TopTop
Begin typing your search above and press return to search.

രഞ്ജിത് ശങ്കര്‍/അഭിമുഖം: ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് സിനിമ നല്‍കുന്നത് ഗതികേടുകൊണ്ട്, തിയേറ്റര്‍ ഉടമകളുടെ ഭയത്തിനും ന്യായമുണ്ട്

രഞ്ജിത് ശങ്കര്‍/അഭിമുഖം: ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് സിനിമ നല്‍കുന്നത് ഗതികേടുകൊണ്ട്, തിയേറ്റര്‍ ഉടമകളുടെ ഭയത്തിനും ന്യായമുണ്ട്

കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ ആഘാതത്തില്‍ വലയുന്നതിനിടയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദവും മലയള സിനിമയില്‍ ഉണ്ടായിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന വാര്‍ത്തയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധത്തിലാണ്. വിജയ് ബാബുവിനെതിരേ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. വിജയ് ബാബുവിനെതിരേ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഒ ടി ടി (ഓണ്‍ലൈന്‍ സ്ട്രീമിംഗ് സര്‍വീസ്) പ്ലാറ്റ്ഫോമില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത് സിനിമ വ്യവസായം നിലനില്‍ക്കുന്നതിന് സഹായകമാകുമെന്ന നിലപാടാണ് ഒരു വിഭാഗത്തിനുള്ളത്. കൊറോണാനന്തര കാലം ലോകമാകെ സിനിമയിലുണ്ടായേക്കാവുന്ന മാറ്റത്തെ ചുവടുപിടിച്ചുള്ള ഈ സംവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് യുവസംവിധായകന്‍ രഞ്ജിത് ശങ്കര്‍. ഒപ്പം ആകുലതകളുടെ ഈ കോവിഡ് കാലത്തെ എങ്ങനെ അതിജീവിക്കണം എന്ന് പറയുകയാണ് അഴിമുഖത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രഞ്ജിത് ശങ്കര്‍ സംസാരിക്കുന്നു.

? എങ്ങനെയാണ് ഈ ലോക് ഡൗണ്‍ കാലത്തെ താങ്കള്‍ അതിജീവിക്കുന്നത്?

പ്രതീക്ഷയോടെ എപ്പോഴും ആക്ടീവായി ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. അപ്രതീക്ഷിതമായിട്ടാണല്ലോ ഇതെല്ലാം സംഭവിച്ചത്. ഈ സമയത്ത് എന്തിനും തയ്യാറായി ഇരിക്കുക. പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ഉടനെ തുടങ്ങാന്‍ ഇരിക്കുകയായിരുന്നു. മനസിലുള്ള ഒരുപാട് സിനിമകളുടെ ആശയങ്ങള്‍ എഴുതാനാണ് പ്രധാനമായും ഞാന്‍ ഈ സമയം വിനിയോഗിക്കുന്നത്. എഴുത്ത് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പരിപാടിയാണ്. ബഡ്ജെറ്റിന്‍റെയും താരങ്ങളുടെയും മറ്റ് യാതൊരു ആകുലതകളും ഇല്ലാതെ തന്നെ വളരെ സ്വാതന്ത്ര്യത്തോടെ മനസിനു ഇഷ്ടമുള്ള വിഷയങ്ങള്‍ ഇപ്പോള്‍ എഴുതാം. അത് സിനിമയാക്കണോ വേണ്ടെയോ എന്ന് പിന്നീട് തീരുമാനിച്ചാല്‍ മതിയല്ലോ. എന്നും രാവിലെ എഴുന്നേറ്റിട്ട് ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതല്ലേ നമ്മള്‍ എഴുതാനിക്കുന്നത്. മനസിനെ എപ്പോഴും സൃഷ്ട്ടിപരമായി എന്‍ഗേജിംഗ് ആക്കി നിലനിര്‍ത്തുക. എഴുത്തിനോടുള്ള മടി കുറഞ്ഞു എന്നതാണ് ഈ ലോക് ഡൌണ്‍ കാലത്തെ ഏറ്റവും വലിയ നേട്ടം. സാധാരണ ഞാന്‍ ചെറിയ കുറിപ്പുകളായും ഒണ്‍ലൈന്‍ ആയും മൊബൈലില്‍ എഴുതി വയ്ക്കാറാണ് പതിവ്. ചിത്രീകരണം തുടങ്ങുന്നതിനു ഒരു മാസം മുന്‍പാണ് അത് തിരക്കഥയായി പേപ്പറിലേയ്ക്ക് പകര്‍ത്തുന്നത്.

