TopTop
Begin typing your search above and press return to search.

അത് രഹസ്യകാമനകളുടെ വെടിവഴിപാടായിരുന്നെങ്കിൽ ഇത് പൂരമാണ് പൂരം, സമകാലിക മലയാളിയുടെ ജീവചരിത്രത്തിനൊരാമുഖം- 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'

അത് രഹസ്യകാമനകളുടെ വെടിവഴിപാടായിരുന്നെങ്കിൽ ഇത് പൂരമാണ് പൂരം, സമകാലിക മലയാളിയുടെ ജീവചരിത്രത്തിനൊരാമുഖം- പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

'നിങ്ങൾ മൂന്നു പേർക്കു വേണ്ടി മാത്രമാണ് ഇന്നീ സിനിമ കളിക്കുന്നത്.' ഇന്നലെ രാത്രി വടകരയിലെ തിയറ്ററിനകത്ത് വന്ന് ടിക്കറ്റ് മുറിച്ച മനുഷ്യൻ ഞങ്ങളോടായി പറഞ്ഞ വാക്യമാണിത്. അതെ വെറും മൂന്നു പേർക്കു വേണ്ടി മാത്രം ഒരു സിനിമ! പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമൊക്കെയേ ഡോൾബി തിയറ്ററുകളിൽ ഇത്തരമൊരു അപൂർവ്വാവസരം മുൻപ് ഉണ്ടായിട്ടുണ്ടാവുകയുള്ളൂ! ആ ഗമയിലാണ് ചിത്രം കണ്ടുതീർത്തത്. പക്ഷെ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ഈ സിനിമ തീർച്ചയായും തിയറ്ററിലുണ്ടായിരുന്ന ഞങ്ങൾ മൂന്നു പേരെക്കുറിച്ചല്ല. മറിച്ച് മുഴുവൻ മലയാളിയെക്കുറിച്ചുമുള്ളതാണ്. തീർത്തുപറഞ്ഞാൽ 'മലയാളി എന്ന ഉഡായിപ്പി'ലേക്കുള്ള ഒരു ഒളിക്ക്യാമറാ നോട്ടമാണ് ഈ ചലച്ചിത്രക്കാഴ്ച. 'വെടിവഴിപാട് ' എന്ന ഒരുഗ്രൻ സിനിമയെടുത്ത സംവിധായകൻ ശംഭു പുരുഷോത്തമന്റെ രണ്ടാമത്തെ ചിത്രം. അതെ; മലയാളിയുടെ കപട സദാചാരത്തെ കഴുത്തിനു പിടിച്ചുകുത്തി നിർത്തിയ ആ സിനിമയോർമ്മയില്ലേ. അത് രഹസ്യകാമനകളുടെ വെടിവഴിപാടായിരുന്നെങ്കിൽ ഇത് പൂരമാണ് പൂരം! അത്രയേയുള്ളൂ വ്യത്യാസം. ബൈബിളിൽ എഴുതപ്പെട്ട ഏറ്റവും ഭാരമുള്ള വാക്യങ്ങളിലൊന്നാണ് 'നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ' എന്നത്. ആ വാക്യം പറയപ്പെട്ട, എഴുതപ്പെട്ട അന്നുമുതൽ നമ്മോടൊപ്പമുണ്ട്. ലോകത്തെ ശിക്ഷിക്കാനും ഉപദേശിക്കാനും തുടങ്ങുന്ന സന്ദർഭങ്ങളിലൊക്കെ നമ്മുടെ ഉള്ളിലെ മാന്യന്റെ/ മാന്യയുടെ മനസിൽ മാത്രം ഉയരുകയും താഴുകയും ചെയ്യുന്ന ഒരു കൂറ്റൻ വാക്യം. ആ വാക്യത്തിന്റെ ഉയരവും ആഴവുമാണ് ശംഭു പുരുഷോത്തമൻ ഈ സിനിമയിലൂടെ കാണിച്ചു തരുന്നത്. ശൈലിയിലും പ്രമേയത്തിലും കാഴ്ചയുടെ മറ്റൊരു വ്യാപ്തിയിലേക്കുള്ള, ജീവിതത്തിലേക്കുള്ള മറ്റൊരു ചലച്ചിത്രോദയം. പ്രതാപികളായി ജീവിച്ചിരുന്ന ഒരു ക്രിസ്ത്യൻ കുടുംബം കോടികൾ സ്ത്രീധനം വാങ്ങി മറ്റൊരു ഓർത്തഡോക്സ് കുടുംബവുമായി ഉണ്ടാക്കുന്ന വൈവാഹികബന്ധവും