TopTop
Begin typing your search above and press return to search.

ആത്മഹത്യ ചെയ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതം, 9 കവികളുടെ കവിതകള്‍- ഒരു സമ്പൂര്‍ണ്ണ സാഹിത്യ സിനിമയായ അഭയത്തിന്റെ കഥ

ആത്മഹത്യ ചെയ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതം, 9 കവികളുടെ കവിതകള്‍- ഒരു സമ്പൂര്‍ണ്ണ സാഹിത്യ സിനിമയായ അഭയത്തിന്റെ കഥചെമ്മീനിലൂടെ ദക്ഷിണേന്ത്യയിലേക്ക് പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ കൊണ്ടുവന്ന രാമു കാര്യാട്ട് മലയാളത്തിലെ മാസ്റ്റര്‍ സംവിധായകരില്‍ ഒരാളാണ്. കാല്‍ നൂറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തിനിടയില്‍ എണ്ണം പറഞ്ഞ ഒരു ഡസന്‍ സിനിമകള്‍ സംവിധാനം ചെയ്ത കാര്യാട്ടിന്റെ സമ്പൂര്‍ണ്ണ സാഹിത്യ സിനിമ എന്നറിയപ്പെടുന്ന ചലച്ചിത്രമാണ് അഭയം. 1970ല്‍ പുറത്തിറങ്ങിയ ചിത്രം പെരുമ്പടവം ശ്രീധരന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന അഭയത്തിന്റെ ഓര്‍മ്മകളിലൂടെ
സഞ്ചരിക്കുകയാണ് 'രാമു കാര്യാട്ടിന്റെ അഭയം 50 വര്‍ഷം' എന്ന പരമ്പരയിലൂടെ.
"നല്ല കവിത, നല്ല സാഹിത്യം ഇതെല്ലാം രാമുവിനെ സ്പര്‍ശിച്ചിരുന്നു. വ്യാപാര വിജയം വരിച്ച മറ്റ് ചലച്ചിത്രകാരന്‍മാരില്‍ നിന്നും രാമുവിനെ അകലത്തിലും ഉയരത്തിലും പ്രതിഷ്ഠിച്ച ശക്തി ഇതാണ്..." മലയാള സിനിമയിലെ ഷോ മാന്‍ എന്നു വിളിക്കപ്പെട്ട ചലച്ചിത്ര സംവിധായകന്‍ രാമു കാര്യാട്ടിനെ കുറിച്ച് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞതാണ് ഇത്. അക്ഷരം പ്രതി ശരി. മലയാള സിനിമയില്‍ പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടിക്കൊടുത്ത നീലക്കുയില്‍ എഴുതിയത് ഉറൂബ്, ദക്ഷിണേന്ത്യയിലേക്ക് പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ എത്തിച്ച തകഴിയുടെ ചെമ്മീന്‍. രണ്ടു ചലച്ചിത്രങ്ങളും മലയാള സിനിമയെ ഇന്ത്യന്‍ സിനിമയിലും ലോക സിനിമയിലും അടയാളപ്പെടുത്തിയ മികച്ച സൃഷ്ടികള്‍. പിന്നീട് തന്റെ സിനിമാ ജീവിതത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ ഒരു സമ്പൂര്‍ണ്ണ സാഹിത്യ സിനിമ രാമു കാര്യാട്ട് ഒരുക്കി. അതാണ് അഭയം.
മനസില്‍ കേശവദേവിന്റെ ഓടയില്‍ നിന്ന്, എസ് കെ പൊറ്റെക്കാടിന്റെ പുള്ളിമാന്‍ എന്നീ കഥകളുമായാണ് 1952ല്‍ പുറത്തിറങ്ങിയ തിരമാല എന്ന സിനിമയുടെ സഹസംവിധായക വേഷത്തിന് ശേഷം രാമു കാര്യാട്ട് കൊച്ചിയില്‍ എത്തിയത്. സുഹൃത്ത് കോയ മുഖാന്തിരം കൊച്ചി തുറമുഖത്തെ വ്യവസായിയായ ടി കെ പരീക്കുട്ടിയെ കാണാന്‍ തീരുമാനിച്ചു. ഗംഭീര ഒരു കഥയും പറഞ്ഞു. കഥ കേട്ട് പരീക്കുട്ടി അന്തിച്ചിരിക്കുകയും ചെയ്തു. എന്നാല്‍ കഥ പറച്ചിലില്‍ രാമു കാര്യാട്ട് ഒരു കുസൃതി ഒപ്പിച്ചിരുന്നു. ജപ്പാനീസ് സിനിമയായ യൂക്കീവാരീസിന്‍റെ കഥയായിരുന്നു കാര്യാട്ട് പറഞ്ഞത്.