ദിവസവും രാവിലെ ഒരു മണിക്കൂര്‍ സമയം വ്യായാമവും അതിനു ശേഷമുള്ള ഷട്ടില്‍ കളിയും മനസിനെയും ശരീരത്തെയും കൂടുതല്‍ ഫ്രഷ്‌ ആക്കുന്നുണ്ട്. തിരക്ക് കാരണം ഇതൊന്നും മുന്‍പ് കൃത്യമായി നടക്കാറില്ലായിരുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഒരുപാട് സമയം ലഭിച്ചു എന്നതാണ് ഈ ലോക് ഡൗണ്‍ കാലത്തെ ഏറ്റവും വലിയ അനുഗ്രഹം. എന്‍റെ കുട്ടിക്കാലത്ത് എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയ സിനിമകള്‍ എല്ലാം രാത്രിയില്‍ കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നു കാണാറുണ്ട്‌.

? ഓരോ ദിവസവും കൊറോണ നമ്മുടെയെല്ലാം ചിന്തകള്‍ക്ക് അപ്പുറത്താണ് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നത്?അതെ. എന്ന് പറഞ്ഞു നമ്മള്‍ മാനസികമായി തകര്‍ന്നു തോല്‍വി സമ്മതിച്ച് വീട്ടില്‍ ഇരിക്കേണ്ട കാര്യമില്ലല്ലോ. അങ്ങനെ വിചാരിച്ചാല്‍ എങ്ങനെയാണ് നമ്മള്‍ മുന്നോട്ടു പോവുക. ഇത്തരം പ്രതിസന്ധികള്‍ ചില കാലത്ത് ലോകത്ത് സംഭവിച്ചിട്ടുണ്ട്. അതിനെ നമ്മള്‍ അതിജീവിച്ചല്ലേ കഴിയൂ. എല്ലാ മേഖലയേയും ഇത് ബാധിക്കുന്നുണ്ട്. സിനിമ പ്രവര്‍ത്തകരും ക്രിയേറ്റീവ് ആയി ചിന്തിക്കുന്നവരും ചെയ്യേണ്ടത് നമ്മുടെ കയ്യിലെ ആയുധങ്ങളെ രാകി മിനുക്കുക എന്നതാണ്. അല്ലാതെ കിട്ടുന്ന സമയത്ത് അലസനായി ഇരുന്നാല്‍ . ഇതില്‍ നിന്ന് പുറത്തു വരുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.

? കഴിഞ്ഞ രണ്ടു ദിവസമായി മലയാളസിനിമയില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിനെക്കുറിച്ചുള്ള വിവാദങ്ങളും ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ആയ താങ്കള്‍ ഈ പ്രശ്നത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

