TopTop
Begin typing your search above and press return to search.

"വിശ്വസിച്ചു കൂടെ നിര്‍ത്തിയവര്‍ തന്ന പണിയാണ്", സുരേഷ് ഗോപിയുടെ 250 -ാം ചിത്രം കടുവാകുന്നേല്‍ കുറുവച്ചന്‍ കോടതി വിലക്കിയതിന് പിന്നില്‍

"വിശ്വസിച്ചു കൂടെ നിര്‍ത്തിയവര്‍ തന്ന പണിയാണ്", സുരേഷ് ഗോപിയുടെ 250 -ാം ചിത്രം കടുവാകുന്നേല്‍ കുറുവച്ചന്‍ കോടതി വിലക്കിയതിന് പിന്നില്‍

സുരേഷ് ഗോപിയുടെ 250 -ാം ചിത്രത്തിലെ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ പുറത്തു വന്ന പോസ്റ്റര്‍ താരത്തിന്റെ ഗംഭീര തിരിച്ചുവരവായാണ് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ഈ കഥാപാത്രവും സിനിമയും ഇപ്പോള്‍ കോടതി കയറയിരിക്കുകയാണ്. സുരേഷ് ഗോപി ചിത്രം പകര്‍പ്പവകാശം ലംഘിച്ചുവെന്നു കാണിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാം നല്‍കിയ പരാതിയില്‍ കോടതി സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണത്തിനും കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലുള്ള പ്രചാരണത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജിനുവിന്റെ തിരക്കഥയില്‍ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയുടെ കോപ്പിയാണ് സുരേഷ് ഗോപി ചിത്രവും കഥാപാത്രവും എന്നതാണ് പരാതി. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് വന്നത് സിനിമലോകത്ത് പുതിയ വിവാദത്തിനും വഴിവച്ചെരിക്കുകയാണ്. എന്നാല്‍ എന്തെങ്കിലും വിവാദം ഉണ്ടാക്കാന്‍ വേണ്ടിയോ മനഃപൂര്‍വം ആരെയെങ്കിലും ദ്രോഹിക്കാന്‍ വേണ്ടിയോ അല്ല താന്‍ കോടതിയില്‍ പോയതെന്നും തനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും അതിനു വേണ്ടിയാണ് നിയമസഹായം തേടിയിരിക്കുന്നതെന്നുമാണ് ജിനു എബ്രഹാം പറയുന്നത്. അഴിമുഖവുമായി ഈ വിഷയത്തില്‍ ജിനു പങ്കുവയ്ക്കുന്ന കാര്യങ്ങള്‍;

എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വിശ്വസിച്ചു കൂടെ നിര്‍ത്തിയവര്‍ തന്ന പണിയാണ്. എന്റെ ചിത്രവുമായി സാമ്യം തോന്നിയതുകൊണ്ടാണ് നിയമത്തിന്റെ സഹായം തേടിയത്. സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നതിനു പിന്നാലെ നിരവധി പേര്‍ എന്നെ വിളിച്ചു, ഇത് കടുവ തന്നെയല്ലേ എന്നായിരുന്നു അവരെല്ലാവരും ചോദിച്ചത്. എന്റെ കഥാപാത്രത്തിന്റെ പേരും സുരേഷ് ഗോപി ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും ഒന്നു തന്നെ; കടുവാകുന്നേല്‍ കുറുവച്ചന്‍. ആ സാമ്യങ്ങള്‍ അറിഞ്ഞപ്പോഴാണ് കോടതിയില്‍ പോയത്.സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന് എന്റെ സ്‌ക്രിപ്റ്റ് നേരത്തെ തന്നെ അറിയാവുന്നതാണ്. 2011 മുതല്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നയാളാണ്. മാസ്റ്റേഴ്‌സ്, ആദം ജോണ്‍ എന്നീ എന്റെ ചിത്രങ്ങളില്‍ അയാള്‍ സഹായി ആയി കൂടെയുണ്ടായിരുന്നു. എന്റെ കൈയിലുള്ള കഥകളെല്ലാം അയാള്‍ക്ക് അറിയാം. ഒരു പ്ലോട്ട് മനസില്‍ വരുമ്പോള്‍ ഞാനത് കൂടെയുള്ളവരോട് പങ്കുവയ്ക്കും. എങ്ങനെയുണ്ടെന്ന് അഭിപ്രായം അറിയാനും ആ കഥയ്ക്ക് മറ്റേതെങ്കിലും സിനിമകളുമായി സാമ്യമുണ്ടോ എന്നൊക്കെ മനസിലാക്കാനും വേണ്ടിയാണ് കൂടെയുള്ളവരോട് ഞാനിതൊക്കെ പങ്കുവയ്ക്കുന്നത്. അങ്ങനെ സംഭവിച്ചുപോയൊരു അബദ്ധമാണിത്.

