TopTop
Begin typing your search above and press return to search.

എ ആര്‍ റഹ്മാനു വേണ്ടി പാടാതിരുന്ന, വിദ്യാസാഗര്‍ പാടിച്ച പറവൈ മുനിയമ്മ

എ ആര്‍ റഹ്മാനു വേണ്ടി പാടാതിരുന്ന, വിദ്യാസാഗര്‍ പാടിച്ച പറവൈ മുനിയമ്മ

'സിങ്കം പോല നടന്തുവരാന്‍....' ഈ പാട്ട് കേട്ടാല്‍ വിക്രമിനെക്കാള്‍ മുന്നേ നമ്മുടെ മനസില്‍ കയറിവരുന്ന രൂപമാണ് പറവൈ മുനിയമ്മയുടേത്. തമിഴില്‍ മാത്രമല്ല, മലയാളത്തിലും ദൂളിലെ ഈ കുത്തുപാട്ടും 'പാട്ടിയും' സൂപ്പര്‍ ഹിറ്റായി. 2003 ല്‍ ഇറങ്ങിയ ദൂള്‍ എന്ന സിനിമയാണ് മുനിയമ്മയെ പ്രശസ്തയാക്കിയതെങ്കിലും അതിനും എത്രയോ കാലങ്ങള്‍ക്കു മുന്നേ നാടന്‍ പാട്ടും പെര്‍ഫോമന്‍സുമായി മുനിയമ്മ ദ്രാവിഡ മണ്ണില്‍ സജീവമായിരുന്നു. 50 ല്‍ അധികം സിനിമകളില്‍ അഭിയിക്കുകയും പാട്ടുപാടുകയും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാണി പുരസ്‌കാരത്തിന് അര്‍ഹയാവുകയുമൊക്കെ ചെയ്‌തെങ്കിലും മുനിയമ്മ വിഷമത്തോടെ പങ്കുവച്ചിരുന്നൊരു കാര്യമായിരുന്നു അംഗീകരിക്കപ്പെടേണ്ട കാലത്ത് അതിനുള്ള അവസരം കിട്ടാതെ പോയത്. 82 ആമത്തെ വയസില്‍ പാട്ടിന്റെയും അഭിനയത്തിന്റെയും ലോകത്തു നിന്നും അവര്‍ എന്നന്നേക്കുമായി യാത്രയാകുമ്പോള്‍, ആ വേര്‍പാട് ഉണ്ടാക്കുന്നതിലുമേറെയാണ് മുനിയമ്മ പങ്കുവച്ച ആ നഷ്ടബോധം ആസ്വാദകരിലുണ്ടാക്കുന്ന വേദന. മുനിയമ്മ എന്ന പേരിനൊപ്പം അവര്‍ ചേര്‍ത്തു പിടിച്ചത് സ്വന്തം ഊരായിരുന്നു. മധുരയിലെ പറവൈ എന്ന ഗ്രാമത്തിലായിരുന്നു മുനിയമ്മയുടെ ജനനം. പാരമ്പര്യമായി പകര്‍ന്നു കിട്ടിയതായിരുന്നു പാട്ട്. അമ്പല പറമ്പുകളില്‍ നാടന്‍ പാട്ടുപാടിയും പാട്ടിനൊത്ത് ആടിയുമായിരുന്നു മുനിയമ്മ എന്ന കലാകാരിയുടെ വളര്‍ച്ച. പിന്നീട് മ്യൂസിക് ട്രൂപ്പുകളില്‍ അംഗമായി. വൈകാതെ തമിഴ്‌നാട്ടില്‍ പറവൈ മുനിയമ്മ എന്ന പേര് എല്ലാവര്‍ക്കും പരിചിതമായി. മുനിയമ്മയുടെ വ്യത്യസമായ ആലാപനശൈലി സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല, ചലച്ചിത്ര സംഗീത സംവിധായകര്‍ക്കിടയിലും ശ്രദ്ധേ നേടി. അങ്ങനെയാണ് സാക്ഷാല്‍ എ ആര്‍ റഹ്മാന്‍ മുനിയമ്മയെ തേടിയെത്തുന്നത്. 1995 ല്‍ ഇറങ്ങിയ മുത്തു എന്ന രജനികാന്ത് ചിത്രത്തിലെ ഒരു ഗാനത്തിനായി. പക്ഷേ, ആ ഓഫര്‍ മുനിയമ്മ സ്വീകരിച്ചില്ല. മുത്തുവിലെ 'കൊക്ക് സൈവ കൊക്ക്'' എന്ന ഗാനത്തിനായിരുന്നു റഹ്മാന്‍ മുനിയമ്മയുടെ ശബ്ദം ആഗ്രഹിച്ചത്. ആ ഗാനരംഗത്തില്‍ രജനികാന്തിനൊപ്പം ആടിപ്പാടുന്ന വിജയലക്ഷ്മിക്കായിരുന്നു മുനിയമ്മയുടെ ശബ്ദം വേണ്ടിയിരുന്നത്. മുനിയമ്മ പിന്മാറിയതിനെ തുടര്‍ന്ന് തേനി കുഞ്ചാരമ്മാളാണ് പകരം ആ പാട്ട് പാടിയത്( തേനി കുഞ്ചാരമ്മാളിനൊപ്പം എസി പി ബാലസുബ്രഹ്മണ്യം, ഫെബി മനോ, ഗംഗ-പക്ഷേ എന്ന ചിത്രത്തില്‍ സൂര്യാംശുവോരോ വയല്‍പൂവിലും എന്ന പാട്ടിലൂടെ മലയാളിക്ക് പരിചിതയാണ് ഗംഗ- എ ആര്‍ റഹ്മാന്‍ എന്നിവരാണ് കൊക്ക് സൈവ കൊക്ക് എന്ന പാട്ട് പാടിയിരിക്കുന്നത്).കറുത്തമ്മ, കാതലന്‍ എന്നീ സിനിമകളിലും കുഞ്ചാരമ്മാള്‍ റഹ്മാനു വേണ്ടി പാടിയിട്ടുണ്ട്. റഹ്മാന്റെ ഓഫര്‍ സ്വീകരിക്കാതിരുന്ന മുനിയമ്മയെ വിദ്യാസാഗറാണ് ചലച്ചിത്ര പിന്നണി ഗാനലോകത്തേക്ക് കൊണ്ടു വരുന്നത്. ആ പാട്ട് അവരുടെ തലവര മാറ്റുകയും ചെയ്തു. മമ്മൂട്ടിയുടെ പോക്കിരിരാജയിലെ കഥാപാത്രമൊക്കെ ദൂളിലെ പാട്ടിയുടെ അനുകരണം ആയിരുന്നു. ദൂളിന് ശേഷം നിരവധി സിനിമകളില്‍ അഭിനയിക്കുകയും പാടുകയുമൊക്കെ ചെയ്‌തെങ്കിലും മുനിയമ്മ എന്നാല്‍ സിങ്കം പോലെ നടന്തുവരാന്‍ എന്ന കുത്ത് പാട്ട് തന്നെയാണ്. വില്ലന്മാരെ ഇടിച്ചിടുന്ന വിക്രമിന്റെ പെര്‍ഫോമന്‍സിനെയും കടത്തി വെട്ടി മുനിയമ്മ.

വളരെ വൈകിയാണ് മുനിയമ്മയ്ക്ക് അവരുടെ കലാജീവിതത്തിനുള്ള അംഗീകാരവും സ്വീകാര്യതയും കിട്ടിയത്. അതിന്റെ സങ്കടം എന്നും ആ വൃദ്ധയുടെ ഉള്ളില്‍ ഉണ്ടായിരുന്നു. അതിലേറെ അവരെ വിഷമിപ്പിച്ചിരുന്നത് ഇളയ മകനായിരുന്നു. മാനസിക വളര്‍ച്ചയില്ലാത്ത ആ മകനൊപ്പമായിരുന്നു മുനിയമ്മയുടെ ജീവിതം. മൂന്നു വര്‍ഷം മുമ്പ് മുനിയമ്മയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. വളരെ വൈകിയാണ് സിനിമ ലോകത്ത് മുനിയമ്മ എത്തിയതെങ്കിലും ഒരു പാട്ടിയെ പോലെ അവരെ സ്‌നേഹിച്ചവര്‍ അവിടെയുണ്ടായിരുന്നു. ജ്യോതികയും ധനുഷും ശിവകാര്‍ത്തികേയനുമൊക്കെ അവരില്‍ ചിലരാണ്. രോഗബാധിതയായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ചികിത്സ ചെലുകള്‍ വഹിച്ചത് ധനുഷും ശിവകാര്‍ത്തികേയനുമൊക്കെയായിരുന്നു. എന്നാല്‍, ഇവരെക്കാളൊക്കെ മുനിയമ്മയെ സ്‌നേഹിച്ചിരുന്നൊരാള്‍ ഉണ്ടായിരുന്നു. സാക്ഷാല്‍ ജയലളിത. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജയലളിത മുനിയമ്മയുടെ പേരില്‍ ആറുലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ പണത്തിന്റെ പലിശ എല്ലാ മാസവും മുനിയമ്മയ്ക്ക് എത്തിച്ചു കൊടുക്കാനും ജയലളിത ഏര്‍പ്പാട് ചെയ്തിരുന്നു. മരിക്കുന്നതിനു കുറച്ചു നാളുകള്‍ക്ക് മുമ്പ് മുനിയമ്മ എല്ലാവരോടും നടത്തിയ അഭ്യര്‍ത്ഥന, തന്റെ കാലം കഴിഞ്ഞാലും ഈ തുക തന്റെ മകന് കിട്ടാന്‍ സഹായിക്കണമെന്നായിരുന്നു. അതൊരമ്മയുടെ ആകുലതയായിരുന്നു.

പറവൈ മുനിയമ്മ യാത്രയായെങ്കിലും' ദൂളിലെ പാട്ടിയും ആ പാട്ടും ഒരിക്കലും മനസില്‍ നിന്നും മായില്ല. ആ കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും അതു തന്നെ.


Next Story

Related Stories