്ഞ് പൃഥ്വിരാജ് നാട്ടില്‍; ഇനി നജീബായി വെള്ളിത്തിരയില്‍

വാദിറാം മരുഭൂമിയിലെ ആടു ജീവിതം കഴിഞ്ഞ് പൃഥ്വിരാജ് നാട്ടില്‍; ഇനി നജീബായി വെള്ളിത്തിരയില്‍

ആശങ്കകളും അനിശ്ചിതത്വങ്ങളും അവസാനിച്ചു. ജോര്‍ദാനിലെ വാദിറാം മരുഭൂമിയില്‍ നജീബിന്റെ ആടു ജീവിതം പകര്‍ത്തിവച്ച് പൃഥ്വിരാജ് നാട്ടില്‍ മടങ്ങിയെത്തി. നീണ്ട രണ്ടു മാസമാണ് പൃഥ്വിയും സംവിധായകന്‍ ബ്ലസിയും അടക്കം 58 അംഗ സംഘം ജോര്‍ദാനില്‍ കുടുങ്ങിക്കിടന്നത്. ചിത്രത്തിന്റെ മൂന്നാംഘട്ട ചിത്രീകരണത്തിനായാണ് മാര്‍ച്ച് 15 ന് ഷൂട്ടിംഗ് സംഘം ജോര്‍ദാനില്‍ എത്തിയത്. ഇവരെത്തിയതിനു പിന്നാലെ കോവിഡ് 19 ഭയത്തില്‍ ലോകം സമ്പൂര്‍ണ അടച്ചപൂട്ടിലിലേക്ക് പോയതോടെയാണ് സിനിമയെ വെല്ലുന്ന അനുഭവങ്ങള്‍ പൃഥ്വക്കും സംഘത്തിനും നേരിടേണ്ടി വന്നത്. ഒരര്‍ത്ഥത്തില്‍ മറ്റൊരു ആടു ജീവിതം! നാട്ടിലേക്ക് മടങ്ങാന്‍ പലവഴികളും നോക്കിയെങ്കിലും കാത്തിരിക്കേണ്ടി വന്നു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ വന്ന കാര്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്, ഷൂട്ടിംഗ് പാക് അപ്പ് ആയ വിവരം പങ്കുവച്ചുള്ള പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ലോക് ഡൗണ്‍ കാലത്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടവും ആടു ജിവിതത്തിന് കിട്ടും. ഇതിലൊന്നും സ്ഥിരീകരണം വന്നിട്ടില്ല. 2020 ല്‍ റിലീസ് ചെയ്യാന്‍ ആയിരുന്നു ആദ്യം പദ്ധതിയെങ്കിലും ചിത്രീകരണത്തില്‍ വന്ന കാലതാമസം അതിനു തടസ്സമായി. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ അടുത്ത വര്‍ഷം സിനിമ തിയേറ്ററില്‍ കാണാനുള്ള അവസരം പ്രേക്ഷകര്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ഇതിലൊരു വ്യക്തത കിട്ടാന്‍ ബുദ്ധിമുട്ടാണ്. ജോര്‍ദാനില്‍ ചിത്രീകരിക്കാന്‍ കഴിയാത്ത ഭാഗങ്ങള്‍ക്ക് പകരം ഓപ്ഷന്‍ എന്താണെന്നും അറിയില്ല. മടങ്ങിയെത്തിയവരെല്ലാം 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ പോയിരിക്കുകയാണ്. ക്വാറന്റൈന്‍ ജീവിതത്തിനിടയില്‍ ബ്ലസിയോ പൃഥ്വിയോ മനസ് തുറന്നാല്‍ ആട് ജീവിതത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

