TopTop
Begin typing your search above and press return to search.

ചാരുലതയുടെ അമൽ, സത്യജിത്ത് റേയുടെ 'തോഷിറോ മിഫ്യൂൺ' - സൗമിത്ര ചാറ്റർജിയ്ക്ക് വിട

ചാരുലതയുടെ അമൽ, സത്യജിത്ത് റേയുടെ തോഷിറോ മിഫ്യൂൺ - സൗമിത്ര ചാറ്റർജിയ്ക്ക് വിട

അകിര കുറസോവയ്ക്ക് ആരായിരുന്നോ തോഷിറോ മിഫ്യൂൺ അതുപോലെയായിരുന്നു സത്യജിത്ത് റേയ്ക്ക് സൗമിത്ര ചാറ്റർജി എന്നാണ് നിരൂപകരുടെ വിലയിരുത്തൽ. കുറസോവയുടെ റാഷമോൺ, സെവെൻ സമുറായ് അടക്കമുള്ള 16 സിനിമകളിൽ പ്രധാന കഥാപാത്രങ്ങൾക്ക് തോഷിറോ മിഫ്യൂൺ ജീവൻ നൽകിയെങ്കിൽ സത്യജിത്ത് റേയുടെ 14 സിനിമകളിലാണ് സൗമിത്ര ചാറ്റർജി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുറസോവ-തോഷിറോ മിഫ്യൂൺ, ഇംഗ്മർ ബെർഗ്മാർ-മാക്സ് വോൺ സിഡോ തുടങ്ങിയ സംവിധായക-നടൻ ബന്ധങ്ങൾ പോലൊന്നായി ലോകസിനിമയിൽ സത്യജിത്ത് റേയും സൗമിത്ര ചാറ്റർജിയും. സത്യജിത്ത് റേയ്ക്കും മൃണാൾ സെന്നിനും ഋത്വിക്ക് ഘട്ടക്കിനുമൊപ്പം സൗമിത്ര ചാറ്റർജിയും ലോകസിനിമയിൽ ബംഗാളി സിനിമയുടേയും ഇന്ത്യൻ സിനിമയുടേയും അംബാസഡർമാരിലൊരാളായി.

പഥേർ പാഞ്ചാലിയുടെ (1955) തുടർച്ചയും അപുത്രയത്തിലെ രണ്ടാമത്തെ സിനിമയുമായ അപരാജിതോയിലെ (1956) കൗമാരപ്രായത്തിലേയ്ക്ക് വളരുന്ന അപുവിനെ അവതരിപ്പിക്കാന്‍ സത്യജിത്ത് റേ ഒരു കുട്ടിയെ അന്വേഷിച്ചുനടന്നപ്പോളാണ് അവസരത്തിനായി സൗമിത്ര, റേയെ സമീപിച്ചത്. ഇതിനോടകം നാടകരംഗത്ത് സജീവമായിരുന്ന സൗമിത്ര ചാറ്റര്‍ജിയെ നേരത്തെ ശ്രദ്ധിച്ചിരുന്ന റേയ്ക്ക് സൗമിത്രയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ തന്റെ കഥാപാത്രത്തിന് ആവശ്യമുള്ളതിനേക്കാള്‍ മുതിര്‍ന്നയാളാണ് സൗമിത്ര എന്നതുകൊണ്ട് തന്നെ റേ സൗമിത്രയെ പരിഗണിച്ചില്ല. എന്നാല്‍ സൗമിത്ര ചാറ്റര്‍ജിയെ, സത്യജിത്ത് റേ നോട്ടമിട്ട് വച്ചിരുന്നു.

1959ല്‍ പുറത്തിറങ്ങിയ അപു ത്രയത്തിലെ മൂന്നാംഭാഗമായ അപുര്‍ സന്‍സാറില്‍ യുവാവായ അപുവിനെയാണ് റേയ്ക്ക് വേണ്ടിയിരുന്നത്. 1958ല്‍ സത്യജിത്ത് റേയുടെ ജല്‍സാഘര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാനെത്തിയതായിരുന്നു സൗമിത്ര ചാറ്റർജി. അവസരങ്ങൾ തേടിക്കൊണ്ടിരുന്നെങ്കിലും സിനിമരംഗത്തേയ്ക്ക് വരാൻ കഴിയുമെന്ന ആത്മവിശ്വാസമൊന്നും ഈ സമയത്ത് സൗമിത്രയ്ക്കുണ്ടായിരുന്നില്ല. മുഖ്യധാരാ സിനിമ ഫോർമുല ആവശ്യപ്പെടുന്ന, ക്യാമറയ്ക്ക് മുന്നിലെ ആകാരഭംഗി തനിക്കില്ലെന്ന് സൗമിത്ര കരുതി. അതേസമയം ഈ സെറ്റ് സന്ദർശനം സൗമിത്ര ചാറ്റർജിയുടെ ജീവിതത്തിൽ വഴിത്തിരിവായി. തീയറ്റർ രംഗത്തെ അതികായനായിരുന്ന നടൻ ഛബി ബിശ്വാസ് ആണ് ഈ സിനിമയിൽ കേന്ദ്രകഥാപാത്രമായ ജമീന്ദാരെ അവതരിപ്പിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്നിരുന്ന സൗമിത്രയെ വിളിച്ചുവരുത്തി സത്യജിത്ത് റേ, ഛബി ബിശ്വാസിന് ഇങ്ങനെ പരിചയപ്പെടുത്തി - "ഇത് സൗമിത്ര ചതോപാധ്യായ, എന്റെ പുതിയ സിനിമയിലെ നായകന്‍". ഈ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടാക്കിയ ഞെട്ടലിനെക്കുറിച്ച് പിന്നീട് പല എഴുത്തുകളിലും അഭിമുഖങ്ങളിലും സൗമിത്ര ചാറ്റര്‍ജി പറഞ്ഞിട്ടുണ്ട്.

(അപുർസൻസാറിൽ സൗമിത്ര ചാറ്റര്‍ജിയും ഷർമ്മിള ടാഗോറും)

അപുർ സൻസാറിലെ അവസാനരംഗം - വീഡിയോ:


അപുർസൻസാർ എന്ന ആദ്യ സിനിമയിലൂടെ സൗമിത്ര ചാറ്റര്‍ജി സിനിമയിൽ തന്റെ ഇടമുറപ്പിച്ചുകഴിഞ്ഞിരുന്നു. രബീന്ദ്രനാഥ് ടാഗോറിന്റെ ഫിക്ഷണലൈസ് ചെയ്ത ജീവിതപ്രതിച്ഛായയുള്ള കഥാപാത്രമാണ് ചാരുലതയിൽ (1964) സൗമിത്രയ്ക്ക് ലഭിച്ച അമൽ. ചാരുലതയിലെ നിഷ്കളങ്കതയും കുട്ടിത്തവും നിറഞ്ഞ മുഖമുള്ള അമൽ എന്ന യുവാവിനെ സൗമിത്ര ചാറ്റര്‍ജി അനശ്വരമാക്കി. സത്യജിത്ത് റേയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം സിനിമയായ ചാരുലതയിൽ പ്രധാനകഥാപാത്രങ്ങളായ ചാരുലതയേയും അമലിനേയും മാധബി മുഖർജിയും സൗമിത്ര ചാറ്റര്‍ജിയും അവിസ്മരണീയമാക്കി. (ടാഗോറിന്റെ നഷ്ടനീർ എന്ന ബംഗാളി നോവലിനെ അവലംബമാക്കിയാണ് സത്യജിത്ത് റേ ചാരുലത ചെയ്തത്.), റേയുടെ കാ പുരുഷ് (1965) എന്ന സിനിമയിലും സൗമിത്രയും മാധബിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചാരുലത (1964) യിലെ രംഗങ്ങൾ:


സോനാർ കെല്ല, ജോയ് ബാബ ഫേലുനാഥ് എന്നീ സിനിമകളിലെ ഡിറ്റക്ടീവ് ഫെലൂദ സൗമിത്ര ചാറ്റർജിയുടെ മികച്ച കഥാപാത്രങ്ങളിൽപ്പെടുന്നവയാണ്. ഫെലൂദ എന്ന കഥാപാത്രത്തെ സത്യജിത്ത് റേ ആദ്യ വരച്ചപ്പോള്‍ അതിന് സൗമിത്ര ചാറ്റര്‍ജിയുടെ രൂപം തന്നെയായിരുന്നു. 1943ലെ ബംഗാൾ ക്ഷാമം പ്രമേയമാക്കിയ ആശാനി സങ്കേതിൽ പട്ടിണിക്കും ദാരിദ്ര്യത്തിനും മുന്നിൽ ജാതിജീവികൾ മനുഷ്യന്മാർ മാത്രമായി ജീവിക്കുകയും ചത്തൊടുങ്ങുകയും ചെയ്തതിന്റെ കഥയാണ് പറഞ്ഞത്. ഗംഗാചരൺ എന്ന ബ്രാഹ്മണ അധ്യാപകന്റെ വേഷമായിരുന്നു ഈ സിനിമയിൽ ചാറ്റർജിക്ക്. 1973ൽ പുറത്തിറങ്ങിയ സത്യജിത്ത് റേയുടെ ആദ്യ കളർ സിനിമയായിരുന്നു ആശാനി സങ്കേത്. പഥേർ പാഞ്ചാലിയെപ്പോലെ ബിഭൂതിഭൂഷൻ ബന്ധോപാധ്യായയുടെ നോവലാണ് ഈ സിനിമയ്ക്കും ആധാരമായത്. ദ ന്യൂയോർക്ക് ടൈംസും ടൈം മാഗസിനും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ സിനിമയെ വളരെയധികം പ്രശംസിച്ചിരുന്നു.

ഖരേ ഭൈരേ (വീടും ലോകവും) എന്ന ടാഗോറിന്റെ ശക്തമായ സാമൂഹ്യ-രാഷ്ട്രീയ നോവലിലെ കുടിലബുദ്ധിയായ അധികാരരാഷ്ട്രീയക്കാരൻ - മതത്തേയും തീവ്രദേശീയതയേയും രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്ന സന്ദീപ് എന്ന കഥാപാത്രം, ഇബ്സന്റെ എനിമി ഓഫ് ദ പീപ്പിൾ എന്ന നാടകത്തെ ആധാരമാക്കി റേ സംവിധാനം ചെയ്ത ഗണശത്രുവിലെ ഡോ.അശോക് ഗുപ്ത തുടങ്ങി നിരവധി അതുല്യ അഭിനയപ്രകടനങ്ങളാണ് സൗമിത്ര ചാറ്റർജിയുടേതായി പിന്നീട് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കഹാനിയിലൂടെ ശ്രദ്ധേയനായ സംവിധായകൻ സുജോയ് ഘോഷ് 2015ൽ സംവിധാനം ചെയ്ത അഹല്യ എന്ന ഹ്രസ്വ ചിത്രത്തിലെ സൗമിത്ര ചാറ്റര്‍ജിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

(സൗമിത്ര ചാറ്റർജിയും സ്വാതിലേഖ സെൻഗുപ്തയും ഖരേ ഭൈരേയിൽ)

ഘരേ ഭൈരേയിൽ നിന്ന് ഒരു രംഗം:

ബംഗാളി സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർസ്റ്റാർ 'മഹാനായക്' എന്ന വിളിപ്പേരുണ്ടായിരുന്ന ഉത്തംകുമാർ ആയിരുന്നു. അതിഭാവുകത്വങ്ങളും മെലോഡ്രാമയും നീറഞ്ഞ ജനപ്രിയ കമേഴ്സ്യൽ സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് ബംഗാളി സിനിമയിലെ ഏറ്റവും വലിയ വിഗ്രഹം ഉത്തം കുമാർ ആയിരുന്നു. അക്കാലത്ത് അണ്ടർ ആക്ടിംഗ് എന്ന സ്വാഭാവിക അഭിനയശൈലിയുണ്ടായിരുന്ന അപൂർവം മുഖ്യധാരാ നടന്മാരിലൊരാളായിരുന്നു ഉത്തം കുമാർ എന്നത് സത്യജിത്ത് റേയുടെ നായക് അടക്കമുള്ള സിനിമകൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും. എന്നാൽ ലോകസിനിമയിൽ ക്യാമറയ്ക്ക് മുന്നിലെ ബംഗാളി സിനിമയുടെ പ്രധാന മുഖം സൗമിത്ര ചാറ്റർജി ആയിരുന്നു. ഉത്തംകുമാർ-സുചിത്ര സെൻ ജോഡി ബംഗാളി കച്ചവട സിനിമയുടെ വിജയസമവാക്യങ്ങളിൽ നിർണായകമായിരുന്ന കാലത്താണ് ജനപ്രിയ ഫോർമുലകൾക്കും മാറ്റിനി ഐഡലുകൾക്കും (ഉച്ചപ്പട വിഗ്രഹങ്ങൾ അഥവാ സൂപ്പർസ്റ്റാറുകൾ) പുറത്ത് ബംഗാളിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക ജീവിതം സത്യജിത്ത് റേയും മൃണാൾ സെന്നും ഋത്വിക്ക് ഘട്ടക്കുമടക്കമുള്ളവർ ലോകത്തിന് കാണിച്ചുകൊടുത്തത്. ഈ ചലച്ചിത്രധാരയുടെ നായകമുഖവും രൂപവുമായിരുന്നു സൗമിത്ര ചാറ്റര്‍ജി.

സത്യജിത്ത് റേയുടെ കാ പുരുഷിലെ (1965) അവസാന സീൻ:

സുചിത്ര സെന്നിനേയും ഷർമ്മിള ടാഗോറിനേയും ജയ ഭാദുരിയേയും മിഥുൻ ചക്രബർത്തിയേയും പോലെ ബംഗാളിൽ നിന്നും ബംഗാളി സിനിമയിൽ നിന്നും തുടങ്ങി ബോംബെയിലും ബോളിവുഡിലും പ്രതിഷ്ഠിക്കപ്പെട്ട താരപദവി ആയിരുന്നില്ല സൗമിത്ര ചാറ്റര്‍ജിയുടേത്. രാജ് കപൂറിന്റെ ബോളിവുഡ്ഡിലേയ്ക്കുള്ള ക്ഷണം നിരസിക്കാൻ മാധബി മുഖർജിയെപ്പോലെ സൗമിത്ര ചാറ്റര്‍ജിയ്ക്കും മടിയുണ്ടായില്ല. പിന്നീട് ചില ഹിന്ദി സിനിമകളിൽ അഭിനയിച്ചെങ്കിലും ബോളിവുഡ്ഡിന്റെ 'തിളക്കം' സൗമിത്ര ചാറ്റർജിയെ ഒരിക്കലും ആകർഷിച്ചില്ല. താൻ ലോകസിനിമയിലെ ഒരു ബംഗാളി നടനാണെന്ന് സൗമിത്ര ചാറ്റര്‍ജി കരുതി. ഒരുപാട് അവിസ്മരണീയമായ അഭിനയപ്രകടനങ്ങൾ ഉയർത്തിക്കാട്ടാനുണ്ടെങ്കിലും മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 70 വയസ്സിന് ശേഷം 2006ലാണ് സൗമിത്ര ചാറ്റര്‍ജിയെ തേടിയെത്തിയത്. 1967ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഇന്ത്യയിൽ ആദ്യമായി നേടിയത് ഉത്തം കുമാർ ആണ്. സത്യജിത്ത് റേയുടെ ചിരിയാഖാന, സുനിൽ ബാനർജിയുടെ ആന്റണി ഫ്രിൻജി എന്നീ സിനിമകളിലൂടെയാണ് ഉത്തംകുമാർ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത്. ബംഗാളികളുടെ മറ്റൊരു പ്രിയപ്പെട്ട ഡിറ്റക്ടീവ് കഥാപാത്രമായ ബ്യോംകേഷ് ബക്ഷിയായാണ് ഉത്തംകുമാർ ഈ സിനിമയിൽ അഭിനയിച്ചത്.