തിരക്കഥ ഞാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് അറിയാമല്ലോ. എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. രജിസ്റ്റര്‍ ചെയ്തിരുന്നില്ലെങ്കില്‍ എനിക്ക് കോടതിയില്‍ പോകാന്‍ കഴിയില്ലായിരുന്നു. കോടതിയോട് ഞാനെന്തു തെളിവു പറയും? എന്റെ ഭാഗത്ത് നേരുള്ളതുകൊണ്ടാണ് എനിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ തോന്നിയത്. കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന ടെറ്റിലില്‍ ആണ് ഞാന്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്തത്. ഞങ്ങളുടെ സിനിമയ്ക്ക് ആദ്യം ഉദ്ദേശിച്ചിരുന്ന പേര് കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നായിരുന്നു. പേരിന് നീളം കൂടിപ്പോകും എന്ന അഭിപ്രായങ്ങള്‍ വന്നതോടെയാണ് കടുവ എന്നാക്കിയത്. സിനിമയുടെ ചര്‍ച്ചകളൊക്കെ നടക്കുന്നതിനും മുന്നേ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ തന്നെ തിരക്കഥ രജിസ്റ്റര്‍ ചെയ്തൂ എന്നതാണ് ഇപ്പോള്‍ എനിക്ക് രക്ഷയായത്.എനിക്കിപ്പോള്‍ ഒരു ഉത്തരവാദിത്വമുണ്ട്. എന്റെ തിരക്കഥയുടെ മൗലികത എനിക്ക് ബോധ്യപ്പെടുത്തണം. പൃഥ്വിരാജും ഷാജി കൈലാസും മാജിക് ഫ്രെയിമും എല്ലാം ഈ സിനിമ ചെയ്യാന്‍ സമ്മതിച്ച് മുന്നോട്ടുവന്നിരിക്കുന്നത് എന്റെയീ തിരക്കഥ കണ്ടിട്ടാണ്. അങ്ങനെ വരുമ്പോള്‍ ആ തിരക്കഥയുടെ മൗലികത എനിക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതെന്റെ മാത്രം ബാധ്യതാണ്.പൃഥ്വിയാണെങ്കിലും ഷാജി ചേട്ടനാണെങ്കിലും അവരെല്ലാം എന്റെ കൂടെയുണ്ട്. എന്നെ വിളിക്കുന്നുണ്ട്, പിന്തുണ പറയുന്നുണ്ട്. അവരെന്റെ കൂടെ തന്നെയുണ്ട്. എനിക്ക് അവരുടെ മുന്നില്‍ സത്യം തെളിയിക്കണം.സുരേഷ് ഗോപി ചിത്രത്തിന്റെ ആള്‍ക്കാര്‍ പല അവകാശവാദങ്ങളും ഉയര്‍ത്തുന്നുണ്ട്. അവരുടെതായ ന്യായങ്ങളും വാദങ്ങളുമൊക്കെയുണ്ടാകും. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ അവരെ വിളിച്ച് എന്തെങ്കിലും ചോദിച്ചിട്ടും പറഞ്ഞിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇളിഭ്യനായി പോകും. അതുകൊണ്ടാരെയും ബന്ധപ്പെട്ടില്ല. ആ സിനിമയുടെ തിരക്കഥയ്ക്കും എന്റെ തിരക്കഥയ്ക്കും തമ്മില്‍ യാതൊരു സാമ്യവുമില്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല. കൈകൊടുത്ത് എല്ലാവര്‍ക്കും പിരിയാം. സത്യം അറിയുന്നതുവരെ, ഈ കാര്യത്തില്‍ നിശബ്ദദ പാലിക്കാന്‍ എനിക്കാവില്ലല്ലോ. എനിക്കിങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതും അതുകൊണ്ടാണ്.


Next Story

Related Stories