മലയാള സിനിമയെ ലോക സിനിമ ഭൂപടത്തില്‍ തന്നെ അടയാളപ്പെടുത്താന്‍ പോകുന്ന ചലച്ചിത്രം എന്ന വിശേഷണം തുടക്കത്തിലെ കിട്ടിയ സിനിമയാണ് ആടു ജീവിതം. ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ആടുജീവിതം' എന്ന നോവലിനെ ആധാരമാക്കിയാണ് ബ്ലസി സിനിമയൊരുക്കുന്നത്. പൂര്‍ണമായും നോവലിനെ പിന്തുടരാതെ, സിനിമയ്ക്കാവശ്യമായ ചില മാറ്റങ്ങള്‍ തിരക്കഥയില്‍ വരുത്തിയിട്ടുണ്ട്. ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബ്ലസി 'ആടുജീവിതം' സിനിമയാക്കുകയാണെന്നു പ്രഖ്യാപിക്കുന്നത്. ആരായിരിക്കും നജീബ് എന്ന ആകാംക്ഷയ്ക്ക് പൃഥ്വിരാജ് എന്ന ഉത്തരം കിട്ടിയതോടെ നോവല്‍ ആസ്വാദകര്‍ക്കൊപ്പം സിനിമ സിനിമ പ്രേമികളും ആവേശത്തിലായി. എന്നാല്‍, വലിയൊരു ക്യാന്‍വാസില്‍ പകര്‍ത്തിയ നോവല്‍ എങ്ങനെ ചലച്ചിത്ര രൂപത്തിലാക്കുമെന്ന ചര്‍ച്ചകളും ഇതിനൊപ്പം ഉയര്‍ന്നിരുന്നു. ഇടക്കാലത്ത് സിനിമയെ കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്തു വരാതായതോടെ 'ആടുജീവിതം' ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരാന്‍ തുടങ്ങി. 2017 ല്‍ ബ്ലസി, ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ആടുജീവിതം എന്ന സിനിമ സംഭവിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ച് രംഗത്തു വന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നു സംവിധായകന്‍ വ്യക്തമാക്കിയതോടെ പ്രേക്ഷകരും വായനക്കാരും വീണ്ടും ആവേശത്തിലായി.

അനിശ്ചിതത്വങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം മറുപടിയായി 2018 മാര്‍ച്ച് ഒന്നിന് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചു. തിരുവല്ലയിലെ അയിരൂരിലായിരുന്നു ആദ്യ ഷെഡ്യൂള്‍. ജോലി തേടി മണലാരണ്യത്തിലേക്ക് പോകുന്നതിനു മുമ്പുള്ള നജീബിന്റെ നാട്ടിലെ ജീവിതം രണ്ടു ഷെഡ്യൂളുകളിലായി ഒരു മാസം കൊണ്ട് കേരളത്തില്‍ പൂര്‍ത്തിയാക്കി. ഇതിനുശേഷം പൃഥ്വി മറ്റ് ചില പ്രൊജക്ടുകളുടെ ഭാഗമായി. ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷമാണ് ആടുജീവിതത്തിന്റെ മൂന്നാം ഷെഡ്യൂളിനായി ബ്ലസി, പൃഥ്വിരാജ് എന്നിവരടക്കം 58 അംഗ സംഘം ജോര്‍ദാനിലേക്ക് യാത്രയാകുന്നത്. നോവലിലെ ഭൂമികയ്ക്ക് യോജിച്ച ലൊക്കേഷനായിരുന്നു ജോര്‍ദാനിലെ വാദിറാം മരുഭൂമി. മരുഭൂമിയിലെ നജീബിന്റെ നരകജീവിതത്തിന്റെ ദൃശ്യവത്കരണമായിരുന്നു വാദിറാമില്‍ ബ്ലസി ഒരുക്കാന്‍ ശ്രമിച്ചതെന്നറിയുന്നു. ജോര്‍ദാന്‍ കൂടാതെ ഈജിപ്തും പ്രധാന ലൊക്കേഷനായിരുന്നു. മൊറോക്കയിലും ചിത്രീകരണം ഉദ്ദേശിച്ചിരുന്നു.

