TopTop
Begin typing your search above and press return to search.

മോദിയും മാർട്ടിൻ നോർദാലും തമ്മിലെന്ത്? പൗരത്വ ബിൽ കാലത്ത് എന്തുകൊണ്ട് 'സണ്‍സ് ഓഫ് ഡെന്മാര്‍ക്ക്' കാണണം

മോദിയും മാർട്ടിൻ നോർദാലും തമ്മിലെന്ത്? പൗരത്വ ബിൽ കാലത്ത് എന്തുകൊണ്ട് സണ്‍സ് ഓഫ് ഡെന്മാര്‍ക്ക് കാണണം

സൺസ് ഓഫ് ഡെന്മാർക്ക് (DANMARKS SONNER) എന്ന സിനിമയിലെ മാർട്ടിൻ നോർദാൽ എന്ന കഥാപാത്രത്തിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും താടിയിൽ മാത്രമല്ല രാഷ്ട്രീയത്തിലുമുണ്ട് സമാനതകൾ. മോദിയുടെ മാത്രമല്ല, എല്ലാ വലതുപക്ഷ നേതാക്കളുടേയും പ്രതിച്ഛായയാണ് മാർട്ടിൻ നോർദാൽ. നാഷണലിസ്റ്റ് മൂവ്മെൻ്റ് എന്ന മുസ്ലീം വിരുദ്ധ, കുടിയേറ്റ വിരുദ്ധ, തീവ്ര വലതുപക്ഷ പാർട്ടിയും 'സൺസ് ഓഫ് ഡെന്മാർക്ക്' എന്ന നിയോനാസി സംഘടനയും കാല - ദേശാന്തരങ്ങളിൽ വ്യത്യസ്ത പേരുകളിൽ പുനർജനിച്ചുകൊണ്ടിരിക്കുന്നു എന്ന് ഉലാ സലീം സംവിധാനം ചെയ്ത രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമ പറയുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ തീവ്ര വലതുപക്ഷ പാർട്ടികൾ അധികാരം നേടുകയും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വലതുപക്ഷം അധികാരത്തിലെത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യൂറോപ്പിൻ്റെ വംശീയതയേയും ഇസ്ലാമോഫോബിയയേയും കുടിയേറ്റ വിരുദ്ധതയേയും തുറന്നുകാട്ടുന്ന സിനിമ, എന്താണ് ഭീകരവാദം എന്നത് രാഷ്ട്രീയ സത്യസന്ധതയോടെ അന്വേഷിക്കുന്നത്. സൺസ് ഓഫ് ഡെന്മാർക്ക് (ഡെന്മാർക്കിൻ്റെ പുത്രന്മാർ) അതിൻ്റെ പേരിൽ തന്നെ രാഷ്ട്രീയ സ്വഭാവം വെളിവാക്കുന്നുണ്ട്.

ഡെന്മാർക്കിൻ്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ 2015ലുണ്ടായ ഭീകരാക്രമണത്തിന് ശേഷം തീവ്രവാദ പ്രസ്ഥാനങ്ങൾ രാജ്യത്ത് ശക്തിപ്പെട്ടിട്ടുണ്ട്. അതേസമയം യൂറോപ്പിലെ എല്ലാ ഭീകരാക്രമണങ്ങൾക്കും അസ്ഥിരതകൾക്കും അരക്ഷിതാവസ്ഥകൾക്കും പിന്നിൽ കുടിയേറ്റക്കാരുടെ ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളാണ് എന്ന പൊതുധാരണയെ പൊളിക്കുന്നുണ്ട് ഈ സിനിമ. പാരീസിലെ ഷാർളി ഹെബ്ദോ കൂട്ടക്കൊലയടക്കമുള്ള ഭീകരാക്രമണങ്ങൾ യൂറോപ്പിൽ കുടിയേറ്റവിരുദ്ധ രാഷ്ട്രീയത്തിൻ്റെ എരിതീയിൽ എണ്ണ പകരുന്നതിനും തീവ്രവലതുപക്ഷ പാർട്ടികൾ അധികാരം പിടിക്കുന്നതിലേയ്ക്കും നയിച്ചിട്ടുണ്ട്. സാമ്പത്തിക, സാമൂഹിക കാരണങ്ങളും മറ്റ് ജനതകൾ തങ്ങളെ അപ്രസക്തരാക്കുമെന്ന തോന്നലും ഇതിൽ നിന്നുണ്ടാകുന്ന അരക്ഷിതത്വ ബോധവുമാണ് ലോകചരിത്രത്തിൽ വലതുപക്ഷ, ഫാഷിസ്റ്റ് ശക്തികളുടെ വിജയങ്ങൾക്ക് ആധാരമായ മൊബിലൈസേഷന് ആധാരമായിട്ടുള്ളത്. ഈ കുടിയേറ്റവിരുദ്ധ രാഷ്ട്രീയമാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ആധിപത്യം നേടുന്നത്. അതിജീവന കുടിയേറ്റത്തിനിടെ പ്രതീക്ഷയുടെ തീരത്ത് ജീവനില്ലാതെ അടിഞ്ഞുകിടന്ന ഐലാൻ കുർദിയുടെ ഹൃദയഭേദകമായ ചിത്രമൊന്നും ഈ കുടിയേറ്റ വിരുദ്ധതയെ സ്പർശിച്ചിട്ടില്ല.

ഒരു ഘട്ടത്തിൽ തുടർച്ചയായി ഇടതുപക്ഷ സർക്കാരുകൾ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ അധികാരത്തിലെത്തിയിരുന്ന ലാറ്റിനമേരിക്കയിൽ ഇപ്പോൾ തുടർച്ചയായി വലതുപക്ഷം അധികാരത്തിലെത്തുന്നു. ചിലിയിലെ സെബാസ്റ്റ്യൻ പിനേരയും ബ്രസീലീലെ ജെയിർ ബൊൽസൊണാരോയും ഇത്തരത്തിൽ അധികാരത്തിൽ വന്നവരാണ്. തുർക്കിയിൽ തയിപ് എർദോഗൻ ജനാധിപത്യത്തെ അപ്രസക്തമാക്കി നിലകൊള്ളുന്നു. മോദിയേയും ട്രംപിനേയും ബൊൽസൊണാരോയേയും പോലെ പൊതുവേദികളിലെ പരിഹാസ്യമായ പെരുമാറ്റങ്ങൾ കൊണ്ട് പോലും ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരും ഈ വലതുപക്ഷ നേതാക്കളുടെ കൂട്ടത്തിലുണ്ട്. ഇത്തരത്തിലൊരു ആഗോള 'വലതുപക്ഷ പ്രോജക്ടിൻ്റെ' ഭാഗമായി അധികാരം പിടിച്ചടക്കുന്ന നേതാക്കളിൽ ഒരാളാണ് സൺസ് ഓഫ് ഡെന്മാർക്കിലെ നാഷണലിസ്റ്റ് പാർട്ടി നേതാവ് മാർട്ടിൻ നോർദാൽ. ആഗോളതലത്തിൽ ട്രെൻഡിംഗ് പോപ്പുലിസ്റ്റ് രാഷ്ട്രീയമാണ്. ജനപ്രീണന രാഷ്ട്രീയം. ജനാധിപത്യ യുക്തികൾക്കും മതനിരപേക്ഷതയ്ക്കും സമത്വത്തിനും ബഹുസ്വരതയ്ക്കും അവിടെ യാതൊരു സ്ഥാനവുമില്ല.

നിയോനാസി സംഘടനയായ സൺസ് ഓഫ് ഡെന്മാർക്കുമായി തനിക്ക് എന്തെങ്കിലും ബന്ധമുള്ളതായി പ്രത്യക്ഷത്തിൽ മാർട്ടിൻ നോർദാൽ സമ്മതിക്കുന്നില്ല. എന്നാൽ അവരുടെ രാഷ്ട്രീയം ഫലപ്രദമായി പൊതുജനങ്ങളിലെത്തിക്കുകയും ചെയ്യുന്നു. താങ്കളുടെ പ്രകോപനപരമായ പ്രസംഗങ്ങൾ നിയന്ത്രിക്കണം. നിങ്ങളുടെ ഇത്തരം വാചകക്കസർത്തുകളും പ്രകോപന പ്രസംങ്ങളും നാട്ടിൽ അസ്വസ്ഥതകളും സംഘർഷങ്ങളുമുണ്ടാക്കുന്നു എന്ന് പറയുന്ന ഉദ്യോഗസ്ഥന് മാർട്ടിൻ നോദ്ലർ മറുപടി നൽകുന്നത് തൻറെ മറയില്ലാത്ത മുസ്ലീം വിരുദ്ധ, കുടിയേറ്റ വിരുദ്ധ നിലപാടുകൾ പ്രകടിപ്പിച്ചാണ്. ഇസ്ലാമിസ്റ്റ് റാഡിക്കൽ ഗ്രൂപ്പുകളാൽ ആകർഷിക്കപ്പടുന്ന സക്കറിയയെ അറസ്റ്റ് ചെയ്യിക്കുന്നത് ഈ ഗ്രൂപ്പിൽ ചാരനായി കടന്നുകൂടിയ പൊലീസിൻ്റെ കവർ ഏജൻ്റ് അലി എന്നറിയപ്പെടുന്ന മാലിക്ക് ആണ്. സക്കറിയയും അലിയും രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളാൽ ഡെന്മാർക്കിലേയ്ക്ക് കുടിയേറിയവരാണ്. ഡാനിഷ് ഭരണകൂടം കുടിയേറ്റക്കാരോട് പുലർത്തുന്ന സമീപനങ്ങളിൽ അസ്വസ്ഥരും ഇറാഖിലെ യുദ്ധഭീകരതയിൽ നിന്നും രാഷ്ട്രീയ അസ്ഥിരതയിൽ നിന്നും ഡെന്മാർക്കിൽ അഭയം തേടിവരാണ്. അവർക്ക് നമ്മളെ ഒരു വിലയുമില്ല എന്ന് പറയുന്ന സക്കറിയ നമ്മൾ അവഗണിക്കാനോ മാറ്റിനിർത്താനോ സാധിക്കാത്തവരാണ് എന്ന് അവരെ ബോധ്യപ്പെടുത്തണം എന്ന് പറയുന്ന നേതാവിൻ്റെ വാക്കുകളിൽ ആകൃഷ്ടനാണ്.

ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകളെ ശക്തമായി നേരിടുന്ന ഡാനിഷ് ഭരണകൂടമാകട്ടെ ഭൂരിപക്ഷ തീവ്രവാദത്തിൻ്റെ പ്രയോക്താക്കളെ സ്വതന്ത്രമായി വിഹരിക്കാൻ വിടുന്നു. ഇന്ത്യയിൽ സംഝോത എക്സ് പ്രസ്, മെക്ക മസ്ജിദ്, മാലേഗാവ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമീപകാലത്ത് നടത്തിയിട്ടുള്ള പ്രസ്താവനകൾ ഓർക്കണം. ഭീകരപ്രവർത്തനവും അതിനെ ശക്തമായി നേരിടുന്ന ഭരണകൂടവും എന്ന ബൈനറിയിൽ വലതുപക്ഷം പൊതുസമൂഹത്തിൻ്റെ അരക്ഷിതാവസ്ഥ മുതലെടുക്കുന്നതെങ്ങനെ എന്നതാണ് വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ വിജയങ്ങൾ വ്യക്തമാക്കുന്നത്. ആരാണ് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നത് എന്നും ആരാണ് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത് എന്നും വ്യക്തമായ ബോധ്യം ഡാനിഷ് ഇൻ്റലിജൻസിനും അധികൃതർക്കുമുണ്ട്. എന്നാൽ അവർ തന്നെ അധികാരത്തിലെത്തുന്നു. വിഭാഗീയ അജണ്ടകളുമായി മുന്നോട്ടുപോകുന്നു. കുടിയേറ്റസമൂഹം നന്ദിയില്ലാത്ത അതിഥികളാണ് എന്നാണ് മാർട്ടിൻ നോദ്ലറുടെ പക്ഷം. മതാടിസ്ഥാനത്തിൽ പൌരത്വം നിർണയിക്കുന്ന ഭരണഘടനാവിരുദ്ധ നിയമം ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭ പാസാക്കിയിരിക്കുന്നു. തൊഴിലോ സാമ്പത്തിക വളർച്ചയോ ആരോഗ്യമോ വിദ്യാഭ്യാസമോ അല്ല മറിച്ച്, പൗരത്വ പട്ടികയും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലും മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കലും രാമക്ഷേത്ര നിർമ്മാണവും ഭരണകൂടമുഷ്‌കും ഏറ്റുമുട്ടല്‍ കൊലകളും വിചാരണകളില്ലാത്ത 'നീതി നടപ്പാക്കലു'കളും അധികാര കേന്ദ്രീകരണവുമാണ് ആവശ്യമെന്ന് ജനങ്ങളെ ധരിപ്പിക്കുന്നു. വലതുപക്ഷ അജണ്ടകളെ സഹായിക്കുന്ന, അവരുടെ പ്രൊപ്പഗാണ്ടയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ നിലപാടിനേയും സൺസ് ഓഫ് ഡെൻമാർക്ക് പ്രശ്നവത്കരിക്കുന്നുണ്ട്. മാർട്ടിൻ നോർദാലിന് അവർ അനുവദിക്കുന്ന സ്പേസ് അത്രയ്ക്ക് വിപുലമാണ്.

