TopTop
Begin typing your search above and press return to search.

കുടുംബശ്രീയുടെ സഹായത്തോടുകൂടി 'സ്റ്റാൻഡ് അപ്പ്' എല്ലാ പഞ്ചായത്തുകളിലും പ്രദർശിപ്പിക്കും-ഡോ. ടി എം തോമസ് ഐസക്

കുടുംബശ്രീയുടെ സഹായത്തോടുകൂടി സ്റ്റാൻഡ് അപ്പ് എല്ലാ പഞ്ചായത്തുകളിലും പ്രദർശിപ്പിക്കും-ഡോ. ടി എം തോമസ് ഐസക്

കേരളത്തിലെ ബജറ്റ് പ്രസംഗങ്ങളിൽ ഇന്നുവരെ ഒരു സിനിമ മാത്രമേ പരാമർശിക്കപ്പെട്ടിട്ടുള്ളൂ. വിധു വിൻസെൻ്റിൻ്റെ മാൻഹോൾ. ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യം. അതുകൊണ്ട് സ്റ്റാൻഡ് അപ് റിലീസ് ആയപ്പോൾ പോയി കാണണമെന്ന് തീരുമാനിച്ചു. വിധുവിൻ്റെ ക്ഷണം കൂടിയായപ്പോൾ പിന്നെ താമസിച്ചില്ല. ശ്രീ തിയേറ്ററിൽ എനിക്കു മുന്നിലായി നാലുനിര പെൺകുട്ടികളായിരുന്നു. അഞ്ചു വയസ്സു മുതൽ പത്തു വയസ്സ് വരെ പ്രായമുള്ള കുഞ്ഞുമക്കൾ, പതിനൊന്നിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള പെൺമക്കൾ, അവർ ഏതാണ്ട് നൂറ്, നൂറ്റി പത്ത് പേരുണ്ടായിരുന്നു. ഒപ്പം ഈ കുട്ടികളുടെ കെയർ ടേക്കേഴ്സും. തിരുവനന്തപുരത്തെ നിർഭയകേന്ദ്രത്തിലെ അന്തേവാസികളാണ് ഇവരെല്ലാവരും. എന്നോടൊപ്പം കൽക്കട്ടയിൽ നിന്നുള്ള പ്രൊഫസർ സുശീൽ ഖന്നയും ഉണ്ടായിരുന്നു. സബ്ടൈറ്റിലില്ലാത്തതു കൊണ്ട് ചിലയിടങ്ങളിൽ സുശീൽ ഖന്നക്കായി ഞാൻ സിനിമ മൊഴിമാറ്റം നടത്തുന്നുണ്ടായിരുന്നു. ചില കഥാപാത്രങ്ങളുടെ ഡയലോഗ് കേൾക്കുമ്പോൾ അങ്ങുമിങ്ങും ചില കയ്യടികൾ ഉയർന്നു. രജീഷാ വിജയൻ അവതരിപ്പിച്ച ദിയ പോലീസ് ഉദ്യോഗസ്ഥനോട് പറയുകയാണ് "എനിക്ക് ഈ ഹ്യുമിലിയേഷൻ ഇനി താങ്ങാൻ വയ്യ. ഇതില് ഞാൻ ഒപ്പിടില്ല, എനിക്ക് പറയാനുള്ളത് ഞാൻ കോടതിൽ പറഞ്ഞോളാം" ഇതും പറഞ്ഞ് ദിയ പോലീസ് ഉദ്യോഗസ്ഥൻ്റെ മുന്നിൽ നിന്ന് എഴുന്നേറ്റ് പോരുമ്പോൾ കാണികൾക്കിടയിൽ നിന്ന് കയ്യടിയും ഹർഷാരവവും. ഒരു നിമിഷം സിനിമയിൽ നിന്ന് കണ്ണെടുത്ത് ഞാൻ കയ്യടി കേട്ട ഭാഗത്തേക്ക് നോക്കി. ഹോമിലെ കുട്ടികളാണ് കയ്യടിക്കുന്നത്. എൻ്റെ ഹൃദയം നുറുങ്ങി. ഞാൻ അടുത്തിരുന്ന വിധുവിനോട് പറഞ്ഞു "കണ്ടോ, ഇത് ഈ കുട്ടികൾക്ക് മനസ്സിലാവുന്നതു പോലെ വേറെ ആർക്കും മനസിലാകുന്നുണ്ടാവില്ല". തൊട്ടടുത്തുണ്ടായിരുന്ന കെയർടേക്കറായിരുന്ന സ്ത്രീയും ഇതു തന്നെ പറഞ്ഞു. ദിയ അനുഭവിച്ച എല്ലാ സങ്കടങ്ങളിലൂടെയും ഈ കുട്ടികളും കടന്നു പോയിട്ടുണ്ട്. വീട്ടിൽ, പോലീസ് സ്റ്റേഷനിൽ, ആശുപത്രിയിൽ, പൊതുസ്ഥലങ്ങളിൽ വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നതിൻ്റെ വേദന അറിഞ്ഞവർ ഈ കുട്ടികളേക്കാളും അധികമുണ്ടാവില്ല. സിനിമ അവസാനിക്കുന്നതിനു മുമ്പ് ദിയ പറഞ്ഞു നിർത്തുന്ന ഒരു വാചകമുണ്ട്, "I am not a victim, am a survivor". പശ്ചാത്തലസംഗീതത്തിൻ്റെ അകമ്പടിയില്ലാത്ത നിശ്ശബ്ദതയിൽ അവൾ ആ വാചകം പൂർത്തിയാക്കിയപ്പോൾ വീണ്ടും കരഘോഷം. മുന്നിലൊക്കെയുള്ള ചില കുഞ്ഞുങ്ങൾ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നു. ഈ കുട്ടികളോരുത്തരും പറയാനാഗ്രഹിക്കുന്നതാണ് ദിയ പറഞ്ഞത്, 'ഞാൻ ഇരയല്ല, അതിജീവിച്ചവളാണെന്ന്'. അച്ഛനോ രണ്ടാനച്ഛനോ അമ്മാവനോ അപ്പൂപ്പനോ സഹോദരനോ അയൽവാസിയോ പീഡിപ്പിച്ച് ഹോമിലെത്തിയ ഈ പെൺമക്കളോടൊപ്പമിരുന്നാണ് ഞാൻ സിനിമ കണ്ടത്. അത് സിനിമാ അനുഭവത്തിൻ്റെ തീവ്രത പലമടങ്ങാക്കി. സിനിമ കണ്ട് പുറത്ത് ഇറങ്ങിയപ്പോൾ കുട്ടികളോടെല്ലാവരോടുമായി പറഞ്ഞു, ബജറ്റ് കഴിഞ്ഞ് നിർഭയ ഹോമിൽ വന്ന് അവരെക്കണ്ട് വർത്തമാനം പറയാമെന്ന്. നിർഭയയിലെ സബീന എന്നോട് വന്ന് പരിഭവം പറഞ്ഞു നിർഭയ ഹോമിലേക്കുള്ള ഫണ്ട് കിട്ടിയില്ലെന്ന്. കുട്ടികൾക്ക് ആഹാരത്തിനും മറ്റ് അത്യാവശ്യങ്ങൾക്കുമുള്ള വേണ്ടിയാണ് പണം. അഞ്ചും ആറും ഏഴും വയസ്സൊക്കെയുള്ള കുഞ്ഞുങ്ങൾ നിസ്സഹായരായി. ഇത്തരം ചെലവുകൾക്ക് ട്രഷറി നിയന്ത്രണം ഇല്ല. പിന്നെ എന്തുകൊണ്ട് ഈ കാലതാമസം? ട്രഷറി ഡയറക്ടറുടെ വിശദീകരണം ഇന്നു രാവിലെ വന്നു. ബില്ലിൽ പണം ഭക്ഷണത്തിനാണെന്ന് എഴുതിയിരുന്നില്ല പോലും. അതുകൊണ്ട് വെയ്സ് ആൻ്റ് മീൻസ് ക്ലിയറൻസിനുവേണ്ടി കാത്തിരിക്കുകയാണ്. ഇനി കാത്തിരിപ്പുവേണ്ട ഇന്നു തന്നെ റിലീസ് ചെയ്യുന്നതിനുള്ള ഏർപ്പാടുണ്ടാക്കിയിട്ടുണ്ട്. എനിക്കുമുണ്ട് രണ്ട് പെൺകുട്ടികൾ. ലോകം മുഴുവൻ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഇവർക്ക് കേരളത്തിൽ രാത്രി ഒറ്റയ്ക്ക് പോകുമ്പോൾ വിലക്കുകളുണ്ടെന്ന് ഞാൻ ഓർത്തു. അവരുടെ സുരക്ഷയെക്കരുതി തന്നെയാണ്. പക്ഷെ, ഇങ്ങനത്തെ ഒരു കേരളമാണോ വേണ്ടത്? ഈ നാട്ടിലുള്ള ലക്ഷകണക്കിന് പെൺമക്കൾ അന്തസ്സോടെ തലഉയർത്തിപ്പിടിച്ച് ജീവിക്കാനുള്ള പ്രത്യാശയോടെ നമ്മളെ നോക്കുന്നുണ്ട്. അതിജീവിക്കാനും എഴുന്നേറ്റു നില്ക്കാനുമായി അവർക്ക് എന്തു കൂടുതൽ നല്കാൻ അടുത്ത ബജറ്റിൽ കഴിയും?

ഏതായാലും ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ സഹായത്തോടുകൂടി സ്റ്റാൻഡ് അപ്പ് എല്ലാ പഞ്ചായത്തുകളിലും പ്രദർശിപ്പിക്കും. ചർച്ചകൾ നടത്തും. അതിനൊരു പരിപാടിയുണ്ടാകും.


Next Story

Related Stories