ജോര്‍ദാനില്‍ സംഘം എത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു ലോകം കൊറോണ ഭീതിയിലേക്ക് വീഴുന്നത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യങ്ങളെല്ലാം ലോക് ഡൗണുകളും കര്‍ഫ്യൂകളും ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി രാജ്യങ്ങളെല്ലാം ലോക് ഡൗണുകളും കര്‍ഫ്യൂകളും ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ജോര്‍ദാനിലും കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ ബ്ലസിയും സംഘവും പ്രതിസന്ധിയിലായി. എങ്കിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായത്തോടെ വാദിറാം മരുഭൂമിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. പുറത്തു വന്ന ചില ലൊക്കേഷന്‍ സ്റ്റില്ലുകള്‍, ചിത്രീകരണം പുരോഗമിക്കുന്നതിന്റെ തെളിവുകളായിരുന്നു. എന്നാല്‍, രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

കോവിഡ് ഭീതി ലോകത്തെയാകെ ഉലച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇവരോട് ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കാന്‍ ജോര്‍ദാന്‍ ഭരണകൂടം ആവശ്യപ്പെട്ടതായിരുന്നു. പിന്നീട് ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ ആയിരുന്നു ചിത്രീകരണത്തിന് അനുമതി ലഭിച്ചത്. എന്നാല്‍ മാര്‍ച്ച് 24 ന് വീണ്ടും ചിത്രീകരണം നിര്‍ത്തേണ്ടി വന്നു. ഏപ്രില്‍ എട്ടോടെ സഘത്തിന്റെ വീസ കാലാവധി അവസാനിക്കുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിലാണ് സംഘം ഇന്ത്യ-കേരള സര്‍ക്കാരുകളോട് സഹായം തേടിയത്. പൃഥ്വിരാജ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു; 'ലോകമെമ്പാടുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, 58 അംഗങ്ങളുള്ള ഞങ്ങളുടെ ടീം ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്ന അധികാരികളുടെ ഏറ്റവും വലിയ ആശങ്കയായിരിക്കില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍ ബന്ധപ്പെട്ട എല്ലാവരേയും സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അവ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്നും ഞങ്ങള്‍ക്ക് തോന്നി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനും കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംവിധായകന്‍ ബ്ലസിയും ഇന്ത്യന്‍ സര്‍ക്കാരിനോട് സഹായമഭ്യര്‍ത്ഥിച്ച് ഇ മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഇവരെ നാട്ടില്‍ എത്തിക്കുകയെന്നത് അപ്പോഴത്തെ സാഹചര്യത്തില്‍ അസംഭവ്യമായിരുന്നു. അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തി തുടങ്ങിയാല്‍ മാത്രമെ സംഘത്തിന് ഇന്ത്യയിലെത്താന്‍ സാധിക്കുവെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. അത്തരമൊരു സാഹചര്യമായിരുന്നതിനാല്‍ അവരെ മടക്കിക്കൊണ്ട് വരുന്നതിനേക്കാള്‍ ഷൂട്ടിംഗ് സംഘത്തിന്റെ വീസ കാലാവധി നീട്ടിക്കിട്ടാനായിരുന്നു കേരള സര്‍ക്കാരും ഇന്ത്യന്‍ സര്‍ക്കാരും ശ്രമിച്ചത്.

ആശങ്കളുടെ കാലത്തിലൂടെയാണ് കടന്നു പോകേണ്ടി വന്നതെങ്കിലും സുരക്ഷിതമായ സാഹചര്യത്തിലായിരുന്നു തങ്ങളെന്നായിരുന്നു ജോര്‍ദാനില്‍ നിന്നും സംസാരിച്ചപ്പോള്‍ ബ്ലസി അഴിമുഖത്തോട് പറഞ്ഞത്; 'ഇവിടെ ഞങ്ങളെല്ലാവരും സുഖമായി ഇരിക്കുന്നു. ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല. ഒരു ഡോക്ടര്‍ കൂടെയുണ്ട്. ഒന്നരാടം ദിവസം അദ്ദേഹം സംഘത്തിലെ എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. കൂടാതെ ഇവിടുത്തെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു ഡോക്ടര്‍ ക്യാമ്പില്‍ എത്തി പരിശോധന നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല, എല്ലാവരും ആരോഗ്യവാന്മാരായി തന്നെ ഇരിക്കുന്നു. ഒരു മാസത്തെ ഷൂട്ടിംഗ് നിശ്ചയിച്ചാണ് ഇവിടെ എത്തിയെന്നതിനാല്‍ തന്നെ, അത്രയും നാളേയ്ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് ആവശ്യസാധനങ്ങളും നമ്മള്‍ കരുതിയിട്ടുണ്ടായിരുന്നു. ഇപ്പോഴത് ഉപകാരപ്പെടുന്നുമുണ്ട്. അതേപോലെ താമസ സൗകര്യത്തിന്റെ കാര്യത്തിലും ആശങ്കപ്പെടേണ്ടതായി വരുന്നില്ല'.

