TopTop

ചതുർമുഖം; സണ്ണിവെയിനും മഞ്ജു വാര്യരും 'ബിസിനസ് പങ്കാളികളാവുന്നു'

ചതുർമുഖം; സണ്ണിവെയിനും മഞ്ജു വാര്യരും

കരിയറിൽ ഒരു പിടി മികച്ച ചിത്രങ്ങളുമായി സജീവമാവുകയാണ് യുവതാരം സണ്ണി വെയിൻ. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, റൊമാൻസിന് പ്രാധാന്യം നൽകുന്ന അനുഹഗ്രീതൻ ആന്റണി, തെച്ചി മന്ദാരം തുളസി എന്നിവയ്ക്ക് പുറമെ ഹൊറർ പശ്ചാത്തലത്തിൽ കഥ പറയുന്ന ചതുർമുഖം എന്നിവയാണ് സണ്ണി വെയിനിന്റെ എറ്റവും പുതിയ പ്രോജക്റ്റുകൾ. മഞ്ജുവാര്യര്‍ക്കൊപ്പമാണ് സണ്ണിവെയിൻ എത്തുന്നതെന്ന പ്രത്യേകയും ചതുർമുഖനുണ്ട്.

ചതുർമുഖം എന്ന സിനിമയില്‍ സഹപാഠികളും ബിസിനസ് പങ്കാളികളുമായാണ് മഞ്ജു വാര്യരും സണ്ണി വെയിനും എത്തുന്നത്. സിനിമയെ കുറിച്ച് സണ്ണിവെയിൻ ടൈസ് ഓഫ് ഇന്ത്യയോട് സംസാരിച്ചത് ഇങ്ങനെ. 'മഞ്ജു വാര്യരും താനും സുഹൃത്തുക്കളും സഹപാഠികളുമാണ്. ഒരു കോളേജിലെ ബിടെക് വിദ്യാർഥിയാണ് തന്റെ കഥാപാത്രം, എംടെക് വിദ്യാർത്ഥിയാണ് മഞ്ജു വാര്യരുടെ കഥാപാത്രം. തങ്ങൾ ഇരുവരും പങ്കാളികളായി കൊച്ചിയിലും തിരുവനന്തപുരത്തും സിസിടിവി ബിസിനസും നടത്തുന്നുണ്ട്.' ആന്റണിയെന്ന രസികനായ ഒരു വിദ്യാർഥിയായാണ് താൻ ചതുർമുഖത്തിൽ എത്തുന്നതെന്നും സണ്ണി വെയിൻ പറയുന്നു.

രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോൽ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകളാണ് താരത്തിനുള്ളത്. ഹൊറർ സിനിമ ആയതുകൊണ്ട് തന്നെ തങ്ങളുടെ കഥാപാത്രങ്ങളുടെ പുർണതയ്ക്ക് വേണ്ടി പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഹൊറർ സിനിമകൾ കാണാൻ പേടിയുള്ള വ്യക്തിയാണ് താനെന്നും താരം പ്രതികരിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്നതിന് ചില പഴയ സംഭവങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.

'സ്കൂള്‍ കാലത്ത് കണ്ട ഭാർഗവിനിലയമാണ് ആദ്യം കാണുന്ന ഹൊറർ സിനിമ. അന്ന് വീട്ടിൽ തനിച്ചിരിക്കാന്‍ പോലും പേടിയായിരുന്നു. മുൻകരുതലായി വീടിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ടായിരുന്നു അക്കാലത്ത് തനിച്ച് ഇരിക്കാരുള്ളത്. ഒരിക്കൽ ടിവി കാണുന്ന സമയത്ത് ഒരാൾ പിറകിൽ നിന്ന് തോളിൽ തട്ടി. ഇതോടെ ഭയന്ന് വിറച്ച് എണീറ്റ് ഓടി. എവിടെയോ പോയി തിരിച്ചെത്തിയ അമ്മയായിരുന്നു തട്ടിവിളിച്ചത്. തന്റെ പേടികണ്ട് അമ്മ പോലും ഭയന്നു.' സണ്ണി വെയിൻ ഓര്‍മ്മിക്കുന്നു.

ആന്റണിയെന്ന പേരിലുള്ള കഥാപാത്രമായി തന്നെയാണ് അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലും സണ്ണിവെയിൻ എത്തുന്നത്. യഥാർത്ഥ ജീവിതവുമായി വലിയ ബന്ധമുള്ള ഒരു സിനിമയാണ് അനുഗ്രഹീതൻ ആന്റണി എന്നാണ് സിനിമയെ കുറിച്ച് സണ്ണി വെയിന് പറയാനുള്ളത്. 'എല്ലാവരിലും ഒരു ആന്റണി ഉണ്ട്, ഈ കഥാപത്രത്തിന്റെ നിഗൂ‍ഡതയും, വികാരങ്ങളും കാണികളെസ്പർശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.' താരം വ്യക്തമാക്കുന്നു.


Next Story

Related Stories