സത്യത്തില്‍ കൊറോണ വരുന്നതിനു മുന്‍പ് തന്നെ OTT പ്ലാറ്റ്ഫോം എന്ന് പറയുന്നത് ഒരു റിയാലിറ്റിയാണ്. ഹോളിവുഡിലും വിദേശ സിനിമയിലും ഒക്കെ ആമസോണും നെറ്റ് ഫ്ലിക്സും വര്‍ഷങ്ങള്‍ക്ക് മുന്നേ വന്നു കഴിഞ്ഞതാണ്. ഇന്ത്യയില്‍ വളരെ അടുത്ത വര്‍ഷങ്ങളില്‍ ആണ് അവര്‍ വന്നു തുടങ്ങിയത്. മലയാളത്തില്‍ ഇവിടുത്തെ താരങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിഫലവും നല്‍കി വലിയ മുതല്‍മുടക്കില്‍ സിനിമ ചെയ്യുന്നത് പ്രധാനമായും തീയേറ്റര്‍ റിലീസ് മുന്‍നിര്‍ത്തിയാണ്. അത് കഴിഞ്ഞു ഓണ്‍ലൈന്‍ സ്ട്രീമിങ്ങും സാറ്റ്ലൈറ്റ് റൈറ്റും കൂടി വിറ്റാല്‍ മാത്രമേ നിര്‍മ്മാതാവിന് സത്യത്തില്‍ ലാഭം ലഭിക്കൂ. ഈ അവസരത്തില്‍ വളരെ കുറഞ്ഞ തുകയ്ക്ക് ഒരു നിര്‍മ്മാതാവ് OTT പ്ലാറ്റ് ഫോമിലേയ്ക്ക് സിനിമ നല്‍കുന്നത് ഗതികേടുകൊണ്ടാണ്. തീയേറ്റര്‍ റിലീസിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന സിനിമ OTT പ്ലാറ്റ്ഫോമിനു നല്‍കുമ്പോള്‍ അവര്‍ എത്ര കാശ് തന്നാലും അത് നഷ്ടമാണ്. കുറച്ചു വര്‍ഷം മുന്നേ നെറ്റ് ഫ്ലിക്സ് കേരളത്തില്‍ വരുമ്പോള്‍ അവര്‍ക്ക് 36000 സബ്സ്ക്രൈബേഴ്സ് ആയിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ അതിനനുസരിച്ചുള്ള വില മാത്രമേ അവര്‍ നമ്മുടെ സിനിമയ്ക്ക് നല്‍കൂ. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ നായകനായ ഗുലാബോ സിതാബോ (Gulabo Sitabo) എന്ന ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് കളക്ഷന്‍ കണക്കാക്കിയാല്‍ 200 കോടി വന്നേയ്ക്കാം. ആ കളക്ഷനുമായി തട്ടിച്ച് നോക്കുമ്പോള്‍ വളരെ കുറഞ്ഞ തുകയ്ക്കു ആയിരിക്കും ആമസോണ്‍ എടുക്കുന്നത്. അപ്പോള്‍ ഇതെല്ലാം ഒരു നിര്‍മാതാവിന്‍റെ നിവൃത്തികേടാണ്. ചെറിയ മുതല്‍മുടക്കില്‍ ഒരുക്കുന്ന അപൂര്‍വ്വം ചില സിനിമകള്‍ക്ക് ചിലപ്പോള്‍ ലാഭം കിട്ടിയേക്കാം എന്ന് മാത്രമേ പറയാന്‍ കഴിയൂ. സിനിമ നിര്‍മ്മിക്കുന്നവരെക്കള്‍ ബുദ്ധിയുള്ളവര്‍ ആണ് ഇത്തരം കമ്പനികള്‍. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞാലും ഒരു നല്ല സിനിമ വന്നാല്‍ തീയേറ്ററില്‍ ജനം ഇടിച്ചുകയറും. കാരണം ഏറ്റവും ചുരുങ്ങിയ ചിലവില്‍ ലഭിക്കുന്ന വിനോദ ഉപാദിയാണ് സിനിമ. ഇപ്പോഴത്തെ അവസ്ഥയില്‍ എത്രകാലം ഒരു നിര്‍മ്മതാവ് കാത്തിരിക്കും. ഓവര്‍സീസ്‌ മാര്‍ക്കറ്റെല്ലാം തുറന്നുവരാന്‍ മിനിമം ഒരു വര്‍ഷം എങ്കിലും കഴിയും. പ്രധാനപെട്ട ഹോളിവുഡ് സിനിമകള്‍ എല്ലാം തന്നെ ഇനി റിലീസ് തീരുമാനിച്ചിരിക്കുന്നത് 2021 ജൂലായ്‌ , ഓഗസ്റ്റ് മാസങ്ങളില്‍ ആണ്. എല്ലാ രാജ്യങ്ങളിലും വിപണി മുന്നില്‍കാണുന്ന അത്തരം സിനിമകള്‍ക്ക് അത്രയും നാളും കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.

