TopTop
Begin typing your search above and press return to search.

വിജയ് ബാബു/അഭിമുഖം: അടുത്ത ചിത്രം നിര്‍മ്മിക്കാന്‍ ഞാന്‍ ഉണ്ടായിരിക്കണമെങ്കില്‍ ഈ ചിത്രം വിറ്റു പോണം, മലയാള സിനിമ മാറിയേ തീരൂ

വിജയ് ബാബു/അഭിമുഖം: അടുത്ത ചിത്രം നിര്‍മ്മിക്കാന്‍ ഞാന്‍ ഉണ്ടായിരിക്കണമെങ്കില്‍ ഈ ചിത്രം വിറ്റു പോണം, മലയാള സിനിമ മാറിയേ തീരൂ

ലോക് ഡൗണ്‍ കാലത്തെ പ്രതിസന്ധി അതിജീവിക്കാനുള്ള ഒരുക്കത്തിലാണ് മലയാള സിനിമ. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് തിയേറ്ററുകള്‍ എന്നു തുറക്കുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തമിഴിലും ബോളീവുഡിലും മുന്‍നിര താരങ്ങളും നിര്‍മാതാക്കളും മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ലോക് ഡൗണ്‍ മൂലം റിലീസ് ചെയ്യാന്‍ കഴിയാത്ത മുന്‍നിര താരങ്ങളുടെ പല ചിത്രങ്ങളും ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ പ്രേക്ഷകരില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജയസൂര്യ നായകനായ'സൂഫിയും സുജാതയും'എന്ന ചിത്രമാണ് മലയാളത്തില്‍ ആദ്യമായി ഡിജിറ്റല്‍ റിലീസിനു തയ്യാറെടുക്കുന്നത്. ഫ്രൈഡേ മൂവീസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നരണിപ്പുഴ ഷാനവാസ് ആണ്. സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസ് ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിജയ് ബാബു അഴിമുഖത്തോട് സംസാരിക്കുന്നു.? ഈ അവസരത്തില്‍ മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടാണോ താങ്കള്‍ ഡിജിറ്റല്‍ സ്ട്രീമിങ്ങിനെക്കുറിച്ച് ആലോചിച്ചത്?സിനിമാലോകം വന്‍ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഇനി എന്തുചെയ്യുമെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ എന്ന് തിയേറ്റര്‍ തുറക്കുമെന്നോ തുറന്നാല്‍ തന്നെ എന്തെല്ലാം മാനദണ്ഡങ്ങള്‍വച്ച് കൊണ്ടായിരിക്കും മുന്നോട്ടു പോകാന്‍ കഴിയുകയെന്നോ അറിയില്ല. മറ്റു വഴികള്‍ ഒന്നും ഇല്ലാത്തതുകൊണ്ടു തന്നെയാണ് ഞാന്‍ ഡിജിറ്റല്‍ റിലീസിനെക്കുറിച്ച് ആലോചിച്ചത്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന് ഒരുകച്ചിത്തുരുമ്പ് ലഭിച്ചതുപോലെയുള്ള അവസ്ഥയാണ്.? മലയാളത്തിലെ തിയേറ്റര്‍ അസോസിയേഷന്‍ ഡിജിറ്റല്‍ സ്ട്രീമിങ്ങിനെ എങ്ങനെയാണ് കാണുന്നത്?അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ല. വന്‍ മുതല്‍മുടക്കുള്ള അനവധി ചിത്രങ്ങള്‍ ആണ് തീയേറ്റര്‍ റിലീസ് കാത്തു കിടക്കുന്നത്. മരയ്ക്കാര്‍, മാലിക്, കുറുപ്പ് പോലെയുള്ള സിനിമകള്‍ തീയേറ്ററില്‍ നിന്ന് മാത്രം കാണേണ്ട സിനിമയാണ്. എന്നാല്‍ നമ്മളെപ്പോലെ ചെറിയ സിനിമകള്‍ എടുക്കുന്നവര്‍ക്ക് ഇതല്ലാതെ വേറെ വഴിയില്ല. ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കേണ്ട സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ മാത്രം കണ്ടാലെ അസ്വാദ്യകരമാകൂ.? സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ നിര്‍മാണ ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആമസോണ്‍ സ്ട്രീമിലൂടെ താങ്കള്‍ക്ക് ലാഭം ലഭിച്ചിട്ടുണ്ടോ?ഒരിക്കലുമില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ ലാഭം നോക്കുന്നില്ല. എങ്ങനെയെങ്കിലും വലിയ പരിക്കുകള്‍ ഇല്ലാതെ സിനിമ വിറ്റ് പോണം എന്ന് മാത്രമേയുള്ളൂ. എന്തായാലും നിര്‍മാണ ചെലവുമായി തട്ടിച്ചു നോക്കുമ്പോള്‍ അറുപത് ശതമാനത്തോളം ലഭിച്ചു എന്ന് മാത്രമേ പറയാന്‍ കഴിയൂ. ഇനി സാറ്റ്‌ലൈറ്റ് കൂടി ലഭിക്കുമ്പോള്‍ മാത്രമേ പൂര്‍ണമായി നഷ്ടം വാരാതെ സിനിമ വില്‍ക്കപെട്ടു എന്ന് പറയാന്‍ കഴിയൂ. എന്നാലും ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയ്ക്ക് വളരെ വലിയ ആശ്വസമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഒന്നും ലഭിക്കാത്തതിനെക്കാള്‍ നല്ലതല്ലേ ഇത്രയെങ്കിലും ലഭിക്കുന്നത്.

? ഈ പ്രതിസന്ധി നിറഞ്ഞ കാലത്ത് ഇനി എങ്ങനെയാണ് താങ്കളെപ്പോലുള്ള നിര്‍മാതാക്കള്‍ അതിജീവിക്കുന്നത്?എനിക്ക് തോന്നുന്നത് ഇനിയുള്ള ഏറ്റവും വലിയ വിപണി വരുന്നത് ഇന്റര്‍നെറ്റില്‍ ആണ് എന്നാണ്. മാറിയ കാലത്തിനനുസരിച്ചു മലയാള സിനിമയും മാറേണ്ടിയിരിക്കുന്നു. ബോളിവുഡിലും തമിഴിലും ആ മാറ്റം തുടങ്ങിക്കഴിഞ്ഞു. മരയ്ക്കാര്‍ പോലെയുള്ള സിനിമകള്‍ കുറഞ്ഞത് 60 ദിവസമെങ്കിലും തീയേറ്ററില്‍ കളിക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞു മാത്രമേ നമ്മളെ പോലുള്ളവര്‍ക്ക് അവസരം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നമ്മള്‍ക്ക് ഇതല്ലാതെ വഴിയില്ല. സിനിമയല്ലാതെ വേറെ ഒരു ബിസിനസ്സും ഇല്ലാത്ത ആളാണ് ഞാന്‍. അടുത്ത ചിത്രം നിര്‍മ്മിക്കാന്‍ ഞാന്‍ ഉണ്ടായിരിക്കണമെങ്കില്‍ ഈ ചിത്രം വിറ്റുപോയെ തീരൂ. എതിര്‍പ്പുമായി വരുന്നവര്‍ ഒക്കെ മാറി ചിന്തിക്കണം. തിയേറ്റര്‍ നിലനില്‍ക്കില്ല എന്ന് പറയാന്‍ കഴിയില്ല. കാരണം കേരളത്തില്‍ ടെലിവിഷന്‍ ചാനല്‍ വന്നപ്പോഴും ഇനി പ്രേക്ഷകര്‍ തീയേറ്ററിലേയ്ക്ക് വരില്ല എന്നൊരു പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചു വീണ്ടും പ്രേക്ഷകര്‍ തീയേറ്ററിലേയ്ക്ക് വന്നു തുടങ്ങിയില്ലേ. അതുകൊണ്ട് തന്നെ ഈ കൊറോണ കാലം കഴിയുമ്പോള്‍ വീണ്ടും പഴയതുപോലെ ആകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അതുവരെ ഞങ്ങളെപ്പോലെ ചെറിയ സിനിമകള്‍ എടുക്കുന്നവര്‍ക്ക് കാത്തിരിക്കാന്‍ കഴിയില്ല. ഞാന്‍ എന്റെ അസോസിയേഷനില്‍ ഉള്ള സുഹൃത്തുകള്‍ക്ക് അതിജീവിക്കാനുള്ള വലിയ ഒരു വഴിയാണ് കാണിച്ചുകൊടുത്തിരിക്കുന്നത്. അവര്‍ക്ക് വേണമെങ്കില്‍ ഈ വഴി സ്വീകരിക്കാം. ഇനി അങ്ങോട്ട് ഇന്റര്‍നെറ്റിനെ തള്ളിക്കളയാന്‍ കഴിയില്ല. വെബ് സീരീസുകള്‍ പോലെയുള്ള സംരംഭങ്ങള്‍ മലയാളം പോലെയുള്ള പ്രാദേശിക ഭാഷകളില്‍ ഉണ്ടാവും. കഴിഞ്ഞ വര്‍ഷം ഞാന്‍ നിര്‍മ്മിച്ച ജനമൈത്രി, സുല്ല് എന്നീ ചിത്രങ്ങള്‍ ചെലവു കുറച്ചു ഡിജിറ്റല്‍ സ്ട്രീമിഗ് കൂടി ലക്ഷ്യമാക്കി ചെയ്തതാണ്.

? സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം അന്‍പതു ശതമാനം ആയി കുറയ്ക്കണം എന്നൊരു ചര്‍ച്ച ഉയര്‍ന്നു വരുന്നുണ്ടല്ലോ?നിലവില്‍ താരങ്ങള്‍ക്ക് ഒരു പ്രത്യേകമായ റേറ്റ് കാര്‍ഡ് ഇല്ല. ഓരോ സിനിമയ്ക്ക് അനുസരിച്ചാണ് അവര്‍ പ്രതിഫലം വാങ്ങുന്നത്. അതുകൊണ്ട് തന്നെ ആരെയും നമുക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ല. അവര്‍ സ്വയം തീരുമാനിച്ചാല്‍ മാത്രമേ അതൊക്കെ നടപ്പിലാക്കാന്‍ കഴിയൂ. നിര്‍മ്മാതാക്കളും താരങ്ങളും ഒന്നിച്ചു തീരുമാനിക്കേണ്ട കാര്യമാണത്.? ഡിജിറ്റല്‍ സ്ട്രീമിങ്ങിനെക്കുറിച്ച് താരങ്ങളുടെ എല്ലാം അഭിപ്രായം എന്താണ്?പലരും ഡിജിറ്റല്‍ സ്ട്രീമിങ്ങിനോട് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഇത് എന്റെ മാത്രം തീരുമാനമാണ്.? ഈ ലോക്ഡൌണ്‍ കാലത്ത് താങ്കളുടെ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്റെ ജോലിക്കാരുടെ ഒക്കെ അവസ്ഥ എങ്ങനെയാണ്?ഞങ്ങളുടെ ജോലിക്കാരെല്ലാം തന്നെ ഇപ്പോഴും ജോലികളിലാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ നടന്നു വരുന്നു. മറ്റു ചിലര്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും കൃത്യമായ ശമ്പളവും ഞങ്ങള്‍ കൊടുക്കുന്നുണ്ട്.


Next Story

Related Stories