അനുബന്ധമായി നടക്കുന്ന സംഭവങ്ങളും ചേർത്തുവെച്ചാണ് ഈ ആക്ഷേപഹാസ്യ സിനിമ ഒരുക്കിയിരിക്കുന്നത്. ബിസിനസിലുണ്ടായ അപ്രതീക്ഷിത തകർച്ചമൂലം കടക്കെണിയിലായ ആഡംബര പ്രിയരായിരുന്ന കുടുംബം തങ്ങളുടെ പുറത്തറിയാത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷനേടാൻ അതിസമ്പന്നനായ മാത്തച്ചന്റെ മകളുമായുണ്ടാക്കുന്ന വിവാഹക്കരാർ ഉറപ്പിക്കുന്ന ദിവസവും മനസമ്മത ദിവസവും ചേർത്തുവെച്ച് അതിനൊപ്പം പുതിയ കാലവും ബന്ധങ്ങളും അതിനെ നിർണയിക്കുന്ന മൂല്യവ്യവസ്ഥയും ധാർമ്മിക രോഷവുമൊക്കെ വെളിച്ചപ്പെടുന്ന ഒന്നുരണ്ടു ദിവസങ്ങളിലെ കഥ. മറ്റൊരർത്ഥത്തിൽ ഓരോരുത്തരും ഒളിപ്പിച്ചു വെച്ചു നടക്കുന്ന ദീർഘകാലത്തെ കഥ! അതിൽ അമ്മയോ മകനോ പള്ളിയോ അച്ഛനോ അളിയനോ ആരും നിഷ്കളങ്കരല്ല. തങ്ങളുടെ ഉള്ള് മറ്റുള്ളവരാൽ വെളിച്ചപ്പെടുമ്പോൾ ഓരോരുത്തരും കുറ്റവാളികളായിത്തീരുന്ന അസാധാരണത്വം നിറഞ്ഞ നാടകീയത. രോഹന്റെയും ലിൻഡയുടെയും മനസമ്മതത്തിനു കടന്നു വരുന്ന ഒരൊറ്റ മനുഷ്യനെയും ഈ സിനിമ വെറുതെ വിടുന്നില്ല. കൊട്ടിഘോഷിക്കപ്പെടുന്ന മലയാളിയുടെ ആന്തരിക യാഥാർത്ഥ്യങ്ങളുടെ അനേകമനേകം അകലോകങ്ങളെ വെളിപ്പെടുത്തി തൊലിയുരിച്ച് പിൻവാങ്ങുന്ന ഈ സിനിമ മലയാളിക്കു മുന്നിലെ ഒരു രഹസ്യമറ തന്നെയാണ്‌. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നും, അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കുമെന്നും മനസമ്മതത്തിനിടയിയിൽ നിന്ന് പള്ളിക്കകത്തുവെച്ച് നിന്ന് നാം രണ്ടു പേരിൽ നിന്നായി കേൾക്കുന്നുണ്ട്. ഇതാണ് ഈ സിനിമയുടെ ഒരു പൊരുൾ. ഇതിലേക്കു കൂടിയുള്ള വിടർത്തലാണ് സിനിമയിലെ ഓരോ ദൃശ്യവും. എല്ലാത്തരം അധികാര ബന്ധങ്ങളെയും, കുടുംബ ബന്ധങ്ങളെയും, അംഗീകാരങ്ങളെയും പണമാണ് ഇന്ന് നിർണയിക്കുന്നതെന്ന് ഈ സിനിമ വിധി പറയുന്നുണ്ട്. വിവാഹം പോലും വില കൂടിയ വസ്തുക്കൈമാറ്റത്തിനു തുല്യമായ കച്ചവട മാത്രമായി അധപതിച്ച രണ്ടു കുടുംബ ജീവിതങ്ങളെയാണ് സിനിമ അഭിസംബോധന ചെയ്തു തുടങ്ങുന്നതെങ്കിലും വിവാഹേതരബന്ധത്തിന്റെ പലതരം ഒളിയിടങ്ങളിലേക്കാണ് അവസാനം ഈ സിനിമ ചെന്നുമുട്ടുന്നത്. അതേസമയം ഈ സിനിമ മനുഷ്യബന്ധങ്ങളുടെ ഒരു സ്വതന്ത്രലോകം തന്നെ സ്വപ്നം കാണുന്നുമുണ്ട്. കാരണം രോഹന്റെയും ലിൻഡയുടെയും വിവാഹ നിശ്ചയത്തിൽ തുടങ്ങുന്ന സിനിമ സമുദായത്തിന്റെ കർക്കശമായ വിലക്കുകളിൽപ്പെട്ട് വിവാഹിതരാവാൻ കഴിയാതെ പോയ മനുഷ്യർ രഹസ്യമായനുഭവിച്ച ജീവിതങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും ആനന്ദങ്ങളിലേക്കും കൂടിയുള്ള സ്വപ്ന/ സ്വർഗവാതിൽ തുറന്നു വെച്ചു കൊണ്ടുകൂടിയാണ് അവസാനിപ്പിക്കുന്നത്. വെടിവഴിപാടുപോലെ പണിക്കുറ്റം തീർന്ന സിനിമയാണോ എന്നു ചോദിച്ചാൽ അല്ല. മേക്കിംഗിലേക്കു നോക്കിയാൽ പ്രേക്ഷകർക്ക് കല്ലെറിയാനുള്ള അപൂർവ്വം സന്ദർഭങ്ങളെങ്കിലും ഈ സിനിമ ബാക്കി വെച്ചിട്ടുണ്ട്. അപ്പോഴും മലയാളത്തിലെ പുതുമ നിറഞ്ഞ സ്ഥലത്തുതന്നെ ഈ സിനിമയ്ക്കു നിൽക്കാനുള്ള യോഗ്യതയുണ്ട്. കാരണം സിനിമയുടെ പ്രമേയം മലയാളിയുടെ സമകാലിക ജീവചരിത്രമാണ്. ഇത്തരം ജീവചരിത്രങ്ങളുടെ സിനിമാസറ്റയർ മലയാളത്തിൽ കുറ്റിയറ്റ വംശമാണല്ലോ. വിനയ് പോർട്ട്, അലൻസിയർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, ടിനി ടോം, സൃന്ദ, അനുമോൾ, സുനിൽ സുഖദ തുടങ്ങിയവരുടെ സാന്നിധ്യം സിനിമയെ മികവുറ്റതാക്കി.കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശത്തിൽ ഏവരും സുരക്ഷിതർ. ജോമോൻ തോമസാണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഡോൺ വിൻസെന്റ് പശ്ചാത്തല സംഗീതം ആക്ഷേപഹാസ്യ ചിത്രത്തിനനുയോജ്യമായ രീതിയിൽത്തന്നെ നിർവഹിച്ചിട്ടുണ്ട്. ശംഭു പുരുഷോത്തമന്റെ ഒന്നാമത്തെ ചിത്രവും രണ്ടാമത്തെ ചിത്രവും ഒന്നാന്തരം തന്നെ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളിയെക്കുറിച്ച് രണ്ടായിരത്തിന്റെ തുടക്കത്തിൽ എ.സി ശ്രീഹരി ആറ്റൂരിന്റെ 'ഓട്ടോവിൻ പാട്ട് ' എന്ന കവിതയ്ക്ക് 'എവിടെ ലോൺ' എന്നൊരു പാരഡി ക്കവിത എഴുതിയിരുന്നു. ആ കവിത ലോണെടുത്ത പണം ചേർത്തുവെച്ച് അഭിമാനമുണ്ടാക്കുന്ന മംഗലശേരി നീലകണ്ഠനിലൂടെ സമകാലികനായ സമഗ്ര മലയാളിയെയാണ് അവതരിപ്പിച്ചത്. എല്ലാം കഴിഞ്ഞ് അവസാനം എല്ലാവരും അയാളെ കല്ലെറിയുന്നു. 'പകൽ വെട്ടം പോലെയല്ലോ നാട്ടുകാരും വീട്ടുകാരും കെട്ടിയോളും കുട്ടികളും കല്ലെറിഞ്ഞു. ലോണുവാങ്ങാത്തോരുമാത്രം കല്ലെറിഞ്ഞാൽ മതിയെന്ന് നിലവിളിച്ചു നീലകണ്ഠൻ ' കടം വാങ്ങിയ പണമുണ്ടാക്കിയ അഭിമാനത്തിനിടയിലൂടെ കയറി വന്ന മലയാളി. ആ പെരുമ പേറുന്ന മലയാളീവർത്തമാനത്തിന്റെ ഒളിപ്പടർപ്പുകളിലേക്കാണ് ശംഭു പുരുഷോത്തമനും തന്റെ നോട്ടമയച്ചത്. കണ്ടവർ കണ്ടവർ തങ്ങളുടേതു മാത്രമായ പാപബോധത്തിന്റെ വേലിയേറ്റങ്ങളുമായല്ല തിയറ്റർ വിടുക.മറിച്ച് തങ്ങളോരോരുത്തരും എല്ലാവരെയും പ്രതിനിധാനം ചെയ്യുന്നല്ലോ എന്നാശ്ചര്യപ്പെട്ടാണ്. ആ ആശ്ചര്യം എന്നിലുമുണ്ടാക്കിയതിന് സംവിധായകനോട് ആദരവ്.

*ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories