TopTop
Begin typing your search above and press return to search.

'ഈ കൊറോണ വന്നില്ലായിരുന്നുവെങ്കില്‍ ഷാബു ഇപ്പോള്‍ സിനിമ ഷൂട്ടിംഗില്‍ ആയിരിക്കണം'

ഈ കൊറോണ വന്നില്ലായിരുന്നുവെങ്കില്‍ ഷാബു ഇപ്പോള്‍ സിനിമ ഷൂട്ടിംഗില്‍ ആയിരിക്കണം

ടെലിവിഷന്‍ കോമഡി പ്രോഗ്രാമുകളിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കലാകാരനായിരുന്നു ചൊവ്വാഴ്ച്ച അന്തരിച്ച ഷാബു രാജ്. ചാനല്‍ പ്ലാറ്റ്‌ഫോമുകളിലെ പ്രകടനം സിനിമയിലേക്ക് വഴി തുറന്നപ്പോള്‍ തന്നെയാണ് അപ്രതീക്ഷിതമായി മരണം കടന്നെത്തി ഷാബുവിനെ കൊണ്ടു പോയത്. കൊറോണ എന്ന മാഹാമരി സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒന്നിലധികം സിനിമകളില്‍ ഷാബു ഇപ്പോള്‍ അഭിനയിക്കേണ്ടതായിരുന്നു. കഷ്ടപ്പാടുകളുടെ ഇടയില്‍ ജീവിക്കുകയായിരുന്ന ഷാബുവിനും കുടുംബത്തിനും ഒരു നല്ല ജീവിതം കൈയെത്തും ദൂരത്ത് വന്നെത്തിയതായിരുന്നു.സ്റ്റേജുകളിലും ചാനലുകളിലും നിന്നു ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ഷാബുവിന്റെ ജീവിതം പക്ഷേ, ചിരികളും സന്തോഷവും നിറഞ്ഞതായിരുന്നില്ല. പ്രായമായ അമ്മയും കടുത്ത ശാരീരികാവശതകളാല്‍ വലയുന്ന ഭാര്യയും നാലു മക്കളും അടങ്ങിയതായിരുന്നു ഷാബുവിന്റെ കുടുംബം. എല്ലാവര്‍ക്കും കൂടി സ്വസ്ഥമായി കിടന്നുറങ്ങാന്‍ പോലും കഴിയാത്തൊരു ചെറിയ വീട്ടിലെ കഷ്ടപ്പാടുകള്‍ക്കു നടുവില്‍ നിന്നുവന്നായിരുന്നു ഷാബു എല്ലാവരെയും ചിരിപ്പിച്ചിരുന്നത്. മിമിക്രിയും ചാനല്‍ പ്രോഗ്രാമുകളും ഇല്ലാത്ത സമയത്ത് കെട്ടിടം പണിക്കു പോയായിരുന്നു ഷാബു കുടുംബം പോറ്റിയിരുന്നത്.തിരുവനന്തപുരത്തെ ഒട്ടുമിക്ക മിമിക്രി ട്രൂപ്പുകളിലും ഷാബു അംഗമായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍ എന്ന പരിപാടിയിലൂടെയാണ് ഷാബു ഏറെ ശ്രദ്ധേയനാകുന്നത്. സ്ത്രീവേഷങ്ങളായിരുന്നു ഷബുവിന്റെ മാസ്റ്റര്‍ പീസ്. കോമഡി സ്റ്റാറിലെ ' സൈക്കോ ചിറ്റപ്പന്‍' എന്ന കഥാപാത്രമാണ് ഷാബുവിനെ സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തത്. മറ്റ് ഹാസ്യകലാകാരന്മാര്‍ വരെ ഷാബുവിന്റെ ഈ കഥാപാത്രത്തെ ഏറ്റെടുത്തിരുന്നു. '' രണ്ടു മൂന്നു സംവിധായകര്‍ ഈ കഥാപാത്രം കണ്ട് ഷാബൂവിന് അവസരം വാഗ്ദാനം ചെയ്തിരുന്നു. കൊറോണ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ സിനിമ ഷൂട്ടിംഗില്‍ ആയിരിക്കണം ഷാബു. ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് വന്നൊരാളാണ്. സിനിമയിലൂടെ പുതിയൊരു ജീവിതം അദ്ദേഹത്തിന് കിട്ടുമായിരുന്നു. എല്ലാവരും ഇഷ്ടപ്പെടുന്നൊരു ഹാസ്യതാരമായി അദ്ദേഹം സിനിമയില്‍ തിളങ്ങുമായിരുന്നു. അത്രയ്ക്ക് കഴിവുണ്ടായിരുന്നു. കോമഡി സ്റ്റാറിലെ ആറു ടീമുകള്‍ക്കൊപ്പവും ഷാബു സഹകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യം നമുക്കൊക്കെ തരുന്നൊരു ഊര്‍ജ്ജമുണ്ട്. ഷാബുവുണ്ടെങ്കില്‍ ചിരിയുറപ്പാണ്. ജീവിതത്തില്‍ ഇത്രയും സങ്കടം പേറുന്നൊരാള്‍ക്ക് എങ്ങനെയാണ് മറ്റുള്ളവരെ ഇതുപോലെ ചിരിപ്പിക്കാന്‍ കഴിയുകയെന്നോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. പക്ഷേ, ഒന്നും നേടാനാകാതെ ഷാബു പെട്ടെന്നൊരു ദിവസം പോയി. ചിരിപ്പിച്ചതിലേറെ കരയിപ്പിച്ചുകൊണ്ട്; കോമഡി സ്റ്റാറില്‍ ഷാബുവിന്റെ സഹതാരവും മിമിക്രി-ചലച്ചിത്ര നടനുമായ അജയന്‍ മാടയ്ക്കല്‍ പറയുന്നു.ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന ഷാബുരാജിന് വിദഗ്ധ ചികത്സയ്ക്കായി പണം കണ്ടെത്താന്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, ഒന്നിനും കാത്തു നില്‍ക്കാതെ മരണം ആ കലാകാരനെ കൂട്ടിക്കൊണ്ടുപോയി.


Next Story

Related Stories