TopTop
Begin typing your search above and press return to search.

കെ ആര്‍ മോഹനന്‍: ആഴത്തിൽ തൊട്ടുപോയ ഒരു മനുഷ്യൻ-മണിലാല്‍ എഴുതുന്നു

കെ ആര്‍ മോഹനന്‍: ആഴത്തിൽ തൊട്ടുപോയ ഒരു മനുഷ്യൻ-മണിലാല്‍ എഴുതുന്നു

കുറച്ച് നാളുകളായി അങ്ങനെയാണ്, സൗഹൃദങ്ങളിൽ നിന്നും ഈ ലോകം വിട്ടുപോയ മനുഷ്യർ ജീവസുറ്റ സാന്നിദ്ധ്യങ്ങളായി ജീവിതത്തെ നിറക്കുന്നു, മാറ്റിപ്പണിയുന്നു. മോഹനേട്ടൻ,സിനിമാക്കാരനായിട്ടാണ് എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. നവസിനിമക്കൊപ്പം നവസിനിമാ നിരൂപണവുമൊക്കെ പ്രാന്തു പിടിപ്പിച്ച കാലത്ത് മലയാള നാട് വാരികയുടെ അവസാന പേജുകളിൽ അശ്വാത്ഥാമാവ് സിനിമക്ക് മംഗലശ്ശേരിയോ മറ്റോ എഴുതിയ ലേഖനനത്തിന്റെ ഒരു പേജിന്റെ വലത്തേ മുകളറ്റത്ത് കോൺ തിരിഞ്ഞ് നിറചിരിയുമായി ഇരിക്കുന്ന മോഹനേട്ടൻ. അന്ന് തുടങ്ങിയതാ മോഹനേട്ടനുമായുള്ള ആത്മനിവേദം. തമ്മിൽ കാണുന്നത് പിന്നെയും കുറെ കഴിഞ്ഞ്.ആ ചിരി മരിക്കുന്നത് വരേയും, ഇപ്പഴും തുടരുന്നു. ചിരിയെ അതിരിടുന്ന താടി കറുപ്പിൽ നിന്നും പിന്നീട് വെളുപ്പിലേക്ക് മാറിയെന്ന് മാത്രം.പവിത്രൻ, റഹീംവക്കീൽ, ചിന്ത രവി, ടി.വി.ചന്ദ്രൻ, ചിത്രാഞ്ജലിയിലെ സുധീർ, ലെനിൻ രാജേന്ദ്രൻ, എഡിറ്റർ വേണു,പി.ടി, വി കെ - സി വി തുടങ്ങിയ ശ്രീരാമന്മാർ എന്നിവരുടെ ഏതെങ്കിലും സംഘത്തോടൊപ്പമായിരിക്കണം മോഹനേട്ടനെ ആദ്യം കാണുന്നത്. എം.ആർ.രാജനൊപ്പം ഡോക്യൂമെന്ററികൾക്കായി തിരുവല്ലത്തെ ചിത്രാജ്ഞലി സ്റ്റുഡിയോവിലെ ത്രസിപ്പിക്കുന്ന മണം നുകർന്നു നടക്കുമ്പോളാണ് പിന്നീട് കാണുന്നത്. പല സ്ഥലങ്ങളിൽ ,പലരീതിയിൽ , പല സ്വഭാവത്തിൽ ആ കാഴ്ചകൾ മാറുന്നു, മോഹനേട്ടന്റെ വീട് എന്റെയും സ്ഥലമാവുന്നു.തിരുവനന്തപുരത്ത് വന്നാൽ വേറൊരിടത്തും പോകരുത്, മോഹനേട്ടൻ എന്നെ കൈക്കലാക്കി. തൃശൂരിൽ വന്നാൽ ഞാനും അത് തന്നെ പറയും, പെരിങ്ങാവിലെ വലിയ സൗഹൃദങ്ങളിൽ വിലപിടിപ്പുള്ള സാന്നിദ്ധ്യമായിരുന്നു മോഹനേട്ടൻ. വെങ്കിടി, ശശി, ഗൗരി, ടോമി, പ്രസന്നേട്ടൻ, കെ.ആർ മനോജ് തുടങ്ങിയ ഒരു നിര, പിന്നെയും നിരകൾ.. സൗഹൃദങ്ങൾ തിരുവനന്തപുരത്ത് നിറഞ്ഞ സദസിൽ ഓടിക്കൊണ്ടിരുന്നു.ഇടക്ക് ഞാൻ ഷൂട്ടിന് പോകും, മോഹനേട്ടനും പോകും, ചിലതിന് ഞങ്ങൾ ഒരുമിച്ചും ഇറങ്ങും.