TopTop
Begin typing your search above and press return to search.

ബാത്ത് റൂമില്‍ ഒളിച്ചിട്ടില്ല, പാര്‍ട്ടിയും നടത്തിയിട്ടില്ല; അശ്രദ്ധ കാണിച്ചത് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ്; വെളിപ്പെടുത്തലുകളുമായി കനിക കപൂര്‍

ബാത്ത് റൂമില്‍ ഒളിച്ചിട്ടില്ല, പാര്‍ട്ടിയും നടത്തിയിട്ടില്ല; അശ്രദ്ധ കാണിച്ചത് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ്; വെളിപ്പെടുത്തലുകളുമായി കനിക കപൂര്‍

ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിന്റെ വീഴ്ച്ചകളാണ് തന്റെമേലുള്ള ആരോപണങ്ങള്‍ക്കെല്ലാം പിന്നിലെന്നു ബോളിവുഡ് ഗായിക കനിക കപൂര്‍. കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ മറച്ചു വച്ചു പൊതുപരിപാടിയില്‍ പങ്കെടുക്കുക വഴി രാഷ്ട്രപതിയെ വരെ വൈറസ് ബാധയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ് കനിക. ലണ്ടനില്‍ നിന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയ സമയത്ത് വിമാനത്താവളത്തില്‍ നിര്‍ബന്ധമായും വിധേയമാകേണ്ട ആരോഗ്യസുരക്ഷ പരിശോധനകള്‍ക്ക് വിധേയയായില്ലെന്നും രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടും പാര്‍ട്ടി നടത്തി എന്നതടക്കമാണ് കനികയ്‌ക്കെതിരേയുള്ള പരാതികള്‍. ഗായികയ്‌ക്കെതിരേ പൊലീസ് കേസ് എടുത്തിട്ടുമുണ്ട്. എന്നാല്‍ വീഴ്ച്ചയും ജാഗ്രതയില്ലായ്മയും സംഭവിച്ചത് തനിക്കല്ലെന്നും ആരോഗ്യവകുപ്പിനാണെന്നുമാണ് കനിക ആരോപിക്കുന്നത്. അങ്ങോട്ട് ആവിശ്യപ്പെട്ടിട്ടുപോലും തന്റെ കാര്യത്തില്‍ അവഗണന കാണിക്കുകയായിരുന്നു ഉദ്യോദസ്ഥരെന്നുമാണ് കനിക പരാതിപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്. വിമാനത്താവളത്തില്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയാകാതെ രക്ഷപ്പെട്ടെന്ന ആരോപണങ്ങള്‍ അവര്‍ നിഷേധിക്കുകയാണ്. വിമാനത്താവളത്തില്‍ സ്‌ക്രീനംഗിന് വിധേയയാകാതിരിക്കാന്‍ ശുചിമുറിയില്‍ ഒളിച്ചിരുന്നുവെന്നാണ് കനികയ്‌ക്കെതിരേയുള്ള ആരോപണം. എന്നാലിത് വെറും കിവംദന്തി മാത്രമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ചപ്പോള്‍ കനിക പറഞ്ഞത്. അന്താരാഷ്ട്ര വിമാനത്തില്‍ വന്നിറങ്ങുന്ന ഒരാള്‍ക്ക് എങ്ങനെയാണ് എമിഗ്രേഷനിലെ സക്രീനിംഗ് ഒഴിവാക്കി പോകാന്‍ സാധിക്കുകയെന്നാണ് കനിക ചോദിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ താന്‍ സ്‌ക്രീനിംഗിന് വിധേയയായെന്നും അന്നേ ദിവസം താന്‍ മുംബൈയില്‍ തന്നെ തമാസിക്കുകയും ചെയ്‌തെന്നും കനിക പറയുന്നു. 'എന്നാല്‍ വര്‍ക്കുകളൊന്നും നടക്കാതിരിക്കുകയും നഗരം തന്നെ അടഞ്ഞു കിടക്കുകയും ചെയ്യുന്ന സാഹചര്യമായതിനാല്‍, വീട്ടിലേക്ക് വരാന്‍ അച്ഛനുമമ്മയും പറഞ്ഞു. അങ്ങനെയാണ് മാര്‍ച്ച് 11 ന് രാവിലത്തെ വിമാനത്തില്‍ ലക്‌നൗവില്‍ എത്തുന്നത്. വിദേശത്തു നിന്നും വന്നവര്‍ സ്വയം നിരീക്ഷണത്തിനു വിധേയമാകണമെന്നു യാതൊരുവിധ സര്‍ക്കാര്‍ നിര്‍ദേശങ്ങളും ലക്‌നൗ വിമാനത്താവളത്തില്‍ നിന്നും കിട്ടിയിരുന്നില്ല. പിന്നെ ഞാന്‍ അതിനു വിധേയമാകണമെന്ന് എങ്ങനെ കരുതും? മാത്രമല്ല, മുംബൈയില്‍ നടത്തിയ പരിശോധനയില്‍ എനിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്തിയിട്ടുമില്ല. അവിടെ നിന്നും പോരുംവരെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നില്ല. ഒരുപക്ഷേ, നാലു ദിവസങ്ങള്‍ക്കു മുമ്പായിരിക്കാം ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്; കനികയുടെ വാക്കുകള്‍. ലണ്ടനില്‍ വന്നശേഷം രോഗവിവരം മറച്ചു വച്ച് കനിക ഒരു പാര്‍ട്ടി നടത്തിയെന്നും അവര്‍ക്കെതിരേ പരാതിയുണ്ട്. ഈ പാര്‍ട്ടിയില്‍ ബിജെപി എം പി ദുഷ്യന്ത് സിംഗ്, അദ്ദേഹത്തിന്റെ അമ്മയും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമടക്കമുള്ള