നായകന്മാരുടേയും താരജീവിതം അല്ലെങ്കിൽ 'വിഗ്രഹജീവിതം' നയിക്കുന്നവരുടേയും സ്വത്വപ്രതിസന്ധികളെ അഭിസംബോധന ചെയ്ത സത്യജിത്ത് റേയുടെ നായക് (1966) എന്ന സിനിമയിൽ കേന്ദ്രകഥാപാത്രമായ സൂപ്പർതാരത്തെ അവതരിപ്പിച്ചത് ഉത്തം കുമാർ ആയിരുന്നു എന്നതും കാണേണ്ടതാണ്. പല മാധ്യമങ്ങളും ബംഗാളി സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് സൗമിത്ര ചാറ്റര്‍ജിയെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും താരത്തിനേക്കാളും നടന്‍ തന്നെയായിരുന്നു സൗമിത്ര ചാറ്റര്‍ജി എക്കാലവും. ഉത്തംകുമാര്‍ താരപദവിയുടെ ദന്തഗോപുരങ്ങളില്‍ ജീവിച്ചപ്പോള്‍ സമരങ്ങളിലും പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുത്ത് താന്‍ സാധാരണക്കാരനെപ്പോലെ റോഡിലിറങ്ങി നടന്നു എന്ന് ഉത്തം കുമാറിന്റേയും തന്റേയും താരപദവികളെ താരതമ്യം ചെയ്തുകൊണ്ട് സൗമിത്ര ചാറ്റര്‍ജി ഒരിക്കൽ പറഞ്ഞു. എട്ട് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

(സൗമിത്ര ചാറ്റർജിയും ഉത്തം കുമാറും സത്യജിത്ത് റേയ്ക്കൊപ്പം)

സാമൂഹ്യ - രാഷ്ട്രീയ പ്രശ്നങ്ങളിൽ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാൻ സൗമിത്ര ചാറ്റര്‍ജി മടി കാണിച്ചിരുന്നില്ല. ഗൃഹസമ്പർക്ക പരിപാടിക്കെത്തിയ ബിജെപിക്കാരോട് നോട്ട് നിരോധനത്തിന്റെ ദോഷങ്ങൾ സൗമിത്ര ചാറ്റര്‍ജി വിശദീകരിച്ചുകൊടുത്തു. അനിക് ദത്തയുടെ 'ഭബിഷ്യോതേർ ഭൂത്' എന്ന സിനിമ മമത സർക്കാർ നിരോധിച്ചപ്പോൾ കൊൽക്കത്തയിൽ പ്രതിഷേധത്തിന് സൗമിത്ര ചാറ്റര്‍ജി മുന്നിലുണ്ടായിരുന്നു. ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ നടപടികളേയും സമീപനങ്ങളേയും വിമർശിക്കാൻ ചാറ്റർജി ഒരിക്കലും വിമുഖത കാണിച്ചില്ല. പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ പട്ടികയ്ക്കും (എന്‍ആര്‍സി) എതിരായ കൊല്‍ക്കത്തയിലെ പ്രതിഷേധങ്ങളില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന് ഐക്യദാര്‍ഢ്യവുമായി സൗമിത്ര ചാറ്റര്‍ജി എത്തിയിരുന്നു. സത്യജിത്ത് റേയുടെ 'കാ പുരുഷി'ലെ കഥാപാത്രത്തിന്റെ ഭീരുത്വം സൗമിത്ര ചാറ്റർജി എന്ന കലാകാരനുണ്ടായിരുന്നില്ല. സമൂഹത്തിൽ നിന്ന് വേറിട്ടുകൊണ്ടും അകന്നുകൊണ്ടുമുള്ള ഒരു അസ്തിത്വമോ സ്വത്വമോ കലാകാരനുണ്ടെന്ന് സൗമിത്ര ചാറ്റർജി വിശ്വസിച്ചിരുന്നില്ല. സത്യജിത്ത് റേയുടെ ഗണശത്രുവിലെ (1989) കേന്ദ്രകഥാപാത്രമായ അശോക് ഗുപ്തയെപ്പോലെ സത്യം വിളിച്ചുപറയാൻ സൗമിത്ര ചാറ്റർജി ഇഷ്ടപ്പെട്ടിരുന്നു.

ഗണശത്രുവിന്റെ ഷൂട്ടിംഗ് വീഡിയോ - സൗമിത്ര ചാറ്റർജിയ്ക്കും രുമ ഗുഹ തകൂർത്തയ്ക്കും സത്യജിത്ത് റേ നിർദ്ദേശങ്ങൾ നൽകുന്നു:




Next Story

Related Stories