? താങ്കള്‍ പറയുന്ന ഇത്തരം യാഥാര്‍ത്യങ്ങള്‍ മനസിലാക്കാതെ വിലക്കുമായി മുന്നോട്ടുപോകും എന്ന് പറയുന്ന ഫിയോക്കിനോടും ഫെഫ്കയോടും ( തീയേറ്റര്‍ ആസോസിയേഷന്‍) എന്താണ് പറയാന്‍ ഉള്ളത്?തീയേറ്റര്‍ അസോസിയേഷന്‍റെ ഭാഗത്ത്‌ നിന്ന് ചിന്തിക്കുമ്പോള്‍ അവര്‍ പറയുന്നതിലും ന്യായം ഉണ്ട്. കാരണം കൊറോണ കാരണം ഏറ്റവും കഷ്ട്ടപ്പെടുന്ന ഒരു വിഭാഗമാണ്‌ അവര്‍. എയര്‍കണ്ടീഷന്‍ ഹാളില്‍ മാത്രമേ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ. പിന്നെ പത്തുപെരോ ഇരുപതുപേരോ വച്ചുകൊണ്ട് ഒരിക്കലും നമുക്കൊരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ രണ്ടു കാര്യങ്ങളും നടക്കാത്ത അവസ്ഥയാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ അവരുടെ ഭയവും ആകുലതകളും ആണ് അവര്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ കൊറോണ എന്ന് അവസാനിക്കുമോ അന്ന് മാത്രമേ തീയേറ്റര്‍ റിലീസിനെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയൂ. ബാക്കിയെല്ലാം തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണ്. EXCLUSIVE: ആഷിഖ് അബു/അഭിമുഖം: സിനിമ നിലനില്‍ക്കുക എന്നതാണ് പ്രധാനം, ഒന്ന് മറ്റൊന്നിനെ തകര്‍ക്കുമെന്ന ഫോര്‍മുല തെറ്റ്

? പുതിയ കാലത്തിന്‍റെ മാറ്റം കൂടി ഉള്‍ക്കൊണ്ടുകൊണ്ട് താങ്കളുടെ സിനിമകളില്‍ ശൈലീപരമായ മാറ്റം പ്രതീക്ഷിക്കാമോ?ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം ആഗ്രഹിക്കുന്നത് അത് തീയേറ്ററില്‍ കാണുന്ന അനുഭവത്തെക്കുറിച്ചാണ്. OTT എന്നോ തീയേറ്റര്‍ എന്നോ തരംതിരിച്ചു സിനിമയെ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമ ചിലപ്പോള്‍ OTT യില്‍ വര്‍ക്കാകാന്‍ സാധ്യതയില്ല. സു..സു..സുധീവാത്മീകവും രാമന്‍റെ ഏദന്‍തോട്ടവും ചിലപ്പോള്‍ OTT യില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. എവിടെ കാണിക്കും എന്ന് നോക്കിയിട്ടല്ല ഞാന്‍ സിനിമ ചെയ്യുന്നത്. എനിക്ക് മനസിനു ഇഷ്ട്ടപ്പെട്ട വിഷയങ്ങള്‍ ആണ് അടിസ്ഥാനപരമായി ഞാന്‍ സിനിമയാക്കുന്നത്. ഒരു സിനിമ തീയേറ്ററില്‍ വരുമ്പോള്‍ ആണ് ഒരു ഫിലിം മേക്കര്‍ക്ക് പ്രേക്ഷകരുടെ നേരിട്ടുള്ള അഭിപ്രായം ലഭിക്കുന്നത്. ഒരു സംവിധായകന്‍റെ മുന്നോട്ടുള്ള യാത്രയിലെ ഏറ്റവും വലിയ ഊര്‍ജമാണത്. ആ കയ്യടികളും അഭിനന്ദനവും പൊട്ടിച്ചിരികളും ഒന്നും തന്നെ OTT യില്‍ നമുക്ക് ലഭിക്കില്ല. അടിസ്ഥാനപരമായി പൊതുജനത്തിന് വേണ്ടിയാണ് സിനിമയുണ്ടാക്കുന്നത്. ബോക്സോഫീസില്‍ ഒരു സിനിമ പരാജയപ്പെട്ടാല്‍ അത് ജനം സ്വീകരിച്ചില്ല എന്ന് മനസിലാക്കി സംവിധായകന് അടുത്ത ചിത്രത്തില്‍ വേണ്ട മാറ്റങ്ങള്‍ക്കു രൂപം കൊടുക്കാന്‍ കഴിയും. OTT യില്‍ അതിനു എത്രത്തോളം അവസരം ഉണ്ട് എന്നറിയില്ല. അതുപോലെ തന്നെ തീയേറ്ററില്‍ വന്നു ആഴ്ചയില്‍ ഒരിക്കല്‍ നാലോ അഞ്ചോ പേരടങ്ങുന്ന ഒരു കുടുംബം സിനിമ കാണുന്നത് കുടുംബ ജീവിതത്തെ സംബന്ധിച്ച് വളരെ പോസിറ്റീവായ കാര്യമാണ്. അത്തരം അനുഭവങ്ങള്‍ എല്ലാം തന്നെ തീയേറ്റര്‍ ഇല്ലാതെ വരുമ്പോള്‍ അപ്രത്യക്ഷ്യമാകും. ടിവിയില്‍ സീരിയല്‍ കാണുന്നതുപോലെ നമുക്ക് ഒരിക്കലും സിനിമ കാണാന്‍ കഴിയില്ല. ഒരു സിനിമ വിജയിച്ചു എന്നും പരാജയപെട്ടു എന്നും എങ്ങനെയാണ് നമ്മള്‍ OTT യിലൂടെ മനസിലാക്കുന്നത്‌? OTT യില്‍ കാശ് കൊടുത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അവിടെ ഇറങ്ങുന്ന എല്ലാ സിനിമകളും കാണും. തീയേറ്ററില്‍ അതല്ലല്ലോ അവസ്ഥ. സിനിമ മികച്ചതാണ് എന്ന അഭിപ്രായം വന്നാല്‍ മാത്രമേ ജനം അത് കാണാന്‍ പോകുകയുള്ളൂ.