പ്രമുഖരും പങ്കെടുത്തിരുന്നു. ഇരുവരും ഇപ്പോള്‍ സെല്‍ഫ് കോറന്റൈനില്‍ ആണ്. ദുഷ്യന്തുമായി ബന്ധപ്പെട്ടിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാനും അപ്‌ന ദള്‍ നേതാവും പാര്‍ലമെന്റ് അംഗവുമായ അനുപ്രിയ പട്ടേലും സ്വയം നിരീക്ഷണത്തിനു വിധേയരായിട്ടുണ്ട്. രോഗബാധയുടെ സൂചനയുണ്ടായിട്ടും വിരുന്ന് സംഘടിപ്പിച്ച സംഭവത്തിന് പിന്നലെ എംപിമാര്‍ മുതല്‍ രാഷ്ട്രപതി വരെയുള്ളവര്‍ക്ക് രോഗ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പൊലീസ് കനികയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 'അലക്ഷ്യമായി പെരുമാറി', പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കി എന്നി കുറ്റങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശ് പൊലീസ് കനികയ്‌ക്കെതിരെ കേസെടുത്തത്. ലക്നൗ ചീഫ് മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ സരോജിനി നഗര്‍ പോലീസാണ് കേസെടുത്തത്. ഐപിസി 269, 270, 188 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കനികയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കമ്മീഷ്ണര്‍ സുര്‍ജിത്ത് പാണ്ഡെ വ്യക്തമാക്കി. എന്നാല്‍ താന്‍ പാര്‍ട്ടി നടത്തിയിട്ടില്ലെന്നാണ് കനിക കപൂര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. ചെറിയൊരു ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. ഇതേക്കുറിച്ച് വസുന്ധര രാജെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ആ പാര്‍ട്ടിയില്‍ ദുഷ്യന്ത് സിംഗ് അടടക്കമുള്ള ഏതാനും രാഷ്ട്രീയക്കാര്‍ ഉണ്ടായിരുന്നു. അതൊരിക്കലുമൊരു വലിയ പാര്‍ട്ടിയായിരുന്നില്ല. ഞാനതില്‍ ഒരു അതിഥി മാത്രമായിരുന്നു, ആതിഥേയ ആയിരുന്നില്ല. ആ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെയെല്ലാം വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുമുണ്ട്. താന്‍ കൊറോണ ജാഗ്രതയെ നിസ്സാരമായി കണ്ടിട്ടില്ലെന്നും അത്തരം ആരോപണങ്ങള്‍ ശരിയല്ലെന്നും കനിക പറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്താണ് വീഴ്ച്ചകളുണ്ടായതെന്നാണ് കനിക ആരോപിക്കുന്നത്. എന്റെ സുഹൃത്തായ ഒരു ഡോക്ടറെയാണ് ബന്ധപ്പെട്ടത്. അവര്‍ എന്റെ രക്ത സാമ്പിളുകള്‍ പരിശോധിച്ചു. അതിനുശേഷം ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചു കാര്യം പറഞ്ഞു. എന്നാല്‍, എന്റെ സാമ്പിളുകള്‍ പരിശോധിച്ചശേഷം ആരോഗ്യവകുപ്പില്‍ നിന്നും അറിയിച്ചത്, വെറും പനി മാത്രമാണെന്നും കൊറോണ വൈറസ് സാന്നിധ്യം ഇല്ലെന്നുമായിരുന്നു. എന്നാല്‍, ഞാനത് അംഗീകരിക്കാന്‍ തയ്യാറായില്ല, കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് അവരോട് ആവശ്യപ്പെട്ടു. ഞാനവരെ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ശല്യം സഹിക്കാതെയാവണം ചീഫ് മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ എന്റെ സാമ്പിളുകള്‍ വീണ്ടുമെടുത്ത് പരിശോധിക്കാന്‍ ആയച്ചത്. ഞാനിതെല്ലാം നിസ്സാരമായാണ് കണ്ടിരുന്നതെങ്കില്‍ ഞാനങ്ങോട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ശല്യപ്പെടുത്തുമായിരുന്നോ? പലവട്ടം അഭ്യര്‍ത്ഥിച്ചിട്ടും മൂന്നു ദിവസം കഴിഞ്ഞാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്റെ സാമ്പിളുകള്‍ ശേഖരിക്കുന്നതും ടെസ് നടത്തുന്നതെന്നുമോര്‍ക്കണം. കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ ഞാന്‍ എന്റെ മുറിയില്‍ തന്നെ കഴിയുകയാണ്. ഇനി പറയൂ, ആരാണ് അശ്രദ്ധ കാണിച്ചത്, ഞാനാണോ? എന്നാണ് കനിക കപൂര്‍ ടൈംസ് ഓഫ് ഇന്ത്യയോട് താനുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുചോദ്യം ഉയര്‍ത്തുന്നത്.


Next Story

Related Stories