പിന്നീട് മാസങ്ങള്‍ക്ക് ശേഷം പരീക്കുട്ടി സിനിമ നിര്‍മ്മിക്കാന്‍ തായ്യാറായപ്പോള്‍ ഉമ്മാച്ചു എഴുതി പ്രശസ്തനായി നില്‍ക്കുകയായിരുന്ന പി സി കുട്ടികൃഷ്ണന്‍ എന്ന ഉറൂബിനെ കാണാനായിരുന്നു രാമു തീരുമാനിച്ചത്. കോഴിക്കോട് ആകാശവാണിയില്‍ ജോലി ചെയ്യുന്ന ഉറൂബിനെ കാണാന്‍ കാര്യാട്ട് എത്തി. കോഴിക്കോട് ബീച്ചിലെ മണലില്‍ ഇരുന്ന് ഉറൂബ് കാര്യാട്ടിനോട് പറഞ്ഞ കഥയാണ് മലയാള സിനിമയുടെ ഗതിമാറ്റത്തിന് തുടക്കം കുറിച്ച നീലക്കുയില്‍ ആയി പിറവികൊണ്ടത്. പിന്നീട് എറണാകുളം സി വ്യൂ ഹോട്ടലില്‍ വെച്ച് ടി കെ പരീക്കുട്ടിയോട് കഥ പറയുമ്പോള്‍ സംഘത്തില്‍ പി ഭാസ്ക്കരനും തിക്കോടിയനും ശോഭനാ പരമേശ്വരന്‍ നായരുമൊക്കെ ഒത്തു ചേര്‍ന്ന് കഴിഞ്ഞിരുന്നു. പാട്ടെഴുത്തുകാരനായി എത്തിയ കാര്യാട്ടിന്റെ ആത്മസുഹൃത്ത് കൂടിയായ പി ഭാസ്കരന്‍ നീലക്കുയിലിന്റെ ഇരട്ട സംവിധായകരില്‍ ഒരാളായി.

നീലക്കുയിലിന് ശേഷം ഭരതനാട്യം (1956), മിന്നാമിനുങ് (1957) എന്നീ ചിത്രങ്ങള്‍ കാര്യാട്ട് സംവിധാനം ചെയ്തെങ്കിലും ശ്രദ്ധയാകര്‍ഷിച്ച സിനിമ കെ പി എ സിയുടെ ജനപ്രീയ നാടകം മുടിയനായ പുത്രന്‍ ആയിരുന്നു. തോപ്പില്‍ ഭാസിയുടേതായിരുന്നു രചന. "മുടിയനായ പുത്രന്‍ ദിഗ്വിജയം നേടുകയല്ലേ? നമുക്കിവനെ ഒന്നു പിടിച്ചുകെട്ടണ്ടേ?" എന്നു ചോദിച്ചുകൊണ്ട് കെ പി എ സിയുടെ കായംകുളം ഓഫീസില്‍ തോപ്പില്‍ ഭാസിയെ തേടിയെത്തിയ രാമു കാര്യാട്ടിന്റെ കത്തായിരുന്നു തുടക്കം. പിന്നീട് അധികം വൈകിയില്ല. ഭാസി തന്നെ തിരക്കഥ എഴുതി. നീലക്കുയിലിന് ശേഷം സത്യനും മിസ് കുമാരിയും വീണ്ടും കാര്യാട്ട് സിനിമയില്‍. സ്റ്റേജിലെ വിജയം മുടിയനായ പുത്രന്‍ തിരശീലയിലും ആവര്‍ത്തിച്ചു. പ്രസിഡന്റിന്റെ വെള്ളിമെഡല്‍ വീണ്ടും മലയാളക്കരയിലെത്തി.