നജീബായി മാറാന്‍ പൃഥ്വി നടത്തിയ പരിശ്രമങ്ങളായിരുന്നു 'ആടുജീവിത'ത്തെ ആദ്യം വാര്‍ത്തകളില്‍ നിറച്ചത്. ഒരു നല്ല ജീവിതം സ്വപ്നം കണ്ട് ഗള്‍ഫില്‍ എത്തുകയും എന്നാല്‍ അടിമയായി വര്‍ഷങ്ങളോളം മരുഭൂമിയെിലെ തോട്ടത്തില്‍ മനുഷ്യനാണെന്ന ഓര്‍മപോലും നഷ്ടപ്പെട്ട് നരകജീവിതം ജീവിക്കേണ്ടി വന്ന നജീബ് എന്ന ചെറുപ്പക്കാരാനാകാന്‍ പൃഥ്വി സ്വയം സമര്‍പ്പിക്കുകയായിരുന്നു. ആടുജീവിതത്തിന്റെ പ്രധാന രംഗങ്ങള്‍ക്കായി ജോര്‍ദാനിലേക്ക് വിമാനം കയറുന്നതിനു മുമ്പേ പൃഥ്വി രൂപം കൊണ്ട് പൂര്‍ണമായി നജീബ് ആയി മാറിക്കഴിഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ചിത്രമെന്ന് ആടുജീവിതത്തെ വിശേഷിപ്പിച്ചതില്‍ നിന്നു തന്നെ പൃഥ്വിക്ക് ഈ സിനിമയോടുള്ള ആവേശവും ആത്മാര്‍ത്ഥതയും വ്യക്തമാണ്. മുപ്പത് കിലോയോളം ശരീരഭാരമാണ് നജീബിനു വേണ്ടി താരം കുറച്ചത്. മറ്റ് പ്രൊജക്ടുകളെല്ലാം ആടുജീവിതത്തിനായി മാറ്റിവയ്ക്കുകയും ചെയ്തു. അയ്യപ്പനും കോശിയും എന്ന സിനിമയ്ക്കു ശേഷം ആടു ജീവിതമല്ലാതെ മറ്റൊരു പൃഥ്വി ചിത്രവും തിയേറ്ററില്‍ വരാനും സാധ്യതിയില്ല. എന്നിരുന്നാലും പ്രേക്ഷകരെല്ലാം എത്രനാള്‍ വേണമെങ്കിലും പൃഥ്വിയുടെ നജീബിനെ കാത്തിരിക്കാന്‍ തയ്യാറാകുമെന്നുറപ്പ്. ഒരുപക്ഷേ മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു ചിത്രീകരണാനുഭവുമുള്ള മറ്റൊരു സിനിമ ഉണ്ടായിട്ടുണ്ടാകില്ല. ആട് ജീവിതം കാണുന്നവരിലും അത് യാഥാര്‍ത്ഥ്യമാക്കുന്നവരിലും എന്നും കൊറോണക്കാലത്തെ ജോര്‍ദാന്‍ അനുഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുമെന്നുറപ്പ്; പൃഥിരാജില്‍ അതെക്കാലവും ഉണ്ടായേക്കാം.


Next Story

Related Stories