TopTop
Begin typing your search above and press return to search.

പൃഥ്വിയും സംഘവും നാട്ടിലേക്ക് മടങ്ങുന്നത് അപ്രായോഗികം, വീസ കാലാവധി നീട്ടിക്കിട്ടാന്‍ ഇടപെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

പൃഥ്വിയും സംഘവും നാട്ടിലേക്ക് മടങ്ങുന്നത് അപ്രായോഗികം, വീസ കാലാവധി നീട്ടിക്കിട്ടാന്‍ ഇടപെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

ജോര്‍ദാനില്‍ കുടുങ്ങി കിടക്കുന്ന പൃഥ്വിരാജ്, സംവിധായകന്‍ ബ്ലസി എന്നിവരടക്കമുള്ള ആടുജീവിതം സിനിമയുടെ അഭിനേതാക്കാളും അണിയറപ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥന സര്‍ക്കാര്‍. സാധ്യമായ എല്ലാ സഹായങ്ങളും ചലച്ചിത്ര സംഘത്തിന് ലഭ്യമാക്കുമെന്ന് സിനിമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് അറിയിച്ചിരിക്കുന്നത്.

ഷൂട്ടിംഗ് മുന്നോട്ടുപോകില്ലാത്ത സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാനാണ് സംഘം ആഗ്രഹിക്കുന്നത്. ഏപ്രില്‍ എട്ടോടെ ഇവരുടെ വീസ കാലവധി അവസാനിക്കുകയും ചെയ്യും. എന്നാല്‍ നിലവിലെ അവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുകയെന്നത് അപ്രായോഗികവുമാണ്. സംസ്ഥാന സര്‍ക്കാരും ചൂണ്ടിക്കാണിക്കുന്ന വിഷയവും ഇതു തന്നെയാണ്. അന്താരാഷ്ട്ര വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് പ്രാവര്‍ത്തികമല്ലെന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. പകരം, വീസ കാലാവധി നീട്ടിക്കിട്ടാനുള്ള സാധ്യതകളാണ് നോക്കിയത്. ഇക്കാര്യത്തില്‍ ആവശ്യമായയ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചിട്ടുണ്ടെന്നും എ കെ ബാലന്‍ വ്യക്തമാക്കുന്നുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ബാലന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദാനില്‍ നടക്കുകയാണ്. ലോകം മുഴുവന്‍ കൊറോണഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണും കര്‍ഫ്യൂ തുടങ്ങിയ നടപടികളും രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ അഭിനേതാക്കളും മറ്റ് സിനിമാ അണിയറപ്രവര്‍ത്തകരും ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു.

വാര്‍ത്തകണ്ടയുടനെ മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും സംസാരിച്ചു. ജോര്‍ദാനില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൂട്ടിംഗ് തുടരുന്നതിനും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവര്‍ക്ക് ലഭിച്ചു.

ഇപ്പോള്‍ വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ. വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ല. സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും.

പൃഥ്വിരാജ്, ബ്ലസി അടക്കും 58 അംഗ സംഘമാണ് ജോര്‍ദാനിലെ വാദി റാം മരുഭൂമിയില്‍ തങ്ങുന്നത്. കോവിഡ് ഭീതി ലോകത്തെയാകെ ഉലച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇവരോട് ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കാന്‍ ജോര്‍ദാന്‍ ഭരണകൂടം ആവശ്യപ്പെട്ടതായിരുന്നു. പിന്നീട് ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ ആയിരുന്നു ചിത്രീകരണത്തിന് അനുമതി ലഭിച്ചത്. എന്നാല്‍ മാര്‍ച്ച് 24 ന് വീണ്ടും ചിത്രീകരണം നിര്‍ത്തേണ്ടി വന്നു. ഇനി ഷൂട്ടംഗ് പുനരാരംഭിക്കുകയെന്നതും തീര്‍ത്തും ദുഷ്‌കരമാണ്. ഏപ്രില്‍ എട്ടോടെ വീസ കാലാവധിയും അവസാനിക്കും. അത്തരമൊരു സാഹചര്യത്തിലാണ് അപ്രായോഗികം എന്നറിഞ്ഞുകൊണ്ട് തന്നെ സംഘം ഇന്ത്യ-കേരള സര്‍ക്കാരുകളോട് സഹായം തേടിയത്. പൃഥ്വിരാജ് തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നത്; 'ലോകമെമ്പാടുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, 58 അംഗങ്ങളുള്ള ഞങ്ങളുടെ ടീം ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്ന അധികാരികളുടെ ഏറ്റവും വലിയ ആശങ്കയായിരിക്കില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍ ബന്ധപ്പെട്ട എല്ലാവരേയും സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അവ അപ്ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്നും ഞങ്ങള്‍ക്ക് തോന്നി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനും കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' കഴിഞ്ഞ ദിവസം സംവിധായകന്‍ ബ്ലസിയും ഇന്ത്യന്‍ സര്‍ക്കാരിനോട് സഹായമഭ്യര്‍ത്ഥിച്ച് ഇ മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഇവരെ നാട്ടില്‍ എത്തിക്കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അസംഭവ്യമാണ്. അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തി തുടങ്ങിയാല്‍ മാത്രമെ സംഘത്തിന് ഇന്ത്യയിലെത്താന്‍ സാധിക്കൂ. അതെന്ന് സംഭവിക്കുമെന്നതും ഇപ്പോള്‍ പറയാന്‍ കഴിയില്ല. അതുകൊണ്ട് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ സഹായം ഷൂട്ടിംഗ് സംഘത്തിന്റെ വീസ കാലാവധി നീട്ടിക്കിട്ടുകയെന്നതാണ്. അതിനാണ് കേരള സര്‍ക്കാരും ഇന്ത്യന്‍ സര്‍ക്കാരും ശ്രമിക്കുന്നത്.


Next Story

Related Stories