മലയാള സിനിമാ ചരിത്രത്തിലെ മുദ്രകളായിട്ടും സ്വന്തം സിനിമയെക്കുറിച്ച് ഒരിക്കലും പറയാത്ത മനുഷ്യൻ.സെറ്റിലുണ്ടായ രസങ്ങൾ,കഥകൾ നിരന്തരം പറയും. മൂന്ന് ഫീച്ചറിൽ മോഹനേട്ടൻ സിനിമ ഉപേക്ഷിച്ചു.വെങ്കിടി, ഗൗരി, ശശി തുടങ്ങിയവർ നിർബന്ധിച്ചുകൊണ്ടേയിരുന്നു. പാലക്കാട്ടെ മേതിൽ കോമളൻകുട്ടി പ്രൊഡ്യൂസറുടെ റോളിൽ പ്രലോഭിച്ചിട്ടും മോഹനേട്ടൻ അനങ്ങിയില്ല. മോഹനേട്ടൻ ചാവക്കാട്ടെ സിനിമേതരജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.വൈറ്റ് ബാലൻസ് എന്ന തിരക്കഥ സംവിധായകന്റെ മാനസികവ്യാപാരങ്ങളോടെയും സൂചനകളോടെയും മറ്റു വസ്തുക്കൾക്കൊപ്പം അവശേഷിച്ചു. സൗഹൃദഭാവത്തോടൊപ്പം മോഹനേട്ടന്റെ ഉറക്കവും ശ്രദ്ധേയമാണ്.മോഹനേട്ടൻ ഉറക്കം കുറച്ചെങ്കിൽ സിനിമ മൂന്നിൽ നിന്ന് മുപ്പതെണ്ണമായേനെ, കാർട്ടൂണിസ്റ്റ് ഉണ്ണി തമാശ പറയും. വി.കെ.ജോസഫിന്റെ ലോർക്കയുടെ നഗരത്തിലൂടെ എന്ന സഞ്ചാരപുസ്തകത്തിൽ വിമാനത്തിൽ വെച്ച് പരിചയപ്പെട്ട ഇറാൻ വനിത സമീറയെപ്പറ്റി വിവരിക്കുന്നുണ്ട്. മോഹനേട്ടനൊപ്പമായിരുന്നു ജോസഫ് സ്പെയിനിലേക്ക് ഫിലിം ഫെസ്റ്റിവൽ ക്ഷണിതാക്കളായി പോയത്. ഖൊമീനി ഭരണത്തിൽ നിൽക്കക്കള്ളിയില്ലാതെ പാരീസിലേക്ക് പോയവരാണവർ, കമ്യൂണിസ്റ്റ്. കല, സാഹിത്യം സിനിമ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ സമീറയുമായി ദീർഘനേരം പങ്കിട്ടതായി ജോസഫ്, താൻ അങ്ങനെയൊന്ന് അറിഞ്ഞില്ലെന്ന് മോഹനേട്ടൻ. സമീറയെ വിവരിക്കുന്ന സമയത്ത് പൂട്ടിന് പീരയെന്ന മട്ടിൽ, അപ്പോഴും മോഹനേട്ടൻ ഉറങ്ങുകയായിരുന്നുവെന്ന് ജോസഫ് എഴുതി വെച്ചു. മോഹനേട്ടന്റെ ഉറക്കത്തിന്റെ മറവിൽ ജോസഫ് തീർത്ത ഭാവനയാണോ സമീറ! മോഹനേട്ടൻ ചിരിച്ചു.ദൂരദർശന്റെ ഡോക്യുമെൻററിക്കുവേണ്ടി ഞങ്ങൾ നെയ്യാറ്റിൻകര മുതൽ കാസർകോട് വരെ ആഴ്ചകളോളം ഒരു ട്രാവലിൽ സഞ്ചരിച്ചു.പ്രിയനും കെ ജി ജയനും സൗണ്ട് കൃഷ്ണകുമാറുമൊന്നിച്ച്.ഒന്നിച്ചുണ്ടും ഉറങ്ങിയും അർമാദിച്ചുമുള്ള യാത്ര സൗഹൃദത്തെ അത്രമാത്രം ആഴപ്പെടുത്തി.പയ്യന്നൂരിലെ ഒരു ബാർ ഹോട്ടലിന് നേരെ നടന്ന ഒരാക്രമണത്തിൽ ജനൽച്ചില്ലുകൾ ഒന്നൊന്നായി തകർന്നു വീഴുന്നത് ഞങ്ങൾ അതേ ഹോട്ടൽ മുറിയിലിരുന്ന് ഒന്നിച്ചാസ്വദിച്ചു.ആരായിരുന്നു മോഹനേട്ടൻ.സിനിമാക്കാരൻ സുഹൃത്ത്, സഹോദരൻ...

ഒറ്റവാക്കിൽ, ആഴത്തിൽ തൊട്ടുപോയ ഒരു മനുഷ്യൻ.


Next Story

Related Stories