TopTop
Begin typing your search above and press return to search.

വാനപ്രസ്ഥത്തിനുശേഷം ഇരുപത് വര്‍ഷം; വീണ്ടും ഒന്നിച്ച് മോഹന്‍ലാലും സന്തോഷ് ശിവനും

വാനപ്രസ്ഥത്തിനുശേഷം ഇരുപത് വര്‍ഷം; വീണ്ടും ഒന്നിച്ച് മോഹന്‍ലാലും സന്തോഷ് ശിവനും

നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലും ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും ഒന്നിക്കുന്നു. അഭിനേതാവായ മോഹന്‍ലാലിനെ അഭ്രപാളികളില്‍ പകര്‍ത്തിയ സന്തോഷ് ശിവന്‍ സംവിധായകനാകാന്‍ പോകുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്യാന്‍ ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന ചിത്രത്തിന് സന്തോഷ് ശിവന്‍ ക്യാമറ ചെയ്യും.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ 'ബറോസ്സി'ല്‍ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. വാസ്‌കോ ഡ ഗാമയുടെ റോളില്‍ റഫേല്‍ അമര്‍ഗോ എത്തുമ്പോള്‍ ഗാമയുടെ ഭാര്യാവേഷമാണ് പാസ് വേഗയ്ക്ക്. ചിത്രത്തില്‍ ബറോസ്സായി എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്.

കുട്ടികള്‍ക്കു വേണ്ടിയുള്ള ഫാന്റസി ചിത്രമായ 'ബറോസ്'. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുക. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണിത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ' സംവിധായകന്‍ ജിജോയുടെ കഥയില്‍ നിന്നുമാണ് 'ബറോസ്സി'ലേക്ക് എത്തിയതെന്ന് മോഹന്‍ലാല്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. നവോദയയുമൊത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിജോ പുന്നൂസ് ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

'ഇന്ദ്രജാലം' എന്ന ചിത്രത്തിലാണ് സന്തോഷ് ശിവനും മോഹന്‍ലാലും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. പിന്നീട് 'നമ്പര്‍ 20 മദ്രാസ് മെയില്‍,' 'അപ്പു,' 'അഹം,' 'യോദ്ധ,' ഗാന്ധര്‍വ്വം,' 'പവിത്രം,' നിര്‍ണ്ണയം,' 'കാലാപാനി,' 'ഇരുവര്‍,' 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രത്തില്‍ ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മോഹന്‍ലാല്‍ നിര്‍മ്മാതാവായ 'വാനപ്രസ്ഥ'ത്തിന് വേണ്ടി ആദ്യം ക്യാമറ ചലിപ്പിച്ചത് ഫ്രഞ്ച് ഛായാഗ്രാഹകന്‍ രേനെട്ടോ ബര്‍ത്തോ ആയിരുന്നു. മോഹന്‍ലാലിന്റെ ആവശ്യപ്രകാരം സന്തോഷ് ശിവന്‍ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.


Next Story

Related Stories