തുടര്‍ന്നങ്ങോട്ടുള്ള 7 സിനിമകളും താന്‍ സാഹിത്യത്തെയും നാടകത്തെയും എത്രമേല്‍ പ്രണയിക്കുന്നു എന്നു രാമു കാര്യാട്ട് ഉച്ചത്തില്‍ പ്രഖ്യാപിച്ച ചലച്ചിത്രങ്ങള്‍ ആയിരുന്നു. എസ് കെ പൊറ്റെക്കാടിന്റെ കഥയെ ആസ്പദമാക്കി മൂടുപടം (1963) ചെയ്തതതിനു ശേഷമാണ് മഹാസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ രാമു കാര്യാട്ട് ചലച്ചിത്രമാക്കുന്നത്. അത് മലയാള സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും സുപ്രധാന അദ്ധ്യായയമായി മാറി. ഏറെക്കാലം പിന്നാലെ നടന്നാണ് തകഴിയില്‍ നിന്നും ചെമ്മീനിന്റെ ചലച്ചിത്രാവകാശം രാമു കാര്യാട്ടിന് കിട്ടിയത്. ചെമ്മീന്‍ പ്രദര്‍ശനത്തിനെത്തി പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഒരു അഭിമുഖത്തില്‍ തകഴി പറഞ്ഞത് ഇങ്ങനെയാണ്, "കൊള്ളാവുന്ന ഒരുത്തന്റെ കൂടെ മകളെ പറഞ്ഞയച്ചിട്ട് അവനെങ്ങനെ അവളെ കൈകാര്യം ചെയ്യുന്നുവെന്ന് താന്‍ നോക്കുകയില്ല."

സാങ്കേതിക മേഖലയിലും ഏറെ പ്രത്യേകതയുള്ള ചലച്ചിത്രമായിരുന്നു ചെമ്മീന്‍. ജര്‍മ്മന്‍കാരനായ ഛായാഗ്രാഹകന്‍ മാര്‍ക്കസ് ബര്‍റ്റ്ലി ഈസ്റ്റ് മാന്‍ കളറിലാണ് സിനിമ ചിത്രീകരിച്ചത്. എഡിറ്റര്‍ ഹിന്ദി സിനിമാ സംവിധായകനായ ഋഷികേശ് മുഖര്‍ജി. സംഗീത സംവിധാനം ബംഗാളില്‍ നിന്നുള്ള സലില്‍ ചൌധരി. സത്യനും മധുവും കൊട്ടാരക്കരയും ഷീലയും അടൂര്‍ ഭവാനിയുമൊക്കെ മത്സരിച്ചഭിനയിച്ച സിനിമ നിര്‍മ്മാതാവ് ബാബു സേട്ടിന് വലിയ ലാഭമാണ് നേടിക്കൊടുത്തത്.

പിന്നീട് ചെയ്ത അഞ്ചു സിനിമകളില്‍ കാലടി ഗോപി രചിച്ച നാടകമായ ഏഴു രാത്രികള്‍ ഒഴികെ അഞ്ചെണ്ണവും മികച്ച സാഹിത്യകൃതികളെ ഉപജീവിച്ച് തയ്യാറാക്കിയതാണ്. പെരുമ്പടവം ശ്രീധരന്റെ നോവലായ അഭയം (1970), കെ സുരേന്ദ്രന്റെ മായ (1972), പി വത്സലയുടെ നെല്ല് (1974) എന്‍ തുളസീധരന്‍ എന്ന തുളസിയുടെ ദ്വീപ് (1976) എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ അമ്മുവിന്റെ ആട്ടിന്‍കുട്ടി കെ എസ് കെ തളിക്കുളത്തിന്റെ കവിതയെ ഉപജീവിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണ്.

