Top

പൃഥ്വിരാജിന്റെ കടുവ; ആറ് വര്‍ഷത്തിന് ശേഷം ഷാജി കൈലാസ്, ആദം ജോണിനു ശേഷം ജിനു വി എബ്രഹാം

പൃഥ്വിരാജിന്റെ കടുവ; ആറ് വര്‍ഷത്തിന് ശേഷം ഷാജി കൈലാസ്, ആദം ജോണിനു ശേഷം ജിനു വി എബ്രഹാം

ആദം ജോണിനു ശേഷം ജിനു വി എബ്രഹാം പൃഥ്വിരാജിനു വേണ്ടിയൊരുക്കുന്ന മാസ് സിനിമയാണ് കടുവ. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിയുടെ ജന്മദിനത്തില്‍ പുറത്തുവിട്ടത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയി മാറി. ജിനുവിന്റെ രചനയില്‍ ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ട് ഒരിക്കല്‍ കൂടി തങ്ങളെ വിസ്മയിപ്പിക്കുമെന്ന പ്രതീക്ഷയാണ് കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ആ പ്രതീക്ഷ തകരില്ലെന്നാണ് ജിനു വി എബ്രഹാം അഴിമുഖത്തോട് സംസാരിക്കുമ്പോള്‍ ഉറപ്പിച്ച് പറയുന്നതും.

കടുവ ഒരു മാസ് സിനിമ

ആദം ജോണ്‍ കഴിഞ്ഞുള്ള സമയം തൊട്ട് ഞാനിതിന്റെ പിന്നാലെയാണ്. കഴിഞ്ഞ രണ്ടര മൂന്നുവര്‍ഷമെടുത്ത് തയ്യാറാക്കിയ തിരക്കഥയാണ് കടുവയുടേത്. മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ തൊണ്ണൂറുകളില്‍ നടക്കുന്ന കഥയാണ് കടുവ. ഇതൊരു മാസ് സിനിമയാണ്. മാസ് എന്നു വെറുതെ പറയുന്നതല്ല, എന്തുകൊണ്ട് കടുവ മാസ് സിനിമയാണെന്നു പ്രേക്ഷകന് കാര്യകാരണ സഹിതം ബോധ്യപ്പെടും. മമ്മൂട്ടി-ജോഷി ചിത്രമായ സംഘം പോലൊരു സിനിമയായിരിക്കും കടുവയും. വളരെ ശക്തമായ കഥാപാത്രമാണ് പൃഥ്വിരാജ് കടുവയില്‍ ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം സൗത്ത് ഇന്ത്യയിലെ ഒരു വന്‍ താര നിര തന്നെയുണ്ടാകും. അത്രയും കഥപാത്രങ്ങളെ സിനിമ ആവശ്യപ്പെടുന്നുണ്ട്.

ഷാജി കൈലാസ് ചെയ്യേണ്ട സിനിമ

ഞാന്‍ ചെയ്യേണ്ട സിനിമയല്ലിത്. ഞാനോ ഈ ജനറേഷനിലുള്ള ആരെങ്കിലുമോ ചെയ്യേണ്ട സിനിമയുമല്ല. ഒരു മാസ് ഡയറക്ടര്‍ തന്നെ വേണം. ജോഷി സാറിനെ, ഷാജി സാറിനെ പോലുള്ള ഒരാള്‍. അവരല്ലാതെ മറ്റൊരാള്‍ ഈ സിനിമയെടുത്താല്‍ ശരിയാകില്ല. ആദം ജോണ്‍ മറ്റൊരു സംവിധായകനെ പറഞ്ഞ് മനസിലാക്കിക്കാന്‍ കഴിയാത്ത തരത്തിലുള്ള സബ്ജക്ട് ആയിരുന്നു. ഇന്നയാള്‍ എടുത്താല്‍ നന്നാകും എന്നു പറയാനും കഴിയുമായിരുന്നില്ല. എന്നാല്‍ കടുവയുടെ സബ്ജക്ടിന് കൃത്യമായ ഓപ്ഷന്‍ മുന്നില്‍ ഉണ്ടായിരുന്നു. ഞാന്‍ ചെയ്യുന്നതിന്റെ പതിന്‍മടങ്ങ് ഭംഗിയായി ചെയ്യാന്‍ കഴിയുന്ന സംവിധായകനാണ് ഷാജി കൈലാസ്. ഞാനും പൃഥ്വിയും ലിസ്റ്റിന്‍ സ്റ്റീഫനുമെല്ലാം കട്ട ഷാജി കൈലാസ് ഫാനാണ്. അദ്ദേഹത്തോട് ഈ സബ്ജക്ട് പറഞ്ഞപ്പോള്‍ തന്നെ വലിയ എക്‌സൈറ്റഡ് ആയി. സ്‌ക്രിപ്റ്റ് വായിച്ചശേഷം അദ്ദേഹം ഇതിനുവേണ്ടി നന്നായി ഹോം വര്‍ക്കും തയ്യാറെടുപ്പുകളും ചെയ്തിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കണ്ടത്.

പൃഥ്വിരാജിനെ 'കടുവ'യാക്കിയത് എന്റെ സ്വാര്‍ത്ഥത

പൃഥ്വിരാജിനെ കണ്ടല്ല കടുവയുടെ സ്‌ക്രിപ്റ്റ് എഴുതുന്നത്. ആരായിരിക്കണം നായകനെന്ന കാര്യത്തില്‍ രണ്ടോ മൂന്നോ ഓപ്ഷനുകള്‍ ആദ്യം ഉണ്ടായിരുന്നു. പിന്നെ പൃഥ്വിരാജ് എങ്ങനെ ഇതിലേക്ക് വന്നൂ എന്നു ചോദിച്ചാല്‍, അതിലെന്റെ സ്വാര്‍ത്ഥയുണ്ടെന്നും വേണമെങ്കിലും പറയാം. എനിക്ക് പെട്ടെന്ന് സിങ്ക് ആകാന്‍ കഴിയുന്നതും ഞാന്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി മനസിലാകുന്നതുമായ ഒരാളാണ് രാജു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജുവിനെ ഇങ്ങനെയൊരു വേഷത്തില്‍ കാണണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു.


Next Story

Related Stories