? പുതിയ ചിത്രത്തെക്കുറിച്ച്? അത് പറയാറായിട്ടില്ല. തല്‍ക്കാലം ഇതെല്ലം ഒന്ന് കഴിയട്ടെ. Also Read: വിജയ് ബാബു/അഭിമുഖം: അടുത്ത ചിത്രം നിര്‍മ്മിക്കാന്‍ ഞാന്‍ ഉണ്ടായിരിക്കണമെങ്കില്‍ ഈ ചിത്രം വിറ്റു പോണം, മലയാള സിനിമ മാറിയേ തീരൂ

? താങ്കളുടെ കഴിഞ്ഞ ചിത്രമായ കമല തീയേറ്ററില്‍ പരാജയം ഏറ്റുവാങ്ങിയിട്ടുള്ള സിനിമ ആണ്. എന്താണ് കമലയുടെ പരാജയത്തിനു പിന്നുള്ള സാഹചര്യം?

കമല എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് എനിക്ക് ശരിക്കും അറിയില്ല. എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ട്ടപെട്ട സിനിമയാണ് കമല. ഇനിയും അതിന്‍റെ പരാജയത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നിട്ടു വലിയ കാര്യമൊന്നുമില്ല. കാരണം എന്‍റെ അടുത്ത ചിത്രത്തില്‍ പുതിയൊരു കഥയും പുതിയ സാചര്യവും ഒക്കെ ആണ്. അപ്പോള്‍ കമലയില്‍ നിന്ന് പ്രത്യേകിച്ച് ഒന്നും പഠിക്കാനില്ല. പക്ഷേ കമലയില്‍ എനിക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ഒരുപാട് പ്രതീക്ഷയുണ്ട്. അതിന്‍റെ സാറ്റ് ലൈറ്റ് റൈറ്റ് വാങ്ങിയത് മഴവില്‍ മനോരമയാണ്‌. മനോരമ മാക്സ് എന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ കമല പ്രേക്ഷകന് കാണാന്‍ കഴിയും. ഇപ്പോള്‍ പലരും കമല കണ്ടിട്ട് മികച്ച അഭിപ്രായം പറയുന്നുണ്ട്. അതുപോലെ രാമന്‍റെ ഏദന്‍ തോട്ടം തീയേറ്ററില്‍ പരാജയം അറിഞ്ഞ ചിത്രമായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എവിടെപ്പോയാലും പലരും എന്നോട് വന്നു സംസാരിക്കുന്നത് രാമന്‍റെ ഏദന്‍ തോട്ടത്തെക്കുറിച്ചാണ്. ഞാന്‍ ആലോചിക്കുന്നത് ഇവരൊക്കെ എവിടുന്നാണ് ഈ സിനിമ കണ്ടത് എന്നാണ്. ടോറന്‍റിലൂടെ ആണ് കൂടുതല്‍ പേരും ആ ചിത്രം കണ്ടത്. അതിന്‍റെ പല ക്ലിപ്പിങ്ങുകളും യൂട്യൂബില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ്. ഓരോ സിനിമയ്ക്കും ഓരോ യോഗമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കമല തീര്‍ത്തും വ്യത്യസ്തമായ ഒരു ജോണര്‍ ആയിരുന്നു. ആ രീതിയില്‍ തന്നെ പ്രേക്ഷകര്‍ ആ സിനിമ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്. ഒരു സ്ത്രീ വളരെ ബുദ്ധിപരമായി ചെയ്യുന്ന പ്രതികാര കഥയാണ്‌ കമല. അതുകൊണ്ട് തന്നെയാണ് ആ കഥാപാത്രം ചെയ്യാന്‍ ഇതുവരെ മലയാളത്തില്‍ കണ്ടിട്ടില്ലാത്ത ഒരു നടിയെ തെരഞ്ഞെടുത്തത്. റുഹാനി ശര്‍മ്മ വളരെ മനോഹരമായി കമലയെ അവതരിപ്പിച്ചിട്ടുണ്ട്. ആറോ ഏഴോ വ്യക്തിത്വങ്ങളെ ഒളിപ്പിച്ചു വച്ചാണ് ആ കഥാപാത്രത്തെ ഞാന്‍ മെനഞ്ഞെടുതിരിക്കുന്നത്. എന്നാല്‍ പ്രേക്ഷന്‍ അതൊന്നും ഉള്‍ക്കൊണ്ടില്ല. ഞാന്‍ ഒരിക്കലും പ്രേക്ഷനെ കുറ്റപ്പെടുത്തുന്നതല്ല. കമലയുടെ പരാജയത്തിന്‍റെ പൂര്‍ണ്ണമായ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. കമല ചെയ്യുന്നതിന് മുന്‍പ് എനിക്ക് സംവിധാനം എന്ന പരിപാടി സത്യത്തില്‍ ബോറടിച്ചിരുന്നു. കാരണം ഒരു ഡെയിലി റൊട്ടീന്‍ പോലെ സിനിമ ചെയ്യുന്നതിനോട് എനിക്ക് താല്‍പ്പര്യം ഇല്ല. ക്രിയേറ്റീവായി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും ചില എക്സൈറ്റ്മെന്റുകള്‍ വേണ്ടേ. എന്‍റെ മിക്ക സിനിമകളും സാമ്പത്തികമായി വളരെ നല്ല രീതിയില്‍ തന്നെ പോയ ചിത്രങ്ങളാണ്. അങ്ങനെ കുറെ ആയപ്പോള്‍ കുറച്ചു നാള്‍ ഈ പരിപാടി നിര്‍ത്തി വച്ചാലോ എന്ന് ആലോച്ചിരുന്നു. കമല ചെയ്യുന്ന സമയത്ത് വേറെ വലിയ താരങ്ങളെ വച്ച് ഒരുപാട് സിനിമ ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ കമല അത്രത്തോളം ഇഷ്ടപ്പെട്ട വ്യത്യസ്ഥമായ കഥയായിരുന്നു.

? ഇനിയൊരു മമ്മൂട്ടി ചിത്രം പ്രതീക്ഷിക്കാമോ?

വര്‍ഷം എന്‍റെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നാണ്. എവിടെ പോയാലും മമ്മൂക്ക ആരാധകര്‍ ചോദിക്കുന്നത് ഇനി എപ്പോഴാണ് മമ്മൂക്കയും ആയി ഒന്നിക്കുന്നത് എന്നാണ്. സത്യത്തില്‍ മമ്മൂക്കയെ വച്ച് ഒരു സിനിമ ചെയ്യണം എന്ന് മാത്രമായിരുന്നു എന്‍റെ ആഗ്രഹം. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് വര്‍ഷം സംഭവിക്കുന്നത്‌. ഞാന്‍ ആദ്യം പാസഞ്ചറിന്‍റെ കഥയുമായി സമീപിക്കുന്നത് മമ്മൂക്കയെ ആണ്. അന്ന് മറ്റ് ചില കാരണങ്ങള്‍കൊണ്ട് അത് നടന്നില്ല. അതിനു ശേഷം ഞാന്‍ പറഞ്ഞ കഥയാണ്‌ വര്‍ഷം. പിന്നീടും പല പല കഥകള്‍ മമ്മൂക്കയുമായി ചര്‍ച്ച ചെയ്തിരുന്നു. ചില കഥകള്‍ അടുത്ത് എത്തിയതിനു ശേഷം നടക്കാതെ പോയി. എനിക്ക് ലാലേട്ടനെ വച്ചും ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഉണ്ട്. സത്യത്തില്‍ അതിന്‍റെ തിരക്കഥയെല്ലാം പൂര്‍ത്തിയായിട്ടിരിക്കുകയാണ്. ബാക്കിയുള്ള യുവനടന്മാരെയൊക്കെ വച്ച് നമുക്ക് എത്ര സിനിമ വേണമെങ്കിലും ചെയ്യാം. പക്ഷേ മമ്മൂക്കയെ ലാലേട്ടനെയൊക്കെ നായകന്‍മാരാക്കി സിനിമ ചെയ്യുമ്പോള്‍ ആയിരം വട്ടം ആലോചിച്ചിട്ട് വേണം കഥയുണ്ടാക്കാന്‍. എന്നെന്നും പ്രേക്ഷകര്‍ ഓര്‍ത്തു വയ്ക്കുന്ന ഒരു സിനിമ ആയിരിക്കണം അത്.

