മലര് എന്ന ഒറ്റ കഥാപ്രായം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ അഭിനേത്രിയാണ് സായ് പല്ലവി. മലയാളത്തില്‍ നിന്നും തമിഴിലേക്കും, തെലുങ്കിലേക്കും ചേക്കേറിയ സായ് പല്ലവി അവിടെയും ഹിറ്റ് നായികയായി. നിലവില്‍ റാണ ദഗുബാട്ടി നായകനായെത്തുന്ന 'വിരട്ട പറവം 1992' എന്ന സിനിമയിലാണ് സായ് പല്ലവി അഭിനയിക്കുന്നത്. സിനിമയ്ക്കുവേണ്ടി വലിയ തയ്യാറെടുപ്പുകളാണ് നടി നടത്തുന്നത്.
ചിത്രത്തില്‍ മാവോയിസ്റ്റായാണ് സായ് പല്ലവി വേഷമിടുന്നത്. ഇതിനായി മുന്‍ നക്സല്‍ നേതാവാണ് നടിയെ പരിശീലിപ്പിക്കുന്നത്. തോക്കില്‍ നിന്നും വെടിയുതിര്‍ക്കുന്നതും ബോംബ് എറിയുന്നതും മറ്റുമുള്ള കാര്യങ്ങളാണ് സായ് പല്ലവി പരിശീലിക്കുന്നത്. നക്സലൈറ്റിന്റെ ശരീരഭാഷ സായ് പല്ലവിക്ക് ലഭിക്കുന്നതിനുവേണ്ടിയാണ് മുന്‍ നക്സല്‍ നേതാവ് തന്നെ സായ് പല്ലവിയെ പരിശീലിപ്പിക്കുന്നത് എന്നാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തില്‍ ഗായികയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് സായ് പല്ലവി ചെയ്യുന്നത്. പക്ഷെ സാഹചര്യങ്ങള്‍ അവളെ നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ചേരാന്‍ നിര്‍ബന്ധിതയാക്കുകയാണ്.
90 കളിലെ ഗുരുതരമായ രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ബാബറി മസ്ജിദ് വിവാദവും ഏക്താ യാത്രാ പ്രതിഷേധവും ഉള്‍പ്പെടുന്ന ഈ പ്രണയകഥയില്‍ റാണ ദഗുബാട്ടി ഒരു പോലീസുകാരനായാണ് വേഷമിടുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന വലതുപക്ഷക്കാരനായാണ് റാണ എത്തുന്നത്. സായ് പല്ലവിയേയും റാണ ദഗുബാട്ടിയേയും കൂടാതെ നന്ദിത ദാസ്, സറീന വഹാബ്, പ്രിയ മണി എന്നിവരും സിനിമയില്‍ പ്രഥാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.