TopTop
Begin typing your search above and press return to search.

ബിസിനസ് അല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം; തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന

ബിസിനസ് അല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം; തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന

കോവിഡ് 19 നെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സിനിമ തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ തിയേറ്റേര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചു. കൊറോണ വൈറസ് ബാധ തടയാന്‍ സംസ്ഥാനം അതീവ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്നു നിര്‍ദേശിച്ചിരുന്നു. ആള്‍ക്കൂട്ടം ഉണ്ടാകുന്ന സ്ഥലമെന്ന നിലയിലാണ് തിയേറ്റുകള്‍ അടച്ചിടണമെന്ന് നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഈ നിര്‍ദേശം സ്വീകരിച്ചുകൊണ്ടാണ് സര്‍ക്കാരിനൊപ്പം കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ സംസ്ഥാന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(ഫിയോക്) യും തീരുമാനമെടുത്തത്. പുതിയ റിലീസുകള്‍ ഈ മാസം വേണ്ടയെന്നും മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടുമെന്നും ഫിയോക് ജനറല്‍ സെക്രട്ടറി എം സി ബോബി അഴിമുഖത്തോട് പ്രതികരിച്ചു. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുത്തുമെന്നും സംഘടന പറയുന്നു. കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുമെന്നു പ്രഖ്യാപിച്ചാണ് ഫിയോക് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് സിനിമ സംഘടനകളുമായി സംസാരിച്ചതിനുശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഫിയോക് എത്തിയതെന്നാണ് ജനറല്‍ സെക്രട്ടറി പറയുന്നത്. ബാക്കി സംഘടനകളുടെ തീരുമാനം പുറകെ വരുമെന്നും തങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കുകയാണെന്നും എം സി ബോബി അഴിമുഖത്തെ അറിയിച്ചു. നാളെ മുതല്‍ തന്നെ തിയേറ്റുകള്‍ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുള്ള നിര്‍ദേശം എല്ലാ തിയേറ്റര്‍ ഉടമകള്‍ക്കും നല്‍കി കഴിഞ്ഞതായും എം സി ബോബി പറഞ്ഞു. "വൈറസ് ബാധ കൂടുതല്‍ ആളുകളിലേക്ക് പകരാതിരിക്കാന്‍ ജാഗ്രത കൂടിയേ തീരൂ. ആളുകള്‍ കൂടുന്നയിടമാണ് സിനിമ തിയേറ്ററുകള്‍. രോഗബാധ പടരാന്‍ സാധ്യത കൂടിയ സ്ഥലം. അതുകൊണ്ട് തന്നെ സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സഹകരിക്കാന്‍ തന്നെയാണ് സംഘടനയുടെ തീരുമാനം. രോഗബാധയുള്ള ഒരാള്‍ വന്നാല്‍ മതി ആ തിയേറ്ററിലുള്ള എല്ലാവര്‍ക്കും വൈറസ് ബാധിക്കാന്‍. അത്തരം സാഹചര്യങ്ങള്‍ യാതൊരു കാരണവശാലും ഉണ്ടാക്കരുത്. തത്കാലം ഒന്നോ രണ്ടോ ആഴ്ച്ച തിയേറ്ററുകള്‍ അടച്ചിടേണ്ടി വന്നേക്കാം. അതുകൊണ്ടുണ്ടാകുന്ന നഷ്ടങ്ങളെക്കാള്‍ എത്രയോ വലുതായിരിക്കും രോഗബാധ പടരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയാണെങ്കില്‍. ഇവിടെ നമ്മള്‍ നോക്കേണ്ടത് സാമ്പത്തികമോ ബിസിനസോ അല്ലോ, ജനങ്ങളുടെ സുരക്ഷിതത്വമാണ്. ആദ്യം നമുക്ക് ഇപ്പോഴത്തെ സാഹചര്യത്തെ നമുക്ക് നേരിടാം. അതിനുവേണ്ടി സര്‍ക്കാരിനോട് സഹകരിച്ചു പ്രവര്‍ത്തിക്കാം'; എം സി ബോബി അഴിമുഖത്തോട് പറഞ്ഞു. തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തതോടെ ഈ മാസം ഇനി പുതിയ റിലീസുകള്‍ ഒന്നും ഉണ്ടാകില്ല. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹമായിരുന്നു ഈ മാസത്തെ പ്രധാന റിലീസ്. ഈ സിനിമയുടെ റിലീസിംഗ് തീയതി മാറ്റിവച്ചതായാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. മാര്‍ച്ച് 26 ന് ആയിരുന്നു സിനിമ ആഗോളതലത്തില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. അഞ്ചു ഭാഷകളിലായാണ് മരയ്ക്കാര്‍ പുറത്തിറങ്ങുന്നത്. വേള്‍ഡ് വൈഡ് റിലീസ് ആയി ഏകദേശം അയ്യായിരം തിയേറ്റുകളിലാണ് മരയ്ക്കാര്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. കേരളത്തില്‍ കൊറോണ മുന്നറിയിപ്പിന്റെ ഭാഗമായി തിയേറ്ററുകള്‍ പൂട്ടിയിടുന്ന സാഹചര്യത്തിലാണ് മരയ്ക്കാറിന്റെ റിലീസും ആഗോള തലത്തില്‍ മാറ്റിയിരിക്കുന്നത്. മരയ്ക്കാര്‍ കൂടാതെ, ടൊവിനോ നായകനായെത്തുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആയിരുന്നു ഈ മാസം റിലീസ് ചെയ്യേണ്ടിയിരുന്നു മറ്റൊരു പ്രധാന ചിത്രം. സര്‍ക്കാര്‍ നിര്‍ദേശവും തിയേറ്റര്‍ ഉടമകളുടെ തീരുമാനവും വരുന്നതിനു മുന്നേ തന്നെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ റിലീസ് നീട്ടിവച്ചു എന്നതാണ് പ്രത്യേകത. ടൊവിനോ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയതും. ഈ സിനിമ തങ്ങളുടെ ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണെങ്കിലും ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണെന്നായിരുന്നു കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ റിലീസിംഗ് നീട്ടിവച്ചത് അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ ടൊവിനോ എഴുതിയത്. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കുകയും ഒപ്പം സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കാമെന്നും ടൊവിനോ തന്റെ കുറിപ്പില്‍ കൂടി ഓര്‍മിപ്പിക്കുന്നുണ്ട്. തിയേറ്ററുകള്‍ അടച്ചിടണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇപ്പോള്‍ മറ്റെന്തിനെക്കാളും പ്രധാന്യം ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും തന്നെയാണെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ ജോ ബേബിയും പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ അനുകൂലമായി മാറുകയാണെങ്കില്‍ തിയേറ്റുകള്‍ തുറക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷയും ജോ പ്രകടിപ്പിക്കുന്നുണ്ട്. മരയ്ക്കാറിനും കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിനും പിന്നാലെ ഈ മാസം തന്നെ തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന മറ്റൊരു ചിത്രം വാങ്ക് ആയിരുന്നു. പ്രശസ്ത സംവിധായകന്‍ വി കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് ആണ് വാങ്ക് സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് വാങ്ക്.


Next Story

Related Stories