TopTop
Begin typing your search above and press return to search.

ആമസോണ്‍ പ്രൈമില്‍ സൂപ്പര്‍ ഹിറ്റായി സൈലന്‍സര്‍

ആമസോണ്‍ പ്രൈമില്‍ സൂപ്പര്‍ ഹിറ്റായി സൈലന്‍സര്‍

ആമസോണ്‍ പ്രൈമില്‍ സൂപ്പര്‍ ഹിറ്റായി പ്രിയനന്ദനന്‍ ചിത്രം സൈലന്‍സര്‍ പ്രദര്‍ശനം തുടരുന്നു. ഇന്ത്യയിലും,പുറത്ത് 64 രാജ്യങ്ങളിലുമായി സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യിലും സൈലന്‍സര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചത്.

വൈശാഖന്റെ 'സൈലന്‍സര്‍' എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്റെ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്റെ ഇതിവൃത്തം. കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് മൂക്കോടന്‍ ഈനാശു.ത്രേസ്സ്യ(മീരാ വാസുദേവ്)യാണ് ഈനാശുവിന്റെ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്) ചിത്രത്തില്‍ ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂരിന്റെ പ്രാദേശിക ഭാഷയും സംസ്‌ക്കാരവും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രിയനന്ദനന്റെ 'പാതിരാക്കാല'ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്. ലാല്‍, ഇര്‍ഷാദ്, രാമു, ബിനോയ് നമ്പോല, മീരാവാസുദേവ്, സ്‌നേഹാ ദിവാകരന്‍, പാര്‍ത്ഥസാരഥി, ജയരാജ് വാര്യര്‍ എന്നിവരാണ് അഭിനേതാക്കള്‍.


Next Story

Related Stories