ഓടിടി റിലീസായി പ്രേക്ഷകരിലേക്കെത്തിയ സൂര്യ നായകനായ 'സൂരരൈ പൊട്ര്' ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തെയും സംവിധാന മികവിനെയും സൂര്യയുടെ അഭിനയത്തെയും തിരിച്ചുവരവിനെയുമൊക്കെ വാഴ്ത്തി നിരവധി സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. മലയാളി നടി അപര്‍ണ ബാലമുരളിയാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രമായ ബൊമ്മിയെ അവതരിപ്പിച്ചത്. ചിത്രത്തില്‍ അപര്‍ണ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. സുധ കൊങ്ങര പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോഴിതാ സിനിമയില്‍ നിന്ന് നീക്കം ചെയ്ത ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ്. നിരവധി താരങ്ങള്‍ അടക്കം ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. ദൈര്‍ഘ്യം കാരണം നീക്കം ചെയ്ത രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എഴുത്തുകാരനും വ്യവസായിയും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര് ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സിനിമ എടുത്തത്. മികച്ച തിരക്കഥയും സംവിധാനവും ആയിരുന്നു ചിത്രത്തിന്റേത്. സിനിമയുടെ റീമേക്കില്‍ മറ്റ് ഭാഷകളില്‍ നിന്നുള്ളവരും താല്പര്യം പ്രകടിപ്പിച്ചിരുന്നു. സൂര്യയുടെ അഭിനയം തന്നെയായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണം. ജി ആര് ഗോപിനാഥന്റെ സിംപ്ലി ഫ്ലൈ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്.