? ലോകത്തെയും ഇന്ത്യയേയും വച്ച് താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?

സത്യത്തില്‍ കമലയ്ക്കു മുന്‍പ് ഞാന്‍ ചെയ്യാനിരുന്ന ഒരു വിഷയം ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനത്തിന്‍റെ മികവിനെക്കുറിച്ചാണ്. ഞാന്‍ സ്ഥിരം ചെയ്യുന്ന സംമൂഹ്യ പ്രതിബദ്ധതാ സന്ദേശം ഉള്ളതുകൊണ്ട് മാത്രം ചെയ്യാതിരുന്നതാണ്. കഴിഞ്ഞ കുറേക്കാലങ്ങളില്‍ ആയി സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് വിവിധ വകുപ്പുകളിലും പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആരോഗ്യ മേഖലയും വിദ്യാഭ്യാസവും ഒക്കെ ബഹുദൂരം മുന്നിലാണ്. എന്‍റെ മക്കളൊക്കെ പഠിക്കുന്നത് സി.ബി.എസ്. ഇ സിലബസിലാണ്. പക്ഷെ സി.ബി.എസ്. ഇ സിലബസിനെക്കള്‍ നല്ല സിലബസ് കേരള സിലബസ് ആണ്. എന്‍റെ അറിവില്ലായ്മ കൊണ്ട് കുറെ വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാന്‍ അവരെ അവിടെ ആക്കിയതുകൊണ്ടാണ് സ്റ്റേറ്റ് സിലബസിലേയ്ക്ക് മാറാന്‍ അവര്‍ തയ്യറാകാത്തത്. ഒരു സ്വകാര്യ സ്കൂളിലും ഇല്ലാത്ത സംവിധാനങ്ങള്‍ ആണ് ഇപ്പോള്‍ ഉള്ള സര്‍ക്കാര്‍ സ്കൂളില്‍ കാണുന്നത്. സ്മാര്‍ട്ട് ക്ലാസ് റൂം ആണെങ്കിലും ലാബ് സംവിധാനമാണെങ്കിലും വാഹന സൗകര്യം ആണെങ്കിലും എല്ലാം തന്നെ സര്‍ക്കാര്‍ സ്കൂളുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. എന്നാല്‍ ഈ തിരിച്ചറിവ് ഇവിടുത്തെ ഭൂരിപക്ഷ ജനങ്ങള്‍ക്കും വന്നിട്ടില്ല എന്ന് തോന്നുന്നു. ഇപ്പോഴും സര്‍ക്കാര്‍ സ്കൂളിലെ വിദ്യാഭ്യാസത്തിനു എന്തൊക്കെയോ കുറവുകള്‍ ഉണ്ടെന്നു വിചാരിക്കുന്നവര്‍ ഉണ്ട്. അതുകൊണ്ട് തന്നെ കോവിഡ് കാലത്ത് ഇത്രയധികം പ്രതിരോധം കേരളം തീര്‍ക്കുന്നതില്‍ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല. കാരണം ഞാന്‍ കഴിഞ്ഞ വര്‍ഷം തന്നെ സിനിമയ്ക്ക് വേണ്ടി സര്‍ക്കാര്‍ മേഖലകളുടെ മികവിനെക്കുറിച്ച് ശരിക്കും മനസിലാക്കിയിരുന്നു.EXCLUSIVE: ഭദ്രന്‍ സംസാരിക്കുന്നു: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല; സ്ഫടികം പോലും ഞാന്‍ ടിവിയില്‍ കണ്ടിട്ടില്ല(ഫോട്ടോ-നവീന്‍ മുരളി)


Next Story

Related Stories