ആത്മഹത്യ ചെയ്ത എഴുത്തുകാരി ടി എ രാജലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരന്‍ രചിച്ച അഭയം എന്ന നോവലിനെ ഉപജീവിച്ചുള്ള ചലച്ചിത്രം സമ്പൂര്‍ണ്ണമായും ഒരു സാഹിത്യ സിനിമയാണ് എന്നു പറയാം. കഥയുടെ സാഹിത്യ പശ്ചാത്തലം കൂടാതെ 9 കവികള്‍ എഴുതിയ കവിതകളും പാട്ടുകളുമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ മഹാകവി ജി ശങ്കരകുറുപ്പിന്റെ പാഥേയം എന്ന കവിതാ സമാഹാരത്തിലെ 'ശ്രാന്തമംബരം നിദാഘോഷ്‌മള സ്വപ്‌നാക്രാന്തം' എന്ന കവിതയാണ് ഏറെ പ്രശസ്തം. ജിയുടെ 'നീരദലതാഗൃഹം' 'എരിയും സ്‌നേഹാർദ്രമാം' എന്നീ കവിതകളും അഭയത്തിലുണ്ടായിരുന്നു.

ചുംബനങ്ങളനുമാത്രം, പാരസ്‌പര്യ ശൂന്യമാകും (ചങ്ങമ്പുഴ), രാവു പോയതറിയാതെ (പി ഭാസ്‌കരൻ), പാവം മാനവഹൃദയം (സുഗതകുമാരി), താരത്തിലും തരുവിലും, എന്റെയേക ധനമങ്ങ് (ശ്രീകുമാരൻ തമ്പി), മാറ്റുവിൻ ചട്ടങ്ങളെ (കുമാരനാശാൻ), നമ്മുടെ മാതാവ് കൈരളി (വള്ളത്തോൾ), കാമ ക്രോധ ലോഭ മോഹ (വയലാർ), അമ്മതൻ നെഞ്ചിൽ (ബാലാമണിയമ്മ) എന്നീ കവിതകളും അഭയത്തിനുവേണ്ടി ദക്ഷിണാമൂർത്തി സംഗീതം പകര്‍ന്നു. 'ശ്രാന്തമംബര'ത്തിന് ശേഷമാണ് ജി ശങ്കരകുറുപ്പ് യേശുദാസിനെ ഗാനഗന്ധര്‍വ്വന്‍ എന്നു വിളിച്ചത്.

രാമു കാര്യാട്ടിന്റെ ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം മുതല്‍ കൂടെ ഉണ്ടായിരുന്ന ശോഭനാ പരമേശ്വരന്‍ നായരാണ് അഭയത്തിന്റെ നിര്‍മാതാവ്. മധു, ഷീല, രാഘവന്‍ എന്നിവര്‍ മുഖ്യ വേഷമിട്ട ചിത്രത്തിന്റെ പശ്ചാത്തല സംഗീത സംവിധാനം നിര്‍വഹിച്ചത് സലില്‍ ചൌധരിയാണ്.
അഭയത്തിന്റെ പ്രിന്‍റ് എവിടേയും അവശേഷിക്കുന്നില്ല എന്നത് വേദനിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.

റഫറന്‍സ്:
1. രാമു കാര്യാട്ട് -എ ചന്ദ്രശേഖരന്‍ (കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്)
2. പാട്ടിനെ, കവിതയെ പ്രണയിച്ച നിർമാതാവ്‌-കെ ബി വേണു (ദേശാഭിമാനി)

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories