TopTop
Begin typing your search above and press return to search.

ബോളിവുഡിലെ ലഹരി അന്വേഷണവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാനെതിരായ ആരോപണത്തില്‍ ടൈംസ് നൗവിന്റെ മാപ്പ്; മിനിട്ടുകള്‍ക്കുള്ളില്‍ ട്വീറ്റ് മുക്കി

ബോളിവുഡിലെ ലഹരി അന്വേഷണവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാനെതിരായ ആരോപണത്തില്‍ ടൈംസ് നൗവിന്റെ മാപ്പ്; മിനിട്ടുകള്‍ക്കുള്ളില്‍ ട്വീറ്റ് മുക്കി

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ലഹരി അന്വേഷണത്തിന്റെ ഭാഗമായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനെ ബന്ധപ്പെടുത്തിയ ടൈംസ് നൗ ചാനല്‍ നടന്റെ ഭാഗത്ത് നിന്ന് വിശദീകരണം വന്നതോടെ മാപ്പു പറഞ്ഞ് നിമിഷ നേരത്തിനുള്ളില്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പുതിയ വിശദീകരണത്തിലാകട്ടെ, സല്‍മാന്‍ ഖാന്റെ മാധ്യമ വിഭാഗം വിശദീകരണം നല്‍കി എന്നതു മാത്രമാക്കി.

ബോളിവുഡ് ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയായ ക്വാന്‍-നുമായി ബന്ധപ്പെട്ട് ടൈംസ് നൗ നല്‍കിയ വാര്‍ത്തയാണ് വിവാദമായത്. സല്‍മാന്‍ ഖാനു പുറമെ ബോളിവുഡിലെ പല നിര്‍മാതാക്കള്‍ക്കും ഈ കമ്പനിയില്‍ ഓഹരിയുണ്ടെന്നായിരുന്നു ആദ്യ വാര്‍ത്ത. സല്‍മാന്‍ ഖാന്റെ കമ്പനിയാണ് ഇതിലെ മുഖ്യ നിക്ഷേപകര്‍ എന്നായിരുന്നു ആരോപണം.

എന്നാല്‍ ഇക്കാര്യം സല്‍മാന്‍ ഖാന്റെ ലീഗല്‍ ടീം നിഷേധിക്കുകയും കമ്പനിയുമായി ബന്ധപ്പെട്ട് നേരിട്ടോ അല്ലാതെയോ നിക്ഷേപമില്ലെന്നും അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍വാങ്ങണമെന്നും വിശദീകരണം പുറപ്പെടുവിച്ചു. ഇത് പ്രസിദ്ധപ്പെടുത്തിയതിനൊപ്പമാണ് സല്‍മാന്‍ ഖാനോട് മാപ്പു ചോദിക്കുന്നു എന്ന് വ്യക്തമാക്കി ടൈംസ് നൗ ട്വീറ്റ് ചെയ്തത്. എന്നാല്‍ മിനിറ്റുകള്‍ക്കകം ഇത് പിന്‍വലിക്കുകയും മാപ്പ് പറയുന്നത് ഒഴിവാക്കി പുതിയ ട്വീറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ മാപ്പ് പറച്ചിലിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


ബോളിവുഡിലെ ലഹരി ഉപയോഗം സംബന്ധിച്ച് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ക്വാന്‍ ഏജന്‍സിയുടെ സി.ഇ.ഒ ധ്രുവ് ചിത്‌ഗോപേക്കറെയും ഹെഡ് ടാലന്റ് മാനേജര്‍ ജയാ സാഹ, കമ്പനിയിലെ ജോലിക്കാരിയായ കരിഷ്മ എന്നിവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ജയ സാഹ മുമ്പ് സുശാന്ത് സിംഗിന്റെ ടാലന്റ് മാനേജറായി ജോലി ചെയ്തിരുന്നു. ജയ സാഹയുടെ വാട്‌സ്ആപ്പ് ചാറ്റുകളില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉണ്ടെന്നുള്ള വാര്‍ത്തകളും ടി.വി ചാനലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി ഡല്‍ഹി അധ്യക്ഷനായിരുന്ന മനോജ് തിവാരി ഉള്‍പ്പെടെയുള്ളവര്‍ ദീപിക പദുക്കോണ്‍ ജെഎന്‍യുവിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച വിഷയം അടക്കം ഉയര്‍ത്തി പ്രചരണവും ആരംഭിച്ചിട്ടുണ്ട്. ടുക്‌ടേ ടുക്‌ടേ ഗാ്യംഗ് യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയുള്ള ലഹരി മാഫിയയുടെ സൃഷ്ടിയാണെന്നും അതാണ് ദീപിക പദുക്കോണിന്റേതടക്കമുള്ള പേരുകള്‍ പുറത്തുവരുന്നതിലൂടെ തെളിയുന്നതെന്നുമാണ് പ്രചരണം.

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നീ ഏജന്‍സികളാണ് അന്വേഷിക്കുന്നത്. എന്നാല്‍ ഇതുവരെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി, അവരുടെ സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തി, മനേജര്‍ സാമുവല്‍ മിറാന്‍ഡ, വീട്ടുസഹായി ദീപേഷ് സാവന്ത് തുടങ്ങി 18 പേരെ അറസ്റ്റ് ചെയ്യുകയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചെയ്തിട്ടുള്ളത്. മറ്റ് ഏജന്‍സികളുടെയൊന്നും അന്വേഷണം കാര്യമായി മുന്നോട്ടു പോയിട്ടുമില്ല. അതിനിടെയാണ് ഒരു വിഭാഗം ബോളിവുഡ് അഭിനേതാക്കള്‍ക്കെതിരെ നടക്കുന്ന മാധ്യമ വേട്ടയും അറസ്റ്റുകളുമെന്ന ആക്ഷേപവും ശക്തമാണ്.


Next Story

Related Stories