സ്ഫോടന കേസ് പ്രതിയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ്, ഭീകരസംഘടനയെന്ന് വിളിച്ച 'അഭിനവ് ഭാരത്' അംഗവുമായിരുന്ന വ്യക്തി ഇന്ത്യയിൽ ഭരണകക്ഷിയായ ബിജെപിയുടെ പ്രതിനിധിയായി പാർലമെൻ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരപ്രവർത്തനങ്ങളിലൊന്നായ ഗാന്ധി വധത്തെ ന്യായീകരിക്കുന്ന തരത്തിൽ, ഗാന്ധി ഘാതകനും ഭീകരപ്രവർത്തകനുമായ ഗോഡ്സെയെ വാഴ്ത്തുന്ന തരത്തിൽ സംസാരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട്‌ മതാടിസ്ഥാനത്തിൽ പറഞ്ഞുകൊണ്ട് മറയില്ലാതെ വർഗീയ പ്രസംഗം നടത്തുന്നു. നിയമവിരുദ്ധ കുടിയേറ്റത്തിന് മതഭാഷ്യങ്ങൾ ചമയ്ക്കുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഏകനേതാവിൻ്റെ മുഖമുള്ള നാഷണലിസ്റ്റ് പാർട്ടി ഡെന്മാർക്കിലും സിനിമയിൽ സൃഷ്ടിച്ചിരിക്കുന്നത്. 'സൺസ് ഓഫ് ഡെന്മാർക്ക്' തീവ്രവാദികൾക്ക് പ്രചോദനം മാർട്ടിൻ നോർദാലിൻ്റെ പ്രസംഗങ്ങളാണ് എന്ന് തെളിവ് സഹിതം അലി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഡാനിഷുകാരനായ ഉദ്യോഗസ്ഥൻ ജോൻ ഇത് കാര്യമാക്കുന്നില്ല. അല്ലെങ്കിൽ അയാളുടേയും വംശീയ മുൻവിധികൾ ഇതിന് അനുവദിക്കുന്നില്ല. സക്കറിയയെക്കുറിച്ചുള്ള അന്വേഷണം എന്തായി എന്നാണ് ജോനിന് അറിയേണ്ടത്. സക്കറിയ 19 വയസുള്ള ഒരു ചെറിയ പയ്യൻ മാത്രമാണ് എന്ന് അലി മറുപടി പറയുന്നു.

അൾജീരിയൻ കുടിയേറ്റക്കാരോടും മുസ്ലീം ന്യൂനപക്ഷങ്ങളോടും, ലോകത്തെ ഏറ്റവും ബഹുസ്വര ജനാധിപത്യ സമൂങ്ങളിൽ ഒന്ന് എന്ന ഖ്യാതിയുള്ള ഫ്രാൻസിനുള്ള വംശീയ മുൻവിധികൾ ടോണി ഗാട്ളിഫിൻ്റെ ആക്ഷേപഹാസ്യ സ്വഭാവമുള്ള രാഷ്ട്രീയ ചിത്രങ്ങൾ 90കളിൽ കാണിച്ചുതന്നിട്ടുണ്ട്. ചിൽഡ്രൺ ഓഫ് ദ സ്റ്റോർക്ക് (1999) അടക്കമുള്ള ഗാട്ളിഫ് സിനിമകൾ ഫ്രഞ്ച് സമൂഹത്തിൻ്റെ കുടിയേറ്റ വിരുദ്ധ, വംശീയ മനോഭാവങ്ങളെ തുറന്നുകാണിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയത്തെ കൂറേക്കൂടി റിയലിസ്റ്റിക്ക് ആയാണ് സൺസ് ഓഫ് ഡെൻമാർക്കിൽ നവാഗതനായ ഉല സലീം സമീപിച്ചിരിക്കുന്നത്. അപ്രവചനീയമായ ത്രില്ലറൊന്നുമല്ല ഈ സിനിമ. തുടക്കത്തിൽ നിന്ന് വ്യത്യസ്തമായി സക്കറിയയിൽ നിന്ന് കേന്ദ്ര കഥാപാത്ര സ്ഥാനം അലി എന്ന മാലിക് ഏറ്റെടുക്കുന്നതൊഴിച്ചാൽ ഇത്തരത്തിലാണ് സിനിമയുടെ ഗതി.


Next Story

Related Stories