'സുഡാനി ഫ്രെം നൈജീരിയ' എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് സാമുവല്‍ റോബിന്‍സണ്‍. താന്‍ കടുത്ത നിരാശയിലായിരുന്നുവെന്നും ആത്മഹത്യ ചെയ്യുവാന്‍ തയ്യാറെടുത്തിരുന്നുവെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സാമുവല്‍ റോബിന്‍സണ്‍ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഇന്റര്‍വ്യൂവില്‍ സിനിമയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തന്റെ തീരുമാനത്തെ കുറിച്ചും, ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സാമുവല്‍. എന്റെ ജീവിതത്തിനാണ് ജോലിയേക്കാള്‍ വിലയെന്ന് ഞാന്‍ തിരിച്ചറിഞ്ഞെന്നും അതിനെന്നെ സഹായിച്ചത് തെറാപ്പിസ്റ്റാണെന്നും സാമുവല്‍ പറയുന്നു.
തനിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ പിതാവ് വൃക്കരോഗംമൂലവും, പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ അമ്മ കാന്‍സര്‍മൂലവും മരണപ്പെട്ടുവെന്നും സാമുവല്‍ റോബിന്‍സണ്‍ ഇന്റര്‍വ്യൂവില്‍ പറയുന്നു. ഇടത്തരം കുടുംബമായിരുന്നതിനാല്‍ താന്‍ ബോര്‍ഡിങ് സ്കൂളിലായിരുന്നു പഠിച്ചിരുന്നതെന്നും അതിനാല്‍തന്നെ അമ്മയുടെ അവസാന ദിനങ്ങളില്‍ തനിക്ക് ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ലെന്നും. അതിനുശേഷം ബന്ധുക്കളുടെ വീടുകളിലാണ് താന്‍ താമസിച്ചതെന്നും എന്നാല്‍ പതിനഞ്ച് വയസ്സുമുതല്‍ താന്‍ തനിച്ചാണെന്നും റോബിന്‍സണ്‍ തുറന്ന് പറയുന്നു.
കുട്ടിയായിരുന്നപ്പോഴൊക്കെ റിക്ഷയില്‍ പോകുന്നതിന് പകരം താന്‍ നടന്ന് സ്കൂളില്‍ പോകുമായിരുന്നുവെന്നും പലപ്പോഴും ഭക്ഷണം കഴിക്കുകയില്ലായിരുന്നുവെന്നും, ഇത്തരത്തില്‍ സൂക്ഷിക്കുന്ന പണം ഓഡിഷനുകള്‍ക്ക് ഫോട്ടോ എടുക്കാനാണ് ഉപയോഗിച്ചിരുന്നതെന്നും ഇന്റര്‍വ്യൂവില്‍ റോബിന്‍സണ്‍ പറയുകയുണ്ടായി.
ഇന്ത്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നും തനിക്ക് സിനിമ അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ കടുത്ത ഡിപ്രഷന്മൂലം അതൊന്നും സ്വീകരിച്ചില്ലെന്നും സാമുവല്‍ റോബിന്‍സണ്‍ പറയുന്നു. ആദ്യമായാണ് ജീവിതത്തെ കുറിച്ച് സാമുവല്‍ ഒരു മാധ്യമത്തോട് തുറന്ന് സംസാരിക്കുന്നത്.