TopTop
Begin typing your search above and press return to search.

തനിക്ക് സൂപ്പര്‍താര പരിവേഷം നല്‍കിയ ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവിനെ രജനികാന്ത് മറന്നില്ല, സമ്മാനം ഒരു കോടിയുടെ വീട്

തനിക്ക് സൂപ്പര്‍താര പരിവേഷം നല്‍കിയ ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവിനെ രജനികാന്ത് മറന്നില്ല, സമ്മാനം ഒരു കോടിയുടെ വീട്

ആദ്യമായി നായകനായ 'ഭൈരവി' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിന് ഒരു കോടി രൂപയുടെ വീട് സമ്മാനിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. രജനികാന്ത് ആദ്യമായി സോളൊ നായകനായ ചിത്രമാണ് എം. ഭാസ്‌കര്‍ സംവിധാനം ചെയ്ത 'ഭൈരവി'. കലൈജ്ഞാനമാണ് ഭൈരവി നിര്‍മ്മിച്ചത്. നിര്‍മ്മാണം കൂടാതെ 'ഭൈരവി'യുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു. 'ഭൈരവി'യോടെയാണ് രജനികാന്തിന് സൂപ്പര്‍സ്റ്റാര്‍ പരിവേഷം ലഭിച്ചു തുടങ്ങിയത്.

സ്വന്തമായി ഒരു വീടു പോലുമില്ലാതെ, ദുരിതത്തില്‍ ആയിരുന്ന കലൈജ്ഞാനത്തിന്റെ അവസ്ഥ നടന്‍ ശിവകുമാറില്‍ നിന്നറിഞ്ഞതിനു പിറകെയാണ് രജനീകാന്ത് വീട് വാങ്ങി നല്‍കിയത്. 'ഭൈരവി' കൂടാതെ 'തങ്കത്തിലെ വൈരം', 'മിരുതംഗ ചക്രവര്‍ത്തി', 'ഇലഞ്ചോഡിഗള്‍', 'കാതല്‍ പടുത്തും പാട്', 'അന്‍പൈ തേടി' തുടങ്ങിയ ചിത്രങ്ങളുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു.


1975 ല്‍ കെ. ബാലചന്ദറിന്റെ 'അപൂര്‍വ്വരാഗങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദര്‍ബാര്‍' ആണ് ഇനി റിലീസ് ചെയ്യാനുള്ള രജനികാന്ത് ചിത്രം. ഏ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്. 'ചന്ദ്രമുഖി', 'കുശേലന്‍', 'ശിവജി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര രജനികാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് 'ദര്‍ബാര്‍'. ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്.

25 വര്‍ഷത്തിനു ശേഷം രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് 'ദര്‍ബാര്‍'. 'തുപ്പാക്കി','ഗജിനി' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്'സര്‍ക്കാറി'നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദര്‍ബാര്‍'. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0'ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് 'ദര്‍ബാറും' നിര്‍മ്മിക്കുന്നത്.


Next Story

Related Stories