TopTop
Begin typing your search above and press return to search.

'ഞാനും ക്ഷമിച്ചതാണ്, അതുപോലെ ഇതും ക്ഷമിക്കും എന്നാണ് പ്രതീക്ഷ', മനോരാഗി പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഷെയിൻ നിഗം

ഞാനും ക്ഷമിച്ചതാണ്, അതുപോലെ ഇതും ക്ഷമിക്കും എന്നാണ് പ്രതീക്ഷ, മനോരാഗി പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഷെയിൻ നിഗം

യുവ നടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട് ഉടലെടുത്ത മലയാള സിനിമാ രംഗത്തെ തർക്കത്തിൽ പരിഹാരനീക്കങ്ങൾക്ക് തിരിച്ചടിയായി തിരുവനന്തപുരത്ത് നടത്തിയ മനോരോഗി പ്രസ്താവനയിൽ ക്ഷമാപണം നടത്തി താരം. കഴിഞ്ഞ ദിവസം ഐഎഫ്എഫ്കെ വേദിയിൽ വച്ചായിരുന്നു ഷെയിൻ നിർമ്മാതാക്കൾക്കെതിരെ രംഗത്തെത്തിയത്. സിനിമയിൽ തനിക്കു വിലക്കുകല്പിച്ച നിർമാതാക്കൾക്ക് മനോരോഗമാണോ മനോവിഷമമാണോ എന്നായിരുന്നു ഷെയ്നിന്റെ പരാമർശം. എന്നാൽ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ഷെയിൻ വിശദീകരിക്കുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.

ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിക്കുകയും, ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയതെന്നും ഷെയിൻ ന്യായീകരിക്കുന്നു. തന്നെ കുറിച്ച് നേരത്തെ നിർമ്മാതാക്കൾ ഉയർത്തിയ വാക്കുകളും ആരോപണങ്ങൾ പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസം. അന്ന് താൻ ക്ഷമിക്കുകയാണ് ഉണ്ടായത്. അതുപോലെ ഇത്തവണ തന്നോടും ക്ഷമിക്കും എന്ന പ്രതീക്ഷയുണ്ടെന്നും ഷെയിൻ പറയുന്നു.

വിവാദപരാമർശത്തിന് പിന്നാലെ സമവായനീക്കങ്ങളിൽ നിന്ന് താര സംഘടനയും ഫെഫ്കയും പിൻമാറുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് നടപടി. നിര്‍മ്മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ച് നിലപാട് മാറ്റുമ്പോൾ അത്തരം ഒരാളുമായി എങ്ങനെ ചർച്ച നടത്തും എന്നാണ് നിർമ്മാതാക്കളുടെ സംഘടനയും നിലപാട് വ്യക്തമാക്കിയിരുന്നു. ഇതോടെ ഒത്ത് തീരുമെന്ന് പ്രതീക്ഷിച്ച വിവാദം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു. എന്നാൽ താൻ ആരാധിക്കുന്ന എന്റെ ദൈവവും വിശ്വസിക്കുന്ന സംഘടനയും എന്നും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നെന്നും ഷെയിൻ പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പുർണ്ണരൂപം....

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു... എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.


Next Story

Related Stories