TopTop

ഈനാശുവിന്റെ രാജദൂത് ബൈക്കും, പുറന്തള്ളപ്പെട്ടവരുടെ ജീവിതവും, പ്രിയനന്ദന്‍ ലാല്‍ കൂട്ടുകെട്ടില്‍ 'സൈലൻസർ'

ഈനാശുവിന്റെ രാജദൂത് ബൈക്കും, പുറന്തള്ളപ്പെട്ടവരുടെ  ജീവിതവും, പ്രിയനന്ദന്‍ ലാല്‍ കൂട്ടുകെട്ടില്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ കൈയടി നേടിയ ചിത്രം. വൈശാഖന്‍ മാസ്റ്ററുടെ പ്രശസ്തമായ ചെറുകഥ സൈലന്‍സര്‍, അതേ പേരില്‍ ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്‍ സിനിമയാക്കുമ്പോള്‍ അവാര്‍ഡ് ചിത്രമെന്ന ലേബലിന് പുറത്താണ്. പുതിയ കാലത്ത് സാമൂഹിക പ്രസക്തി ഏറിയ ഒരു വിഷയത്തെ സാധാരണക്കാരുടെ ഭാഷയില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

പഴയ സൈക്കിള്‍ റിപ്പയര്‍കാരന്‍ ഈനാശുവിന്റെ ജീവിത സഞ്ചാരമാണ് ഈ സൈലന്‍സര്‍ പറയുന്നത്. ഈനാശുവിന്റെ വിവിധ കാലഘട്ടങ്ങളെ അവതരിപ്പിക്കുന്ന ലാല്‍ ഒരിക്കല്‍ കൂടി മികച്ച നടനാണെന്ന് തെളിയിക്കുകയാണ് സൈലന്‍സറില്‍. കാലം മാറിയതോടെ കൂടെ കൂട്ടിയ രാജദൂത് ബൈക്ക് അയാളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി. മക്കളും ഭാര്യയുമൊക്കെ ഒറ്റപ്പെടുത്തിയതോടെ അയാള്‍ക്ക് എല്ലാം അയാളുടെ പ്രിയപ്പെട്ട വാഹനമായി. പുതിയ കാലഘട്ടത്തിലെ പഴയ രാജദൂത് വാഹനം അയാളുടെ തന്നെ പ്രതീകമാണ്. ഈനാശുവിന്റെ ചിന്തകളും വികാരങ്ങളും വിചാരങ്ങളുമൊക്കെ അറിഞ്ഞാണ് ബൈക്കിന്റെ സഞ്ചാരവും. പ്രായം ഒറ്റപ്പെടുത്തിയതോടെ സമൂഹത്തില്‍ ശബ്ദം നഷ്ടപ്പെട്ട ഈനാശുവിന്റെ ശബ്ദം സൈലന്‍സര്‍ അഴിച്ചു മാറ്റിയ ഈ ബൈക്കാണ്. ഈനാശും അയാളുടെ ബൈക്കും തമ്മിലുള്ള ബന്ധത്തെ ഹൃദ്യമായി അവതരിപ്പിക്കാനും സംവിധായകനും ലാലിനും കഴിഞ്ഞിട്ടുണ്ട്.

ഒരു മണിക്കൂര്‍ 46 മിനിറ്റുള്ള ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത രണ്ട് തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ കൃത്യമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതാണ്. പഴയ തലമുറയിലൂടെ പുതിയ തലമുറയെ അവതരിപ്പിക്കുമ്പോള്‍ അവരെ മോശക്കാരായി ചിത്രീകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഏറെ കുഴഞ്ഞു മറിയാന്‍ സാധ്യതയുള്ള ഒരു വിഷയത്തെ കൈയൊതുക്കത്തോടെ കൈകാര്യം ചെയ്യാനും സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

ഇനാശുവിന്റെ മകന്‍ സണ്ണിയായി എത്തുന്ന ഇര്‍ഷാദിന് നടന്നെന്ന നിലയില്‍ ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രം കൂടിയാണ് ചിത്രത്തിലേത്.ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം ബിനോയ് നമ്പാല അവതരിപ്പിക്കുന്ന പീറ്ററാണ്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസില്‍ ഏറെ ദുരൂഹത ഉണര്‍ത്തുന്ന കഥാപാത്രവും പീറ്റര്‍ തന്നെയായിരിക്കും.

പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ വലിച്ചു നീട്ടലുകളില്ലാതെ അവതരിപ്പിക്കാന്‍ തിരക്കഥകൃത്തായ പി. എന്‍. ഗോപീകൃഷ്ണന്‍ ശ്രമിച്ചിട്ടുണ്ട്. ഈനാശുവിന്റെ സഞ്ചാരത്തോടൊപ്പം സഞ്ചരിക്കാന്‍ ക്യാമറമാനായ അശ്വഘോഷനും കഴിഞ്ഞിട്ടുണ്ട്. സിനിമയെ മനോഹരമാക്കുകയാണ് ഓരോ ഫ്രെയ്മും.

വലിച്ചു നീട്ടലുകളില്ലാതെ വെട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ എഡിറ്റര്‍ മനോജ് കണ്ണോത്തും പശ്ചാത്തല സംഗീതമൊരുക്കിയ ബിജിബാലുമാണ് ചിത്രത്തിന്റെ മറ്റ് പ്രധാന വിജയശില്‍പ്പികള്‍.


Next Story

Related Stories